Monday, June 4, 2012

രാംദേവ് തിരുത്തി; ഉപവാസത്തിനിടെ കേജ്രിവാള്‍ ഇറങ്ങിപ്പോയി


രാംദേവുമായി ചേര്‍ന്ന് അണ്ണ ഹസാരെയും കൂട്ടരും നടത്തിയ ഏകദിന ഉപവാസത്തില്‍ ഇരു സംഘത്തിനുമിടയിലെ ഭിന്നത മറനീക്കി. ഹസാരെ സംഘത്തിലെ അരവിന്ദ് കേജ്രിവാള്‍ പ്രധാനമന്ത്രി അടക്കമുള്ളവരുടെ പേരെടുത്ത് വിമര്‍ശിച്ച് പ്രസംഗിച്ചു. ഇതിനെതിരെ തിരുത്തുമായി രാംദേവ് രംഗത്തെത്തിയതോടെ കേജ്രിവാള്‍ വേദി വിട്ടു.
അഴിമതിയാരോപണം നേരിടുകയും ഹിന്ദുത്വനിലപാട് പുലര്‍ത്തുകയും ചെയ്യുന്ന രാംദേവുമായി സഹകരിക്കാനുള്ള അണ്ണ ഹസാരെയുടെ തീരുമാനം നേരത്തേതന്നെ സംഘത്തില്‍ ഭിന്നത സൃഷ്ടിച്ചിരുന്നു. സംഘാംഗങ്ങളുമായി കൂടിയാലോചിക്കാതെയാണ് ഹസാരെയുടെ തീരുമാനമെന്നായിരുന്നു വിമര്‍ശം. ഹസാരെ സംഘം അഴിമതിപ്പട്ടികയില്‍ പെടുത്തിയ പ്രധാനമന്ത്രിക്കും മന്ത്രിസഭാംഗങ്ങള്‍ക്കും പുറമെ മുലായംസിങ് യാദവ്, ലാലുപ്രസാദ് യാദവ്, ജയലളിത, മായാവതി എന്നിവരെയും കേജ്രിവാള്‍ വിമര്‍ശിച്ചു. ഇത്തരം നേതാക്കള്‍ പാര്‍ലമെന്റില്‍ ഉള്ളിടത്തോളം ലോക്പാല്‍ ബില്‍ പാസാക്കാനാകില്ലെന്ന് കേജ്രിവാള്‍ പറഞ്ഞു. എന്നാല്‍, വ്യക്തിപരമായ വിമര്‍ശം തങ്ങളുടെ രീതിയല്ലെന്നും കേജ്രിവാള്‍ ഇത് തെറ്റിച്ചതായും രാംദേവ് പറഞ്ഞു. രാംദേവിന്റെ വിശദീകരണം കഴിഞ്ഞയുടന്‍ പ്രതിഷേധസൂചകമായി കേജ്രിവാള്‍ വേദിയില്‍നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. സുഖമില്ലാത്തതിനാലാണ് ഇറങ്ങിപ്പോയതെന്ന് കേജ്രിവാള്‍ പിന്നീട് വിശദീകരിച്ചു. അഴിമതിക്കാരെ പേരെടുത്തു വിമര്‍ശിക്കേണ്ടതിന്റെ ആവശ്യകത രാംദേവിനെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

ഇന്ത്യക്കാര്‍ വിദേശത്ത് നിക്ഷേപിച്ച കള്ളപ്പണം അടിയന്തരമായി തിരിച്ചുപിടിക്കണമെന്നും ശക്തമായ ലോക്പാല്‍ പാസാക്കണമെന്നും ആവശ്യപ്പെട്ടാണ് രാംദേവ് ഹസാരെയുമായി ചേര്‍ന്ന് ഉപവാസം നടത്തിയത്. പ്രധാനമന്ത്രിക്കെതിരായ വിമര്‍ശത്തില്‍ മയം വരുത്തിയായിരുന്നു രാംദേവിന്റെ പ്രസംഗം. സ്ഥാനാര്‍ഥികളെ നിരസിക്കാനുള്ള അവകാശം വോട്ടര്‍ക്ക് ലഭ്യമാക്കണമെന്ന് ഹസാരെ ആവശ്യപ്പെട്ടു. പാര്‍ലമെന്റില്‍നിന്ന് ക്രിമിനലുകളെ അകറ്റിനിര്‍ത്താന്‍ ഇതുവഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കിരണ്‍ ബേദി, അരവിന്ദ് കേജ്രിവാള്‍, മനീഷ് സിസോഡിയ എന്നിവര്‍ക്കൊപ്പമാണ് ഹസാരെ ഉപവാസവേദിയിലെത്തിയത്. ജന്തര്‍മന്ദിറില്‍ നടന്ന ഏകദിന ഉപവാസത്തില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. ഹസാരെ സംഘത്തിലെ ഒരു പ്രമുഖന്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് സമരത്തിനെത്തിയ യുവാവ് ആത്മഹത്യാശ്രമം നടത്തിയത് അല്‍പ്പനേരം പരിഭ്രാന്തി പരത്തി. പകല്‍ പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ഡല്‍ഹി പൊലീസിന് പുറമേ 20 കമ്പനി അര്‍ധസൈനികരെയും സമരകേന്ദ്രത്തില്‍ നിയോഗിച്ചിരുന്നു.
(പി വി അഭിജിത്)

deshabhimani 040612

1 comment:

  1. രാംദേവുമായി ചേര്‍ന്ന് അണ്ണ ഹസാരെയും കൂട്ടരും നടത്തിയ ഏകദിന ഉപവാസത്തില്‍ ഇരു സംഘത്തിനുമിടയിലെ ഭിന്നത മറനീക്കി. ഹസാരെ സംഘത്തിലെ അരവിന്ദ് കേജ്രിവാള്‍ പ്രധാനമന്ത്രി അടക്കമുള്ളവരുടെ പേരെടുത്ത് വിമര്‍ശിച്ച് പ്രസംഗിച്ചു. ഇതിനെതിരെ തിരുത്തുമായി രാംദേവ് രംഗത്തെത്തിയതോടെ കേജ്രിവാള്‍ വേദി വിട്ടു.

    ReplyDelete