Friday, June 15, 2012

ലേഖനം പിന്നിലായതിന് നടപടി വേണമെന്ന് ലീഗ്

സര്‍ക്കാര്‍ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ഇറക്കിയ പ്രസിദ്ധീകരണങ്ങളില്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ ലേഖനം നാലാംസ്ഥാനത്തേക്ക് തള്ളിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മുസ്ലിംലീഗ്. അതേസമയം കുഞ്ഞാലിക്കുട്ടിക്ക് അര്‍ഹമായ സ്ഥാനം നല്‍കിയിട്ടുണ്ടെന്നാണ് അധികൃതരുടെ വാദം. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ചുമതലയുള്ള മന്ത്രി കെ സി ജോസഫിനെതിരെയും ലീഗ് ആക്ഷേപമുയര്‍ത്തി.

മറ്റു ഘടകകക്ഷി മന്ത്രിമാര്‍ക്കും മുതിര്‍ന്ന കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കും കെ സി ജോസഫിനുശേഷമേ പ്രസിദ്ധീകരണങ്ങളില്‍ സ്ഥാനം കിട്ടിയുള്ളൂ. ഇതേക്കുറിച്ചും ആക്ഷേപം ശക്തമാണ്. ബഹുവര്‍ണങ്ങളില്‍ കട്ടികൂടിയ മേനിക്കടലാസിലാണ് 92 പേജുള്ള പ്രത്യേക പതിപ്പ് അച്ചടിച്ചത്. വാര്‍ഷികത്തിനു മുമ്പുതന്നെ ഇത് സംസ്ഥാനത്താകെ വിതരണം ചെയ്തിരുന്നു. അര ലക്ഷത്തോളം കോപ്പി അച്ചടിച്ചതായാണ് പറയുന്നത്. ഒരു കോപ്പിക്ക് ചെലവ് 30 രൂപയോളം. എട്ട് രൂപ വിലയിട്ടിട്ടുണ്ടെങ്കിലും സൗജന്യമായാണ് വിതരണം. നൂറ് പേജുള്ള "വികസനവര്‍ഷം കാരുണ്യവര്‍ഷം" പുസ്തകരൂപത്തിലാണ്. ഇത് അച്ചടിക്കാനും വന്‍തുക ചെലവഴിച്ചിട്ടുണ്ട്. ഒരു ലക്ഷം കോപ്പിയെങ്കിലും അച്ചടിച്ചു എന്നാണ് അനൗദ്യോഗിക കണക്ക്. ഇതെല്ലാം പിന്‍വലിച്ചാണ് മുസ്ലിംലീഗിനെ പ്രീതിപ്പെടുത്താന്‍ കുഞ്ഞാലിക്കുട്ടിയുടെ ലേഖനം മുഖ്യമന്ത്രിയുടേതിനു തൊട്ടുപിന്നിലായി നല്‍കി വീണ്ടും അച്ചടിക്കുന്നത്.

ലക്ഷങ്ങള്‍ നഷ്ടപ്പെടുത്തിയാണ് ലീഗിന് കീഴടങ്ങിയുള്ള ഈ സര്‍ക്കാര്‍ തീരുമാനം. പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ഇത്തരമൊരു സംഭവം ഇതാദ്യമാണ്. മുസ്ലിംലീഗിന്റെ വഴിവിട്ട ആവശ്യങ്ങളെല്ലാം അംഗീകരിച്ചുകൊടുക്കുകയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വീണ്ടും അച്ചടിക്കുക വഴിയുണ്ടാകുന്ന ദുര്‍വ്യയം ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍, രണ്ട് പ്രസിദ്ധീകരണവും വീണ്ടും അച്ചടിക്കാന്‍ മുഖ്യമന്ത്രി കര്‍ശനിര്‍ദേശം നല്‍കി. ഇപ്പോള്‍ ഇറങ്ങിയ വിവാദമായ ജനപഥത്തില്‍ വികസന വര്‍ഷം കാരുണ്യവര്‍ഷം എന്ന പേരിലുള്ള മുഖ്യമന്ത്രിയുടെ ലേഖനത്തിനു തൊട്ടുപിന്നാലെ നിര്‍ഭയം ജനസൗഹൃദം എന്ന ലേഖനവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് സ്ഥാനം പിടിച്ചത്. ധനമന്ത്രി കെ എം മാണി മൂന്നാമനായി. ഇതും കഴിഞ്ഞ് 18-ാമത്തെ പേജിലാണ് കുഞ്ഞാലിക്കുട്ടിക്ക് ഇടംകിട്ടിയത്. വിതരണംചെയ്ത പ്രസിദ്ധീകരണങ്ങള്‍ തിരിച്ചെടുക്കുക അത്ര എളുപ്പമല്ല. അതേസമയം അവ തിരിച്ചെത്തിക്കുകയോ നശിപ്പിക്കുകയോ ചെയ്യണമെന്നാണ് നിര്‍ദേശം.

No comments:

Post a Comment