Tuesday, June 12, 2012

അയോഗ്യതകള്‍ നീക്കംചെയ്യല്‍: ഭേദഗതി ബില്‍ സബ്ജക്ട് കമ്മിറ്റിക്ക്


നിയമസഭ (അയോഗ്യതകള്‍ നീക്കംചെയ്യല്‍) ഭേദഗതി നിയമം സഭ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടു. ചില ഉദ്യോഗങ്ങള്‍ വഹിക്കുന്ന ആളുകള്‍ക്ക് നിയമസഭാ അംഗമാകാന്‍ അയോഗ്യതയില്ലെന്നു പ്രഖ്യാപിക്കുന്ന 1951ലെ നിയമസഭാ (അയോഗ്യത നീക്കംചെയ്യല്‍) നിയമത്തിലാണ് ഭേദഗതി. മന്ത്രിമാര്‍, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവര്‍ക്ക് ശമ്പളവും ബത്തകളും നല്‍കുന്നത് 1951ലെ ശമ്പളവും ബത്തകളും നല്‍കല്‍ നിയമപ്രകാരമാണ്. ഈ ചുമതലകള്‍ വഹിക്കുന്ന എല്ലാവരെയും ആദായകരമായ ഉദ്യോഗത്തിനു കീഴിലെ അയോഗ്യതയില്‍നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍, 1951ലെ നിയമസഭാ (അയോഗ്യതകള്‍ നീക്കംചെയ്യല്‍) നിയമത്തിന്റെ രണ്ടാംവകുപ്പില്‍ പ്രത്യേകമായി പരാമര്‍ശിച്ചിട്ടില്ലെന്നതു കാരണം ചീഫ് വിപ്പിന്റെയും പ്രതിപക്ഷ നേതാവിന്റെയും ചുമതല വഹിക്കുന്നവര്‍ സഭാംഗമായി തുടരുന്നതില്‍ അയോഗ്യതയുണ്ടെന്ന ആക്ഷേപത്തെതുടര്‍ന്ന് നിയമഭേദഗതി വരുത്തി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയിരുന്നു. ഇതിനു പകരമായാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്.

ഭേദഗതിക്ക് മുന്‍കൂര്‍ പ്രാബല്യം നല്‍കാനാണ് തീരുമാനമെന്ന് ബില്‍ അവതരിപ്പിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സഭ പാസാക്കിയ ഒരു നിയമംമൂലം ഒരംഗത്തിന് അയോഗ്യത കല്‍പ്പിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണ് ഭേദഗതി നിര്‍ദേശം മുന്നോട്ടുവയ്ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ബില്ലിനൊപ്പം അവതരിപ്പിച്ച ധനകാര്യ മെമ്മോറാണ്ടത്തെ എ കെ ബാലന്‍ എതിര്‍ത്തു. ബില്‍ നിയമമാക്കി പ്രാബല്യത്തില്‍ കൊണ്ടുവന്നാല്‍ സംസ്ഥാന സഞ്ചിതനിധിയില്‍നിന്ന് ഒരു ചെലവും ഉണ്ടാകില്ലെന്ന വാദം ശരിയല്ല. ആവര്‍ത്തനവും അനാവര്‍ത്തനവുമായ ചെലവുകളും കാണിച്ചുള്ള പുതുക്കിയ മെമ്മോറാണ്ടം അവതരിപ്പിക്കണമെന്നും ബാലന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഈ ആവശ്യം നിരാകരിച്ചു.

എല്ലാ ആനുകൂല്യവും പറ്റി നാടുനീളെ നടന്ന് വിടുവായത്തം പറയുന്ന ചീഫ് വിപ്പ് പി സി ജോര്‍ജിനുവേണ്ടി മാത്രമാണ് നിയമനിര്‍മാണമെന്ന് ബില്ലിന് ഭേദഗതി നിര്‍ദേശിച്ച് കെ രാജു പറഞ്ഞു. ഭരണം നിലനിര്‍ത്താന്‍ ജോര്‍ജ് ഒരു പ്രധാന ഘടകമായതിനാല്‍ സര്‍ക്കാര്‍ അദ്ദേഹത്തിനുമുന്നില്‍ കീഴടങ്ങുകയാണെന്ന് എസ് രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടി. സാജു പോള്‍, ജോസഫ് വാഴയ്ക്കന്‍ എന്നിവരും സംസാരിച്ചു.

deshabhimani 120612

No comments:

Post a Comment