Tuesday, June 12, 2012

"സാക്ഷി പറഞ്ഞാല്‍ ജീവനോടെ തിരിച്ചുപോകില്ല"


കൊലപാതകത്തിന് ആഹ്വാനം ചെയ്യുന്ന പ്രസംഗം പി കെ ബഷീര്‍ എംഎല്‍എക്ക് പുതുമയല്ല. മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ പ്രതിയായ കേസില്‍ കോടതിയില്‍ സാക്ഷി പറയുന്നവര്‍ ജീവനോടെ തിരിച്ചുപോകില്ലെന്ന് പ്രസംഗിച്ച ബഷീറിനെതിരെയുള്ള കേസ് പിന്‍വലിച്ച ചരിത്രമാണ് ഈ സര്‍ക്കാരിനുള്ളത്. നാലുവര്‍ഷംമുമ്പ് ലീഗുകാര്‍ അധ്യാപകനെ ചവിട്ടിക്കൊന്ന കേസുമായി ബന്ധപ്പെട്ടാണ് അന്ന് ഏറനാട് മണ്ഡലം ലീഗ് പ്രസിഡന്റായിരുന്ന ബഷീര്‍ പൊതുയോഗത്തില്‍ ഭീഷണി മുഴക്കിയത്. എടവണ്ണ പൊലീസ് രജിസ്റ്റര്‍ചെയ്ത കേസ് കഴിഞ്ഞ ജനുവരിയില്‍ പിന്‍വലിച്ചു. സംഭവത്തിനുശേഷം 2008 നവംബറില്‍ എടവണ്ണയില്‍ നടന്ന ലീഗ് ഏറനാട് മണ്ഡലം സമ്മേളനത്തില്‍ അഖിലേന്ത്യാ പ്രസിഡന്റ് ഇ അഹമ്മദിനെ സാക്ഷിയാക്കിയായിരുന്നു ബഷീറിന്റെ കൊലവിളി. ബഷീറിന്റെ പ്രസംഗം:

""കേരളം മുഴുവന്‍ ഉറ്റുനോക്കിയ സംഭവം നടന്നത് കിഴിശേരിയിലാണ്. ക്ലസ്റ്റര്‍ ഉപരോധത്തോടനുബന്ധിച്ച് നടന്ന സമരത്തില്‍ നമ്മുടെ നിര്‍ഭാഗ്യത്തിന് ഒരു മാസ്റ്റര്‍ മരണപ്പെടുകയുണ്ടായി. മുസ്ലിം യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ ചവിട്ടിക്കൊന്നതാണെന്ന് ഗവര്‍മെണ്ടും സിപിഎമ്മും എന്‍ജിഒകളും അധ്യാപകസംഘടനകളും പോഷകസംഘടനകളും പറഞ്ഞു. എന്‍ജിഒയുടെ പണിമുടക്കും നടന്നു. നിരപരാധികളായ അഞ്ച് യൂത്ത്ലീഗുകാര്‍ക്കെതിരെ 302 വകുപ്പുപ്രകാരം കൊലക്കുറ്റത്തിന് കേസെടുത്തു. 14 പേര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിനും കേസെടുത്തു. സംഭവം നടന്ന രാത്രിയില്‍ റെയ്ഡ് നടത്തി രണ്ടുപേരെ അറസ്റ്റുചെയ്തു. മൂന്നുപേര്‍ കോടതിയില്‍ കീഴടങ്ങി. അങ്ങനെ അഞ്ചുപേര്‍ കൊലക്കേസില്‍ പ്രതികളായി. അവര്‍ ഒരുമാസം ജയിലില്‍ കിടന്നു. ഈ സംഭവം നടന്നോ ഇല്ലയോ എന്ന് എനിക്കും നിങ്ങള്‍ക്കും നന്നായി അറിയാം. അതിന് കമ്യൂണിസ്റ്റുകാര്‍ സാക്ഷിപറയാന്‍ പോകരുതെന്ന് അന്നു പറഞ്ഞതാണ്. ശങ്കരപ്പണിക്കര്‍ പോയാല്‍ കാലുവെട്ടുമെന്ന് പറഞ്ഞു. അത് ഇപ്പോഴും ആവര്‍ത്തിക്കുന്നു. ഒരു കാര്യം വ്യക്തമായി പറയാം. കിഴിശേരിയിലെ നിരപരാധികളായ അഞ്ച് യൂത്ത്ലീഗ് പ്രവര്‍ത്തകരെയാണ് പ്രതികളാക്കിയത്. ആലിന്‍ചോട്ടിലുള്ള ഒരു കമ്യൂണിസ്റ്റുകാരനാണ് പൊലീസിന് പേരുകൊടുക്കുന്നത്. ലിസ്റ്റ് കൊടുക്കേണ്ട പൂതി ഇതോടെ തീരും. ലിസ്റ്റ് കൊടുത്താല്‍ ആദ്യം നിങ്ങളെ കൈകാര്യംചെയ്യും. സാക്ഷിപറയാന്‍ പോകുന്ന വിജയന്‍ എന്ന അധ്യാപകന്‍ തിരിച്ച് വീട്ടിലെത്തുമെന്ന് കരുതേണ്ട. ഈ കേസിനെ സംബന്ധിച്ച് ഏറനാട് മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി തീരുമാനമെടുത്തിട്ടുണ്ട്. അതിന്റെ പ്രസിഡന്റ് എന്ന നിലയ്ക്ക് പറയുന്നു, ഈ കേസ് കോടതിയില്‍ എന്നെങ്കിലും വരികയാണെങ്കില്‍ ഇതിന് എവനെങ്കിലും സാക്ഷിപറയാന്‍ കോടതിയില്‍ എത്തുകയാണെങ്കില്‍ അവന്‍ ജീവനോടെ തിരിച്ചുപോരില്ല. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. നിങ്ങള്‍ ചെയ്തോ, ബാക്കി ഞാനേറ്റു. ഒരു ബേജാറും വേണ്ട"".

യുഡിഎഫ് നടത്തിയ പാഠപുസ്തകവിരുദ്ധ സമരത്തിനിടെ 2008 ജൂലൈ 19നാണ് വാലില്ലാപ്പുഴ എഎംഎല്‍പി സ്കൂള്‍ പ്രധാനാധ്യാപകന്‍ ജെയിംസ് അഗസ്റ്റിനെ കൊല്ലപ്പെടുത്തിയത്. അധ്യാപകരുടെ ക്ലസ്റ്റര്‍ യോഗം നടന്ന കിഴിശേരി ജിഎല്‍പി സ്കൂള്‍ പരിസരത്ത്വച്ച് ലീഗ് ക്രിമിനലുകള്‍ അധ്യാപകനെ അടിച്ചും ചവിട്ടിയും കൊലപ്പെടുത്തി. കോണ്‍ഗ്രസ് അധ്യാപക സംഘടനയായ കെഎപിടിയുവിന്റെ പ്രവര്‍ത്തകനായിരുന്നു ജെയിംസ്.

deshabhimani 120612

No comments:

Post a Comment