കേരളം ഭരിക്കുന്നത് മുസ്ലിംലീഗും മാണിഗ്രൂപ്പുമാണെന്ന് കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ വിമര്‍ശം. തങ്ങളെ ഘടകകക്ഷി മന്ത്രിമാര്‍ പരിഗണിക്കുകപോലും ചെയ്യുന്നില്ലെന്നും കോണ്‍ഗ്രസ് മന്ത്രിമാരില്‍നിന്ന് അവഗണനയാണെന്നും എംഎല്‍എമാര്‍ തുറന്നടിച്ചു. മുഖ്യമന്ത്രിയുടെയും കെപിസിസി പ്രസിഡന്റിന്റെയും സാന്നിധ്യത്തിലായിരുന്നു വിമര്‍ശം. മാണിയും കുഞ്ഞാലിക്കുട്ടിയും ചേര്‍ന്നാണ് ഭരിക്കുന്നതെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് കുറ്റപ്പെടുത്തി.
വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കിയാല്‍ മറുപടിപോലും കിട്ടുന്നില്ലെന്നും ഇങ്ങനെ പോയാല്‍ മന്ത്രിയുടെ കഴുത്തിനു പിടിക്കുമെന്നും എം എ വാഹിദ് മുന്നറിയിപ്പ് നല്‍കി. വാഹിദ് പറഞ്ഞാല്‍ ചെയ്യുമെന്ന് അറിയാമെന്നും തല്‍ക്കാലം അതുവേണ്ടെന്നും പ്രശ്നം പരിഹരിക്കാമെന്നും മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രിയെ അഴകിയ രാവണനെന്നാണ് വാഹിദ് വിശേഷിപ്പിച്ചത്. ബെന്നി ബഹനാനാണ് വിമര്‍ശത്തിനു തുടക്കമിട്ടത്. ഘടകകക്ഷി മന്ത്രിമാരുടെ വകുപ്പുകളില്‍ അവര്‍ക്ക് താല്‍പ്പര്യമുള്ള കാര്യങ്ങളാണ് നടക്കുന്നത്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ നല്‍കുന്ന പല നിര്‍ദേശങ്ങളും ധനവകുപ്പ് പിടിച്ചുവയ്ക്കുന്നു. ഘടകകക്ഷികളുടെ പ്രവര്‍ത്തനത്തില്‍ ഏകോപനമുള്ളതിനാല്‍ അവര്‍ക്ക് നേട്ടമുണ്ടാകുന്നതായും ബഹനാന്‍ പറഞ്ഞു. തുടര്‍ന്ന് സംസാരിച്ച ആര്യാടന്‍ ഇതു ശരിവച്ചു.
ധനവകുപ്പ് ഇരട്ടത്താപ്പ് കാട്ടുകയാണെന്ന് ഉദാഹരണങ്ങള്‍ നിരത്തി ആര്യാടന്‍ പറഞ്ഞു. വൈദ്യുതിബോര്‍ഡില്‍ പുതിയ സബ് സ്റ്റേഷനുകള്‍ ആരംഭിക്കാനുള്ള തസ്തിക സൃഷ്ടിക്കുന്നതില്‍ വിവേചനം കാട്ടുന്നു. മാണി ഗ്രൂപ്പുകാര്‍ നല്‍കിയാല്‍ അത് അംഗീകരിക്കും. പ്ലസ് ടു അധ്യാപകരുടെ കുടിശ്ശിക ആനുകൂല്യങ്ങള്‍ വിതരണംചെയ്യുന്നതിലും വിവേചനം പ്രകടമാണ്. പാലാ മണ്ഡലത്തിലെയും മലപ്പുറം ജില്ലയിലെയും തുകമാത്രമാണ് ധനവകുപ്പ് അനുവദിച്ചതെന്ന് ആര്യാടന്‍ പറഞ്ഞു.
No comments:
Post a Comment