Monday, June 4, 2012

കണ്‍സ്യൂമര്‍ഫെഡില്‍ പച്ചക്കറിക്ക് തീവില


പാലക്കാട്: പച്ചക്കറി വില കുതിക്കുമ്പോള്‍ ആശ്വാസമേകാനെന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയ ന്യായവില മാര്‍ക്കറ്റിലും വിലക്കുറവില്ല. കണ്‍സ്യൂമര്‍ഫെഡിന്റെ പച്ചക്കറിച്ചന്തയിലെ പല ഇനങ്ങള്‍ക്കും പൊതുവിപണിയേക്കാള്‍ വില കൂടുതലാണ്. വിലക്കുറവില്‍ നല്‍കുന്നവയാകട്ടെ വളരെ ചെറിയ അളവിലേ നല്‍കുന്നുമുള്ളൂ. കുടുംബബജറ്റ് താളം തെറ്റിക്കുന്ന വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ നടത്തുന്ന ഇടപെടല്‍ ഇതോടെ പരാജയമായി. ചില്ലറ വില്‍പ്പന കേന്ദ്രത്തില്‍ വഴുതന കിലോയ്ക്ക് 16-18 രൂപയ്ക്ക് വില്‍ക്കുമ്പോള്‍ കണ്‍സ്യൂമര്‍ഫെഡിന്റെ ചന്തയില്‍ 22 രൂപയാണ്. 16 രൂപയാണ് ഇഞ്ചിക്ക് പുറത്ത് വിലയെങ്കില്‍ സര്‍ക്കാര്‍ വിപണിയില്‍ വില 20. കാബേജ് കിലോയ്ക്ക് 24 രൂപയാണ് പൊതുവിപണി വില. സര്‍ക്കാര്‍ മേഖലയില്‍ 26. തക്കാളിക്ക് പൊതുവിപണിയിലും കണ്‍സ്യൂമര്‍ഫെഡിലും 16 രൂപയാണ് വില. സവാളയ്ക്കും വിലയില്‍ കാര്യമായ വ്യത്യാസമില്ല. കാരറ്റിനും ബീന്‍സിനും പൊള്ളുന്ന വില തന്നെയാണ് കണ്‍സ്യൂമര്‍ഫെഡില്‍.

ബീന്‍സ് ഒരു കിലോ 40 രൂപയ്ക്കും കാരറ്റ് 34 രൂപയ്ക്കുമാണ് വില്‍ക്കുന്നത്. എങ്കിലും, പൊതുവിപണിയേക്കാള്‍ അല്‍പ്പം കുറവാണ്. എന്നാല്‍ ഇവയെല്ലാം അരക്കിലോ വീതമേ ഒരാള്‍ക്ക് പരമാവധി നല്‍കൂ. പച്ചമുളകും ഇഞ്ചിയുമെല്ലാം കാല്‍ കിലോ വീതവും. സവാള, ഉരുളക്കിഴങ്ങ്, കാബേജ് എന്നിവയേ ഒരു കിലോ വീതം നല്‍കൂ. നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം തടയാന്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ മാതൃകാപരമായ ഇടപെടലാണ് യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൊതുവിപണിയിലെ വിലയേക്കാള്‍ 50 ശതമാനം കുറവിലാണ് ന്യായവില ചന്തകളില്‍ പച്ചക്കറി ഉള്‍പ്പെടെ പല ഉല്‍പ്പന്നങ്ങളും വിറ്റത്. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് സംസ്ഥാനത്ത് പ്രധാനമായും പച്ചക്കറിയെത്തുന്നത്. പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികളും വിപണിയില്‍ എത്തുന്നുണ്ട്. എന്നാല്‍ കര്‍ഷകര്‍ക്ക് തുച്ഛ വിലനല്‍കി ഇടനിലക്കാര്‍ ലാഭം കൊയ്യുകയാണ്. നാട്ടിലെ കര്‍ഷകരില്‍നിന്ന് സര്‍ക്കാര്‍ ഫലപ്രദമായി പച്ചക്കറി സംഭരിക്കാത്തതും വിലക്കയറ്റത്തിന് കാരണമാണ്.
(സി അജിത്)

മണ്ണെണ്ണ വിതരണം നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

കല്‍പ്പറ്റ: വൈദ്യുതീകരിച്ച വീടുകള്‍ക്കുള്ള മണ്ണെണ്ണവിഹിതം നിര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമായി റേഷന്‍കടകളില്‍ ബാക്കിയുളള മണ്ണെണ്ണ വിതരണംചെയ്യേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്. ബാക്കിയുള്ള മണ്ണെണ്ണ തല്‍ക്കാലം വിതരണം ചെയ്യേണ്ടതില്ലെന്ന സിവില്‍ സപ്ലൈസ് ഡയറക്ടറുടെ ഉത്തരവ് സപ്ലൈ ഓഫീസുകളില്‍ ലഭിച്ചു. ജില്ലാ-താലൂക്ക് ഓഫീസുകളിലും റേഷനിങ് ഇന്‍സ്പെക്ടര്‍മാര്‍ക്കും ശനിയാഴ്ച ഫാക്സ്വഴിയാണ് ഉത്തരവ് നല്‍കിയത്. സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചശേഷം ജൂണ്‍മാസത്തെ മണ്ണെണ്ണ വിതരണം ചെയ്താല്‍ മതിയെന്നാണ് ഉത്തരവ്.

എപ്രില്‍, മെയ് മാസങ്ങളില്‍ അരലിറ്റര്‍ മണ്ണെണ്ണയാണ് വൈദ്യുതിയുള്ള വീടുകളില്‍ ലഭിച്ചത്. മെയ് 18വരെ അരലിറ്റര്‍ മണ്ണെണ്ണ നല്‍കി. അരലിറ്റര്‍കൂടി നല്‍കാമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും ഫലത്തില്‍ ആര്‍ക്കും ലഭിച്ചില്ല. നേരത്തെ രണ്ടുലിറ്റര്‍ മണ്ണെണ്ണ ലഭിച്ചിരുന്ന സ്ഥാനത്താണ് ഏപ്രില്‍, മെയ് മാസങ്ങളില്‍ അരലിറ്ററായി ചുരുങ്ങിയത്. വൈദ്യൂതീകരിച്ച വീടുകള്‍ക്കുള്ള മണ്ണെണ്ണ വിതരണം നിര്‍ത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ജൂണില്‍തന്നെ ഉണ്ടാകുമെന്നാണ് സിവില്‍ സപ്ലൈസ് അധികൃതര്‍ നല്‍കുന്ന സൂചന. നേരത്തേ ഉത്തരവിറക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് മാറ്റിയത്. മണ്ണെണ്ണ വിതരണം നിലയ്ക്കുന്നത് വയനാട്ടിലുള്‍പ്പെടെയുള്ള ആദിവാസി കുടുംബങ്ങളെ ഇരുട്ടിലാക്കും. പല കോളിനികളും രേഖപ്രകാരം വൈദ്യുതീകരിച്ചതാണെങ്കിലും മണ്ണെണ്ണ വിളക്കുകളാണ് ഇവരുടെ ആശ്രയം. മാസങ്ങളുടെ ഇടവേളകളില്‍ മണ്ണെണ്ണയുടെ വിലയും സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. നാല് മാസം മുമ്പ് ഒരുലിറ്റര്‍ മണ്ണെണ്ണയ്ക്ക് 14.60 രൂപയായിരുന്നത് ഇപ്പോള്‍ 15രൂപയായി. 10ഉം 20ഉം പൈസയുടെ വര്‍ധന ഇടയ്ക്കിടെ വരുത്തുകയായിരുന്നു.

deshabhimani 040612

1 comment:

  1. പച്ചക്കറി വില കുതിക്കുമ്പോള്‍ ആശ്വാസമേകാനെന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയ ന്യായവില മാര്‍ക്കറ്റിലും വിലക്കുറവില്ല. കണ്‍സ്യൂമര്‍ഫെഡിന്റെ പച്ചക്കറിച്ചന്തയിലെ പല ഇനങ്ങള്‍ക്കും പൊതുവിപണിയേക്കാള്‍ വില കൂടുതലാണ്. വിലക്കുറവില്‍ നല്‍കുന്നവയാകട്ടെ വളരെ ചെറിയ അളവിലേ നല്‍കുന്നുമുള്ളൂ. കുടുംബബജറ്റ് താളം തെറ്റിക്കുന്ന വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ നടത്തുന്ന ഇടപെടല്‍ ഇതോടെ പരാജയമായി. ചില്ലറ വില്‍പ്പന കേന്ദ്രത്തില്‍ വഴുതന കിലോയ്ക്ക് 16-18 രൂപയ്ക്ക് വില്‍ക്കുമ്പോള്‍ കണ്‍സ്യൂമര്‍ഫെഡിന്റെ ചന്തയില്‍ 22 രൂപയാണ്. 16 രൂപയാണ് ഇഞ്ചിക്ക് പുറത്ത് വിലയെങ്കില്‍ സര്‍ക്കാര്‍ വിപണിയില്‍ വില 20. കാബേജ് കിലോയ്ക്ക് 24 രൂപയാണ് പൊതുവിപണി വില. സര്‍ക്കാര്‍ മേഖലയില്‍ 26. തക്കാളിക്ക് പൊതുവിപണിയിലും കണ്‍സ്യൂമര്‍ഫെഡിലും 16 രൂപയാണ് വില. സവാളയ്ക്കും വിലയില്‍ കാര്യമായ വ്യത്യാസമില്ല. കാരറ്റിനും ബീന്‍സിനും പൊള്ളുന്ന വില തന്നെയാണ് കണ്‍സ്യൂമര്‍ഫെഡില്‍.

    ReplyDelete