ഓര്‍ക്കാട്ടേരി: ധീരരക്തസാക്ഷികളുടെയും ഉശിരന്‍ പോരാട്ടങ്ങളുടെയും സ്മരണ തുടിക്കുന്ന ഒഞ്ചിയത്തിന്റെ മണ്ണില്‍ കമ്യൂണിസ്റ്റ്പ്രസ്ഥാനം തകരില്ലെന്ന് തെളിയിച്ച് ഉജ്വല പൊതുയോഗം. ടി പി ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്ന് അപവാദപ്രചാരണങ്ങളും ആരോപണങ്ങളുമായി സിപിഐ എമ്മിനെ വേട്ടയാടുന്ന വിരുദ്ധശക്തികളെ ഞെട്ടിപ്പിക്കുന്നതായി പാര്‍ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പങ്കെടുത്ത നിറഞ്ഞ പൊതുയോഗത്തിലെ ജനപങ്കാളിത്തം. കനത്ത മഴയും പ്രതികൂല കാലാവസ്ഥയും കൂസാതെയായിരുന്നു സ്ത്രീകളടക്കം ആയിരങ്ങള്‍ ഓര്‍ക്കാട്ടേരിയിലെത്തിയത്. കച്ചേരിമൈതാനവും ഓര്‍ക്കാട്ടേരി അങ്ങാടിയും നിറഞ്ഞുകവിഞ്ഞ ജനപ്രവാഹം കള്ളപ്രചാരണങ്ങളില്‍ തകര്‍ന്നുവീഴുന്നതല്ല സിപിഐ എമ്മിന്റെ ജനശക്തിയെന്നതിന്റെ വിളംബരമായി.
ഒഞ്ചിയത്തിന്റെ മണ്ണിലൂടെ കേരളത്തിലാകെ പ്രസ്ഥാനത്തെ നശിപ്പിക്കാനുള്ള വലതുപക്ഷ-ഇടതുതീവ്രവാദ-മാധ്യമ സംഘത്തിന്റെ ഗൂഢാലോചനയെ പ്രതിരോധിക്കുമെന്ന് ആയിരങ്ങള്‍ പ്രഖ്യാപിച്ചു. പാര്‍ടിവിരുദ്ധ സംഘത്തിന്റെ അക്രമത്തിന് മുന്നില്‍ പതറാതെ മുന്നേറുന്ന ഒഞ്ചിയം മേഖലയിലെ സഖാക്കളെ ജനസഹസ്രങ്ങള്‍ അഭിവാദ്യം ചെയ്ത് പിന്തുണനേര്‍ന്നു. കനത്ത മഴയിലും തളരാത്ത, തണുക്കാത്ത ആവേശവുമായാണ് ആയിരക്കണക്കിന് അമ്മമാരടക്കം പൊതുയോഗത്തിനെത്തിയത്. പ്രതിസന്ധികളും വെല്ലുവിളികളും അതിജീവിച്ച് പാര്‍ടിക്ക് ധീരമായി നേതൃത്വമരുളുന്ന സംസ്ഥാനസെക്രട്ടറി പിണറായി വിജയന് രക്തസാക്ഷികളുടെ വീരപുളകങ്ങള്‍ തുളുമ്പുന്ന മണ്ണിലേക്ക് ആവേശഭരിതമായ വരവേല്‍പ്പാണ് ജനം നല്‍കിയത്. അക്രമങ്ങളും നുണപ്രചാരണങ്ങളും അതിജീവിച്ച് കൂടുതല്‍ കരുത്തോടെ സംഘടിതശക്തിയായി മുന്നേറുമെന്നു പ്രഖ്യാപിച്ചാണ് ഒഞ്ചിയത്തെയും ഓര്‍ക്കാട്ടേരിയിലെയും കുന്നുമ്മക്കരയിലെയും ബഹുജനങ്ങള്‍ എത്തിയത്. സിപിഐ എം പ്രവര്‍ത്തകര്‍ക്കെതിരെ അക്രമവും വീടുകള്‍ക്കു നേരെ കൈയേറ്റവും ഇനിയും തുടര്‍ന്നാല്‍ ശക്തമായ ചെറുത്തുനില്‍പ് സംഘടിപ്പിക്കുമെന്ന് മുന്നറിയിപ്പുനല്‍കിയ ജനാവലി പാര്‍ടിപ്രവര്‍ത്തകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാതെ അക്രമികള്‍ക്ക് തണലൊരുക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിനും താക്കീത് നല്‍കി. രാവിലെ മുതല്‍ ഒഞ്ചിയം മേഖലയില്‍ അക്രമത്തിനിരയായവരെ കണ്ട് പരാതികള്‍ കേട്ട പിണറായിയുടെ പര്യടനത്തിന്റെ സമാപനമായായിരുന്നു പൊതുയോഗം. തുടര്‍ച്ചയായുള്ള അക്രമം നേരിട്ട സഖാക്കള്‍ക്കും അനുഭാവികള്‍ക്കും ആത്മവിശ്വാസമേകുന്നതായി പിണറായിയുടെ പര്യടനവും പൊതുയോഗവും. യോഗത്തില്‍ ഇ എം ദയാനന്ദന്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റംഗം വി വി ദക്ഷിണാമൂര്‍ത്തി സംസാരിച്ചു. എന്‍ ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. പി ശ്രീധരനും എന്‍ ബാലകൃഷ്ണനും പിണറായിയെ ഹാരമണിയിച്ചു. അനീന കല്‍പത്തൂര്‍ വിപ്ലവഗാനം ആലപിച്ചു. സംസ്ഥാനകമ്മിറ്റി അംഗം പി സതീദേവി, ജില്ലാസെക്രട്ടറി ടി പി രാമകൃഷ്ണന്‍, കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജന്‍, മുതിര്‍ന്ന നേതാക്കളായ എം കേളപ്പന്‍, ഇ വി കൃഷ്ണന്‍, ജില്ലാസെക്രട്ടറിയറ്റംഗങ്ങളായ പി മോഹനന്‍, സി ഭാസ്കരന്‍, കെ പി കുഞ്ഞമ്മത്കുട്ടി, ജില്ലാകമ്മിറ്റി അംഗങ്ങളായ എ കെ പത്മനാഭന്‍, കെ കെ ലതിക എംഎല്‍എ, ആര്‍ ഗോപാലന്‍, ടി സി ഗോപാലന്‍, വി പി കുഞ്ഞികൃഷ്ണന്‍, കെ ശ്രീധരന്‍, ടി കെ കുഞ്ഞിരാമന്‍, കെ കെ ദിനേശന്‍ എന്നിവര്‍ സംബന്ധിച്ചു.
ആത്മവിശ്വാസം പകര്‍ന്ന് പിണറായി ഒഞ്ചിയത്ത്
ഒഞ്ചിയം: ഒഞ്ചിയത്തിന്റെ ജ്വലിക്കുന്ന രണചരിത്രം കാത്തുസൂക്ഷിക്കാന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പം ഉറച്ചുനില്‍ക്കുന്നതിന്റെ പേരില്‍ വേട്ടയാടപ്പെടുന്നവര്‍ക്ക് ആത്മവിശ്വസം പകര്‍ന്ന് ജനായകന്‍. ചന്ദ്രശേഖരന്റെ വധത്തിനുശേഷം ഒഞ്ചിയം-ഓര്‍ക്കാട്ടേരി-കുന്നുമ്മക്കര മേഖലയില്‍ പാര്‍ടിവിരുദ്ധരുടെ തേര്‍വാഴ്ചക്കിരയായ കുടുംബങ്ങളിലെത്തിയ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അവരുടെ വേദന സ്വന്തം ഹൃദയത്തോട് ചേര്‍ത്തു. ഏത് പ്രതിസന്ധിയിലും താങ്ങായി പാര്‍ടി ഒപ്പമുണ്ടാകുമെന്ന് ഉറപ്പുനല്‍കി.
ഒഞ്ചിയത്തിന്റെ തളരാത്ത സമരവീര്യത്തെ കേരളത്തിലെ സിപിഐ എമ്മിന്റെ അമരക്കാരന്‍ അഭിവാദ്യംചെയ്തു. അക്രമികള്‍ തകര്‍ത്ത പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും വീടുകള്‍ പുനര്‍നിര്‍മിക്കാന്‍ സഹായം നല്‍കുമെന്ന് പിണറായി പറഞ്ഞു. വീടുകള്‍ പുതുക്കിപ്പണിത് താമസസൗകര്യമൊരുക്കാനുള്ള ഉത്തരവാദിത്തം പാര്‍ടി ഏറ്റെടുക്കും. സാധാരണ ഇത്തരം അക്രമങ്ങളുണ്ടായാല്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കാറുണ്ട്. ഇവിടെ അതുണ്ടാകുമെന്ന് പ്രതീക്ഷിക്കാനാവില്ല. സര്‍ക്കാരിന്റെ സഹായത്തിലും പിന്തുണയിലുമായിരുന്നു അക്രമങ്ങള്‍- പിണറായി അവരോട് പറഞ്ഞു. കണ്ണീര്‍ തോരാത്ത മുഖവുമായാണ് അമ്മമാരും സഹോദരിമാരും പിണറായിക്ക് മുമ്പില്‍ നൊമ്പരങ്ങളുടെ കെട്ടഴിച്ചത്. ഒരു മാസത്തിനിടെ നേരിട്ട ആക്രമണങ്ങളും അതിലുണ്ടായ നഷ്ടങ്ങളും വിവരിക്കുമ്പോള്‍ അവരുടെ വാക്കുകള്‍ മുറിഞ്ഞു. വീടും വാഹനങ്ങളും നഷ്ടപ്പെട്ടവര്‍, ഭാഗ്യം കൊണ്ടുമാത്രം ജീവന്‍ തിരിച്ചുകിട്ടിയവര്‍, സിപിഐ എം പ്രവര്‍ത്തകരും അനുഭാവികളുമായതിനാല്‍ മാത്രം ആക്രമിക്കപ്പെട്ട കുടുംബങ്ങള്‍. കേറിക്കിടക്കാനുള്ള വീട് നശിപ്പിച്ചവരോടുള്ള രോഷമായിരുന്നു ഒഞ്ചിയം രക്തസാക്ഷി സി കെ ചാത്തുവിന്റെ സഹോദരി കല്യാണിയുടെ വാക്കുകളില്‍.
"നാല് മാസം മുന്‍പ് പണികഴിപ്പിച്ച എന്റെ വീട് അവര്‍ തകര്‍ത്തു. ഞങ്ങള്‍ക്കിവിടെ ജീവിക്കണ്ടേ?"- അവര്‍ പറഞ്ഞു.
"എന്റെ വീടും കടയും എല്ലാം അവര്‍ അടിച്ചുതകര്‍ത്തു. കൈയില്‍ കിട്ടാവുന്നതെല്ലാം കൊണ്ടുപോയി. ക്രൂരമായി ആക്രമിച്ചു. ജീവിതം തകര്‍ന്നു"- വീര്യമ്പത്ത് വി ബാലകൃഷ്ണന്‍ പൊട്ടിക്കരഞ്ഞു.
"മകന്റെ വിവാഹം നടത്തിക്കില്ലെന്ന് അവര്‍ ഭീഷണിമുഴക്കി. വിവാഹ വസ്ത്രങ്ങള്‍ കത്തിച്ചു"- കിഴക്കേ പുന്നോറത്ത് കെ പി ദേവു അക്രമികളുടെ കാടത്തം വിവരിക്കാനാവാതെ വിതുമ്പി.
"ഇല വീഴുന്ന ശബ്ദം കേട്ടാലും ഞാനിപ്പോള്‍ ഞെട്ടിയുണരും. അവരുടെ ആക്രോശമാണ് കാതില്‍ മുഴങ്ങുന്നത്"- പാലേരി മീത്തല്‍ ദാമുവിന്റെ ഭാര്യ പുഷ്പ നോവിന്റെ കെട്ടഴിച്ചു.
മലയില്‍ നാരായണിക്ക് പറയാനുണ്ടായിരുന്നത് മക്കളായ സുരേന്ദ്രനേയും അശോകനേയും തന്റെ കണ്‍മുന്നില്‍ വച്ച് ഇഞ്ചിഞ്ചായി കൊല്ലാന്‍ ശ്രമിച്ചതിനെക്കുറിച്ചായിരുന്നു. പാര്‍ടി വിരുദ്ധരുടെ ആക്രമണത്തില്‍നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട തട്ടോളിക്കരയിലെ കിടഞ്ഞോത്ത് മധുവും ടി പി പ്രദീപനും പിണറായിക്ക് അതിക്രമത്തിന്റെ അടയാളങ്ങള്‍ കാട്ടിക്കൊടുത്തു.
പാര്‍ടിവിരുദ്ധരുടെ ആക്രമണങ്ങള്‍ക്ക് ഇരയായ 79 കുടുംബങ്ങളാണ് തങ്ങളുടെ നിസഹായാവസ്ഥയും വേദനയും പിണറായിയോട്് പങ്കുവച്ചത്. ചൊവ്വാഴ്ച രാവിലെ 10.20ന് നാദാപുരം റോഡിലെ ഒഞ്ചിയം ഏരിയാ കമ്മിറ്റി ഓഫീസില്‍നിന്നാണ് പിണറായി വിജയന്‍ സന്ദര്‍ശനം ആരംഭിച്ചത്. അക്രമിസംഘം നശിപ്പിച്ചശേഷം നവീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച മണ്ടോടി കണ്ണന്‍ സ്മാരകത്തിലും പിണറായി എത്തി. പാര്‍ടി ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍, സംസ്ഥാന കമ്മിറ്റിയംഗം പി സതീദേവി, കെ കെ ലതിക എംഎല്‍എ എന്നിവര്‍ ഒപ്പമുണ്ടായി.
ഒഞ്ചിയത്ത് തകര്‍ത്ത വീടുകള്‍ പുനര്‍നിര്‍മിക്കാന്‍ സഹായിക്കും: പിണറായി
ഒഞ്ചിയം: ടി പി ചന്ദ്രശേഖരന്‍ വധത്തെത്തുടര്‍ന്ന് ഒഞ്ചിയത്തും പരിസരത്തും തകര്‍ക്കപ്പെട്ട പാര്‍ടി പ്രവര്‍ത്തകരുടെ വീടുകള്‍ പുനര്‍നിര്‍മിക്കാന്‍ സഹായം നല്‍കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഒഞ്ചിയം മേഖലയില്‍ ആര്‍എംപിക്കാരടങ്ങുന്ന പാര്‍ടിവിരുദ്ധസംഘത്തിന്റെ അക്രമത്തിനിരയായവരുടെ പരാതികള്‍ കേട്ടശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ടിക്കാരായതിനാലാണ് വീടുകള്‍ അക്രമത്തിനിരയായത്. പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണീ അക്രമങ്ങള്‍. അക്രമത്തില്‍ നാശം നേരിട്ട വീടുകള്‍ പുതുക്കിപ്പണിത് താമസസൗകര്യമൊരുക്കാനുള്ള ഉത്തരവാദിത്തം പാര്‍ടി ഏറ്റെടുക്കും. ഒഞ്ചിയം മേഖലയില്‍ പാര്‍ടി പ്രവര്‍ത്തകര്‍ വ്യാപകമായ അക്രമങ്ങളാണ് നേരിട്ടത്. വീടും വാഹനങ്ങളും കത്തിച്ചു. നിരവധി പാര്‍ടി ഓഫീസുകളും വായനശാലകളും നശിപ്പിച്ചു. ഇത്തരം അക്രമങ്ങളെ പാര്‍ടി പല ഘട്ടങ്ങളിലും അതിജീവിച്ചിട്ടുണ്ട്. പാര്‍ടിയില്‍നിന്ന് പുറത്തുപോകുന്നവരെ കൊന്നുതള്ളുന്ന പാര്‍ടിയല്ല സിപിഐ എം. എന്നാല്‍ ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കകം കൊലനടത്തിയത് സിപിഐ എം കാരാണെന്ന പ്രചാരണം തുടങ്ങി. കേന്ദ്രസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പാര്‍ടിക്കെതിരായ ആരോപണം. തുടര്‍ന്നാണ് അക്രമങ്ങള്‍ അരങ്ങേറിയത്. സാധാരണ ഇത്തരം അക്രമങ്ങളുണ്ടായാല്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കാറുണ്ട്. ഇവിടെ അതുണ്ടാകുമെന്ന് പ്രതീക്ഷിക്കാനാവില്ല. കാരണം സര്‍ക്കാരിന്റെ സഹായത്തിലും പിന്തുണയിലുമായിരുന്നു അക്രമങ്ങള്‍. അക്രമികള്‍ക്കെതിരെ നിയമനടപടിക്കും സൈ്വരജീവിതം ഉറപ്പാക്കാനും ഒന്നും ചെയ്യാത്ത സര്‍ക്കാര്‍ നിലപാടും ഇതാണ് സൂചിപ്പിക്കുന്നത്- പിണറായി പറഞ്ഞു.
http://www.deshabhimani.com/newscontent.php?id=164301
"ജീവന്‍ പോയാലും ഞങ്ങള്‍ എന്നും പാര്‍ടിക്കൊപ്പം"
ഒഞ്ചിയം: ""ചെങ്കൊടി പ്രസ്ഥാനത്തോടൊപ്പം മരണം വരെ ഞങ്ങള്‍ ഉറച്ചുനില്‍ക്കും.""- ഒഞ്ചിയം പോരാളികളുടെ പിന്മുറക്കാര്‍ ജനായകനോട് ചങ്കുറപ്പോടെ പറഞ്ഞു. മേഖലയില്‍ ആര്‍എംപി-യുഡിഎഫ് സംഘം നടത്തുന്ന അക്രമങ്ങള്‍ ഭീതിജനിപ്പിക്കുമ്പോഴും പ്രസ്ഥാനത്തെ മുറകെപിടിച്ച് നൂറു കണക്കിന് പേരാണ് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ സ്വീകരിക്കാനെത്തിയത്. സിപിഐ എമ്മിന്റെ പ്രവര്‍ത്തനവുമായി മുന്നോട്ടു പോയാല്‍ കൊന്നുകളയുമെന്ന തരത്തിലുള്ള ഭീഷണികള്‍ നിലനില്‍ക്കുമ്പോഴാണ് യുവാക്കളടക്കം നിരവധി പേര്‍ ഒഞ്ചിയം കുന്നുമ്മക്കര, ഓര്‍ക്കാട്ടേരി മേഖലകളില്‍ കൂട്ടമായെത്തിയത്. ചെങ്കൊടി വാനിലുയര്‍ത്തിപ്പിടിച്ച് അവര്‍ വഴികളില്‍ ചെമ്പരവതാനി വിരിച്ചു. ""കുട്ടിക്കാലത്ത് ചുകന്ന കൊടി പിടിച്ചാണ് കമ്യൂണിസ്റ്റ് പാര്‍ടിയുമായുള്ള എന്റെ ബന്ധം തുടങ്ങിയത്. ഇനി കഴുത്തുവെട്ടിയാലും സിപിഐ എം വിടില്ല."" പാര്‍ടി വിരുദ്ധ സംഘത്തിന്റെ കൊലവിളിയെ വെല്ലുവിളിച്ച് ഉത്രട്ടത്താഴക്കുനി കുമാരന്‍ മുയിപ്രയില്‍ പാര്‍ടിയുടെ അമരക്കാരനോട് പറഞ്ഞു. ജനതാദള്‍ വിട്ട് സിപിഐ എമ്മില്‍ എത്തിയ ശേഷം പാര്‍ടി വിരുദ്ധ സംഘത്തിന്റെ ശാരീരിക- മാനസിക ഭീഷണികളെ അതിജീവിക്കുന്ന കെ ടി നാണുവിനും പാര്‍ടി വിരുദ്ധ സംഘത്തിന്റെ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട മലയില്‍ സുരേന്ദ്രനും ഒന്നേ പറയാനുള്ളൂ; ""ജീവന്‍ പോയാലും ഇനിയും സിപിഐ എമ്മിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കും."" നേരത്തെ ആര്‍എംപിയുടെ മുതിര്‍ന്ന നേതാവായിരുന്ന പി കെ കുഞ്ഞബ്ദുള്ളക്കും പറയാനുള്ളത് ഇത് തന്നെ. ആര്‍എംപിയുടെ പ്രവര്‍ത്തനങ്ങളോടുള്ള വിയോജിപ്പിനാലാണ് കുഞ്ഞബ്ദുള്ള ആര്‍എംപി വിട്ട് സിപിഐ എമ്മില്‍ തിരിച്ചെത്തിയത്. ഇവരെ കൂടാതെ തട്ടോളിക്കരയിലെ കെ കെ അശോകനും ഒഞ്ചിയം മേഖലയിലെ നിരവധി സിപിഐ എം പ്രവര്‍ത്തകരും പാര്‍ടിക്കെതിരെയുള്ള കടന്നാക്രമണങ്ങളെ പ്രതിരോധിക്കാനുറച്ച് മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിക്കുന്ന കാഴ്ചക്കും മണ്ടോടി കണ്ണന്റെ നാട് ചൊവ്വാഴ്ച സാക്ഷിയായി. കമ്യൂണിസ്റ്റ് സമരവീര്യത്തിന്റെ രണസ്മരണകള്‍ തുടിക്കുന്ന രക്തസാക്ഷി ഗ്രാമങ്ങളില്‍ ആശ്വാസവും ആത്മവിശ്വാസവും പകരുന്നതായി പിണറായി വിജയന്റെ സന്ദര്‍ശനം.
കള്ളവാര്‍ത്തകള്‍ തുറന്നുകാട്ടും: പിണറായി
പയ്യോളി: പാര്‍ടിക്കെതിരെ മര്യാദവിട്ട് വലതുപക്ഷ മാധ്യമങ്ങള്‍ ചമയ്ക്കുന്ന കള്ളവാര്‍ത്തകള്‍ ജനസമക്ഷം തുറന്നുകാട്ടുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വലതുപക്ഷ മാധ്യമ ഗൂഢാലോചനയ്ക്കും പൊലീസ് ഭീകരതയ്ക്കുമെതിരെ പയ്യോളി ബസ്സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച സിപിഐ എം ഏരിയാ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഇല്ലാത്ത ചോദ്യവും പറയാത്ത ഉത്തരവും ഉണ്ടാക്കുകയും സിപിഐ എമ്മിനെതിരെ കള്ളങ്ങള്‍ മെനഞ്ഞ് വാര്‍ത്തയുണ്ടാക്കുകയുമാണ് വലതുപക്ഷ മാധ്യമങ്ങള്‍. കോര്‍പറേറ്റ് ഉടമസ്ഥതയിലുള്ള വലതുപക്ഷ മാധ്യമങ്ങളുടെ അജന്‍ഡയനുസരിച്ചാണ് അതില്‍ തൊഴിലെടുക്കുന്ന ലേഖകര്‍ വാര്‍ത്തകള്‍ എഴുതുന്നത്. തെറ്റായ വാര്‍ത്തകള്‍ വന്നതിന്റെ പേരില്‍ ശരിയല്ലാത്ത രീതി അവലംബിക്കാന്‍ സിപിഐ എം തയ്യാറായിട്ടില്ല.
കേസന്വേഷണ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പുറത്തുവിടാന്‍ പാടില്ലെന്നും മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്നും ഹൈക്കോടതിയടക്കം വ്യക്തമാക്കിയിട്ടുള്ളതാണ്. അന്വേഷണ വിവരങ്ങള്‍ എന്ന പേരില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ സത്യവുമായി ഒരു ബന്ധവുമില്ലാത്തതാണ്. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിയമപരമായി ചോദ്യം ചെയ്യുകയാണ് സിപിഐ എം ചെയ്തത്. അത് മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കൈയേറ്റമേയല്ല. ശരിയായ രീതിയില്‍ ഇത്തരം കാര്യങ്ങള്‍ നേരിടുകയാണുണ്ടായത്. ചന്ദ്രശേഖരന്‍ വധത്തിന്റെ പേരില്‍ പാര്‍ടി സംസ്ഥാന ഘടകവും അഖിലേന്ത്യാ നേതൃത്വവും രണ്ടുഭാഗത്താണെന്ന് മാധ്യമങ്ങള്‍ കഥകള്‍ കെട്ടിപ്പൊക്കി. എന്നാല്‍ മെയ് 19ന് കണ്ണൂരില്‍ നായനാര്‍ അനുസ്മരണത്തില്‍ ജനറല്‍ സെക്രട്ടറി പ്രകാശ്കാരാട്ട് കേരളത്തിലെ പാര്‍ടി ഘടകം പറഞ്ഞതിനോട് പൂര്‍ണമായി യോജിക്കുന്നു എന്നു പറഞ്ഞപ്പോള്‍ ആ നുണയും തകര്‍ന്നു. തൊട്ടടുത്ത ദിവസം വി എസ് അച്യുതാനന്ദന്‍ കേന്ദ്ര കമ്മിറ്റിക്ക് കത്തയച്ചുവെന്നായി പ്രചാരണം. കത്തിലെ ഉള്ളടക്കത്തെപ്പറ്റി വലതുപക്ഷ മാധ്യമങ്ങള്‍ ഭാവനാവിലാസംപോലെയെഴുതി.
കേന്ദ്ര കമ്മിറ്റി അംഗമായ വി എസ് കത്തയച്ചത് ഏതെങ്കിലും തരത്തിലുള്ള പാര്‍ടി വിരുദ്ധ നടപടിയേയല്ല. കത്ത് ഉണ്ടെന്നും ഉള്ളടക്കമെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത് ശരിയല്ലെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞപ്പോള്‍ ആ പ്രചാരണത്തിനും ആയുസ്സുണ്ടായില്ല. ചന്ദ്രശേഖരന്‍ വധക്കേസിന്റെ തുടക്കം മുതല്‍ അന്വേഷണത്തില്‍ ഇടപെട്ടത് കോണ്‍ഗ്രസും യുഡിഎഫ് നേതൃത്വവുമാണ്. കേസന്വേഷണ പുരോഗതി ചര്‍ച്ച ചെയ്തശേഷം ഡിജിപി പറഞ്ഞത് കൊലപാതകം സ്വകാര്യ ലാഭത്തിനുവേണ്ടി ചെയ്തതാണെന്നാണ്. ഉടന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഡിജിപിയുടെ നിലപാട് പരസ്യമായി തള്ളി. വലതുപക്ഷ മാധ്യമങ്ങളും ഇടതുപക്ഷ തീവ്രവാദികളും ചേര്‍ന്ന് സിപിഐ എമ്മിനെ തകര്‍ക്കാനാകുമോയെന്നാണ് നോക്കുന്നത്. വക്രബുദ്ധിയായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഭീകര മര്‍ദനമുറകളെ അതിജീവിച്ച മണ്ടോടി കണ്ണന്റെ പ്രസ്ഥാനം ഇത്തരം വെല്ലുവിളി നേരിടാന്‍ തയ്യാറാണെന്നും പിണറായി പറഞ്ഞു. ഏരിയാ സെക്രട്ടറി ടി ചന്തു അധ്യക്ഷനായി.
No comments:
Post a Comment