Tuesday, June 12, 2012

ഭക്ഷ്യസുരക്ഷയ്ക്ക് ശക്തമായ പ്രക്ഷോഭം: സിപിഐ എം


രാജ്യത്ത് ഭക്ഷ്യസുരക്ഷയ്ക്കും സാര്‍വത്രിക പൊതുവിതരണ സംവിധാനത്തിനുംവേണ്ടി ശക്തമായ ബഹുജനപ്രക്ഷോഭം നടത്താന്‍ സിപിഐ എം കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണിത്.

എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാ കുടുംബങ്ങള്‍ക്കും കിലോഗ്രാമിന് രണ്ടു രൂപ നിരക്കില്‍ 35 കിലോ ഭക്ഷ്യധാന്യം നല്‍കുന്ന പൊതുവിതരണസംവിധാനം വേണമെന്ന് ആവശ്യപ്പെട്ട് ജൂലൈയില്‍ ഒരു മാസംനീളുന്ന പ്രക്ഷോഭമാണ് നടത്തുന്നത്. മറ്റ് ഇടതുപക്ഷപാര്‍ടികളുമായി ചേര്‍ന്ന് ബ്ലോക്ക്തലം മുതല്‍ പ്രക്ഷോഭം നടത്തും. പാര്‍ലമെന്റിന്റെ മഴക്കാലസമ്മേളനകാലത്ത് ജൂലൈ 30 മുതല്‍ ആഗസ്ത് മൂന്നുവരെ ഡല്‍ഹിയില്‍ തുടര്‍ച്ചയായ ധര്‍ണ നടത്തിയാണ് പ്രക്ഷോഭം സമാപിക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആയിരക്കണക്കിനാളുകള്‍ ധര്‍ണയില്‍ പങ്കെടുക്കും.

രാജ്യത്തിന്റെ സമ്പദ്സ്ഥിതി തകരുന്നതില്‍ കേന്ദ്രകമ്മിറ്റി ആശങ്ക പ്രകടിപ്പിച്ചു. വളര്‍ച്ചനിരക്ക് 6.5 ശതമാനത്തിലേക്ക് താഴ്ന്നു. വ്യാവസായികോല്‍പ്പാദനത്തില്‍ മാന്ദ്യമുണ്ടായി. രൂപയുടെ ഡോളറുമായുള്ള വിനിമയമൂല്യം 55 രൂപയിലധികമായി. വിദേശകടം വന്‍തോതില്‍ വര്‍ധിച്ചു. നാണയപ്പെരുപ്പം 10.5 ശതമാനംവരെ ഉയര്‍ന്നു. ജനങ്ങളുടെ ദുരിതങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ചു. നവ ഉദാരവല്‍ക്കരണനയങ്ങള്‍ ശക്തമായി നടപ്പാക്കാത്തതാണ് മാന്ദ്യത്തിന് കാരണമെന്നാണ് ഭരണനേതൃത്വവും കോര്‍പറേറ്റ് മാധ്യമങ്ങളും പ്രചരിപ്പിക്കുന്നത്. ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ സംഭവിച്ചതുപോലെ നവ ഉദാരവല്‍ക്കരണനയങ്ങളുടെ ഫലമാണ് ഇന്ത്യയുടെ സാമ്പത്തികത്തകര്‍ച്ചയും. വരുമാനത്തിന്റെ കാര്യത്തില്‍ വര്‍ധിക്കുന്ന അസമത്വം വളര്‍ച്ചയെ സുസ്ഥിരമാക്കുന്നില്ല. നിയന്ത്രണങ്ങള്‍ എടുത്തുകളയുന്നതും കോര്‍പറേറ്റുകള്‍ക്കും ഊഹക്കച്ചവടക്കാര്‍ക്കും വന്‍തോതില്‍ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതും ധനസ്ഥിതിയുടെ സുസ്ഥിരതയെ ബാധിക്കുന്നു. നവ ഉദാരവല്‍ക്കരണനയങ്ങള്‍ പിന്തുടരുന്നതിനെ പാര്‍ടി ശക്തമായി എതിര്‍ക്കും.

ചില്ലറവില്‍പ്പനമേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം കൊണ്ടുവരാനുള്ള ശ്രമത്തെ മറ്റ് ഇടതുപക്ഷ ജനാധിപത്യപ്രസ്ഥാനങ്ങളുമായി ചേര്‍ന്ന് ശക്തമായി എതിര്‍ക്കും. ബാങ്കിങ്, ഇന്‍ഷുറന്‍സ് മേഖലകളിലെ നേരിട്ടുള്ള വിദേശനിക്ഷേപപരിധി ഉയര്‍ത്താനും പെന്‍ഷന്‍ഫണ്ടുകള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നിയമനിര്‍മാണങ്ങളെ എതിര്‍ക്കാന്‍ എല്ലാ പ്രതിപക്ഷ പാര്‍ടികളോടും കേന്ദ്രകമ്മിറ്റി അഭ്യര്‍ഥിച്ചു. രാജ്യത്ത് കുമിയുന്ന ഭക്ഷ്യധാന്യശേഖരം ബിപിഎല്‍ വിലയ്ക്ക് പൊതുവിതരണസംവിധാനം വഴിയും വരള്‍ച്ചബാധിത പ്രദേശങ്ങള്‍ക്കുള്ള പ്രത്യേക പദ്ധതികള്‍ വഴിയും പാവപ്പെട്ടവര്‍ക്ക് വിതരണംചെയ്യണം. പെട്രോള്‍ വിലവര്‍ധന പൂര്‍ണമായി പിന്‍വലിക്കണം. ഏഴര രൂപ വര്‍ധിപ്പിച്ചശേഷം രണ്ട് രൂപ പിന്‍വലിച്ചത് മതിയാവില്ല.

കല്‍ക്കരി ഖനി കുംഭകോണം സംബന്ധിച്ച് പ്രധാനമന്ത്രി കാര്യാലയം നടത്തിയ പ്രസ്താവന തൃപ്തികരമല്ല. ഇക്കാര്യത്തില്‍ സിബിഐ ഫലപ്രദമായ അന്വേഷണം നടത്തി ഉത്തരവാദികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണം. സിറിയയിലെ സംഭവവികാസങ്ങളില്‍ അമേരിക്കയുടെയും നാറ്റോയുടെയും വഴിയില്‍ കേന്ദ്രസര്‍ക്കാര്‍ നീങ്ങരുതെന്ന് കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. സിറിയയെ അസ്ഥിരപ്പെടുത്താനും അവിടെ ആഭ്യന്തരകലഹമുണ്ടാക്കാനും നടക്കുന്ന ശ്രമങ്ങളില്‍ ഇന്ത്യ പങ്കുചേരരുത്. ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കാനുള്ള ശ്രമങ്ങള്‍ പ്രതിഷേധാര്‍ഹമാണ്. രാജ്യത്തിന്റെ ഊര്‍ജസുരക്ഷയ്ക്ക് എതിരാണ് ഈ നിലപാടെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ യുപിഎ നിലപാട് വ്യക്തമാക്കിയാല്‍ ഇടതുപക്ഷപാര്‍ടികളും മറ്റ് കോണ്‍ഗ്രസിതര മതനിരപേക്ഷ പാര്‍ടികളുമായി ആലോചിച്ച് നിലപാട് സ്വീകരിക്കുമെന്ന് പ്രകാശ് കാരാട്ട് മറുപടി നല്‍കി.

deshabhimani 120612

No comments:

Post a Comment