Monday, June 4, 2012

ബഹുജന പ്രക്ഷോഭം തുടങ്ങും: സിപിഐ എം


ചെറുതോണി: എം എം മണിക്കെതിരായ കള്ളക്കേസ് റദ്ദാക്കണമെന്നും എസ്എഫ്ഐ നേതാവ് അനീഷ് രാജന്റെ കൊലയാളികളെ പിടികൂടണമെന്നും ആവശ്യപ്പെട്ട് വന്‍ ബഹുജന പ്രക്ഷോഭം ആരംഭിക്കാന്‍ സിപിഐ എം ഇടുക്കി ജില്ലാകമ്മിറ്റി തീരുമാനിച്ചു. ആദ്യഘട്ടമായി 12 ന് തൊടുപുഴ ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. തുടര്‍ന്നുള്ള പ്രക്ഷോഭങ്ങള്‍ക്ക് അതിനുശേഷം രൂപംനല്‍കുമെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് ജില്ലാസെക്രട്ടറി എം എം മണിയും മറ്റു നേതാക്കളും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജില്ലാ സെക്രട്ടറിക്കെതിരായ കള്ളക്കേസ് രാഷ്ട്രീയമായി നേരിടുന്നതിന്റെ ഭാഗമായാണ് ആയിരക്കണക്കിനു പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് സമരങ്ങള്‍ നടത്തുന്നത്. കോടതി നടപടികള്‍ നിയമപരമായി നേരിടും. ഒരുമണിക്കൂര്‍ നീണ്ട തന്റെ പ്രസംഗത്തിലെ ചില ഭാഗങ്ങളുടെ ദുര്‍വ്യാഖ്യാനമാണ് മാധ്യമങ്ങള്‍ നടത്തിയതെന്ന് മണി ചൂണ്ടിക്കാട്ടി. പ്രസംഗത്തിലെ പിശക് സംബന്ധിച്ച നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, അതിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനും കള്ളക്കേസുണ്ടാക്കി പാര്‍ടിയേയും തന്നെയും സഹപ്രവര്‍ത്തകരേയും അപമാനിക്കാനുമാണ് ഭരണസ്വാധീനം ഉപയോഗിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നത്. കേസെടുക്കാന്‍ തീരുമാനിച്ചത് തിരുവനന്തപുരത്താണ്. അതില്‍നിന്നുതന്നെ ഗൂഢോദ്ദേശം വ്യക്തമാണ്. 25 ഉം 30 ഉം വര്‍ഷം മുമ്പ് നടന്ന സംഭവങ്ങളാണ്. അവ കോടതിയില്‍ വിചാരണ ചെയ്ത് അവസാനിച്ചതാണ്. ഇപ്പോള്‍ അതിന്റെ പേരില്‍ പാര്‍ടി പ്രവര്‍ത്തകരെ പീഡിപ്പിക്കുകയാണ്. യുഡിഎഫ് ഭരണകാലത്ത് അവരുടെ ഇഷ്ടപ്രകാരം തെളിവുണ്ടാക്കിയാണ് കേസുകളെല്ലാം എടുത്തത്. അപ്പീല്‍പോയി തള്ളിയ കേസും ഇതിലുണ്ട്. ഇതിലെല്ലാം വീണ്ടും എഫ്ഐആര്‍ തയ്യാറാക്കി 302 ഉള്‍പ്പെടെയുള്ള വകുപ്പുകളിട്ട് കേസെടുത്തിരിക്കുന്നത് ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍, പി ടി തോമസ്, റോയി കെ പൗലോസ് ഉള്‍പ്പെടെയുള്ളവരുടെ രാഷ്ട്രീയ താല്‍പര്യപ്രകാരമാണ്. ഇതിനെ പൊതുജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും. കോടതിയില്‍ അവസാനിച്ച കേസില്‍ രാഷ്ട്രീയ പ്രേരിതമായി തെളിവുകളുണ്ടാക്കുന്നതും ആളുകളെ ചോദ്യം ചെയ്യുന്നതും ഭരണഘടനാ ലംഘനമാണ്. വാര്‍ത്താസമ്മേളനത്തില്‍ പാര്‍ടി സംസ്ഥാനകമ്മിറ്റിയംഗം കെ പി മേരി, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി എന്‍ വിജയന്‍, പി എസ് രാജന്‍, സി വി വര്‍ഗീസ്, ജില്ലാകമ്മിറ്റിയംഗങ്ങളായ കെ എല്‍ ജോസഫ്, കെ ആര്‍ സോദരന്‍ എന്നിവരും പങ്കെടുത്തു.

മണിയുടെ പ്രസംഗം വെല്ലുവിളി: മുഖ്യമന്ത്രി

കൊച്ചി: സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണിയുടെ പ്രസംഗം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മണിക്കെതിരെ കേസെടുക്കാതിരുന്നെങ്കില്‍ ജനങ്ങള്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുമായിരുന്നു. നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. കോണ്‍ഗ്രസിന്റെ രാജ്യസഭ സ്ഥാനാര്‍ഥിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നോട്ടീസ് പ്രാഥമിക നടപടിയെന്ന് ഡിജിപി

തൃശൂര്‍: എം എം മണിയുടെ വീട്ടില്‍ നോട്ടീസ് പതിച്ചത് അന്വേഷണത്തിന്റെ പ്രാഥമിക നടപടി മാത്രമെന്ന് ഡിജിപി ജേക്കബ് പുന്നൂസ് പറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് അറിയാമെന്ന് മണി പരസ്യപ്രസ്താവന നടത്തിയതിനാലാണ് അന്വേഷണത്തിന്റെ ഭാഗമായി നോട്ടീസ് പതിച്ചത്. രാമവര്‍മപുരം പൊലീസ് അക്കാദമിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസ്താവന നടത്തിയ ആളെ വിളിച്ചുവരുത്തി വിവരം ശേഖരിക്കുന്നത് നിയമനടപടിയാണ്. മണിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ തയ്യാറാക്കിയത്. കൂടുതല്‍ വിവരം ചോദിച്ചറിയാനാണ് മണിയെ വിളിച്ചത്. രാഷ്ട്രീയ ഇടപെടല്‍ പൊലീസിന്റെ ആത്മവിശ്വാസം നഷ്ടമാക്കില്ല. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ രാഷ്ട്രീയം നോക്കുന്നില്ല. ആര്‍ക്കും രാഷ്ട്രീയ പരിഗണനയും നല്‍കില്ല. സത്യസന്ധമായും നിയമപരമായും അന്വേഷിക്കും. രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകള്‍ക്ക് വിശദീകരണം നല്‍കലല്ല പൊലീസിന്റെ ചുമതലയെന്നും ഡിജിപി പറഞ്ഞു

deshabhimani 040612

No comments:

Post a Comment