Thursday, June 14, 2012

ലീഗിന്റെ അന്ത്യശാസനം : ബഷീറിനെ തൊട്ടുപോകരുത്

മലപ്പുറം: അരീക്കോട് കുനിയില്‍ ഇരട്ടക്കൊലപാതക കേസില്‍ പി കെ ബഷീര്‍ എംഎല്‍എയെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാരിന് മുസ്ലിംലീഗ് അന്ത്യശാസനം നല്‍കി. ബുധനാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന നേതാക്കളുടെ അനൗപചാരിക യോഗത്തിനുശേഷമാണ് ലീഗിന്റെ നിലപാട് സര്‍ക്കാരിനെ അറിയിച്ചത്.

ബഷീറിനെ പ്രതിയായി ഉള്‍പ്പെടുത്തിയതിലുള്ള പ്രതിഷേധം ലീഗ് മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും അറിയിച്ചു. പൊലീസ് അമിത താല്‍പര്യം കാണിച്ചതായി ആരോപിച്ച ലീഗ്, അതുസംബന്ധിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ബഷീറിനെ ചോദ്യംചെയ്യുന്നതും ലീഗ് നേതൃത്വം വിലക്കിയിട്ടുണ്ട്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരെ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ചോദ്യംചെയ്യുന്നത് അനിവാര്യമായ നടപടിക്രമമാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. എഫ്ഐആര്‍ പ്രകാരം കൊലപാതകക്കുറ്റത്തില്‍ ആറാം പ്രതിയാകുക എന്നത് കേസിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. എന്നാല്‍, ബഷീറിന്റെ കാര്യത്തില്‍ ഇതൊന്നും ബാധകമല്ലെന്ന നിലപാടിലാണ് ലീഗ്.

കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം ഇപ്പോള്‍ ബഷീറിന്റെ കാര്യം മിണ്ടുന്നേയില്ല. ലീഗ് പറഞ്ഞതുപോലെ കുടുംബവഴക്ക് എന്ന നിലയിലേക്കാണ് അന്വേഷണവും നീങ്ങുന്നത്. ദൃക്സാക്ഷി കൊളക്കാടന്‍ നജീബിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എംഎല്‍എയ്ക്കും ലീഗ് പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുത്തത്. ലീഗ് ഏറനാട് മണ്ഡലം സെക്രട്ടറി പൊറ്റമ്മല്‍ മണ്ണില്‍ത്തൊടി അഹമ്മദ്കുട്ടി, പ്രവര്‍ത്തകരായ ഇര്‍ഷാദ്, സുഡാനി റഷീദ്, മുക്താര്‍, എന്‍ കെ അഷ്റഫ് എന്നിവരാണ് ഒന്നുമുതല്‍ അഞ്ചുവരെ പ്രതികള്‍. ഇവര്‍ക്കെതിരെ കൊലപാതകത്തിനും (302), ആറാം പ്രതിയായ പി കെ ബഷീര്‍ എംഎല്‍എയ്ക്കെതിരെ ഗൂഢാലോചന, കൊലപാതക പ്രേരണ, വധഭീഷണി എന്നവയ്ക്കുമാണ് (141,143,147,148) കേസ്. പ്രകോപനപരമായി പ്രസംഗിച്ചു എന്നതല്ല ബഷീറില്‍ ചുമത്തപ്പെട്ട കുറ്റം. ആ പ്രസംഗം രണ്ടു പേരുടെ കൊലപാതകത്തിലേക്ക് നയിച്ചു എന്നതാണ് കേസ്. മാത്രമല്ല, കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ ഇദ്ദേഹത്തിന് പങ്കുണ്ടോ എന്ന കാര്യവും അന്വേഷണ പരിധിയില്‍ വരും. ഇതെല്ലാമുണ്ടായിട്ടും ബഷീറിനെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്.

സാധാരണ രാഷ്ട്രീയപ്രസംഗം എന്ന നിലയില്‍ മാത്രമാണ് ബഷീറിന്റെ പ്രസംഗത്തെ പൊലീസ് കാണുന്നത്. എംഎല്‍എ ഉള്‍പ്പെടെ പ്രതിപ്പട്ടികയിലുള്ള ചിലരെ കേസില്‍നിന്ന് ഒഴിവാക്കണമെന്ന മുന്‍വിധിയോടെയാണ് പൊലീസ് നീക്കം. ആറ്പ്രതികളില്‍ മുമ്പ് കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍ ഹത്തീഖ് റഹ്മാന്റെ സഹോദരന്‍ മുക്താറിന്റെ പങ്കേ പൊലീസ് സ്ഥിരീകരിച്ച് പറയാന്‍ തയ്യറാവുന്നുള്ളൂ. സംഭവത്തിനുശേഷം മുക്താര്‍ വിദേശത്തേക്ക് കടന്നതായും സൂചനയുണ്ട്. എംഎല്‍എ അടക്കമുള്ള മറ്റ് പ്രതികളെക്കുറിച്ച് പൊലീസ് ഒന്നും വെളിപ്പെടുത്തുന്നില്ല. ബഷീറിനെ പ്രതിചേര്‍ത്തതിനു പിന്നില്‍ ഗൂഢാലോചന നടന്നെന്ന ആരോപണവുമായി ലീഗ് നേതാക്കള്‍ പരസ്യമായി രംഗത്തെത്തിയത് കേസ് അട്ടിമറിക്കുക എന്ന തന്ത്രത്തിന്റെ ഭാഗമാണ്. പ്രതിപക്ഷത്തെ സഹായിക്കാന്‍ ബോധപൂര്‍വ ഇടപെടലുണ്ടായെന്ന് സംശയിക്കുന്നതായാണ് ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ ആരോപിച്ചത്. അന്വേഷണം ലീഗ്നേതാക്കളിലേക്ക് കടക്കാതിരിക്കാനുള്ള താക്കീതാണ് ഇ ടി നല്‍കിയത്.

പ്രതിചേര്‍ത്തത് തെറ്റെന്ന്

തിരു: ഇരട്ടക്കൊലക്കേസില്‍ പി കെ ബഷീര്‍ എംഎല്‍എയെ പ്രതിയാക്കിയ പൊലീസ് നടപടി തെറ്റാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. പൊലീസ് നടപടിക്ക് ന്യായീകരണമില്ല. ഇതേക്കുറിച്ച് ആഭ്യന്തരവകുപ്പ് അന്വേഷിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആഭ്യന്തരമന്ത്രിയുടെ അറിവോടെയാണോ എഫ്ഐആര്‍ രജിസ്റ്റര്‍ചെയ്തത് എന്നത് അറിയില്ല. ബഷീറിന്റെ പേര് ഉള്‍പ്പെടുത്തിയതിനു പിന്നില്‍ ആസൂത്രിതനീക്കം നടന്നിട്ടുണ്ട്. ആരുടെയെങ്കിലും പ്രേരണയ്ക്ക് വഴങ്ങിയാണോ പൊലീസ് ബഷീറിന്റെ പേര് എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയതെന്നും ആഭ്യന്തരവകുപ്പ് പരിശോധിക്കണം. ആരെങ്കിലും പരാതി ഉന്നയിച്ചാലുടന്‍ 302-ാം വകുപ്പ് ചുമത്തി എഫ്ഐആര്‍ രജിസ്റ്റര്‍ചെയ്യുന്നത് ശരിയായ നടപടിയാണോ എന്നു പരിശോധിക്കണം. എഫ്ഐആര്‍ പിന്‍വലിക്കാനോ ബഷീറിന്റെ പേര് ഒഴിവാക്കാനോ ലീഗ് ആവശ്യപ്പെടില്ലെന്നും കേസ് അതിന്റെ വഴിക്കു പോകുമെന്നും മുഹമ്മദ് ബഷീര്‍ പറഞ്ഞു.


ബഷീറിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയും രംഗത്ത്

തിരു: കുനിയില്‍ ഇരട്ടക്കൊലക്കേസിലെ ആറാം പ്രതി പി കെ ബഷീര്‍ എംഎല്‍എയെയും പ്രതികളായ മറ്റ് ലീഗ് നേതാക്കളെയും രക്ഷിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേസന്വേഷണത്തില്‍ നേരിട്ടിടപെടുന്നു. സംഭവത്തില്‍ ബഷീറിന് പങ്കില്ലെന്നും രാഷ്ട്രീയ കൊലപാതകമല്ലെന്നും പ്രഖ്യാപിച്ചാണ്, അന്വേഷണം ഏത് ദിശയിലായിരിക്കണമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് പരസ്യമായ നിര്‍ദേശം നല്‍കിയത്. വ്യക്തമായ സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് ബഷീറിനെ ആറാം പ്രതിയും മറ്റു പ്രാദേശിക ലീഗ് നേതാക്കളെ ഒന്നുമുതല്‍ അഞ്ചുവരെ പ്രതികളുമാക്കി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ട് അട്ടിമറിക്കാനും പ്രതികളെ രക്ഷിക്കാനും, മുഖ്യമന്ത്രിയുടെ നിര്‍ദേശമനുസരിച്ചുമാത്രം പ്രവര്‍ത്തിക്കുന്ന ഐജി എസ് ഗോപിനാഥന്റെ നേതൃത്വത്തില്‍ പ്രത്യേക ടീമിനെ നിയോഗിക്കുകയും ചെയ്തു.
ബഷീറിന്റെ പങ്കിനെക്കുറിച്ച് വളരെ ദുര്‍ബലമായ പരാമര്‍ശം മാത്രമാണുള്ളതെന്നാണ് മുഖ്യമന്ത്രിയുടെ വാദം. ആരെങ്കിലും പറയുന്നതുകേട്ട് പ്രതിയാക്കില്ല. ഒരാള്‍ പേര് പറഞ്ഞതുകൊണ്ട് പ്രതിയാകില്ല. പണ്ടെങ്ങാനും നടത്തിയ പ്രസംഗമാണെന്നു സ്ഥാപിക്കാനും മുഖ്യമന്ത്രി ശ്രമിച്ചു. ബഷീര്‍ പ്രസംഗിച്ചത് ജൂണ്‍ മൂന്നിനാണെന്നും അക്രമികള്‍ കാര്‍ വാടകയ്ക്കെടുത്തത് ജൂണ്‍ രണ്ടിനാണെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും പിന്നീട് തിരുത്തി. അതുകൊണ്ട് സംഭവത്തില്‍ ബഷീറിന് പങ്കില്ലെന്നായി മുഖ്യമന്ത്രി. കാര്‍ ഒരു ദിവസംമുമ്പ് വാടകയ്ക്കെടുത്തതുകൊണ്ട് പിന്നീട് നടത്തിയ പ്രസംഗം കൊലയ്ക്ക് പ്രേരണയാകില്ലെന്നാണ് വാദം. അന്വേഷണം നടക്കുന്ന ഒരു കേസില്‍ അതിനെ സ്വാധീനിക്കുന്ന രൂപത്തില്‍ മുഖ്യമന്ത്രി പറയുന്നത് ശരിയാണോ എന്ന ചോദ്യത്തിന് വസ്തുതകള്‍ പറയുകയാണെന്നായിരുന്നു വാദം. ഇതെല്ലാം കേസന്വേഷണ ഉദ്യോഗസ്ഥര്‍ക്കുള്ള വ്യക്തമായ നിര്‍ദേശവും അന്വേഷണത്തിലുള്ള പരസ്യമായ ഇടപെടലുമാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ സൃഷ്ടിച്ചത് സര്‍ക്കാരും ലീഗ് നേതൃത്വവുമാണ്. കൊല ലീഗ് രാഷ്ട്രീയപ്രേരിതമായി ചെയ്തതുമാണെന്ന് വ്യക്തം. ഇപ്പോള്‍ കൊല്ലപ്പെട്ടവരുടെ വീട് കഴിഞ്ഞ ജനുവരിയില്‍ ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. "ഞങ്ങളുടെ എംഎല്‍എയ്ക്കെതിരെ സാക്ഷി പറയുമോ" എന്ന് ആക്രോശിച്ചായിരുന്നു അക്രമം. ആ സംഭവത്തില്‍ ബഷീറിനെതിരെ പരാതി നല്‍കിയിട്ടും പ്രതിയാക്കിയില്ല. മാത്രമല്ല, എഫ്ഐആറില്‍ കൃത്രിമം കാണിച്ച് പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചു. പൊലീസിന്റെ ഈ നടപടിയെ ഹൈക്കോടതി നിശിതമായ ഭാഷയില്‍ വിമര്‍ശിച്ചു. ഈ സാഹചര്യംകൂടി കണക്കിലെടുത്താണ് ഇരട്ടക്കൊലക്കേസില്‍ വ്യക്തമായ പങ്കുണ്ടെന്ന ഉത്തമബോധ്യത്തോടെ പൊലീസ് ബഷീറിനെ പ്രതിയാക്കിയത്.
നേരത്തെ സംഘട്ടനത്തില്‍ ഒരാള്‍ മരിച്ചത് ഫുട്ബോള്‍ കളിയുമായി ബന്ധപ്പെട്ടല്ലെന്നും മരിച്ചയാള്‍ യുഡിഎഫുകാരനാണെന്നും പറഞ്ഞ് സംഭവത്തിന്റെ രാഷ്ട്രീയ ബന്ധം ബഷീര്‍ ആവര്‍ത്തിച്ചിരുന്നു. ഇതില്‍നിന്നുതന്നെ ബഷീറിന് ഗൂഢാലോചനയിലും ആസൂത്രണത്തിലും ഉള്‍പ്പെടെ പങ്കുണ്ടെന്ന് വ്യക്തം. ഇതെല്ലാം തകിടംമറിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. അധ്യാപകനെ ചവിട്ടിക്കൊന്ന കേസിലെ പ്രതികള്‍ക്കെതിരെ സാക്ഷിപറഞ്ഞാല്‍ കൊല്ലുമെന്ന് പ്രസംഗിച്ചതുമായി ബന്ധപ്പെട്ട് ചാര്‍ജ് ചെയ്ത കേസ് പിന്‍വലിച്ചത്, ബഷീറിനോട് ഇത്തരം പ്രസംഗങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് നിര്‍ദ്ദേശിച്ചതിനു ശേഷമാണെന്ന വിചിത്ര വാദവും മുഖ്യമന്ത്രി നിരത്തി.
ഇരട്ടക്കൊലയ്ക്ക് ആഹ്വാനം നല്‍കിയത് ലീഗ് എംഎല്‍എ: പിണറായി 

പയ്യോളി (കോഴിക്കോട്): അരീക്കോട്ട് സഹോദരങ്ങളുടെ ഇരട്ടക്കൊലപാതകം നടക്കുന്നതിനു മുമ്പ് മുസ്ലിംലീഗ് എംഎല്‍എ നടത്തിയ പ്രസംഗം ആക്രമണത്തിനുള്ള പരസ്യമായ ആഹ്വാനമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പാണക്കാട് തങ്ങള്‍ വേദിയിലുള്ളപ്പോഴാണ് ചില കുടുംബത്തിന്റെ പേരെടുത്തു പറഞ്ഞ് എംഎല്‍എയുടെ അക്രമഭീഷണിയുണ്ടായത്. നിങ്ങള്‍ ചെയ്തുകൊള്ളൂ, ബാക്കി ഞാന്‍ നോക്കാം എന്നുപറഞ്ഞ് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സഹോദരങ്ങള്‍ കൊല്ലപ്പെട്ടു. എംഎല്‍എയുടെ ഭീഷണി പ്രാവര്‍ത്തികമാക്കുയായിരുന്നു പ്രവര്‍ത്തകര്‍. എംഎല്‍എയെ പ്രതിയാക്കി ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ എംഎല്‍എയ്ക്ക് ആശങ്കയില്ല. അദ്ദേഹം പരസ്യമായി പറയുന്നു കേസ് വേഗം അന്വേഷിക്കണമെന്ന്. കോണ്‍ഗ്രസും ആഭ്യന്തരവകുപ്പും ലീഗിനെ തൊട്ട് ഒരുകളിക്കും തയ്യാറാവില്ല. വിശദമായ അന്വേഷണത്തില്‍ യുഡിഎഫ് ഗവണ്‍മെന്റ് സഹായിക്കും, കേസില്‍നിന്ന് ഒഴിവാക്കും എന്ന ഉറച്ച വിശ്വാസത്തിലാണ് ഈ എംഎല്‍എ. ആ വിശ്വാസ പ്രകടനമാണ് അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ കാണുന്നത്. എല്‍ഡിഎഫ് ഭരിക്കുമ്പോഴാണ് അധ്യാപകനെ ലീഗുകാര്‍ ചവിട്ടിക്കൊന്നത്. ആ കേസില്‍ സാക്ഷി പറഞ്ഞാല്‍ അധ്യാപകന്റെ ഗതിയുണ്ടാകുമെന്ന് അന്ന് ഈ നേതാവ് ഭീഷണി മുഴക്കിയതാണ്. അന്നെടുത്ത കേസ് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ പിന്‍വലിച്ചു. അതില്‍ ആശ്ചര്യമില്ല. ലീഗിന് വിഷമമുണ്ടാക്കുന്ന തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകളെല്ലാം പിന്‍വലിക്കാന്‍ യുഡിഎഫ് തയ്യാറായിട്ടുണ്ടെന്നും പിണറായി പറഞ്ഞു.
 
ബഷീറിന്റെ അറസ്റ്റ് ഒഴിവാകുമോ?

കോഴിക്കോട്: "എഫ്ഐആറില്‍ പേരുണ്ട് എന്നതുകൊണ്ടുമാത്രം ഒരാള്‍ കേസില്‍ പ്രതിയാകുന്നില്ല. അതിനാല്‍ അറസ്റ്റ് ചെയ്യണമെന്നില്ല. പൊലീസ് അന്വേഷിച്ച് കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് കണ്ടാലേ അറസ്റ്റ് ചെയ്യേണ്ടതുള്ളു"-കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ പ്രതിയായിട്ടും പി കെ ബഷീര്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യാത്തതിനെക്കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ന്യായീകരണം.
കൊലക്കേസ് പ്രതിക്ക് രാഷ്ട്രീയ സ്വാധീനത്തില്‍ നിയമത്തിന് മുമ്പില്‍നിന്ന് മാറിനില്‍ക്കാന്‍ കഴിയുമെന്നതിന് ഏറ്റവും പുതിയ ഉദാഹരണം ബഷീര്‍ കേസ് തന്നെ. ബഷീറിന് ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കുന്നത് നിയമവിരുദ്ധമായ സംരക്ഷണമാണ്. അരീക്കോട് പൊലീസ് ജൂണ്‍ 11ന് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ത്രേട്ട് മുമ്പാകെ ക്രിമിനല്‍ നടപടിച്ചട്ടം 154 പ്രകാരം സമര്‍പ്പിച്ച എഫ്ഐആറില്‍ ആറാം പ്രതിയാണ് ലീഗ് എംഎല്‍എയായ ഇദ്ദേഹം. ഇന്ത്യന്‍ ശിക്ഷാനിയമം 143 (നിയമവിരുദ്ധമായ സംഘം ചേരല്‍), 147 (അക്രമം നടത്തണമെന്ന ഉദ്ദേശ്യത്തോടെ അഞ്ചിലധികം പേര്‍ ഒത്തുകൂടല്‍), 148 (മാരകായുധങ്ങളുമായുള്ള സംഘം ചേരല്‍), 120-ബി ( ഗൂഢാലോചന-ഈ സംഭവത്തില്‍ കൊലനടത്താനുള്ള ഗൂഢാലോചന), 302 (കൊലപാതകം), 149 (പൊതു ഉദ്ദേശ്യത്തോടെയുള്ള ഗൂഢപ്രവൃത്തി) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ബഷീര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ കേസ്. ഗുഢാലോചനക്കുറ്റം ബഷീറിനെതിരെയുമുണ്ട്. 149 വകുപ്പ് ചേര്‍ത്തതുകൊണ്ട് കുറ്റകൃത്യത്തില്‍ പ്രതികള്‍ക്ക് തുല്യ ഉത്തരവാദിത്തമാണ്. പി കെ ബഷീറിനെതിരെ പ്രേരണക്കുറ്റം മാത്രമേ ചുമത്തിയുള്ളു എന്ന വാദം വസ്തുതക്ക് നിരക്കുന്നതല്ലെന്ന് ഇത് തെളിയിക്കുന്നു.
എഫ്ഐആറില്‍ പ്രതി ചേര്‍ക്കപ്പെട്ട ആളെ ഉടനെ അറസ്റ്റ് ചെയ്യണമോ പിന്നീട് മതിയോ എന്ന് തീരുമാനിക്കാനുള്ള അധികാരം അന്വേഷണ ഉദ്യോഗസ്ഥനാണ്. ബഷീറിനെ ഇപ്പോള്‍ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പറഞ്ഞപ്പോള്‍, അത് ഉദ്യോഗസ്ഥനുള്ള വ്യക്തമായ നിര്‍ദേശമായി. മന്ത്രിമാര്‍ പറയുംപോലെ കൊലക്കേസ് അന്വേഷണം മുമ്പോട്ടുകൊണ്ടുപോകേണ്ട ഗതികേടിലായി ഉദ്യോഗസ്ഥര്‍. കേസ് അന്വേഷണത്തിലുള്ള നിയമവിരുദ്ധമായ ഇടപെടലാണിത്. എഫ്ഐആറില്‍ പേരുണ്ടെങ്കിലും ഇല്ലെങ്കിലും പൊലീസിന് ഒരാളെ അറസ്റ്റ് ചെയ്യാന്‍ നിയമം അധികാരം നല്‍കുന്നുണ്ട്. കൊലക്കേസില്‍ ലീഗ് എംഎല്‍എയുടെ പങ്ക് വ്യക്തമായപ്പോഴാണ്, പ്രതിക്ക് "എഫ്ഐആറില്‍ പേരുള്ള ആള്‍" എന്ന പേര് വന്നത്.
ലൈറ്റില്ലാതെ സൈക്കിള്‍ ഓടിച്ചതുപോലുള്ള ലഘുവായ കുറ്റം എന്ന ധ്വനി. ജൂണ്‍ 10ന് രാത്രി 7.30നാണ് കുനിയില്‍ അങ്ങാടിയില്‍ ഒരുപാട് പേരുടെ മുമ്പില്‍ ആസാദ്, അബൂബക്കര്‍ എന്നീ സഹോദരങ്ങളെ വെട്ടിക്കൊന്നത്. ദൃക്സാക്ഷിയായ കൊളക്കാടന്‍ നജീബിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. പ്രതിയെ അറസ്റ്റ് ചെയ്യുന്നത് കേസില്‍ തെളിവ് ശേഖരിക്കുന്നതിനാണ്. പ്രതി ഗൂഢാലോചനയില്‍ പങ്കാളിയായതിനാല്‍ ഈ കേസില്‍ അറസ്റ്റ് ചെയ്തേ മതിയാകൂ. "ഞങ്ങളുടെ എംഎല്‍എക്കെതിരെ സാക്ഷി പറയാന്‍ കൊളക്കാടന്മാര്‍ ആയിട്ടില്ല" എന്ന് വിളിച്ചുപറഞ്ഞാണ് ആസാദിനെ പ്രതികള്‍ വെട്ടിയതെന്ന് നജീബ് മൊഴി നല്‍കി. ഈ മൊഴിയുള്ളതിനാല്‍ ബഷീറിനെ രക്ഷപ്പെടുത്താന്‍ പൊലീസുകാര്‍ക്ക് കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് അവര്‍ ബഷീറിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തിയത്. ടി പി ചന്ദ്രശേഖരന്‍ കേസില്‍ സിപിഐ എമ്മിനെ കേസില്‍ പെടുത്താനാണ് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കേന്ദ്ര ആഭ്യന്തരസഹമന്ത്രിയും ശ്രമിച്ചത്. ഇവിടെ ഭരണകക്ഷി നേതാവിനെ കൊലക്കേസില്‍നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നു.

ബഷീറിന്റെ പ്രസംഗത്തില്‍ കൂടുതല്‍ പ്രകോപനമുള്ള ഭാഗങ്ങളുണ്ടെന്ന് സൂചന

മഞ്ചേരി: ജൂണ്‍ മൂന്നിന് കുനിയില്‍ പി കെ ബഷീര്‍ എംഎല്‍എ നടത്തിയ വിവാദ പ്രസംഗത്തില്‍ പ്രകോപനപരമായ കൂടുതല്‍ ഭാഗങ്ങളുള്ളതായി വിവരം. നിലവില്‍ ലഭ്യമായ ഓഡിയോയിലെ പ്രസംഗത്തിനുശേഷമാണ് കൊളക്കാടന്‍ കുടുംബത്തിലെ ചിലരെ എടുത്തുപരാമര്‍ശിച്ച് ബഷീര്‍ പ്രസംഗിച്ചത്. ഈ ഭാഗം കടുത്ത പ്രയോഗങ്ങളടങ്ങുന്നതാണെന്നാണ് സൂചന. ഈ ഭാഗങ്ങള്‍ കുനിയിലെ ചടങ്ങില്‍ പങ്കെടുത്ത ലീഗ് പ്രവര്‍ത്തകരുള്‍പ്പെടെ ചിലര്‍ മൊബൈലില്‍ റെക്കോഡ് ചെയ്തിട്ടുണ്ട്. ബഷീറിന്റെ പ്രസംഗത്തിലെ കൂടുതല്‍ കടുത്ത പ്രയോഗങ്ങള്‍ സംബന്ധിച്ച് കുനിയില്‍ പ്രദേശത്ത് വാര്‍ത്ത പരന്നതോടെ, ക്ലിപ്പിങ് ആരുടെയെങ്കിലും മൊബൈലിലുണ്ടെങ്കില്‍ മായ്ച്ചുകളയാന്‍ ലീഗ് ജില്ലാ നേതൃത്വം രഹസ്യനിര്‍ദേശം നല്‍കി. പൂര്‍ണമായ വീഡിയോ പുറത്തായാല്‍ ബഷീര്‍ വീണ്ടും കുടുങ്ങുമെന്ന് ഉറപ്പായതിനാലാണിത്.

No comments:

Post a Comment