Tuesday, June 12, 2012

കേന്ദ്രവും കമ്പനികളും ഒത്തുകളിച്ചു: സിഎജി


 പ്രധാനമന്ത്രിയടക്കം ആരോപണവിധേയനായ കല്‍ക്കരി അഴിമതിയില്‍ കേന്ദ്രസര്‍ക്കാരും ചില സ്വകാര്യ കമ്പനികളും ഒത്തുകളിച്ചതായി സിഎജിയുടെ അന്തിമറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ചില സ്വകാര്യ കമ്പനികള്‍ക്ക് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിക്കാന്‍ കല്‍ക്കരിവകുപ്പ് സെക്രട്ടറിയായിരുന്ന തനിക്കുമേല്‍ സമ്മര്‍ദമുണ്ടായിരുന്നെന്ന പി സി പരേഖിന്റെ വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ടിലുണ്ട്. ഇടപാടില്‍ സ്വകാര്യ കമ്പനികള്‍ക്ക് കല്‍ക്കരി പാടങ്ങള്‍ അനുവദിച്ചതില്‍മാത്രം ഖജനാവിന് 1.86 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് സിഎജിയുടെ അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഖനാനുമതിക്ക് ലേലം വേണമെന്ന് ആവശ്യപ്പെട്ട് 2004ല്‍ പ്രധാനമന്ത്രിയുടെ കീഴിലായിരുന്ന കല്‍ക്കരിമന്ത്രാലയത്തിന് പരേഖ് കുറിപ്പ് നല്‍കിയെങ്കിലും അവഗണിക്കപ്പെട്ടു. അക്കാലത്ത് കല്‍ക്കരി സഹമന്ത്രിയായിരുന്ന ദസാരി നാരായണ്‍ റാവുവിനാണ് കുറിപ്പ് നല്‍കിയത്. പരേഖിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കാന്‍ നാരായണ്‍ വിസമ്മതിച്ചു. കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചത് ക്രമവിരുദ്ധമായാണെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. കല്‍ക്കരിവകുപ്പു സെക്രട്ടറിയുടെ നിര്‍ദേശം അവഗണിക്കപ്പെട്ടു. കല്‍ക്കരിപ്പാടങ്ങള്‍ അനുവദിക്കാനുള്ള കമ്പനികളെ ലേലത്തിനു പകരം സ്ക്രീനിങ് കമ്മിറ്റി വഴിയാണു തെരഞ്ഞെടുത്തത്. കല്‍ക്കരിവകുപ്പു സെക്രട്ടറിക്കു പുറമെ വൈദ്യുതി, സ്റ്റീല്‍, വ്യവസായമന്ത്രാലയങ്ങളുടെയും സംസ്ഥാന സര്‍ക്കാരുകളുടെയും പ്രതിനിധികള്‍ അടങ്ങുന്നതാണ് സ്ക്രീനിങ് കമ്മിറ്റി. സംസ്ഥാന സര്‍ക്കാരുകളാണ് കല്‍ക്കരിപ്പാടങ്ങള്‍ക്ക് അനുമതി നല്‍കേണ്ട കമ്പനികളെ സ്പോണ്‍സര്‍ചെയ്യുന്നത്. ഈ സമ്പ്രദായം അഴിമതിക്ക് കളമൊരുക്കുന്നതാണെന്ന് പരേഖ് വിശദീകരിച്ചു.

ഏതൊക്കെ കല്‍ക്കരിപ്പാടം ഏതൊക്കെ കമ്പനിക്കാണ് നല്‍കേണ്ടതെന്ന തെരഞ്ഞെടുപ്പ് ഒട്ടും സുതാര്യമായിരുന്നില്ല. വ്യത്യസ്ത കല്‍ക്കരി ഖനികളിലെ കല്‍ക്കരിയുടെ മൂല്യത്തില്‍ വലിയ വ്യത്യാസമുണ്ട്. എന്നാല്‍, ഇത് പരിശോധിക്കാന്‍ വസ്തുനിഷഠ്മായ ഒരു സംവിധാനവും ഉണ്ടായിരുന്നില്ലെന്ന് പരേഖ് ചൂണ്ടിക്കാട്ടി. സ്വകാര്യ കമ്പനികള്‍ക്ക് സൗജന്യമായി കല്‍ക്കരിപ്പാടങ്ങള്‍ നല്‍കിയതില്‍ കോള്‍ ഇന്ത്യ ലിമിറ്റഡിന് എതിര്‍പ്പുണ്ടായിരുന്നെന്ന് അന്നത്തെ കോള്‍ ഇന്ത്യ ലിമിറ്റഡ് ചെയര്‍മാന്‍ പാര്‍ഥ ഭട്ടാചാര്യയും വ്യക്തമാക്കി.

deshabhimani 120612

No comments:

Post a Comment