Tuesday, June 5, 2012

അടിയന്തരാവസ്ഥ ഓര്‍മിപ്പിച്ച മര്‍ദനമുറ: പി ജയരാജന്‍


 സിപിഐ എം നേതാക്കള്‍ക്കെതിരെ മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്ന മൂന്നാംമുറയാണ് പൊലീസ് നടത്തുന്നതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഷുക്കൂര്‍ വധക്കേസില്‍ കസ്റ്റഡിയിലെടുത്ത സിപിഐ എം പ്രവര്‍ത്തകരെ ഭഭീകരവും മൃഗീയവുമായ മര്‍ദനത്തിനാണ് ഇരയാക്കിയത്. നിയമവിരുദ്ധമായ ഈ മര്‍ദനമുറകള്‍ക്ക് ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണം. പൊലീസ് മൂന്നാംമുറക്കിരയായ കണ്ണപുരത്തെ സുമേഷിനെ ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മൂന്നാംമുറ പ്രയോഗിക്കില്ലെന്ന പ്രസ്താവനകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷനില്‍ മൃഗീയ മര്‍ദനമുറകള്‍ നടന്നത്.

മജിസ്ട്രേട്ടിനോട് പരാതിപ്പെട്ടതിനെതുടര്‍ന്ന് സുമേഷിന്റെ ശരീരത്തിലേറ്റ പരിക്കുകള്‍ രേഖപ്പെടുത്തി. ഇരുമ്പ് പൈപ്പ് ഉപയോഗിച്ചുള്ള ഉരുട്ടല്‍, വാരിയെല്ലുകളില്‍ മര്‍ദനം എന്നിവയും മലദ്വാരത്തില്‍ കമ്പികയറ്റി ആ കമ്പി വായില്‍ തിരുകി കയറ്റുന്ന മൃഗീയ വിനോദവും അരങ്ങേറി. മലദ്വാരത്തില്‍ കാന്താരി മുളക് അരച്ച് പുരട്ടുക തുടങ്ങിയ രീതികളും അവലംബിച്ചതായാണ് സഹതടവുകാരില്‍നിന്ന് ലഭിച്ച വിവരം. കണ്ണൂര്‍ ഡിവൈഎസ്പി പി സുകുമാരന്‍, വളപട്ടണം സിഐ യു പ്രേമന്‍, കണ്ണൂര്‍ സിഐ ഓഫീസിലെ രാജീവന്‍, സിഡി പാര്‍ടിയിലെ യോഗേഷ്, മഹിജന്‍ തുടങ്ങിയവരാണ് ഭീകരവും നിന്ദ്യവുമായ മര്‍ദനമുറകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഡിവൈഎസ്പി സുകുമാരന്‍ മൃഗങ്ങളെപോലും നാണിപ്പിക്കുന്ന മൃഗീയതയാണ് കസ്റ്റഡിയിലുള്ളവരോട് കാട്ടുന്നത്. ഭാര്യയുടെ പരാതിയില്‍ നേരത്തെ സസ്പെന്‍ഷന് വിധേയനായ ഈ ഉദ്യോഗസ്ഥന് ഈയിടെയാണ് പ്രമോഷന്‍ ലഭിച്ചത്. രാഷ്ട്രീയ നേതൃത്വത്തെ പ്രത്യേകിച്ച്, ലീഗ് നേതാക്കളെ തൃപ്തിപ്പെടുത്താനാണ് സിപിഐ എം പ്രവര്‍ത്തകര്‍ക്കുനേരെ മൃഗീയ നടപടിക്ക് ഈ ഉദ്യോഗസ്ഥന്‍ മുതിരുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ ഈ മൃഗീയതയെക്കുറിച്ച് അന്വേഷിക്കണം. ഇക്കാര്യം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ ജില്ലാ പൊലീസ് മേധാവി അത്ഭുതമാണ് പ്രകടിപ്പിച്ചത്.

പൊലീസ് നിയമം പരിഷ്കരിച്ച് കസ്റ്റഡിയില്‍ എടുക്കുന്നവരോട് മാന്യമായ സമീപനവും ശാസ്ത്രീയമായ അന്വേഷണവും ഉറപ്പാക്കിയ സംസ്ഥാനത്താണ് ഇതെല്ലാം അരങ്ങേറുന്നത്. വടകരക്കു പുറമെ കണ്ണൂരിലും കക്കയം മോഡല്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ ആരംഭിച്ചിരിക്കുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരണം. ഇത്തരത്തില്‍ സിപിഐ എമ്മി നെതിരെ അതിക്രമം കാട്ടുന്ന പൊലീസ്, ലീഗ്ഗുണ്ടകള്‍ നടത്തിയ ആക്രമണങ്ങളില്‍ ദുര്‍ബല വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുകയും കേസ് തേച്ചുമാച്ച് കളയാന്‍ ശ്രമിക്കുകയുമാണ്-ജയരാജന്‍ പറഞ്ഞു. സംസ്ഥാനകമ്മറ്റി അംഗം എം വി ജയരാജനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 050612

No comments:

Post a Comment