Tuesday, June 5, 2012

അഴിമതി ന്യായീകരിച്ച് മന്‍മോഹന്‍


അഴിമതിയില്‍ മുങ്ങിക്കുളിച്ച യുപിഎ സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ വഴിയൊന്നും കാണാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി പരസ്പരം പുകഴ്ത്തലിന്റെ വേദിയായി മാറി. ഏറ്റവും വലിയ അഴിമതി ആരോപണത്തിന് വിധേയനായ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അഴിമതിയെ സ്വയം ന്യായീകരിച്ചു. അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുമെന്നു പറയുന്നതിനു പകരം അഴിമതി ആരോപണം ഉന്നയിച്ചവരെ ആക്രമിച്ചും പ്രധാനമന്ത്രിയെ പിന്തുണച്ചും കോണ്‍ഗ്രസ് അധ്യക്ഷയും രംഗത്തുവന്നു. സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തിന്റെ ഉത്തരവാദിത്തം രാഹുല്‍ഗാന്ധിയുടെ മേല്‍ കെട്ടിവയ്ക്കാനാകില്ലെന്നും പ്രവര്‍ത്തകസമിതി പ്രഖ്യാപിച്ചു. പ്രധാനമന്ത്രിക്കെതിരായ അഴിമതി ആരോപണം അടിസ്ഥാനരഹിതമാണെന്ന് സോണിയ അവകാശപ്പെട്ടു. ആരോപണം ഉന്നയിക്കുന്നവരെ നേരിടാന്‍ പ്രവര്‍ത്തകരോട് സോണിയ ആഹ്വാനംചെയ്തു.

പ്രതിപക്ഷവും പൗരസമൂഹ പ്രസ്ഥാനങ്ങളും പ്രധാനമന്ത്രിക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. സാമ്പത്തികസ്ഥിതി മോശമാണെന്നു പറഞ്ഞ സോണിയ, പെട്രോള്‍ വിലവര്‍ധനയെന്ന് പറയാതെ അതിനെ ന്യായീകരിക്കാന്‍ മുതിര്‍ന്നു. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ഭാരമാണ് ഇന്ത്യയിലെ ജനങ്ങള്‍ക്കും പങ്കിടേണ്ടിവരുന്നതെന്നായിരുന്നു സോണിയയുടെ ന്യായീകരണം. യുപിഎ സര്‍ക്കാര്‍ പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. കോണ്‍ഗ്രസിതര സംസ്ഥാന സര്‍ക്കാരുകള്‍ കേന്ദ്രസര്‍ക്കാരുമായി സഹകരിക്കുന്നില്ല. വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കും 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിനും സജ്ജരാകണം. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനും സോണിയ ആഹ്വാനംചെയ്തു.

തനിക്കെതിരായ അഴിമതി ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അണ്ണ ഹസാരെയും രാംദേവും നുണ പ്രചരിപ്പിക്കുകയാണ്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആഗ്രഹിക്കുന്ന ശക്തികളാണ് തെറ്റിദ്ധാരണ പരത്തി ആക്രമണം നടത്തുന്നത്. ഇവയെ ഫലപ്രദമായി നേരിടണമെന്നും പ്രധാനമന്ത്രി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം സംബന്ധിച്ച എ കെ ആന്റണി കമ്മിറ്റി റിപ്പോര്‍ട്ടും പ്രവര്‍ത്തകസമിതി വിലയിരുത്തി. തോല്‍വിക്ക് രാഹുല്‍ഗാന്ധിയടക്കം ആരെയും കുറ്റപ്പെടുത്തിയില്ല. വിഭാഗീയതയാണ് തോല്‍വിക്ക് കാരണമെന്നു പറഞ്ഞ് കോണ്‍ഗ്രസിന്റെയും യുപിഎ സര്‍ക്കാരിന്റെയും ജനവിരുദ്ധനയങ്ങളെ പരോക്ഷമായി ന്യായീകരിച്ചു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ വര്‍ക്കിങ് കമ്മിറ്റിക്ക് കഴിഞ്ഞില്ല. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ ഉചിതമായ തീരുമാനമെടുക്കട്ടെയെന്ന് പ്രണബ് മുഖര്‍ജി അവതരിപ്പിച്ച പ്രമേയത്തില്‍ പറഞ്ഞു. പ്രവര്‍ത്തകസമിതി അംഗങ്ങള്‍ക്കു പുറമെ പിസിസി പ്രസിഡന്റുമാര്‍, കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ എന്നിവരും പങ്കെടുത്തു. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല യോഗത്തില്‍ പങ്കെടുത്തെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എത്തിയില്ല.
(വി ജയിന്‍)

deshabhimani 050612

1 comment:

  1. അഴിമതിയില്‍ മുങ്ങിക്കുളിച്ച യുപിഎ സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ വഴിയൊന്നും കാണാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി പരസ്പരം പുകഴ്ത്തലിന്റെ വേദിയായി മാറി. ഏറ്റവും വലിയ അഴിമതി ആരോപണത്തിന് വിധേയനായ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അഴിമതിയെ സ്വയം ന്യായീകരിച്ചു. അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുമെന്നു പറയുന്നതിനു പകരം അഴിമതി ആരോപണം ഉന്നയിച്ചവരെ ആക്രമിച്ചും പ്രധാനമന്ത്രിയെ പിന്തുണച്ചും കോണ്‍ഗ്രസ് അധ്യക്ഷയും രംഗത്തുവന്നു. സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തിന്റെ ഉത്തരവാദിത്തം രാഹുല്‍ഗാന്ധിയുടെ മേല്‍ കെട്ടിവയ്ക്കാനാകില്ലെന്നും പ്രവര്‍ത്തകസമിതി പ്രഖ്യാപിച്ചു. പ്രധാനമന്ത്രിക്കെതിരായ അഴിമതി ആരോപണം അടിസ്ഥാനരഹിതമാണെന്ന് സോണിയ അവകാശപ്പെട്ടു. ആരോപണം ഉന്നയിക്കുന്നവരെ നേരിടാന്‍ പ്രവര്‍ത്തകരോട് സോണിയ ആഹ്വാനംചെയ്തു.

    ReplyDelete