എസ്എഫ്ഐ നേതാവ് അനീഷ് രാജന്റെ കൊലയാളികളെ സംരക്ഷിക്കുന്ന സര്‍ക്കാരിനെതിരെ തലസ്ഥാനത്ത് പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പൊലീസ് ഭീകരമായി വേട്ടയാടി. വിദ്യാര്‍ഥികള്‍ക്കു നേരെ നിരവധി തവണ ഗ്രനേഡ് എറിഞ്ഞ പൊലീസ് ഒരു മണിക്കൂറോളം തലസ്ഥാനഗരിയില്‍ താണ്ഡവമാടി. വിജെടി ഹാളിലെ ഔദ്യോഗിക പരിപാടിക്ക് പോകാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വഴിയൊരുക്കാനെന്ന പേരിലാണ് തലസ്ഥാന നഗരം പൊലീസ് ചോരക്കളമാക്കിയത്.
ക്രൂരമായ ലാത്തിച്ചാര്‍ജിനിടയില്‍ പുരുഷ പൊലീസുകാര്‍ വിദ്യാര്‍ഥിനികളുടെ വയറിനും നട്ടെല്ലിനും ബൂട്ടിട്ട് ചവിട്ടി. കാല്‍മുട്ട് ലാത്തികൊണ്ട് അടിച്ചുപൊട്ടിച്ചു. പൊലീസ് പിടിച്ചുകൊണ്ടുപോയ വിദ്യാര്‍ഥികളെ എആര്‍ ക്യാമ്പിലിട്ടും തല്ലിച്ചതച്ചു. നിരവധി വഴിയാത്രക്കാര്‍ക്കും പൊലീസ് ഗ്രനേഡ് അക്രമത്തിലും ലാത്തിച്ചാര്‍ജിലും പരിക്കേറ്റു. യൂണിവേഴ്സിറ്റി കോളേജിലേക്കും ഗ്രനേഡ് എറിഞ്ഞു. വിജെടി ഹാളിനു മുന്നില്‍ റോഡില്‍ കുത്തിയിരുന്ന വിദ്യാര്‍ഥികളെയാണ് വ്യാഴാഴ്ച വൈകിട്ട് നൂറുകണക്കിന് സായുധ പൊലീസുകാര്‍ അതിക്രൂരമായി കടന്നാക്രമിച്ചത്. ലാത്തിച്ചാര്‍ജിലും ഗ്രനേഡ് പ്രയോഗത്തിലും ഗുരുതരമായി പരിക്കേറ്റ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി ബിജുവും നാലു വിദ്യാര്‍ഥിനികളും ഉള്‍പ്പെടെ 15 വിദ്യാര്‍ഥികളെയും രണ്ട് മാധ്യമപ്രവര്‍ത്തകരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മിക്കവരുടെയും തലയ്ക്ക് സാരമായ പരിക്കുണ്ട്.
വിജെടി ഹാളിനു മുന്നില്‍ മുന്‍കൂട്ടി നിശ്ചയിച്ചപ്രകാരമാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. മുഖ്യമന്ത്രി എത്തുന്നതിനുമുമ്പ് വിദ്യാര്‍ഥികളെ അറസ്റ്റുചെയ്തുനീക്കാന്‍ കഴിയില്ലെന്ന് ബോധ്യമായപ്പോഴാണ് കലിപൂണ്ട പൊലീസുകാര്‍ വിദ്യാര്‍ഥികളെ വളഞ്ഞിട്ട് തല്ലിയത്. ഇതിനിടെ, സംഘര്‍ഷ സ്ഥലത്തിന് അടുത്തെത്തി മുഖ്യമന്ത്രിക്ക് തിരിച്ചുപോകേണ്ടിവന്നത് അറിഞ്ഞതോടെ പൊലീസ് ഭ്രാന്ത് പിടിച്ചപോലെ അഴിഞ്ഞാടി. ചിതറിയോടിയ വിദ്യാര്‍ഥികളെ സായുധ പൊലീസ് സംഘം പിന്തുടര്‍ന്ന് ആക്രമിച്ചു. തുടര്‍ച്ചയായി ഗ്രനേഡ് എറിഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസുകാര്‍ വിദ്യാര്‍ഥികള്‍ക്കും പൊലീസിനും നേരെ കല്ലെറിഞ്ഞത് കൂടുതല്‍ സംഘര്‍ഷം സൃഷ്ടിച്ചു.
സ്ഥലത്തെത്തിയ എംഎല്‍എമാരെയും യൂത്ത് കോണ്‍ഗ്രസുകാര്‍ അപമാനിക്കാന്‍ ശ്രമിച്ചു. വനിതാ പൊലീസ് ഇല്ലാതെയാണ് വിദ്യാര്‍ഥിനികളെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റുചെയ്തത്. പൊലീസ് ഭീകരതയെയും യൂത്ത് കോണ്‍ഗ്രസ് അക്രമത്തെയും തുടര്‍ന്ന് യൂണിവേഴ്സിറ്റി കോളേജില്‍ അഭയംതേടിയ വിദ്യാര്‍ഥികളെ പിന്തുടര്‍ന്ന് ആക്രമിക്കുകയും കോളേജിലേക്ക് ഒട്ടേറെ തവണ ഗ്രനേഡ് എറിയുകയും ചെയ്തു. കോളേജ് ഗേറ്റ് തള്ളിത്തുറന്ന് ഇരച്ചുകയറി മര്‍ദിക്കാനും അറസ്റ്റുചെയ്യാനും ശ്രമിച്ച പൊലീസുകാരെ വിവരമറിഞ്ഞെത്തിയ എംഎല്‍എമാര്‍ ഇടപെട്ടാണ് തടഞ്ഞത്. കോളേജില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ എല്‍ഡിഎഫ് എംഎല്‍എമാരാണ് പിന്നീട് പുറത്തേക്ക് കൊണ്ടുപോയത്. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ബിനോയിക്കും കൈരളി ടിവി ക്യാമറാമാന്‍ രാഹുലിനും ഗ്രനേഡ് ആക്രമണത്തിലും ലാത്തിച്ചാര്‍ജിലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സിറ്റി പൊലീസ് കമീഷണര്‍ ടി കെ ജോസിന്റെ നേതൃത്വത്തിലായിരുന്നു പൊലീസ് തേര്‍വാഴ്ച.
പൊലീസ് തേര്‍വാഴ്ചയ്ക്കുശേഷം ഒന്നും സംഭവിക്കാത്ത ഭാവത്തില്‍ വിജയശ്രീലാളിതനെപ്പോലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിജെടി ഹാളിലെത്തി പരിപാടി ഉദ്ഘാടനംചെയ്തു. യോഗത്തില്‍ അധ്യക്ഷനായ മന്ത്രി കെ ബാബു മുഖ്യമന്ത്രി വൈകിയത് സമരം കൊണ്ടല്ലെന്ന് പ്രസംഗിച്ച് കൂടുതല്‍ പ്രകോപനം സൃഷ്ടിക്കാനും ശ്രമിച്ചു. എല്‍ഡിഎഫ് എംഎല്‍എമാര്‍ എആര്‍ ക്യാമ്പില്‍ എത്തിയശേഷമാണ് പൊലീസ് മര്‍ദനം അവസാനിപ്പിച്ചത്. മണിക്കൂറുകളോളം എംഎല്‍എമാരും നേതാക്കളും ശക്തമായ പ്രതിഷേധമുയര്‍ത്തി. വിദ്യാര്‍ഥികളെ തുറുങ്കിലടയ്ക്കാനായിരുന്നു പൊലീസിന് കിട്ടിയ നിര്‍ദേശം. ഇത് അനുവദിക്കില്ലെന്ന് എംഎല്‍എമാരും എല്‍ഡിഎഫ് നേതാക്കളും പ്രഖ്യാപിച്ചു. ഒടുവില്‍ രാത്രി ഏറെ വൈകി വിദ്യാര്‍ഥികളെ ജാമ്യത്തില്‍ വിട്ടു. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍, ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, എംഎല്‍എമാരായ ഇ പി ജയരാജന്‍, സി ദിവാകരന്‍, എ കെ ശശീന്ദ്രന്‍, തോമസ് ഐസക് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിപക്ഷ എംഎല്‍എമാരും നേതാക്കളും പൊലീസ് ക്യാമ്പിനു മുന്നില്‍ പ്രതിഷേധിച്ചത്. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, പി കെ ശ്രീമതി എന്നിവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ഥികളെ സന്ദര്‍ശിച്ചു.
എആര്‍ ക്യാമ്പ് സമരമുഖമായി
തിരു: വിദ്യാര്‍ഥിവേട്ടയ്ക്ക് ശേഷം പൊലീസ് കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എമാരും ബഹുജന നേതാക്കളും അണിനിരന്നപ്പോള്‍ തിരുവനന്തപുരം നന്ദാവനം എ ആര്‍ ക്യാമ്പ് സമരമുഖമായി. എല്‍ഡിഎഫിന്റെ തലസ്ഥാനത്തുള്ള പ്രമുഖ നേതാക്കളും പ്രതിപക്ഷ എംഎല്‍എമാരും എആര്‍ ക്യാമ്പിന് മുന്നില്‍ അണിനിരന്നതോടെ അധികാരത്തിന്റെ ധാര്‍ഷ്ട്യത്തില്‍ എന്തുമാവാമെന്ന ഹുങ്ക് ഭരണാധികാരികള്‍ക്ക് അവസാനിപ്പിക്കേണ്ടി വന്നു. നേതാക്കളും ജനപ്രതിനിധികളും എത്തിയതറിഞ്ഞ് നൂറുകണക്കിന് ജനങ്ങളാണ് എആര്‍ ക്യാമ്പിന് മുന്നിലേക്ക് ഒഴുകിയെത്തിയത്. വന്‍ പൊലീസ് സന്നാഹം ക്യാമ്പിന് മുന്നില്‍ നിലയുറപ്പിച്ചു. ശത്രുമുഖത്തേക്കെന്നപോലെ തോക്ക് തിരിച്ചുപിടിച്ച് നിന്ന പൊലീസുകാര്‍ക്ക് മുന്നില്‍ ബഹുജനങ്ങള്‍ ആവേശത്തോടെ മുദ്രാവാക്യം വിളിച്ച് കുത്തിയിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം വിദ്യാര്‍ഥികളെ ജാമ്യത്തില്‍ വിട്ടയച്ചു. പൊലീസ് തല്ലിയോടിച്ചപ്പോള്‍ ഓടി യൂണിവേഴ്സിറ്റി കോളേജില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ അകത്ത് കടന്ന് വേട്ടയാടാനുള്ള നീക്കവും ജനപ്രതിനിധികളുടെ ഇടപെടലിനെത്തുടര്‍ന്നാണ് ഉപേക്ഷിക്കേണ്ടി വന്നത്. എംഎല്‍എമാരായ ഇ പി ജയരാജന്‍, എളമരം കരീം, എ കെ ബാലന്‍, മുന്‍സ്പീക്കര്‍ കെ രാധാകൃഷ്ണന്‍, സിപിഐ എം ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ബഹുജനനേതാക്കളും യൂണിവേഴ്സിറ്റി കോളേജിലെത്തി വിദ്യാര്‍ഥികളെ രക്ഷിച്ചു. ശത്രുസൈന്യത്തിന് നേരെയെന്നപോലെ നിരായുധരായ വിദ്യാര്‍ഥികള്‍ക്ക് നേരെ തരിമ്പും പ്രകോപനമില്ലാതെ നിരവധി തവണ ഗ്രനേഡ് പ്രയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പൊലീസിന് ഇതോടെയാണ് പിന്‍മാറേണ്ടി വന്നത്. പൊലീസ് അന്യായമായി കസ്റ്റഡിയില്‍ എടുത്ത് എആര്‍ ക്യാമ്പില്‍ തടങ്കലിലാക്കിയ വിദ്യാര്‍ഥികളെ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, സിപിഐ നിയമസഭാകക്ഷി നേതാവ് സി ദിവാകരന്‍, എംഎല്‍എമാരായ എ കെ ശശീന്ദ്രന്‍, ഇ പി ജയരാജന്‍, ഡോ. തോമസ് ഐസക്, എളമരം കരീം, എ കെ ബാലന്‍, സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം എം വിജയകുമാര്‍, ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് എആര്‍ ക്യാമ്പിനുമുന്നില്‍ പ്രതിഷേധിച്ചത്.
കണ്ണീരുണങ്ങാത്ത വീട്ടില്‍ സാന്ത്വനവുമായി ജനായകന്‍
ഇടുക്കി: നാടിനും വീടിനും പ്രിയപ്പെട്ടവനായിരുന്ന അനീഷ്രാജന്റെ അരുംകൊലയില്‍ വിതുമ്പുന്ന മാതാപിതാക്കളുടെ വ്യഥ സ്വന്തം ഹൃദയത്തോടു ചേര്‍ത്ത് സാന്ത്വനം പകര്‍ന്ന് ജനായകന്‍.നിങ്ങള്‍ ഒറ്റയ്ക്കല്ല, ഏതു വിഷമഘട്ടത്തിലും പ്രസ്ഥാനം ഒപ്പം ഉണ്ടാകുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രാജനും സബിതയ്ക്കും ഉറപ്പുനല്‍കി. വ്യാഴാഴ്ച രാവിലെയാണ് രക്തസാക്ഷി അനീഷ് രാജന്റെ വീട്ടിലെത്തി അദ്ദേഹം ഇനിയും കണ്ണീര്‍വറ്റാത്ത മാതാപിതാക്കളെ ആശ്വസിപ്പിച്ചത്. അനീഷ് രാജന്‍ കൊലചെയ്യപ്പെട്ടിട്ട് മൂന്ന് മാസമാകുമ്പോഴും അമ്മ സബിത സാധാരണ ജീവിതത്തിലേക്കു മടങ്ങിവന്നിട്ടില്ല. പിണറായിയെയും മറ്റു നേതാക്കളെയും കണ്ടപ്പോള്‍ അവര്‍ അലമുറയിട്ടു കരഞ്ഞു. ഈ കുടുംബത്തിന് എല്ലാവിധ സഹായവും പിന്തുണയും ഉറപ്പുനല്‍കുന്നു എന്നു വ്യക്തമാക്കുന്നതായിരുന്നു പിണറായിയുടെ സന്ദര്‍ശനം.
സംസ്ഥാന സെക്രട്ടറിയുടെ വരവറിഞ്ഞ് രാവിലെതന്നെ നെടുങ്കണ്ടം കല്ലാര്‍ വെള്ളാംകടവില്‍ അനീഷിന്റെ വീടും പരിസരവും പ്രവര്‍ത്തകരെയും നേതാക്കളെയും കൊണ്ട് നിറഞ്ഞു. എട്ടരയോടെ എത്തിയ പിണറായി വിജയനെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ വരവേറ്റു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം എം മണി, കെ കെ ജയചന്ദ്രന്‍ എംഎല്‍എ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി എന്‍ വിജയന്‍, വി എന്‍ മോഹനന്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ എന്‍ കെ ഗോപിനാഥന്‍, പി എം എം ബഷീര്‍, എം എന്‍ മോഹനന്‍ തുടങ്ങിയവരും പിണറായിക്കൊപ്പം ഉണ്ടായിരുന്നു.
No comments:
Post a Comment