Tuesday, June 12, 2012

ലീഗിന്റെ തീവ്രവാദമുഖം വെളിവായി: സെബാസ്റ്റ്യന്‍ പോള്‍


മുസ്ലിംലീഗിന്റെ തീവ്രവാദമുഖത്തിന് നഗ്നമായ തെളിവാണ് പി കെ ബഷീര്‍ എംഎല്‍എയുടെ പ്രസംഗമെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. ഇടതുപക്ഷവേട്ടയ്ക്കും മാധ്യമകോടതിക്കുമെതിരെ ഡിവൈഎഫ്ഐ ജില്ലാക്കമ്മറ്റി സംഘടിപ്പിച്ച രക്തസാക്ഷ്യം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലീഗില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറി എന്നാണ് നേരത്തെ പറഞ്ഞിരുന്നതെങ്കില്‍ ഇപ്പോള്‍ തീവ്രവാദികളുടെ സംഘടനയാണെന്ന് ഉറപ്പിച്ചുപറയാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ലീഗിന് അധികാരത്തിന്റെ മത്ത് പിടിച്ചിരിക്കുകയാണ്്. ബഷീര്‍ പ്രസംഗം നടത്തി ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം പരാമര്‍ശിച്ച വ്യക്തികള്‍ ദാരുണമായി കൊല്ലപ്പെട്ടിരിക്കുകയാണ്. അധികാരത്തിന്റെ മറവില്‍ ആരെയും എന്തുംചെയ്യാമെന്ന നിലപാടാണ് ലീഗിനുള്ളത്. എന്നാല്‍, ഇത്തരം കാര്യങ്ങളെ തമസ്കരിക്കുന്ന നിലപാടാണ് കേരളത്തിലെ മാധ്യമങ്ങളുടേത്.
വിശ്വാസ്യത പൂര്‍ണമായും ഇല്ലാതാക്കുന്ന നിലപാടാണ് ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. കോടതികളെയും പൊലീസിനെയും വിമര്‍ശിക്കാനുള്ള അവകാശം പൗരന്മാര്‍ക്കുണ്ട്. മാധ്യമങ്ങളും പൊലീസും ചെയ്യുന്ന പ്രവര്‍ത്തികള്‍ തെറ്റാണെന്ന് ചൂണ്ടിക്കാണിക്കാനും അതിനെതിരെ പ്രതിഷേധിക്കാനും ജനങ്ങള്‍ക്ക് അവകാശമുണ്ട്. കോടതി പറഞ്ഞതുകൊണ്ട് അനുസരിക്കണമെന്ന് ഭരണഘടന പറഞ്ഞിട്ടില്ല. ഉത്തമബോധ്യത്തിന്റെ പേരില്‍പ്പോലും കോടതികള്‍ക്കു തെറ്റായവിധികള്‍ പുറപ്പെടുവിക്കാം. നിയമത്തെ വിധേയമാക്കി മാത്രമാണ് വിധികള്‍ ഉണ്ടാകുന്നത്. എന്നാല്‍, നിയമം മാത്രം അടിസ്ഥാനമാക്കിയുള്ള വിധികള്‍ പലപ്പോഴും നീതിപൂര്‍വമായിരിക്കില്ല. നീതിനിഷേധിക്കുന്ന നിയമങ്ങള്‍ മാറ്റപ്പെടണമെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എ എന്‍ ഷംസീര്‍ രക്തസാക്ഷ്യം ഉദ്ഘാടനംചെയ്തു. വൈറ്റിലയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് പി വാസുദേവന്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മറ്റിഅംഗം സി കെ മണിശങ്കര്‍, വൈറ്റില ഏരിയ സെക്രട്ടറി അഡ്വ. എന്‍ സതീഷ്, സൈമണ്‍ ബ്രിട്ടോ, ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ടി വി അനിത, ജില്ലാ സെക്രട്ടറി അഡ്വ. എം അനില്‍കുമാര്‍, ജില്ലാ സെക്രട്ടറിയറ്റ്അംഗം എ ജി ഉദയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറിയറ്റ്അംഗം ടി വി പ്രദീഷ് രക്തസാക്ഷിപ്രമേയം അവതരിപ്പിച്ചു.

deshabhimani 120612

No comments:

Post a Comment