Monday, June 4, 2012

റെയില്‍വേ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസും കേരളത്തിന് നഷ്ടപ്പെടും


പാലക്കാട് കോച്ച് ഫാക്ടറി അനിശ്ചിതത്വത്തിലായതിനുപുറമേ റെയില്‍വേ ചീഫ് അഡ്മിനിസ്ട്രേറ്റീവ് വിഭാഗവും കേരളത്തിന് നഷ്ടമായേക്കും. കേരളത്തിലെ റെയില്‍വേ വികസനത്തിന് പ്രത്യേക സോണ്‍ വേണമെന്ന മുറവിളി ഉയര്‍ന്നപ്പോഴാണ് പ്രത്യേക അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ നല്‍കാന്‍ തീരുമാനിച്ചത്. നിലവിലെ സാമ്പത്തികസ്ഥിതി പരിഗണിച്ച് റെയില്‍വേ സോണ്‍ നല്‍കാനാവില്ലെന്നും പ്രത്യേക അഡ്മിനിസ്ട്രേറ്റീവ് വിഭാഗം തുടങ്ങാമെന്നുമായിരുന്നു വാഗ്ദാനം. എന്നാല്‍ എറണാകുളത്തെ ഓഫീസിന് അക്കൗണ്ട്സ് വിഭാഗവും ജീവനക്കാരെയും അനുവദിക്കാതെ ഘട്ടംഘട്ടമായി നിര്‍ത്താനാണ് നീക്കം. മാസങ്ങള്‍ക്കുശേഷം ഓഫീസര്‍ ചാര്‍ജെടുത്തെങ്കിലും പ്രവര്‍ത്തനം ആരംഭിച്ചില്ല. അക്കൗണ്ട്സ് വിഭാഗവും അഡ്മിനിസ്ട്രേറ്റീവ് വിഭാഗവും ഉണ്ടെങ്കിലേ കരാറുകാര്‍ക്ക് ഫണ്ട് നല്‍കാനാവൂ. ഇപ്പോഴും ചെന്നൈയിലെ അക്കൗണ്ട്സ് വിഭാഗത്തില്‍നിന്നാണ് കേരളത്തിനുള്ള ഫണ്ട് അനുവദിക്കുന്നത്. കേരളത്തിലെ വികസന പ്രവൃത്തികളില്‍ ഈ ഓഫീസ് വേണ്ടരീതിയില്‍ ഇടപെടാറില്ല. പല പ്രവൃത്തികളും പൂര്‍ത്തിയാക്കിയിട്ടും കരാറുകാര്‍ക്ക് ഫണ്ട് കൈമാറിയില്ല. പാലക്കാട് ഡിവിഷനില്‍മാത്രം 25 കോടി രൂപ കുടിശ്ശികയുണ്ട്. തിരുവനന്തപുരം ഡിവിഷനിലും ഇതേസ്ഥിതിയാണ്.

കോടികളുടെ കുടിശ്ശിക തീര്‍ക്കാതെ പ്രവൃത്തികള്‍ ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് കരാറുകാര്‍. പാത ഇരട്ടിപ്പിക്കല്‍, കോഴിക്കോട്, എറണാകുളം രാജ്യാന്തര സ്റ്റേഷനുകളുടെ നിര്‍മാണം, പ്ളാറ്റ്ഫോം നവീകരണം, ഷൊര്‍ണൂര്‍-മംഗളൂരു വൈദ്യുതീകരണ പ്രവൃത്തി, ആദര്‍ശ് സ്റ്റേഷന്‍, കണ്ണൂരിലെ പിറ്റ് ലൈന്‍ എന്നീ പ്രവൃത്തികള്‍ നിലച്ച മട്ടാണ്. കേരളത്തിലെ നിരവധി പാലങ്ങള്‍ തകര്‍ച്ചയുടെ വക്കിലാണ്. ബജറ്റില്‍ പാലക്കാട് ഡിവിഷനിലെ പാലങ്ങളുടെ അറ്റകുറ്റപ്പണിക്ക് മൂന്നുകോടി രൂപ അനുവദിച്ചെങ്കിലും ഫണ്ട് കൈമാറിയിട്ടില്ല.

deshabhimani 040612

No comments:

Post a Comment