കല്‍ക്കരിപ്പാടങ്ങള്‍ നിയമാനുസൃതം ലേലംചെയ്യാതെ ഖനത്തിനു വിട്ടുകൊടുത്തതു വഴി കേന്ദ്ര ഖജനാവിന് 10.7 ലക്ഷം കോടി രൂപ നഷ്ടപ്പെടുത്തിയ അഴിമതി സംബന്ധിച്ച അന്വേഷണത്തിന്റെ പരിധിയില്‍നിന്ന് പ്രധാനമന്ത്രിയെ ഒഴിവാക്കി. ലേലംവിളിക്കാതെയും മാനദണ്ഡം പാലിക്കാതെയും കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിച്ചതിലൂടെ നേട്ടമുണ്ടാക്കിയ സ്വകാര്യ സ്ഥാപനങ്ങളെമാത്രം കേന്ദ്രീകരിച്ചാകും അന്വേഷണമെന്നാണ് സിബിഐ നിലപാട്. ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ കേന്ദ്ര വിജിലന്‍സ് കമീഷന് നല്‍കിയ പരാതി പരിഗണിച്ചാണ് അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ സിബിഐയോട് ശുപാര്‍ശചെയ്തത്.
പ്രധാനമന്ത്രി കല്‍ക്കരിവകുപ്പിന്റെ ചുമതല വഹിച്ചിരുന്ന 2004-09 കാലഘട്ടത്തില്‍ അനുവദിച്ച 155 കല്‍ക്കരി ബ്ലോക്കുകളുടെ കാര്യമാണ് വിവാദമായത്. കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ 10.67 ലക്ഷം കോടി രൂപയുടെ നഷ്ടമാണ്കണക്കാക്കിയിരിക്കുന്നത്. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായാണ് ഇത് കണക്കാക്കപ്പെടുന്നത്. 2ജി സ്പെക്ട്രം ഇടപാടിലെ അഴിമതി 1.76 ലക്ഷം കോടി രൂപയുടേതാണ്. ടെലികോം മന്ത്രിയായിരുന്ന എ രാജയെ ഇതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്തു. എന്നാല്‍, 10.67 ലക്ഷം കോടിയുടെ അഴിമതിയില്‍ ബന്ധപ്പെട്ട വകുപ്പ് കൈകാര്യംചെയ്തിരുന്ന പ്രധാനമന്ത്രിക്കെതിരെ അന്വേഷണംപോലും നടത്താന്‍ തയ്യാറല്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അണ്ണാ ഹസാരെസംഘം ആവശ്യപ്പെട്ടത് സത്യസന്ധരും ജനങ്ങള്‍ക്ക് വിശ്വാസമുള്ളവരുമായ റിട്ടയേഡ് ജഡ്ജിമാരടങ്ങുന്ന മൂന്നംഗ സംഘം കല്‍ക്കരി അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്നാണ്. എന്നാല്‍ സിബിഐ അന്വേഷണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതും പ്രധാനമന്ത്രിയെ ഒഴിവാക്കിക്കൊണ്ട്.
"പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫ് കോള്‍ ബ്ലോക്ക് അലോക്കേഷന്‍സ്" എന്ന പേരില്‍ സിഎജി പുറത്തിറക്കിയ കരട് റിപ്പോര്‍ട്ടിലാണ് കേന്ദ്രഖജനാവിന് 10.67 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ വിവരം പുറത്തുവന്നത്. കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിച്ചുകിട്ടിയ 155 സ്ഥാപനങ്ങളില്‍ നൂറെണ്ണവും സ്വകാര്യ സ്ഥാപനങ്ങളാണ്. കുറെ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബ്ലോക്കുകള്‍ കിട്ടി. ഏറ്റവും കൂടുതല്‍ തുകയ്ക്ക് ലേലംവിളിക്കുന്നവര്‍ക്ക് ബ്ലോക്കുകള്‍ അനുവദിക്കുന്നതിനു പകരം നിസ്സാര തുക നിശ്ചയിച്ച് ഏകപക്ഷീയമായി കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിക്കുകയായിരുന്നു. അമ്പതുവര്‍ഷം ഒന്നര ലക്ഷം മെഗാവാട്ട് വീതം വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ മതിയാകുന്ന 3316.9 കോടി ടണ്‍ കല്‍ക്കരിയാണ് നിസ്സാര വിലയ്ക്ക് സ്വകാര്യ കമ്പനികള്‍ക്ക് ലഭിച്ചിരിക്കുന്നത്. ടാറ്റ, ആദിത്യ ബിര്‍ള, ജിന്‍ഡാല്‍, അനില്‍ അഗര്‍വാള്‍ ഗ്രൂപ്പ്, ഭൂഷണ്‍ പവര്‍ ആന്‍ഡ് സ്റ്റീല്‍, ജയ്സ്വാള്‍ നിക്കോ, നാഗ്പുരിലെ അഭിജിത് ഗ്രൂപ്പ് തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങളാണ് ഏറ്റവും സാമ്പത്തിക നേട്ടം ഉണ്ടാക്കിയത്. കോള്‍ ഇന്ത്യ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ നടത്തുന്ന കല്‍ക്കരി ഖനം ഉപ കരാറുകളിലൂടെ സ്വകാര്യ മേഖലയ്ക്ക് നേട്ടമുണ്ടാക്കാന്‍ പാകത്തിലാണ് നടത്തുന്നത്. ഒരു ടണ്‍ കല്‍ക്കരി ഖനംചെയ്തെന്ന് കണക്കില്‍ കാണിക്കുകയും അതിന്റെ ഇരട്ടിയിലധികം ഖനം ചെയ്ത് പുറത്ത് വില്‍ക്കുകയുംചെയ്യുന്ന ഉപ കരാറുകാരുടെ അഴിമതിയും യുപിഎ സര്‍ക്കാരിനു കീഴില്‍ തഴച്ചുവളര്‍ന്നു.
(വി ജയിന്‍)
deshabhimani 040612
No comments:
Post a Comment