അരീക്കോട് ഇരട്ടക്കൊലക്കേസില്‍ വ്യാഴാഴ്ച നാല് പ്രവര്‍ത്തകര്‍കൂടി അറസ്റ്റിലായതോടെ മുസ്ലിംലീഗിന്റെ പങ്ക് കൂടുതല്‍ വ്യക്തമാകുന്നു. പി കെ ബഷീര്‍ എംഎല്‍എയെ തൊടാതെ അന്വേഷണം മുന്നോട്ടുപോകുന്നതിനിടെയാണ് കൊലപാതകത്തിന്റെ ആസൂത്രണത്തിലും ഗൂഢാലോചനയിലും ലീഗ് നേതൃത്വത്തിന്റെ പങ്ക് വെളിവാകുന്നത്. മുഖ്യപ്രതി മുക്താറിനെ വിദേശത്തേക്കു കടക്കാന്‍ സഹായിച്ചതും ലീഗ് നേതക്കളാണ്. നെടുമ്പാശേരി വിമാനത്താവളം വഴിയാണ് മുക്താര്‍ ഖത്തറിലേക്കു കടന്നത്. ഗള്‍ഫിലെ ലീഗ് അനുകൂല സംഘടനകളാണ് ഇയാള്‍ക്ക് ഒളിത്താവളമൊരുക്കിയത്. മുക്താറിന്റെ പങ്ക് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ത്തന്നെ പൊലീസിന് ലഭിച്ചിരുന്നു. നേരത്തെ, ഫുട്ബോള്‍ ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കൊല്ലപ്പെട്ട അതീഖ് റഹ്മാന്റെ സഹോദരനാണ് മുക്താര്‍.
കൊലയ്ക്കു ശേഷം ഉപേക്ഷിച്ച ടാറ്റ സുമോ സംഭവദിവസംതന്നെ പൊലീസ് കണ്ടെത്തിയിരുന്നു. കൊടുവള്ളി സ്വദേശിയില്‍നിന്നാണ് മുക്താര്‍ വാഹനം വാങ്ങിയതെന്നും തെളിഞ്ഞു. എന്നിട്ടും മുക്താറിനുവേണ്ടി തെരച്ചില്‍ നടത്തിയില്ല. ഞായറാഴ്ച അക്രമത്തിനുശേഷം ഭാര്യാസഹോദരന്‍ റിയാസിന്റെ വീട്ടില്‍ തങ്ങിയ മുക്താര്‍ തിങ്കളാഴ്ച വൈകിട്ടാണ് വിദേശത്തേക്കു കടന്നത്. വിമാനത്താവളംവഴി പ്രതികള്‍ കടക്കാതിരിക്കാന്‍ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കണം. എന്നാല്‍ മാത്രമേ രക്ഷപ്പെടാനുള്ള നീക്കം എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് തടയാനാകൂ. മുക്താര്‍ വിദേശത്തേക്ക് കടന്ന ശേഷമാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. ലീഗ്ബന്ധമുള്ള ട്രാവല്‍ ഏജന്‍സികളുടെ സഹായത്തോടെ മുന്‍കൂട്ടി തീരുമാനിച്ച പ്രകാരമാണ് മുക്താര്‍ കടന്നതെന്നാണ് സൂചന. കൊല നടന്ന ദിവസം അരീക്കോട് കുനിയില്‍ പ്രദേശത്തെ ലീഗ് നേതാക്കള്‍ കുടുംബസമേതം വീടൊഴിഞ്ഞുപോയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതുവരെ അറസ്റ്റിലായവരും കസ്റ്റഡിയിലുള്ളവരുമെല്ലാം ലീഗുകാരാണ്. ഏറെ ചര്‍ച്ചക്കുശേഷമാണ് കൊലപാതകത്തിനുള്ള പദ്ധതി തയ്യാറാക്കിയതെന്ന് കസ്റ്റഡിയിലുള്ളവര്‍ വെളിപ്പെടുത്തി. കസ്റ്റഡിയിലുള്ളവരുടെ ഫോണില്‍നിന്ന് എംഎല്‍എയുമായി അടുത്ത ബന്ധമുള്ളവരുടെ ഫോണിലേക്ക് കൊലപാതകത്തിനുമുമ്പും ശേഷവും കോളുകള്‍ വന്നതായി വിവരമുണ്ട്.
ബഷീറിനെതിരെ കേസെടുത്തത് അംഗീകരിക്കില്ല: ചെന്നിത്തല
പ്രസംഗത്തിന്റെ പേരില്‍ പി കെ ബഷീറിനെതിരെ കൊലക്കേസ് ഗൂഢാലോചന കുറ്റം ചുമത്തി കേസെടുത്തത് ശരിയായില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. കൊലപാതകത്തിന് ഇരയായ ആളുടെ കുടുംബസഹായഫണ്ട് നല്‍കാനായി ചേരുന്ന യോഗത്തില്‍ ഏതു നേതാവും പ്രസംഗിക്കുന്ന രീതിയിലാണ് ബഷീറും പ്രസംഗിച്ചതെന്ന് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതിന്റെ പേരിലുള്ള പൊലീസ് നടപടി അംഗീകരിക്കില്ല. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ 20 വര്‍ഷത്തിനുള്ളിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ വീണ്ടും അന്വേഷിക്കണം. സിബിഐ നിഷ്പക്ഷമായ അന്വേഷണ ഏജന്‍സിയാണെന്ന് ചോദ്യത്തിന് മറുപടിയായി ചെന്നിത്തല പറഞ്ഞു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് ഈ ഏജന്‍സിയെ ഒരു കാരണവശാലും സ്വാധീനിക്കാനാകില്ലെന്നും ചെന്നിത്തല പറഞ്ഞു.
No comments:
Post a Comment