Monday, June 4, 2012

മാധ്യമവിചാരണ


ഒഞ്ചിയത്തെ കൊലപാതകത്തെക്കുറിച്ച് ചില ദൃശ്യ-പത്രമാധ്യമങ്ങള്‍ തുടര്‍ച്ചയായി നല്‍കുന്ന വാര്‍ത്തകളുടെ സ്വഭാവത്തെയും രീതിയെയും സംബന്ധിച്ച് സിപിഐ എം കോടതിയില്‍ പരാതിനല്‍കിയത് ശരിയല്ലെന്ന് ചിലര്‍ വാദിക്കുന്നുണ്ട്. ശരിയല്ലാത്തത് പരാതിയല്ല, മറിച്ച് പരാതിനല്‍കാന്‍ പാടില്ലെന്ന വാദമാണ്.

മാധ്യമങ്ങളുടെ വാര്‍ത്താ വിന്യാസരീതിയെക്കുറിച്ച് പരാതിനല്‍കാന്‍ നമ്മുടെ നീതിന്യായ വ്യവസ്ഥ അനുവദിക്കുന്നുണ്ട് എന്നതുതന്നെയാണ് പരാതി നല്‍കിയതില്‍ അപാകതയില്ലെന്നതിന്റെ ഏറ്റവും വലിയ തെളിവ്. പരാതി നല്‍കുന്നത് ശരിയല്ലെങ്കില്‍ കോടതി ആ പരാതി സ്വീകരിക്കുമോ?

അത്തരമൊരു പരാതിക്കുമേല്‍ കോടതി മാധ്യമങ്ങളുടെയും പൊലീസിന്റെയും വിശദീകരണം തേടുമോ? ഇവിടെ, പരാതി നല്‍കിയത് ശരിയല്ല എന്നു വാദിക്കുന്നത്, സിപിഐ എമ്മിനെ അപകീര്‍ത്തിപ്പെടുത്തുംവിധം കൊലപാതക കേസുമായി ബന്ധപ്പെട്ട് നിര്‍ബാധം അപസര്‍പ്പകകഥകള്‍ പ്രചരിപ്പിക്കാന്‍ തുടര്‍ന്നും കഴിയണമെന്നും അതിന്റെ രാഷ്ട്രീയലാഭം കൊയ്യാന്‍ അവസരമുണ്ടാകണമെന്നുമുള്ള ദുഷ്ടമായ രാഷ്ട്രീയലാക്കുകൊണ്ടാണ്. അതിന് തടസ്സമുണ്ടാകുമെന്ന ചിലരുടെ ആശങ്കയാണ് ഈ പ്രചാരണത്തിനുപിന്നിലുള്ളത്. അന്വേഷണത്തിലിരിക്കുന്ന കേസില്‍ അന്വേഷണം പൂര്‍ത്തിയാകുംമുമ്പ് പുറത്തേക്ക് വിവരങ്ങള്‍ നല്‍കിക്കൂടെന്ന് 2010ല്‍ തന്നെ ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. കോടതിയാണ് വിചാരണ നടത്താനുള്ള അധികാരി. കോടതിയുടെ ആ അധികാരം മാധ്യമങ്ങള്‍ ഏറ്റെടുക്കുന്ന സ്ഥിതി ആപത്തുണ്ടാക്കും. നിരപരാധികള്‍ സമൂഹമധ്യത്തില്‍ അനാവശ്യമായി അപകീര്‍ത്തിപ്പെട്ട് ഒറ്റപ്പെടും. അവരുടെ പൗരാവകാശങ്ങളും മനുഷ്യാവകാശങ്ങള്‍പോലും ലംഘിക്കപ്പെടുന്ന അവസ്ഥയുണ്ടാകും. അസത്യങ്ങള്‍ മുന്‍നിര്‍ത്തി തുടര്‍ച്ചയായി പ്രചാരണങ്ങളുണ്ടായാല്‍ അത് മനഃശാസ്ത്രപരമായി കോടതിയെപ്പോലും സ്വാധീനിക്കുന്ന നിലയുണ്ടായി എന്നു വരാം. ഇതുകൊണ്ടൊക്കെയാണ് കോടതിതന്നെ ഇത്തരം ചില വിലക്കുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന മട്ടിലാണ് ചില മാധ്യമങ്ങള്‍ ചിലരെ വിസ്തരിക്കുന്നതും അവര്‍ക്കെതിരായി പ്രചാരണം നടത്തുന്നതും.

കസ്റ്റഡിയിലുള്ളവര്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞതായി മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നു. പൗരാവകാശങ്ങള്‍പോലും ലംഘിക്കപ്പെട്ട നിലയില്‍ കസ്റ്റഡിയില്‍ കഴിയുന്നവര്‍ക്കാകട്ടെ, തങ്ങള്‍ ഇങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നു വിശദീകരിക്കാന്‍ അവസരവുമില്ല. ഇത് നീതിയുടെ നിഷേധമാണ്. ആ നിലയ്ക്കുതന്നെ അതിനെ കാണാന്‍ കഴിഞ്ഞതുകൊണ്ടാണ് കേസ് അന്വേഷണം നടന്നുകൊണ്ടിരിക്കെ ഓരോ മണിക്കൂറിലും എന്നോണം, കേസ് വിവരങ്ങള്‍ പൊലീസ് പുറത്തുകൊടുക്കുന്നതിനെ കോടതി വിലക്കിയിട്ടുള്ളത്. ഒഞ്ചിയം കൊലക്കേസ് സംബന്ധിച്ച് ചില പൊലീസ് ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായി മാധ്യമങ്ങള്‍ക്ക് കള്ളക്കഥകള്‍ പകര്‍ന്നുകൊടുക്കുന്ന സ്ഥിതിയാണുണ്ടായത്. ചിലത് ദൃക്സാക്ഷിവിവരണം പോലെയാണ്. ഇങ്ങനെ റിപ്പോര്‍ട്ട് എഴുതണമെങ്കില്‍ ഒന്നുകില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞുകൊടുക്കണം, അതല്ലെങ്കില്‍ ഈ മാധ്യമങ്ങളുടെ പ്രതിനിധികളുടെ മുന്നില്‍വച്ചാകണം ചോദ്യംചെയ്യല്‍. ഇതില്‍ ഏതാണ് സംഭവിക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വെളിപ്പെടുത്തട്ടെ. അതിനുള്ള അവസരമാകണം ഈ കേസിലൂടെ ഉണ്ടാകുന്നത്.

അന്വേഷണ വിവരങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന സുപ്രീംകോടതി നിര്‍ദേശത്തിന്റെ പരസ്യമായ ലംഘനമാണ് നടക്കുന്നത്. മാധ്യമസ്വാതന്ത്ര്യമെന്നത് ഒരു കേസ് മുന്‍നിര്‍ത്തി ജനമനസ്സുകളില്‍ കള്ളക്കഥകള്‍ നിറയ്ക്കാനും അങ്ങനെ ജനങ്ങളെ ചിലര്‍ക്കെതിരാക്കാനും കേസിനെതന്നെ വഴിതിരിച്ചുവിടാനുമുള്ള ദുഃസ്വാതന്ത്ര്യമല്ല. സ്വാതന്ത്ര്യത്തെ ദുഃസ്വാതന്ത്ര്യമാക്കി ദുരുപയോഗിക്കണമെന്ന് ആഗ്രഹമുള്ളവരേ നിയമപരമായി അനുവദിക്കപ്പെട്ട വഴി സിപിഐ എം തേടുന്നതിനെ ആക്ഷേപിക്കുകയുള്ളൂ. മാധ്യമങ്ങള്‍ക്കെതിരെ പ്രസ്കൗണ്‍സിലിനെ സമീപിക്കുക, കോടതി വഴി മാനഷ്ടക്കേസുകൊടുക്കുക തുടങ്ങിയവയ്ക്കൊക്കെ വ്യവസ്ഥകളുള്ളത് പൗരന്റെ അവകാശങ്ങള്‍ മാധ്യമങ്ങള്‍ ലംഘിക്കുന്നതിന് തടയിടാനാണ്. ഈ വ്യവസ്ഥകള്‍ കേരളത്തില്‍ ഉപയോഗിക്കപ്പെട്ടുപോരുന്നുണ്ട്. അന്നൊന്നുമില്ലാത്ത അസഹിഷ്ണുത ഇപ്പോള്‍ വേണ്ടതില്ല. മാധ്യമങ്ങള്‍ക്കുള്ള സ്വാതന്ത്ര്യംപോലെതന്നെ പ്രധാനമാണ് അപകീര്‍ത്തിപ്പെടാതിരിക്കാനുള്ള വ്യക്തിയുടെ സ്വാതന്ത്ര്യവും. ഈ പ്രസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള രാഷ്ട്രീയതാല്‍പ്പര്യപ്രകാരം ചില മാധ്യമങ്ങള്‍ പ്രതികളെ പ്രഖ്യാപിക്കുകവരെയാണ് ചെയ്തത്. ഇത് കോടതിയലക്ഷ്യംകൂടിയാണ്. പൊതുസമൂഹത്തിന് ചിലരെക്കുറിച്ച് സംശയം ജനിപ്പിക്കുന്നതരത്തില്‍ വാര്‍ത്തകള്‍ കൊടുക്കുന്നതുപോലും കോടതിയലക്ഷ്യമാണെന്ന് മുമ്പ് ഹൈക്കോടതിതന്നെ വ്യക്തമാക്കിയിട്ടുണ്ട്.

സാധാരണഗതിയില്‍ മാധ്യമങ്ങള്‍ക്ക് ഒരു കേസിലും വിശേഷാല്‍ താല്‍പ്പര്യമുണ്ടാവേണ്ടതില്ല. വിശേഷാല്‍ താല്‍പ്പര്യമുണ്ടാകുന്നുവെങ്കിലത് പൊലീസ് അന്വേഷണത്തെ വഴിതിരിച്ചുവിടാനും കോടതിയെത്തന്നെ സ്വാധീനിച്ച് കേസിന്റെ ഗതിമാറ്റാനുമാണ്. അത് അനുവദിക്കാനാകില്ല എന്നതുകൊണ്ടാണ് ഇക്കാര്യങ്ങളില്‍ കോടതികള്‍ കാലാകാലങ്ങളില്‍ സംശയരഹിതമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുള്ളത്. കേസ് തങ്ങളുടെ രാഷ്ട്രീയ താല്‍പ്പര്യപ്രകാരം വഴിതിരിച്ചുവിടണമെന്ന് ആഗ്രഹിക്കാത്തവര്‍ സിപിഐ എമ്മിന്റെ നീക്കത്തെ എതിര്‍ക്കേണ്ട കാര്യമില്ല. രാഷ്ട്രീയ താല്‍പ്പര്യപ്രകാരം വാര്‍ത്തകള്‍ വളച്ചൊടിച്ചു പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്യുന്നവര്‍ മാധ്യമസ്വാതന്ത്ര്യത്തെതന്നെ ഇല്ലായ്മചെയ്യാന്‍ അവസരം പാര്‍ത്തുകഴിയുന്ന അധികാരികള്‍ക്ക് ആയുധം നല്‍കുകകൂടിയാണ് ചെയ്യുന്നത് എന്നോര്‍ക്കണം.

മാധ്യമ സെന്‍സര്‍ഷിപ്പു മുതല്‍ പത്രമാരണ നിയമംവരെ ഉണ്ടായിട്ടുള്ള രാജ്യമാണ് ഇന്ത്യ. തരംകിട്ടുമ്പോഴൊക്കെ ഈ വിധത്തിലുള്ള നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നുണ്ടാവാറുമുണ്ട്. അത്തരം ഓരോ ഘട്ടത്തിലും മാധ്യമ സ്വാതന്ത്ര്യത്തിന്റെ രക്ഷയ്ക്കായി ഉണര്‍ന്നു പ്രവര്‍ത്തിച്ചിട്ടുള്ള പ്രസ്ഥാനമാണ് സിപിഐ എം. ആ പ്രസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തി ഇല്ലാതാക്കാന്‍ കള്ളക്കഥകള്‍ മാധ്യമങ്ങളില്‍ വിന്യസിക്കുന്നവര്‍ മാധ്യമ സ്വാതന്ത്ര്യത്തിന്റെ പക്ഷത്തല്ല, മറിച്ച് അതിനെ അപകടപ്പെടുത്താന്‍ അവസരം കാത്തിരിക്കുന്ന ഭരണാധികാരത്തിന്റെ പക്ഷത്താണ് ചെന്നുനില്‍ക്കുന്നതെന്ന് സൂക്ഷ്മമായി പരിശോധിച്ചാല്‍ മനസിലാകും. നിലവിലുള്ള നിയമങ്ങള്‍ ഉപയോഗിച്ച് കള്ളപ്രചാരണങ്ങളെ സിപിഐ എം നേരിടുമ്പോള്‍ അത് മാധ്യമ സ്വാതന്ത്ര്യത്തെ എതിര്‍ക്കലല്ല, മറിച്ച് മാധ്യമങ്ങളെ രാഷ്ട്രീയ താല്‍പ്പര്യത്തോടെ ദുരുപയോഗിക്കാനുള്ള ആ രംഗത്തെ മൂലധനശക്തികളുടെ ദുഃസ്വാതന്ത്ര്യത്തെ എതിര്‍ക്കല്‍മാത്രമാണ്. അതിനെ എതിര്‍ത്തുകൊണ്ടേ യഥാര്‍ഥ മാധ്യമ സ്വാതന്ത്ര്യത്തെ പരിരക്ഷിക്കാനും ശക്തിപ്പെടുത്താനും കഴിയൂ.

deshabhimani editorial 040512

1 comment:

  1. ഒഞ്ചിയത്തെ കൊലപാതകത്തെക്കുറിച്ച് ചില ദൃശ്യ-പത്രമാധ്യമങ്ങള്‍ തുടര്‍ച്ചയായി നല്‍കുന്ന വാര്‍ത്തകളുടെ സ്വഭാവത്തെയും രീതിയെയും സംബന്ധിച്ച് സിപിഐ എം കോടതിയില്‍ പരാതിനല്‍കിയത് ശരിയല്ലെന്ന് ചിലര്‍ വാദിക്കുന്നുണ്ട്. ശരിയല്ലാത്തത് പരാതിയല്ല, മറിച്ച് പരാതിനല്‍കാന്‍ പാടില്ലെന്ന വാദമാണ്.

    മാധ്യമങ്ങളുടെ വാര്‍ത്താ വിന്യാസരീതിയെക്കുറിച്ച് പരാതിനല്‍കാന്‍ നമ്മുടെ നീതിന്യായ വ്യവസ്ഥ അനുവദിക്കുന്നുണ്ട് എന്നതുതന്നെയാണ് പരാതി നല്‍കിയതില്‍ അപാകതയില്ലെന്നതിന്റെ ഏറ്റവും വലിയ തെളിവ്. പരാതി നല്‍കുന്നത് ശരിയല്ലെങ്കില്‍ കോടതി ആ പരാതി സ്വീകരിക്കുമോ?

    ReplyDelete