Sunday, June 3, 2012

പാര്‍ടി ഓഫീസില്‍ പൊലീസ് നോട്ടീസ് പതിച്ചത് നിയമവിരുദ്ധം: പിണറായി


സിപിഐ എം ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊലീസ് നോട്ടീസ് പതിച്ചു

ചെറുതോണി: സിപിഐ എം ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസ് ചുവരില്‍ പൊലീസ് നോട്ടീസ് പതിച്ചു. ജില്ലാ സെക്രട്ടറി എം എം മണിക്ക് നല്‍കാനുള്ള നോട്ടീസാണ് ഓഫീസില്‍ പതിച്ചത്. മാധ്യമങ്ങളെ അറിയിച്ചശേഷമായിരുന്നു നടപടി. എം എം മണിക്ക് നിയമവിരുദ്ധമായി നോട്ടീസ് നല്‍കാനുള്ള ശ്രമത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നു. നോട്ടീസ് നല്‍കുന്ന വിവരം ഒരുദിവസം മുമ്പേ പൊലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നു. ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് രണ്ട് പൊലീസുകാര്‍ നോട്ടീസുമായി ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയത്. ജില്ലാ സെക്രട്ടറി ഇവിടെയില്ലെന്നും നോട്ടീസ് കൈപ്പറ്റാന്‍ കഴിയില്ലെന്നും നേരിട്ട് അദ്ദേഹത്തെ കണ്ട് നല്‍കുകയാണ് വേണ്ടതെന്നും ഓഫീസ് സെക്രട്ടറി അറിയിച്ചു. തുടര്‍ന്ന് എസ്പിയുമായി ഫോണില്‍ ബന്ധപ്പെട്ടശേഷം പൊലീസുകാര്‍ ഓഫീസിന്റെ ഭിത്തിയില്‍ നോട്ടീസ് പതിച്ചു. തൊടുപുഴയ്ക്കടുത്ത് മണക്കാട് സംഘടിപ്പിച്ച സിപിഐ എം യോഗത്തിലെ പ്രസംഗത്തിന്റെ പേരിലാണ് മണിക്കെതിരെ തൊടുപുഴ പൊലീസ് ഐപിസി 302, 109, 118 വകുപ്പുകളനുസരിച്ച് കേസെടുത്തത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചറിയാന്‍ ബുധനാഴ്ച പകല്‍ 11ന് തൊടുപുഴ ഡിവൈഎസ്പി ഓഫീസില്‍ ക്യാമ്പ് ചെയ്യുന്ന പ്രത്യേക അന്വേഷകസംഘത്തിനുമുന്നില്‍ ഹാജരാകണമെന്നാണ് എസ്പി ഒപ്പിട്ട നോട്ടീസിലുള്ളത്.

പാര്‍ടി ഓഫീസില്‍ പൊലീസ് നോട്ടീസ് പതിച്ചത് നിയമവിരുദ്ധം: പിണറായി

കോഴിക്കോട്: സിപിഐ എം ഇടുക്കി ജില്ലാസെക്രട്ടറി എം എം മണിയുടെ വീട്ടിലും പാര്‍ടി ഓഫീസിലും നോട്ടീസ് പതിച്ച പൊലീസ് നടപടി നിയമവിരുദ്ധമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ ആഭ്യന്തര വകുപ്പ് പൊലീസിനെ ഉപയോഗിക്കുന്നതിന്റെ ഉദാഹരണമാണിത്. നിയമവ്യവസ്ഥ നിലനില്‍ക്കുന്ന സ്ഥലത്ത് ചെയ്യാന്‍പാടില്ലാത്ത കാര്യങ്ങളാണിത്. പാര്‍ടിയെ ആക്രമിക്കാനുള്ള മറ്റുകാര്യങ്ങളുടെ തുടക്കമായി ഇതിനെ കാണാം. രാഷ്ട്രീയമായും നിയമപരമായും ഇതിനെ നേരിടുമെന്നും പിണറായി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നെയ്യാറ്റിന്‍കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി നല്ല വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.

എം എം മണിയെ കുരുക്കാന്‍ "തെളിവുണ്ടാക്കല്‍" തുടരുന്നു

ഇടുക്കി: സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണിയെ കേസില്‍ കുരുക്കാനുള്ള നീക്കത്തിന്റെ ഭാഗമായി പ്രത്യേക അന്വേഷണസംഘം "തെളിവുണ്ടാക്കല്‍" തുടരുന്നു. മുട്ടുകാട് നാണപ്പന്‍, അഞ്ചേരി ബേബി എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നവരെ ശനിയാഴ്ച രണ്ട് മണിക്കൂറോളം ചോദ്യം ചെയ്താണ് തെളിവുണ്ടാക്കാന്‍ ശ്രമിച്ചത്. സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് കുടുംബവഴക്കിലുണ്ടായ സംഘര്‍ഷത്തില്‍ മരിച്ച മുട്ടുകാട് നാണപ്പന്റെ കൊലപാതകത്തില്‍ ഒന്നും നാലും പ്രതികളാക്കപ്പെട്ടിരുന്ന എം പി പുഷ്പരാജന്‍, വി ബി പുരുഷോത്തമന്‍ എന്നിവരെ തൊടുപുഴയിലെ പ്രത്യേക അന്വേഷണസംഘത്തിന്റെ ഓഫീസിലാണ് ചോദ്യം ചെയ്തത്. സിപിഐ എം ജില്ലാ സെക്രട്ടറിയെ എങ്ങനെയും കുടുക്കണം എന്ന ഉദ്ദേശ്യത്തോടെയുള്ള 40ല്‍പ്പരം ചോദ്യങ്ങള്‍ തയാറാക്കിയിരുന്നു. 1984 ല്‍ ജില്ലാ സെഷന്‍കോടതി വെറുതെവിട്ട കേസാണിത്. അഞ്ചേരി ബേബി വധകേസില്‍ പ്രതികളാക്കപ്പെട്ടിരുന്ന പ്രസാദ്, മൈക്കിള്‍, മാത്തച്ചന്‍ എന്നിവരെ ശനിയാഴ്ച നെടുങ്കണ്ടത്ത് ചോദ്യംചെയ്തു. എങ്ങനെയും ശക്തമായ തെളിവുണ്ടാക്കണമെന്ന ആഭ്യന്തരമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള സമ്മര്‍ദമാണ് അന്വേഷണ സംഘത്തിന്റെ മേലുള്ളത്. മന്ത്രിയുടെ ഓഫീസില്‍ നിന്ന് ദിവസവും പലതവണ തെളിവെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍ ആരായുന്നുണ്ട്.

deshabhimani 030612

No comments:

Post a Comment