Thursday, June 14, 2012

സിബിഐ റിപ്പോര്‍ട്ട് മുല്ലപ്പള്ളിയുടെ പ്രസംഗം: പി ജയരാജന്‍

കണ്ണൂര്‍: തലശേരിയില്‍ വര്‍ഗീയകലാപത്തിന് സിപിഐ എം ഗൂഢപദ്ധതി തയ്യാറാക്കിയെന്ന് സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിനുപിന്നില്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പളളി രാമചന്ദ്രന്റെ രാഷ്ട്രീയക്കളിയാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍. ഫസല്‍ വധക്കേസിന്റെ പേരിലുള്ള സിബിഐയുടെ അപവാദ പ്രചാരണത്തില്‍ പാര്‍ടി ശക്തമായി പ്രതിഷേധിക്കുന്നതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 
 
ഫസലിനെ വധിച്ചശേഷം തലശേരിയില്‍ ഹിന്ദു-മുസ്ലീം വര്‍ഗീയ കലാപം ഉണ്ടാക്കി അന്വേഷണം വഴിതെറ്റിക്കാനും പ്രതികളെ രക്ഷിക്കാനും ഗൂഢപദ്ധതി ആസൂത്രണം ചെയ്തെന്ന ഗുരുതര ആക്ഷേപമാണ് പാര്‍ടിക്കെതിരെ സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍. ഇത് മുല്ലപ്പള്ളി രാമചന്ദ്രന്റെ രാഷ്ട്രീയ പ്രസംഗമാണ്. വര്‍ഗീയ കലാപങ്ങള്‍ക്കെതിരെയും മതനിരപേക്ഷത സംരക്ഷിക്കുന്നതിനും ജീവന്‍ കൊടുത്തും പോരാടുന്ന പ്രസ്ഥാനമാണ് സിപിഐ എം. അത്തരമൊരു പ്രസ്ഥാനത്തിന് നേരെയാണ് സിബിഐയുടെ ദുരാരോപണം. ഇത് സമൂഹത്തില്‍ ദൂരവ്യാപക പ്രത്യാഘാതം ഉളവാക്കും. മതനിരപേക്ഷ ശക്തികളെ ദുര്‍ബലപ്പെടുത്തുകയും വര്‍ഗീയ ശക്തികള്‍ക്ക് വീര്യം പകരുകയും ചെയ്യും. 
 
കേരളത്തെ ഹിന്ദുവര്‍ഗീയ ഫാസിസ്റ്റുകള്‍ക്ക് കീഴ്പ്പെടുത്താനുള്ള ആര്‍എസ്എസ്- സംഘപരിവാര ആസൂത്രണത്തിന്റെ ഭാഗമായാണ് 1971 ഡിസംബറില്‍ തലശേരിയില്‍ വര്‍ഗീയകലാപം നടന്നത്. കലാപത്തെക്കുറിച്ച് അന്വേഷിച്ച ജ. വിതയത്തില്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ വര്‍ഗീയ കലാപകാരികള്‍ക്കെതിരെ സിപിഐ എം നടത്തിയ പ്രവര്‍ത്തനങ്ങള്‍ എടുത്തു പറഞ്ഞിട്ടുണ്ട്. ചെങ്കൊടിവച്ച കാറില്‍ സിപിഐ എം നേതാക്കള്‍ സഞ്ചരിച്ച് കലാപം ശാന്തമാക്കാന്‍ ശ്രമിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പിണറായി വിജയനായിരുന്നു ആ സംഘത്തിന്റെ നായകന്‍. തങ്ങള്‍ ഉദ്ദേശിച്ചതുപോലെ കലാപം നടത്താനും രാഷ്ട്രീയ മുതലെടുപ്പിനുമുള്ള പരിശ്രമം സിപിഐ എം പരാജയപ്പെടുത്തിയതിലുള്ള പ്രതികാരമായാണ് 1972 ജനുവരി നാലിന് പാര്‍ടി മാങ്ങാട്ടിടം ലോക്കല്‍കമ്മിറ്റി അംഗമായ യു കെ കുഞ്ഞിരാമനെ ആര്‍ എസ്എസുകാര്‍ കൊലപ്പെടുത്തിയത്. തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ ആര്‍എസ്എസിന്റെ കൊലക്കത്തിക്കിരയായി 56 സഖാക്കള്‍ രക്തസാക്ഷികളായി. തലശേരി മേഖലയില്‍ മാത്രം 18 പേരെ കശാപ്പ് ചെയ്തു. ആര്‍എസ്എസിന്റെ അഖിലേന്ത്യാ നേതൃത്വം കോടിക്കണക്കിനു രൂപ നല്‍കിയാണ് സിപിഐ എമ്മിനെതിരായ ആക്രമണ പരമ്പര സംഘടിപ്പിച്ചത്. അതിനെ ജനങ്ങളെ അണിനിരത്തി ചെറുക്കുകയാണ് സിപിഐ എം ചെയ്തത്. 
 
തൊണ്ണൂറുകള്‍ക്ക് ശേഷം മുസ്ലീം തീവ്രവാദികളും രംഗത്തു വന്നു. അതിനെതിരെയും സിപിഐ എം ഉറച്ചുനിന്ന് പ്രവര്‍ത്തിച്ചു. എന്‍ഡിഎഫ് തീവ്രവാദിസംഘം ആറു സിപിഐ എം പ്രവര്‍ത്തകരെ കൊലപ്പെടുത്തി. മതഭ്രാന്തന്‍മാര്‍ സദാചാരപൊലീസ് ചമഞ്ഞ് നടത്തുന്ന ആക്രമണങ്ങളെയും എതിര്‍ക്കാന്‍ പാര്‍ടിയും ബഹുജനപ്രസ്ഥാനങ്ങളുമാണ് ഇന്നും ശ്രമിക്കുന്നത്. ഇങ്ങനെ ഹിന്ദു-മുസ്ലീം വര്‍ഗീയ വാദികളുടെ എതിര്‍പ്പിന് ഇരയായി നിരവധി പ്രവര്‍ത്തകരുടെ ജീവന്‍ നഷ്ടപ്പെട്ട പാര്‍ടിക്കെതിരെയാണ് "വര്‍ഗീയ കലാപങ്ങളുടെ ആസൂത്രകര്‍"എന്ന ആരോപണം സിബിഐ ചാര്‍ത്തുന്നത്. എന്‍ഡിഎഫ് പോലും ഉന്നയിക്കാത്ത ആക്ഷേപങ്ങളാണ് രാഷ്ട്രീയ മേലാളര്‍ക്കുവേണ്ടി സിബിഐ ഉന്നയിക്കുന്നത്. 
 
ഫസല്‍ വധക്കേസില്‍ സിപിഐ എമ്മിന് ബന്ധമില്ല. പാര്‍ടിയെ കണ്ണിചേര്‍ക്കുന്നതിന് ഒരു തെളിവും കിട്ടിയിട്ടില്ല. അതുകൊണ്ടാണ് അറസ്റ്റിലായ മൂന്നു പാര്‍ടി അനുഭാവികളോട് കാരായി രാജനും കാരായി ചന്ദ്രശേഖരനും പറഞ്ഞിട്ടാണ് കൊലനടത്തിയതെന്ന് കോടതിയില്‍ പറഞ്ഞാല്‍ മാപ്പുസാക്ഷികളാക്കാമെന്ന പ്രലോഭനം അന്വേഷണസംഘം നടത്തിയത്. രാജനെയും ചന്ദ്രശേഖരനെയും ഏതുനിലയിലും പ്രതികളാക്കണമെന്ന നിര്‍ബന്ധബുദ്ധി ഇവിടെ കാണാം. കാരായി രാജനും ചന്ദ്രശേഖരനും നിയമത്തിന്റെ എല്ലാവഴികളും തേടും. മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ വേളയില്‍ പ്രതിയാണോ സാക്ഷിയാണോ എന്ന് ഉറപ്പിച്ച് പറയാനാവില്ലെന്ന് കോടതിയില്‍ പറഞ്ഞ സിബിഐ കേസ് ബെഞ്ച് മാറിയ ഉടനെ ഇവരെ പ്രതികളാക്കി. അതിന്റെ തുടര്‍ച്ചയായാണ് സിപിഐ എം നേതാക്കള്‍ വര്‍ഗീയ കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന ആരോപണം. ഷുക്കൂര്‍ വധക്കേസില്‍ വീണ്ടും ഹാജരാകാന്‍ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ജയരാജന്‍ ചോദ്യത്തിന് മറുപടി നല്‍കി. തെളിവെടുപ്പിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താതിരിക്കാനുള്ള മാന്യത താന്‍ കാണിച്ചതായും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റ് അംഗം എം പ്രകാശനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

No comments:

Post a Comment