Sunday, June 10, 2012

സ്പെയിനും ജാമ്യത്തിലേക്ക്; കൂടുതല്‍ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ്


ബ്രസല്‍സ്/ന്യൂയോര്‍ക്ക്: വായ്പാ പ്രതിസന്ധിയില്‍ കുടുങ്ങി തകര്‍ച്ച നേരിടുന്ന ബാങ്കുകളുടെ രക്ഷയ്ക്ക് സ്പെയിനും യൂറോപ്യന്‍ യൂണിയന്റെ(ഇയു) ജാമ്യം തേടുന്നതിന്റെ വക്കില്‍. സ്പെയിന് പിടിച്ചുനില്‍ക്കാന്‍ ഇയു സഹായം ആവശ്യമായിവരുകയോ നേരത്തേതന്നെ ഇയു സഹായം ലഭിച്ച ഗ്രീസ് യൂറോയില്‍നിന്ന് പിന്മാറി പുതിയ നാണ്യം സ്വീകരിക്കുകയോ ചെയ്താല്‍ കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ വായ്പാക്ഷമത താഴ്ത്തുമെന്ന് പ്രമുഖ റേറ്റിങ് ഏജന്‍സിയായ മൂഡീസ് മുന്നറിയിപ്പ് നല്‍കി.

യൂറോപ്പിലെ പ്രതിസന്ധി മൂര്‍ച്ഛിക്കുന്ന സാഹചര്യത്തില്‍ രക്ഷാമാര്‍ഗങ്ങള്‍ തേടി നേതാക്കള്‍ പൊരിഞ്ഞ ചര്‍ച്ചയിലാണ്. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ വെള്ളിയാഴ്ച ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഓളന്തുമായി ടെലിഫോണില്‍ വിഷയം ചര്‍ച്ച ചെയ്തതിനുപിന്നാലെ ശനിയാഴ്ച യൂറോപ്യന്‍ ധനമന്ത്രിമാര്‍തമ്മില്‍ കോണ്‍ഫറന്‍സ് കോള്‍ നടത്തി. സ്പെയിന്‍ ഇയു സഹായം തേടിയാല്‍ 17 യൂറോമേഖലാരാജ്യങ്ങളില്‍ അത് ലഭിക്കുന്ന മൂന്നാമത്തേതാകും. നേരത്തെ അത് ലഭിച്ച ഗ്രീസിലും അയര്‍ലന്‍ഡിലും പോര്‍ച്ചുഗലിലും പ്രതിസന്ധിക്ക് അയവുവന്നിട്ടില്ല.

പ്രധാന റേറ്റിങ് ഏജന്‍സികളില്‍ ഒന്നായ ഫിച്ച് വ്യാഴാഴ്ച സ്പെയിന്റെ വായ്പാക്ഷമത മൂന്നുപടി താഴ്ത്തി ട്രിപ്പിള്‍ ബി(ബിബിബി) ആക്കിയതോടെയാണ് സ്പെയിനും പിടിച്ചുനില്‍ക്കാന്‍ ഇയു ജാമ്യം വേണ്ടിവരുമെന്ന ആശങ്ക ശക്തമായത്. ദിവസങ്ങള്‍ക്കകം വരാനിരിക്കുന്ന ഐഎംഎഫിന്റെയും രണ്ട് സ്വകാര്യസ്ഥാപനങ്ങളുടെയും ഓഡിറ്റ് റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ് സ്പെയിന്‍. അപമാനകരമായ ഇയു സഹായം തേടണമോ എന്ന് അവയുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കാനാണ് പരിപാടി. മറ്റ് മൂന്ന് രാജ്യങ്ങള്‍ക്കും സഹായത്തിന് കനത്ത ചെലവുചുരുക്കല്‍ അടിച്ചേല്‍പ്പിച്ച ഇയു സ്പെയിനിന്റെ കാര്യത്തില്‍ തല്‍ക്കാലം ഇളവുനല്‍കും. സ്പെയിനിലെ ബാങ്കുകള്‍ക്ക് മാത്രമാകും സഹായം എന്നതിനാലാണ് ഇളവ്. സഹായപദ്ധതിയനുസരിച്ച് സ്പാനിഷ് ബാങ്കുകള്‍ക്ക് യൂറോമേഖലയിലെ സഹായനിധിയായ യൂറോപ്യന്‍ ധനസ്ഥിരതാസൗകര്യത്തില്‍ (ഇഎഫഒ്എസ്എഫ്) നിന്ന് ബോണ്ടുകള്‍ നല്‍കും. ഇത് ഈടായി നല്‍കി ബാങ്കുകള്‍ക്ക് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കില്‍ നല്‍കി പണം നേടാം. റിയല്‍ എസ്റ്റേറ്റ് കളികളില്‍ കുടുങ്ങി പ്രതിസന്ധിയിലായ സ്പാനിഷ് ബാങ്കുകള്‍ക്ക് രക്ഷപ്പെടാന്‍ കുറഞ്ഞത് 4000 കോടി യൂറോ (2.77 ലക്ഷം കോടി രൂപ) സഹായം വേണ്ടിവരും എന്നാണ് ഐഎംഎഫ് കണക്കാക്കുന്നത്.

deshabhimani 100612

1 comment:

  1. വായ്പാ പ്രതിസന്ധിയില്‍ കുടുങ്ങി തകര്‍ച്ച നേരിടുന്ന ബാങ്കുകളുടെ രക്ഷയ്ക്ക് സ്പെയിനും യൂറോപ്യന്‍ യൂണിയന്റെ(ഇയു) ജാമ്യം തേടുന്നതിന്റെ വക്കില്‍. സ്പെയിന് പിടിച്ചുനില്‍ക്കാന്‍ ഇയു സഹായം ആവശ്യമായിവരുകയോ നേരത്തേതന്നെ ഇയു സഹായം ലഭിച്ച ഗ്രീസ് യൂറോയില്‍നിന്ന് പിന്മാറി പുതിയ നാണ്യം സ്വീകരിക്കുകയോ ചെയ്താല്‍ കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ വായ്പാക്ഷമത താഴ്ത്തുമെന്ന് പ്രമുഖ റേറ്റിങ് ഏജന്‍സിയായ മൂഡീസ് മുന്നറിയിപ്പ് നല്‍കി.

    ReplyDelete