Sunday, June 10, 2012

വെച്ചൂര്‍ മോഡേണ്‍ റൈസ് മില്ലില്‍ ഉല്‍പ്പാദനവും വില്‍പ്പനയുമില്ല


കൊട്ടിഘോഷിച്ച് വാണിജ്യോല്‍പ്പാദനം ഉദ്ഘാടനംചെയ്ത വെച്ചൂര്‍ മോഡേണ്‍ റൈസ് മില്ലില്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും തുടര്‍ച്ചയായ ഉല്‍പ്പാദനവും വില്‍പ്പനയുമില്ല. യുഡിഎഫ് സര്‍ക്കാര്‍ വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലയില്‍ നടക്കുന്ന ഉദ്ഘാടന മാമാങ്കത്തിന്റെ ഭാഗമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തിയ "പദ്ധതി ഉദ്ഘാടനമാണ് ഇതോടെ പാളിയത്.
കഴിഞ്ഞ 19 നായിരുന്നു "കുട്ടനാട് റൈസ്" എന്ന ബ്രാന്‍ഡില്‍ ഇവിടെ നിന്ന് അരിയുടെ വാണിജ്യോല്‍പ്പാദനം ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന ദിവസം മുഖ്യമന്ത്രിയെ കാണിക്കാനായി ഉല്‍പ്പാദിപ്പിച്ച 300 ടണ്‍ അരിയാകട്ടെ വില നിശ്ചയിക്കാനാവാത്തതിനാല്‍ കെട്ടിക്കിടക്കുകയാണ്. 5, 10, 50, കിലോ പാക്കറ്റുകളിലാക്കിയ അരിയാണ് കെട്ടിക്കിടന്ന് നശിക്കുന്നത്. അരിയുടെ വില നിശ്ചയിക്കാന്‍ ബുധനാഴ്ച്ച ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനമെടുക്കാതെ പിരിഞ്ഞു. വിപണനത്തിന് എക്സൈസ് രജിസ്ട്രേഷനും ലഭിച്ചിട്ടില്ല. എന്നാല്‍ യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായാണ് ഉല്‍പ്പാദനം താല്‍ക്കാലികമായി നിര്‍ത്തിയതെന്നാണ് അധികൃതര്‍ പറയുന്നത്.

ദിനം പ്രതി 40 ടണ്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷിയാണ് മില്ലിനുള്ളത്. 1996 ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ പൊതുമേഖലയില്‍ മോഡേണ്‍ റൈസ് മില്ലുകള്‍ തുടങ്ങാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് വെച്ചൂരില്‍ മില്‍ ആരംഭിച്ചത്. വെച്ചുര്‍ പഞ്ചായത്ത് സൗജന്യമായി നല്‍കിയ സ്ഥലത്ത് അന്ന് കൃഷിമന്ത്രിയായിരുന്ന കൃഷ്ണന്‍ കണിയാംപറമ്പിലാണ് മില്ലിന് ശിലയിട്ടത്. നിര്‍മ്മിതി കേന്ദ്രത്തിനായിരുന്നു കെട്ടിടത്തിന്റെ നിര്‍മ്മാണ ചുമതല. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ മില്ലിന്റെ നിര്‍മ്മാണം മുടങ്ങി. സ്വകാര്യ അരി മില്‍ ഉടമകളെ സഹായിക്കാനായിരുന്നു വെച്ചൂര്‍ മോഡേണ്‍ റൈസ് മില്ലിന്റെ നിര്‍മാണം അട്ടിമറിച്ചതെന്ന് ആക്ഷേപമുണ്ടായി. 2006-ല്‍ വീണ്ടും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ മില്‍ ഓയില്‍ പാം ഇന്ത്യക്ക് കൈമാറി. തുടര്‍ന്ന് ഒന്‍പത് കോടി രൂപ ചെലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കി. അപ്പര്‍ കുട്ടനാടന്‍ മേഖലയിലെ നെല്‍ക്കര്‍ഷകരുടെ ചിരകാലാഭിലാഷമായിരുന്ന റൈസ് മില്ലിന്റെ ഉദ്ഘാടനം 2011-ല്‍ നടത്തി. കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിച്ച് അരിയാക്കി വില്‍ക്കാനായിരുന്നു പദ്ധതി. ബ്രാന്റ് രജിസ്റ്റര്‍ ചെയ്ത് വാണിജ്യ അടിസ്ഥാനത്തില്‍ ഉല്‍പ്പാദനത്തിനുള്ള നടപടികള്‍ ആരംഭിച്ചപ്പോള്‍ സര്‍ക്കാര്‍ മാറി.

deshabhimani 100612

No comments:

Post a Comment