Sunday, June 10, 2012

"രക്തസാക്ഷ്യം" ഓര്‍മപ്പെടുത്തുന്നു പാര്‍ടിയെ തകര്‍ക്കാനാവില്ല

ഇടതുപക്ഷവേട്ടയ്ക്കും മാധ്യമ വിചാരണയ്ക്കുമെതിരെ ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച "രക്തസാക്ഷ്യം" നാടിനുവേണ്ടി ജീവന്‍ സമര്‍പ്പിച്ച രണധീരന്മാരുടെ പ്രിയപ്പെട്ടവരുടെ ഒത്തുചേരലിന് വേദിയായി. ചരിത്രത്തിന്റെ താളുകളില്‍ നക്ഷത്രമുനകൊണ്ട് പുതിയ അധ്യായങ്ങള്‍ എഴുതിച്ചേര്‍ത്ത രക്തസാക്ഷികളുടെ ജ്വലിക്കുന്ന ഓര്‍മകളില്‍ ജീവിക്കുന്ന പ്രിയപ്പെട്ടവര്‍ അനുഭവങ്ങള്‍ പങ്കുവച്ചു. പുരോഗമന പ്രസ്ഥാനത്തിന് നേരിയ പോറല്‍പോലുമേല്‍ക്കാതെ കാക്കാന്‍ ഉറങ്ങാതെയുണ്ടാകുമെന്ന്പ്രഖ്യാപിച്ച് ജില്ലയുടെ യുവത്വവും ഒഴുകിയെത്തി. ഡിവൈഎഫ്ഐ മുന്‍ അഖിലേന്ത്യാപ്രസിഡന്റ് എന്‍ എന്‍ കൃഷ്ണദാസ് പരിപാടി ഉദ്ഘാടനംചെയ്തു.

ടി പി ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ടിക്ക് പങ്കില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കിയിട്ടും അപവാദപ്രചാരണം നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്ഐ ജില്ലാപ്രസിഡന്റ് പി കെ അബ്ദുള്ള നവാസ് അധ്യക്ഷനായി. സെക്രട്ടറി ടി സത്യന്‍ സ്വാഗതവും ജോ. സെക്രട്ടറി എ അജയന്‍ നന്ദിയും പറഞ്ഞു.
പട്ടാമ്പി കോളേജില്‍ തന്റെ സഹപാഠിയായ വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയവരെ ചോദ്യംചെയ്തതിന് 1974ല്‍ എബിവിപി-കെഎസ്യു ഗുണ്ടകളുടെ കൊലക്കത്തിക്കിരയായ സെയ്താലിയുടെ ജ്യേഷ്ഠന്‍ അബ്ദുറഹിമാന്‍, ഡിവൈഎഫ്ഐയുടെ സജീവ പ്രവര്‍ത്തകനായിരിക്കെ ആര്‍എസ്എസ് ഗുണ്ടകള്‍ കുത്തിവീഴ്ത്തിയ വളാഞ്ചേരി കാവുമ്പുറത്ത് കോട്ടീരി നാരായണന്റെ ഭാര്യ നന്ദിനി, മകന്‍ ബിജു, 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനത്തിനിടെ മുസ്ലിംലിഗ് ഗുണ്ടകള്‍ കൊന്ന പെരിന്തല്‍മണ്ണ കുന്നപ്പള്ളി സുബ്രഹ്മണ്യന്റെ പിതാവ് കൊലവന്‍, 2009ല്‍ ആര്‍എസ്എസ് ക്രിമിനലുകള്‍ കുത്തിവീഴ്ത്തിയ തിരൂരിലെ പള്ളിയേരി പ്രദീപന്റെ മകന്‍ ജിത്തു എന്നിവരാണ് തങ്ങളടെ പ്രിയപ്പെട്ടവരുടെ വേര്‍പാടിന്റെ വേദനയിലും തളരാതെ കൂട്ടായ്മയിലേക്കെത്തിയത്.

ഒഞ്ചിയത്തെ ടി പി ചന്ദ്രശേഖരന്റെ കൊലയുടെ മറവില്‍ പാര്‍ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരോട് പതറിയ ശബ്ദത്തിലും ഇടറാത്ത ഇഛാശക്തിയോടെ അവര്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു - ഈ പാര്‍ടിയെ തകര്‍ക്കാനും ചെറിയൊരു പോറലേല്‍പ്പിക്കാനും ഒരു ശക്തിക്കും കഴിയില്ല. കവി മുരുകന്‍ കാട്ടാക്കട മുഖ്യാതിഥിയായി. മുരുകന്‍ കാട്ടാക്കട തന്റെ രക്തസാക്ഷി, ബാഗ്ദാദ്, കണ്ണട തുടങ്ങിയ കവിതകള്‍ വേദിയില്‍ ആലപിച്ചു. ടൗണ്‍ഹാളിലെത്തിയ ആയിരങ്ങള്‍ അതേറ്റുചൊല്ലുകയും ചെയ്തു.

സര്‍ക്കാരിന്റെത് ഒളിച്ചോട്ടം: എന്‍ എന്‍ കൃഷ്ണദാസ്

മലപ്പുറം: ടി പി ചന്ദ്രശേഖരന്‍ വധം മറയാക്കി സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങളില്‍നിന്ന് ഒളിച്ചോടുകയാണെന്ന് ഡിവൈഎഫ്ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് എന്‍ എന്‍ കൃഷ്ണദാസ്. ഇടതുപക്ഷ വേട്ടയ്ക്കും മാധ്യമവിചാരണയ്ക്കുമെതിരെ ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച "രക്തസാക്ഷ്യം" ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒഞ്ചിയത്ത് നടന്ന കൊലപാതകം അതിദാരുണമാണെന്നും ഇതില്‍ പാര്‍ടിയ്ക്ക് പങ്കില്ലെന്നും ജനറല്‍ സെക്രട്ടറിയടക്കം വ്യക്തമാക്കിയതാണ്. എന്നാല്‍ ഇത് ചെയ്തത് സിപിഐ എം ആണെന്ന് വരുത്തിത്തീര്‍ക്കാനാണ് ചിലരുടെ ശ്രമം. എന്തിന്റെ പേരിലായാലും ഇടതുപക്ഷത്തിന്റെ ജീവന്‍ പകരം തരാന്‍ കഴിയില്ല. ഇടതുപക്ഷമില്ലാത്ത കേരളം സൂര്യനില്ലാത്ത ആകാശംപോലെയാണ്. അത്തരമൊരവസ്ഥയെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാകില്ല. ചന്ദ്രശേഖരന്റെ പേരില്‍ പലരുമൊഴുക്കുന്നത് കള്ളക്കണ്ണീരാണ്. വിദ്യാര്‍ഥി-യുവജന പ്രവര്‍ത്തനകാലത്ത് എനിക്കൊപ്പം പ്രവര്‍ത്തിച്ചവരാണ് ചന്ദ്രശേഖരനും പത്നി രമയും. മുല്ലപ്പള്ളിയെക്കാളും ഉമ്മന്‍ചാണ്ടിയെക്കാളും വീരേന്ദ്രകുമാറിനെക്കാളും വിഷമം ഈ മരണത്തില്‍ എനിക്കുണ്ട്. ഇവരെല്ലാം കണ്ണീരൊഴുക്കുന്നത് ഇടതുപക്ഷത്തെ തകര്‍ക്കാന്‍ മാത്രമാണ്. ദുഃഖത്തിലും വര്‍ഗവിവേചനമാണ് പലരും കാണിക്കുന്നത്. മാര്‍ക്സിസ്റ്റുകാര്‍ മാധ്യമവിരോധികളാണെന്ന് ചിത്രീകരിക്കാനാണ് ശ്രമം. എന്നാല്‍ പത്രങ്ങളിറങ്ങാത്ത പ്രഭാതത്തെയും ചാനലുകള്‍ പ്രവര്‍ത്തിക്കാത്ത ദിവസത്തെയും കുറിച്ച് ആലോചിക്കാനാവില്ല. എന്നാല്‍ മാധ്യമങ്ങള്‍ വിവേചനബുദ്ധിയോടെ പ്രവര്‍ത്തിക്കണം.

ഭാഷയില്‍പ്പോലും വിവേചനമാണ് പല മാധ്യമങ്ങളും ഇടതുപക്ഷത്തോട് കാണിക്കുന്നത്. ഈ വിമര്‍ശനങ്ങള്‍ മാത്രമാണ് തുറന്നുപറയുന്നത്. ദൗര്‍ബല്യങ്ങള്‍ ചൂണ്ടിക്കാണിക്കാം. എന്നാല്‍ അത് പാര്‍ടിയെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാകരുത്. എം എം മണിയും എം എം ഹസനും ഒരേതരത്തിലുള്ള പ്രസ്താവനയാണ് നടത്തിയത്. എന്നാല്‍ ഹസന്‍ പറഞ്ഞത് ആരും വാര്‍ത്തയാക്കിയില്ല. പാര്‍ടി ഗ്രാമത്തില്‍ പ്രവേശിക്കുമെന്നാണ് ഇപ്പോള്‍ പറയുന്നത്. കേരളത്തില്‍ എവിടെയും ആരെയും തടഞ്ഞിട്ടില്ല. ദുരൂഹത പടര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നത്. പാര്‍ടി ഒറ്റപ്പെട്ടുവെന്ന പ്രചാരണമാണ് പലരും നടത്തുന്നത്. എന്നാല്‍ ഒരാള്‍പോലും പാര്‍ടി വിട്ട് പോയിട്ടില്ല. ഗാന്ധിവധക്കേസിന്റെ ഗൂഢാലോചനപോലും അന്വേഷിക്കാത്ത ചരിത്രമാണ് കോണ്‍ഗ്രസിനുള്ളത്. കേസന്വേഷണത്തില്‍ ഇടപെടുമെന്നാണ് മുല്ലപ്പള്ളി പറയുന്നത്. ഇതിനുള്ള അധികാരം മുല്ലപ്പള്ളിക്കില്ല. പാര്‍ടിയെ തകര്‍ക്കാനുള്ള ഏത് ശ്രമത്തെയും ജനങ്ങളെ അണിനിരത്തി ചെറുത്തുതോല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

"ജീവന്‍ കൊടുത്തും കാക്കും കൂടെനിന്ന പ്രസ്ഥാനത്തെ"

""ടി പി ചന്ദ്രശേഖരന്റെ സംസ്കാര ചടങ്ങ് ടെലിവിഷനില്‍ കണ്ടശേഷമാണ് ഞാനും അമ്മയും ഉറങ്ങാന്‍ കിടന്നത്. ഇരുപത്തിയെട്ടാമത്തെ വയസ്സില്‍ വിധവയായ അമ്മയുടെ മുഖമാണ് ചന്ദ്രശേഖരന്റെ ഭാര്യ രമയെ കണ്ടപ്പോള്‍ ഓര്‍മവന്നത്. അച്ഛനെ നഷ്ടപ്പെട്ട അന്ന് എന്റെ തലയില്‍ കൈവച്ച് സിപിഐ എമ്മിന്റെ സമുന്നതരായ നേതാക്കള്‍ പറഞ്ഞു. "നിനക്ക് നിന്റെ അച്ഛനെ നഷ്ടപ്പെട്ടിരിക്കുന്നു. ഇനി പാര്‍ടിയാണ് നിന്റെ പിതാവ്". ആ വാക്ക് അക്ഷരംപ്രതി പാലിച്ച പാര്‍ടിക്ക് ഒരു പോറല്‍ പോലുമേല്‍ക്കാതെ ഏത് അക്രമത്തെയും പ്രതിരോധിക്കാന്‍ ഞങ്ങളുമുണ്ടാകും..."" ആര്‍എസ്എസ് ക്രിമിനലുകള്‍ കൊലപ്പെടുത്തിയ കോട്ടീരി നാരായണന്റെ മകന്‍ ബിജു പറഞ്ഞു നിര്‍ത്തുമ്പോള്‍ അമ്മ നന്ദിനിയ്ക്കൊപ്പം സദസ്സരുടെ കണ്ണുകളും ഈറനണിഞ്ഞു. "രക്തസാക്ഷ്യം"കൂട്ടായ്മയ്ക്കെത്തിയവര്‍ക്ക് ഈ വാക്കുകള്‍ ആവേശം പകര്‍ന്നു.

പട്ടാമ്പി കോളേജിന്റെ മൈതാനത്ത് എബിവിപി- കെഎസ്യു ഗുണ്ടകള്‍ കൊന്ന സെയ്താലിയുടെ സഹോദരന്‍ അബ്ദുറഹിമാനും ഉറ്റവര്‍ എന്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചുവെന്ന് ഉറച്ച ബോധ്യത്തിലാണ് സദസ്സിനോട് സംസാരിച്ചത്. "" സഹപാഠികളായ വിദ്യാര്‍ഥിനികളെ ശല്യപ്പെടുത്തിയവരെ ചോദ്യംചെയ്തതിനാണ് സെയ്താലി മരിച്ചു വീണത്. സാമൂഹ്യവിരുദ്ധരെ ചോദ്യംചെയ്ത് മരിച്ച മകനൊപ്പം മരിച്ചുവീഴാന്‍ താനും തയ്യാറാണെന്ന് പറഞ്ഞ ഞങ്ങളുടെ പിതാവിനോട് ആയിരങ്ങള്‍ ഒരേസ്വരത്തില്‍ വിളിച്ചുപറഞ്ഞത് സെയ്താലി തങ്ങളിലൂടെ ജീവിക്കുന്നുവെന്നാണ്്. കാലമൊരുപാട് കഴിഞ്ഞിട്ടും രാകിമിനുക്കിയ കത്തിമുനകളുമായി കാത്തിരിക്കുന്നവരില്‍നിന്ന് പാര്‍ടിയെ കാത്തുസൂക്ഷിക്കാന്‍ എല്ലാവരും ഉണര്‍ന്നിരിക്കണം..."" അബ്ദുറഹ്മാന്‍ പറഞ്ഞു.

കള്ളക്കേസുകള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ ഉജ്വല തൊഴിലാളി റാലി

കോഴിക്കോട്: ചന്ദ്രശേഖരന്റെ വധത്തെത്തുടര്‍ന്ന് ഒഞ്ചിയം മേഖലയില്‍ പൊലീസ് സഹായത്തോടെ ആര്‍എംപി-യുഡിഎഫ് ക്രിമിനലുകള്‍ നടത്തുന്ന അക്രമങ്ങളിലും സിപിഐ എം- സിഐടിയു നേതാക്കള്‍ക്കെതിരായ കള്ളക്കേസിലും പ്രതിഷേധിച്ച് ഉജ്വല തൊഴിലാളി റാലി. സിഐടിയു കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുതലക്കുളം മൈതാനിയില്‍ സംഘടിപ്പിച്ച റാലിയില്‍ സ്ത്രീകളടക്കം ആയിരങ്ങള്‍ പങ്കെടുത്തു.

സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എളമരം കരീം എംഎല്‍എ, സിഐടിയു ജില്ലാ കമ്മിറ്റി അംഗം സി എച്ച് അശോകന്‍ എന്നിവര്‍ക്കെതിരെ യുഡിഎഫ് സര്‍ക്കാര്‍ രാഷ്ട്രീയ വിരോധത്തിന്റെ ഭാഗമായി കേസെടുത്തിരിക്കയാണ്. പൊലീസുകാരുടെ മര്‍ദനമുറകള്‍ ജനമധ്യത്തില്‍ തുറന്നുകാട്ടിയതിനാണ് എളമരം കരീമിനെതിരെ കേസെടുത്തത്. അടിയന്തരാവസ്ഥയിലെ നാവടക്കൂ പണിയെടുക്കൂ എന്ന പല്ലവിയെ ഓര്‍മിപ്പിക്കുന്ന സംഭവങ്ങളാണ് അരങ്ങേറുന്നത്. സിപിഐ എം ഒഞ്ചിയം ഏരിയാ സെക്രട്ടറികൂടിയായ സി എച്ച് അശോകനെയും മറ്റും കള്ളക്കേസ് ചുമത്തി ജയിലിടക്കുന്നതില്‍വരെ കാര്യങ്ങളെത്തി. ഇത്തരം ജനാധിപത്യധ്വംസനങ്ങള്‍ അനുവദിച്ചുകൂടെന്ന് തൊഴിലാളി റാലി പ്രഖ്യാപിച്ചു. ഒഞ്ചിയം മേഖലയില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ച ശേഷം നിരവധിപേരെ ക്രിമിനലുകള്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. സിപിഐ എം ഓഫീസുകളും പ്രവര്‍ത്തകരുടെ വീടുകളും നശിപ്പിച്ചു. പൊലീസിന്റെ മൗനാനുവാദത്തോടെ നടന്ന അക്രമങ്ങളില്‍ വൈകി മാത്രമാണ് കേസെടുത്തത്. നിസാര വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തതുതന്നെ ജനരോഷം ഭയന്നാണ്. കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്തവരെ പൊലീസ് ക്യാമ്പില്‍ മൂന്നാംമുറ പ്രയോഗിച്ച് കള്ളമൊഴികളില്‍ ഒപ്പിടുവിക്കുന്നു. പൊലീസ് തയാറാക്കുന്ന മൊഴികള്‍ അപ്പപ്പോള്‍ ചില മാധ്യമങ്ങള്‍ ക്രിക്കറ്റ് കമന്‍ഡറി പോലെ എഴുന്നള്ളിക്കുന്നു. ഇതുകൊണ്ടൊന്നും പ്രസ്ഥാനം തകരില്ലെന്ന് തൊഴിലാളി കൂട്ടായ്മ വിളിച്ചോതി.

ചന്ദ്രശേഖരന്‍ വധത്തെ സിപിഐ എം ശക്തമായി അപലപിച്ചതാണ്. എന്നിട്ടും കൊലപാതകത്തിന്റെ ഉത്തരവാദിത്തം സിപിഐ എമ്മിനുമേല്‍ കെട്ടിവയ്ക്കാന്‍ ഒരുവിഭാഗം മാധ്യമങ്ങളുടെ സഹായത്തോടെ ഹീനമായ ശ്രമങ്ങളാണ് അരങ്ങേറുന്നത്. കേസന്വേഷണത്തിന്റെ അവസാനംവരെ താനുണ്ടാകുമെന്ന കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനം അന്വേഷണത്തെ ബോധപൂര്‍വം സിപിഐ എമ്മിനുനേരെ തിരിച്ചുവിടാന്‍ ഉദ്ദേശിച്ചുള്ളതാണ്. കോണ്‍ഗ്രസ്- യുഡിഎഫ് നേതാക്കളുടെ കള്ളപ്രചാരവേലയും പൊലീസിന്റെ അടിച്ചമര്‍ത്തലും വിലപ്പോവില്ലെന്ന് പ്രഖ്യാപിക്കുന്നതായി റാലിയിലെ ജനപങ്കാളിത്തം. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എളമരം കരീം റാലി ഉദ്ഘാടനം ചെയ്തു. സി എച്ച് അശോകന്‍, കെ കെ കൃഷണന്‍ എന്നിവരെയടക്കം കള്ളക്കേസ് ചുമത്തി ജയിലിലടച്ചത് ക്രൂരതയാണെന്ന് എളമരം കരീം പറഞ്ഞു. ഇവര്‍ക്കെതിരെ കള്ളസാക്ഷി പറയാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കേന്ദ്രമന്ത്രി മുല്ലപ്പള്ളി പ്രേരിപ്പിക്കുകയാണ്. ഇവരെ മാപ്പുസാക്ഷികളാക്കി സിപിഐ എം നേതാക്കളെ പ്രതികളാക്കാനാണ് ശ്രമം. കേസിലെ മുഖ്യപ്രതിയെന്ന് നേരത്തെ മാധ്യമങ്ങള്‍ പ്രചരിപ്പിച്ച റഫീഖിനെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

ജില്ലാ പ്രസിഡന്റ് വി പി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ്കുമാര്‍ എംഎല്‍എ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എം ഭാസ്കരന്‍, പി മോഹനന്‍, ടി പി ബാലകൃഷ്ണന്‍ നായര്‍, കെ ചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി ടി ദാസന്‍ സ്വാഗതവും ജില്ലാ സെക്രട്ടറി പി ടി രാജന്‍ നന്ദിയും പറഞ്ഞു.

deshabhimani 100612

1 comment:

  1. ഇടതുപക്ഷവേട്ടയ്ക്കും മാധ്യമ വിചാരണയ്ക്കുമെതിരെ ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച "രക്തസാക്ഷ്യം" നാടിനുവേണ്ടി ജീവന്‍ സമര്‍പ്പിച്ച രണധീരന്മാരുടെ പ്രിയപ്പെട്ടവരുടെ ഒത്തുചേരലിന് വേദിയായി. ചരിത്രത്തിന്റെ താളുകളില്‍ നക്ഷത്രമുനകൊണ്ട് പുതിയ അധ്യായങ്ങള്‍ എഴുതിച്ചേര്‍ത്ത രക്തസാക്ഷികളുടെ ജ്വലിക്കുന്ന ഓര്‍മകളില്‍ ജീവിക്കുന്ന പ്രിയപ്പെട്ടവര്‍ അനുഭവങ്ങള്‍ പങ്കുവച്ചു. പുരോഗമന പ്രസ്ഥാനത്തിന് നേരിയ പോറല്‍പോലുമേല്‍ക്കാതെ കാക്കാന്‍ ഉറങ്ങാതെയുണ്ടാകുമെന്ന്പ്രഖ്യാപിച്ച് ജില്ലയുടെ യുവത്വവും ഒഴുകിയെത്തി. ഡിവൈഎഫ്ഐ മുന്‍ അഖിലേന്ത്യാപ്രസിഡന്റ് എന്‍ എന്‍ കൃഷ്ണദാസ് പരിപാടി ഉദ്ഘാടനംചെയ്തു.

    ReplyDelete