Friday, June 15, 2012

ഇടുക്കി കേസുകളില്‍ പുനരന്വേഷണം നിയമവിരുദ്ധം: പിണറായി

ഇടുക്കിയിലെ കേസുകളില്‍ പുനരന്വേഷണം നടത്താനുള്ള നീക്കം നിയമവിരുദ്ധമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. നേതാക്കളെ കള്ളക്കേസില്‍ കുടുക്കുന്നതിനെതിരെയും അനീഷ് രാജന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും സിപിഐ എം ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊടുപുഴ ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തിയ ബഹുജന മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോടതി വിധി പറഞ്ഞ കേസുകളില്‍ വീണ്ടും എഫ്ഐആര്‍ തയ്യാറാക്കിയാണ് എം എം മണിയെയും കെ കെ ജയചന്ദ്രന്‍ എംഎല്‍എയും ഇപ്പോള്‍ പ്രതികളാക്കിയത്. ഒരു കേസില്‍ രണ്ടാമത് എഫ്ഐആര്‍ പറ്റില്ലെന്ന് സുപ്രീംകോടതി വിധിയുണ്ട്. വിചാരണ പൂര്‍ത്തിയായ കേസുകളുടെ അന്വേഷണവും പ്രഥമവിവര റിപ്പോര്‍ട്ടും നിയമപ്രകാരം തെറ്റാണ്. തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലെ തീരുമാന പ്രകാരമാണ് 30 വര്‍ഷം പഴക്കമുള്ള കേസില്‍ എഫ്ഐആര്‍ തയ്യാറാക്കാന്‍ തീരുമാനിച്ചത്. രാജ്യത്ത്, ഇടുക്കിയിലേതു പോലെ രണ്ടാമത് പ്രഥമവിവര റിപ്പോര്‍ട്ട് എടുത്ത സംഭവമുണ്ടെങ്കില്‍ അക്കാര്യം സര്‍ക്കാര്‍ വ്യക്തമാക്കണം.

എന്നാല്‍ പാമോയില്‍ കേസുപോലെ ചില കേസുകളില്‍ കോടതി വ്യത്യസ്ത സമീപനം സ്വീകരിച്ചത് മറ്റൊരു സാഹചര്യത്തിലാണ്. വിചാരണ വേളയില്‍ പ്രതിയായ ടി എച്ച് മുസ്തഫ ഉമ്മന്‍ചാണ്ടിക്ക് ഇടപാടിന്റെ എല്ലാ കാര്യങ്ങളും അറിയാമെന്ന് കോടതിയെ ധരിപ്പിച്ചു. താന്‍ പ്രതിയാണെങ്കില്‍ അന്ന് ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും പ്രതിയാണ്. അദ്ദേഹം സാക്ഷിയാണെങ്കില്‍ താനും അങ്ങിനെ എന്നതായിരുന്നു മുസ്തഫയുടെ നിലപാട്. ഈ ഘട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരും പുനരന്വേഷണം ആവശ്യപ്പെട്ടു. കോടതി അംഗീകരിച്ചു. കൂത്തുപറമ്പ് കേസില്‍ രണ്ടാമതും പ്രഥമവിവര റിപ്പോര്‍ട്ട് എടുക്കണമെന്ന ആവശ്യം വന്നപ്പോഴും സുപ്രീംകോടതി സമ്മതിച്ചിട്ടില്ല. നക്സല്‍ വര്‍ഗീസ് കേസില്‍ ക്രൈം രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്ന സാഹചര്യത്തിലാണ് പുനരന്വേഷണം വന്നത്. ഗുജറാത്തിലെ ബെസ്റ്റ് ബേക്കറി കേസില്‍ തെളിവുകളില്ലാതെ പ്രതികളെല്ലാം രക്ഷപ്പെടുന്നു എന്ന ഘട്ടത്തില്‍ മരിച്ചയാളുടെ മകള്‍ പുനരന്വേഷണത്തിന് സമീപിച്ചപ്പോള്‍ ഹൈക്കോടതി തള്ളുകയാണ് ചെയ്തത്.

എം എം മണിയെയും ജയചന്ദ്രനെയും പ്രതികളാക്കിയ കേസിന് പിന്നില്‍ ഇടുക്കിയിലെ പാര്‍ടിയെ തളര്‍ത്താനുള്ള കോണ്‍ഗ്രസിന്റെ പ്രത്യേക താല്‍പര്യമുണ്ട്. അഞ്ചുസീറ്റുളള ഇടുക്കിയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒന്നില്‍പ്പോലും കോണ്‍ഗ്രസിന് ജയിക്കാനായില്ല. സിപിഐ എമ്മിനെ തളര്‍ത്തി എന്തെങ്കിലും നേടാമെന്ന ചിന്തയിലാണവര്‍. അതിനായി പൊലീസിനെ തെറ്റായി ഉപയോഗിക്കുകയാണെന്നും പിണറായി പറഞ്ഞു. സിപിഐ എം ഇടുക്കി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ബഹുജന പ്രതിഷേധത്തില്‍ അണിനിരന്ന പതിനായിരങ്ങള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വികലമായ പൊലീസ് നയത്തിനെതിരെ സമര പ്രഖ്യാപനം നടത്തി. നേതാക്കളെ കള്ളക്കേസില്‍ കുടുക്കുന്നതില്‍ പ്രതിഷേധിച്ചും അനീഷ് രാജന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും നടന്ന മാര്‍ച്ചില്‍ തൊടുപുഴ നഗരം വീര്‍പ്പടക്കി നിന്നു. നൂറുകണക്കിന് സ്ത്രീകളും അണിനിരന്നു.

No comments:

Post a Comment