Monday, June 4, 2012

യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വെളിപ്പെടുത്തണം: കോടിയേരി


ടി പി ചന്ദ്രശേഖരന്റെ ജീവന് ഭീഷണിയുണ്ടായെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വെളിപ്പെടുത്തണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ചന്ദ്രശേഖരന്റെ ജീവന് ഭീഷണിയുണ്ടെന്ന് അറിയാമെന്നാണ് കൊല നടന്നയുടന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞത്. അങ്ങനെയെങ്കില്‍ ചന്ദ്രശേഖരന് പൊലീസ് സംരക്ഷണം കൊടുക്കാന്‍ പുറപ്പെടുവിച്ച ഉത്തരവ് സര്‍ക്കാര്‍ വ്യക്തമാക്കണം. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സുരക്ഷ വേണ്ടെന്ന് ചന്ദ്രശേഖരന്‍ കത്ത് തന്നിട്ടുണ്ടെങ്കില്‍ അത് പരസ്യപ്പെടുത്തണം. സംരക്ഷണം കൊടുത്തില്ലെങ്കില്‍ അതെന്തുകൊണ്ടെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും വെളിപ്പെടുത്തണം- ചന്ദ്രശേഖരന്‍ വധത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്തവരെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം സംഘടിപ്പിച്ച ജനകീയസത്യഗ്രഹം ഉദ്ഘാടനം ചെയ്ത് കോടിയേരി പറഞ്ഞു.

സര്‍ക്കാരിന്റെ സുരക്ഷാക്രമീകരണത്തില്‍ വന്ന പാളിച്ച മറച്ചുപിടിക്കാനാണ് ഇപ്പോള്‍ സിപിഐ എമ്മിന്റെ തലയില്‍കെട്ടിവെക്കുന്നത്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞ് അഭയംപ്രാപിച്ച പൊതുപ്രവര്‍ത്തകന് സംരക്ഷണം കൊടുക്കുന്നതില്‍ പരാജയപ്പെട്ട ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒന്നാംപ്രതി. ഭീഷണിയുണ്ടെന്ന് അറിയിച്ചയാള്‍ക്ക് സംരക്ഷണംനല്‍കുകയെന്നത് സര്‍ക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്തമാണ്. സുരക്ഷാഭീഷണി റിപ്പോര്‍ട്ട് കിട്ടിയ സംഭവത്തില്‍ എല്ലാ നടപടിയും എല്‍ഡിഎഫ് ഭരണത്തില്‍ സ്വീകരിച്ചിരുന്നു. എന്നാലിപ്പോള്‍എന്തേ ആരും സര്‍ക്കാര്‍ അനാസ്ഥയെപ്പറ്റി പ്രതികരിക്കാത്തത്. വിഷയം രാഷ്ട്രീയവല്‍ക്കരിച്ച് സിപിഐ എമ്മിനെ ഇല്ലാതാക്കലാണ് ലക്ഷ്യം. സര്‍ക്കാരിന് വന്ന വീഴ്ച മറയ്ക്കാന്‍ ആഭ്യന്തരമന്ത്രിയും ഒരുപറ്റം മാധ്യമങ്ങളും യുഡിഎഫ് നേതൃത്വവും പാര്‍ടിയെ ആക്രമിക്കയാണ്.

മൂന്നാംമുറ പ്രയോഗിക്കുന്നതും വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നതും പൊലീസ് നിയമത്തിന് വിരുദ്ധമാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ മറക്കരുത്. നിയമലംഘകരായ പൊലീസുകാരെ വിമര്‍ശിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. അന്വേഷണ ഏജന്‍സി നിയമത്തിന്റെ വഴിക്കല്ല കോണ്‍ഗ്രസിന്റെ വഴിക്കാണിപ്പോള്‍ നീങ്ങുന്നത്. അടിയന്തരാവസ്ഥയുടെ ഓര്‍മയിലാണ് ഉമ്മന്‍ചാണ്ടി-ചെന്നിത്തല സംഘം. അന്നത്തെ കുട്ടി ആഭ്യന്തരമന്ത്രിയും വടകരയില്‍ അതേ ആവേശത്തിലുണ്ട്. അടിയന്തരാവസ്ഥ ഇനി വരില്ലെന്ന് ഇവരെല്ലാം ഓര്‍ക്കുന്നത് നല്ലതാണ്. ഭരണഘടനാബാഹ്യമായ ശക്തികളാണ് സര്‍ക്കാരിനെ നിയന്ത്രിക്കുന്നത്. ഇത്തരം പ്രവര്‍ത്തനവും പൊലീസും കേസുമൊന്നുംകൊണ്ട് സിപിഐ എമ്മിനെ തകര്‍ക്കാമെന്ന് ധരിക്കരുത്. കൊലകൊണ്ടും അക്രമത്താലും പാര്‍ടിയെ തകര്‍ക്കാമെന്ന് വിശ്വസിക്കുന്നവരല്ല ഞങ്ങള്‍. അങ്ങനെ തകരുന്നെങ്കില്‍ ആദ്യം ഇല്ലാതാകേണ്ടത് സിപിഐ എമ്മായിരുന്നു. -കോടിയേരി പറഞ്ഞു. എം കേളപ്പന്‍ അധ്യക്ഷനായി.

deshabhimani 040612

1 comment:

  1. ടി പി ചന്ദ്രശേഖരന്റെ ജീവന് ഭീഷണിയുണ്ടായെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വെളിപ്പെടുത്തണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ചന്ദ്രശേഖരന്റെ ജീവന് ഭീഷണിയുണ്ടെന്ന് അറിയാമെന്നാണ് കൊല നടന്നയുടന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞത്. അങ്ങനെയെങ്കില്‍ ചന്ദ്രശേഖരന് പൊലീസ് സംരക്ഷണം കൊടുക്കാന്‍ പുറപ്പെടുവിച്ച ഉത്തരവ് സര്‍ക്കാര്‍ വ്യക്തമാക്കണം. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സുരക്ഷ വേണ്ടെന്ന് ചന്ദ്രശേഖരന്‍ കത്ത് തന്നിട്ടുണ്ടെങ്കില്‍ അത് പരസ്യപ്പെടുത്തണം. സംരക്ഷണം കൊടുത്തില്ലെങ്കില്‍ അതെന്തുകൊണ്ടെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും വെളിപ്പെടുത്തണം- ചന്ദ്രശേഖരന്‍ വധത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്തവരെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം സംഘടിപ്പിച്ച ജനകീയസത്യഗ്രഹം ഉദ്ഘാടനം ചെയ്ത് കോടിയേരി പറഞ്ഞു.

    ReplyDelete