Tuesday, June 12, 2012

ഇടതുപക്ഷത്തെ തകര്‍ക്കാമെന്നുകരുതുന്നത് ചരിത്രമറിയാത്തവര്‍: എം സ്വരാജ്

മാനന്തവാടി: കേരളത്തിലെ ഇടതുപക്ഷത്തെ തകര്‍ക്കാമെന്നുകരുതുന്നത് ചരിത്രമറിയത്തവരാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാനപ്രസിഡന്റ് എം സ്വരാജ് പറഞ്ഞു. ഇടതുപക്ഷവേട്ടക്കെതിരെ, മാധ്യമ കോടതിക്കെതിരെ ഡിവൈഎഫ്ഐ മാനന്തവാടിയില്‍ സംഘടിപ്പിച്ച രക്തസാക്ഷ്യം ഉദ്ഘാടനം ചെയ്യുകായിരുന്നു അദ്ദേഹം.
ഇടതുപക്ഷരാഷ്ട്രീയത്തിന്റെ കഴുത്തറുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തിലെ പ്രതികളെ കണ്ടെത്തുന്നതിനു പകരം സിപിഐഎം നേതാക്കളെ പ്രതിചേര്‍ക്കാനാണ് സര്‍ക്കാരും ചില മാധ്യമങ്ങളും ചേര്‍ന്ന് നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ടി പി ചന്ദ്രശേഖരന്റെ കൊലപാതകം തികച്ചും അപലപനീയമാണ്. എന്നാല്‍ ഈ കൊലപാതകം ആഘോഷമാക്കിമാറ്റുകയാണ് ചില മാധ്യമങ്ങള്‍. മാധ്യമങ്ങള്‍ കോണ്‍ഗ്രസ്സിനുവേണ്ടി വിടുപണിചെയ്യുകയാണ്. യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടു വരുന്നതിനാണ് മാധ്യമങ്ങള്‍ ശ്രമിക്കേണ്ടത്. സിപിഐഎമിന്റെയും ഡിവൈഎഫ്ഐയുടെയും പ്രവര്‍ത്തകര്‍കൊലചെയ്യപ്പെട്ടാല്‍ മാധ്യമങ്ങളില്‍ വാര്‍ത്തായാകാറില്ല. എന്നാല്‍ മറ്റേതെങ്കിലും പാര്‍ട്ടിയില്‍പ്പെട്ടവര്‍ കൊലചെയ്യപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്തം സിപിഐഎമ്മിന്റെ തലയില്‍ കെട്ടിവെക്കാന്‍ മാധ്യമങ്ങള്‍ നടത്തുന്ന ഹീനമായ ശ്രമം അപലനീയമാണ്. ആര് കൊലചെയ്യപ്പെട്ടാലും അപലപിക്കപ്പെടേണ്ടതാണെന്നാണ് ഡിവൈഎഫ്ഐയുടെ നിലപാടെന്ന് സ്വരാജ് പറഞ്ഞു.

കേരളത്തിന്റ ഓര്‍മ്മശക്തിയെ വെല്ലുവിളിച്ചുകൊണ്ടാണ് ചിലര്‍ ഇപ്പോള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. മൊയാരത്ത് ശങ്കരനെ കൊന്നതും അബ്ദുള്‍ഖാദറിനെകൊന്നതും ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു എംഎല്‍എയെ വെടിവെച്ചുകൊന്നതും മറന്നുകൊണ്ടാണ് ഇപ്പോള്‍ ചില മാധ്യമങ്ങളും വലതുപക്ഷ രാഷ്ട്രീയക്കാരും രംഗത്തിറിങ്ങിയിരിക്കുന്നത്. പൊലീസ് ഭീഷണി വിലപ്പോവില്ലെന്ന് സ്വരാജ് മുന്നറിയിപ്പുനല്‍കി. സത്യം വിളിച്ചുപറയുന്നവരെ ജയിലിലടക്കാനാണ് ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പോലീസ് എഴുതികൊടുക്കുന്നമൊഴി മാധ്യമങ്ങള്‍ക്ക് നല്‍കി കള്ളക്കഥ സൃഷ്ടിക്കുകയാണ് കേരളത്തില്‍. ഇങ്ങനെ ഇടതുപക്ഷത്തെ തകര്‍ക്കാന്‍ നടക്കുന്ന ശ്രമത്തിനെതിരെ മുഴുവന്‍ജനങ്ങളും രംഗത്തിറങ്ങണമെന്ന് സ്വരാജ് അഭ്യര്‍ത്ഥിച്ചു. സംഘാടക സമിതിചെയര്‍മാന്‍ കെ വി മോഹനന്‍ അദ്ധ്യക്ഷനായി. ഡിവൈഎഫ്ഐ കേന്ദ്രകമ്മറ്റിയംഗം പി സാജിത, ജില്ലാപ്രസിഡന്റ് കെ ഷെമീര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാസെക്രട്ടറി എം മധുസ്വാഗതവും എന്‍ ജെ ഷജിത്ത് നന്ദിയും പറഞ്ഞു.

ആവേശമായി രക്തസാക്ഷികുടുംബാംഗങ്ങള്‍

മാനന്തവാടി: ഇടതുപക്ഷവേട്ടക്കും മാധ്യമക്കോടതിക്കുമെതിരെ മാനന്തവാടിയില്‍ നടന്ന രക്തസാക്ഷ്യത്തില്‍ രക്തസാക്ഷികളുടെ കുടുംബങ്ങളുടെ സാന്നിധ്യം ആവേശമായി. മാനന്തവാടയില്‍ ഡിവൈഎഫ്ഐ സംഘടിപ്പിച്ച പരിപാടിയില്‍ അനശ്വര രക്തസാക്ഷികളായ കുട്ടിപ്പയുടെ സഹോദരന്‍ ഹംസ, സെയ്തിന്റെ ഭാര്യ ബിരിയുമ്മ, ഷാജിയുടെ സഹോദരന്‍ ഫ്രാന്‍സീസ്, ഭരതന്റെ മകന്‍ രാജേഷ് എന്നിവരാണ് പങ്കെടുത്തത്.സിപിഐഎം പ്രവര്‍ത്തകരായതിന്റെ പേരില്‍ കോണ്‍ഗ്രസ്സും ലീഗും ചേര്‍ന്ന് കൊലപ്പെടുത്തിയ ജിലയിലെ 11 രക്തസാക്ഷികളുടെ കുടുംബങ്ങളെ ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി എം മധു പരിചയപ്പെടുത്തി. എരുമത്തെരു സിഐടിയു ഓഫീസ് പരിസരത്തുനിന്നും ആരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. സിപിഐഎമ്മിനെ തകര്‍ക്കാന്‍ ആരുശ്രമിച്ചാലും ജീവന്‍ നല്‍കിസംരക്ഷിക്കുമെന്ന് പ്രകടനത്തില്‍ പങ്കെടുത്തവര്‍ പ്രഖ്യാപിച്ചു.


കീഴടക്കാനാകില്ല

കൊച്ചി: ജില്ലയില്‍ നാടിനുവേണ്ടി ജീവന്‍ സമര്‍പ്പിച്ച രണധീരന്മാരുടെ പ്രിയപ്പെട്ടവരുടെ ഒത്തുചേരല്‍ "രക്തസാക്ഷ്യം" മാധ്യമകോടതികളുടെ വിചാരണയ്ക്കു മുന്നില്‍ കീഴടങ്ങുന്നതല്ല ഇടതുപക്ഷ പ്രസ്ഥാനമെന്നു തെളിയിച്ചു. ഇടതുപക്ഷവേട്ടയ്ക്കും മാധ്യമകോടതിക്കുമെതിരെ ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച രക്തസാക്ഷ്യം പരിപാടിയിലാണ് ജില്ലയിലെ ഡിവൈഎഫ്ഐ രക്തസാക്ഷി കുടുംബങ്ങളുടെ ഉജ്വല സംഗമത്തിനു വേദിയായത്. രക്തസാക്ഷി കുടുംബാംഗങ്ങള്‍ക്കൊപ്പം പ്രവര്‍ത്തകര്‍ക്കും ആവേശമായി വീല്‍ചെയറില്‍ സൈമണ്‍ ബ്രിട്ടോയും പരിപാടിക്കെത്തി.

പറവൂരില്‍ കൊലചെയ്യപ്പെട്ട സി ആര്‍ രതീഷിന്റെ അമ്മ സുശീല, സഹോദരി രമ്യ, തൃപ്പൂണിത്തുറയില്‍ ആര്‍എസ്എസുകാര്‍ ബോംബെറിഞ്ഞു കൊലപ്പെടുത്തിയ സരോജിനി നാരായണന്റെ മകന്‍ സുജിത്ത്, (അന്നു വലതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട സുജിത്ത് ഇപ്പോള്‍ ഡിവൈഎഫ്ഐ ഉദയംപേരൂര്‍ മേഖലാ ജോയിന്റ് സെക്രട്ടറിയാണ്). എം ആര്‍ വിദ്യാധരന്റെ ഭാര്യ ജിജോ, സാമൂഹ്യ വിരുദ്ധരാല്‍ കൊലചെയ്യപ്പെട്ട കെ പി ചന്ദ്രബാബുവിന്റെ അനുജന്‍ അനീഷ്, ചേരാനല്ലൂരില്‍ അരിമില്ല് ഉടമ വെടിവച്ചുകൊന്ന ബഷീറിന്റെ മാതാവ് നഫീസ, സഹോദരിമാരായ ആബിദ, ഭാബിയ എന്നിവരും മുളവുകാട് 24 വര്‍ഷംമുമ്പ് കൊലചെയ്യപ്പെട്ട പോള്‍സന്റെ ജ്യേഷ്ഠന്‍ എം സി ജേക്കബ്, അബ്ദുല്‍ റസാഖിന്റെ ജ്യേഷ്ഠന്റെ മകന്‍ ഷിഹാബ് എന്നിവരാണ് വൈറ്റിലയില്‍ നടന്ന "രക്തസാക്ഷ്യം" പരിപാടിയില്‍ നാളെയുടെ പോരാളികള്‍ക്ക് ആവേശവും കരുത്തും പകര്‍ന്ന് എത്തിച്ചേര്‍ന്നത്.

ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി വി പ്രദീഷ് രക്തസാക്ഷിപ്രമേയം അവതരിപ്പിച്ചുകഴിഞ്ഞപ്പോള്‍ ആയിരക്കണക്കിന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കൊപ്പം പറവൂരില്‍ കൊലചെയ്യപ്പെട്ട സി ആര്‍ രതീഷിന്റെ അമ്മ സുശീല, ചേരാനല്ലൂരിലെ അനശ്വര രക്തസാക്ഷി ബഷീറിന്റെ മാതാവ് നഫീസ എന്നിവര്‍ എണീറ്റുനിന്ന് മുദ്രാവാക്യം വിളിച്ചത് ആവേശകരമായി. പ്രായാധിക്യത്തിന്റെ അവശതകള്‍ മറന്നാണ് നഫീസയും സുശീലയും മരിക്കാത്ത ധീരസ്മരണകള്‍ പങ്കുവയ്ക്കാന്‍ എത്തിയത്. ഇടതുപക്ഷ പ്രസ്ഥാനത്തിന് ഒരു പോറല്‍പോലും ഏല്‍പ്പിക്കാന്‍ സമ്മതിക്കില്ലെന്ന പ്രഖ്യാപനമായി "രക്തസാക്ഷ്യം" മാറി.


deshabhimani 120612

No comments:

Post a Comment