Tuesday, June 12, 2012
ആലപ്പുഴയിലും കോഴിക്കോട്ടും വിദ്യാര്‍ഥികളെ പൊലീസ് തല്ലിച്ചതച്ചു
എസ്എഫ്ഐ ഇടുക്കി ജില്ലാ വൈസ്പ്രസിഡന്റ് അനീഷ്രാജന്റെ കൊലപാതകികളായ കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റുകളിലേക്ക് മാര്‍ച്ച് ചെയ്ത വിദ്യാര്‍ഥികളെ പൊലീസ് ഭീകരമായി തല്ലിച്ചതച്ചു. ആലപ്പുഴയില്‍ എസ്എഫ്ഐ ജില്ലാസെക്രട്ടറിയടക്കം 20 പേര്‍ക്കും കോഴിക്കോട്ട് അഞ്ച് വിദ്യാര്‍ഥികള്‍ക്കും ഗുരുതരമായി പരിക്കേറ്റു.
ആലപ്പുഴയില്‍ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ മിഥുന്‍ ഷാ, കെ ജെ മാര്‍ട്ടിന്‍ എന്നിവരുടെ തലയ്ക്ക് സാരമായി പരിക്കേറ്റു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി ആര്‍ രാഹുല്‍, പ്രസിഡന്റ് ജെയിംസ് സാമുവല്‍, സംസ്ഥാനകമ്മിറ്റി അംഗം അനസ് അലി, തകഴി ഏരിയ കമ്മിറ്റിയംഗം മാത്യു എന്നിവര്‍ക്കും സാരമായ പരിക്കുണ്ട്. മര്‍ദനത്തില്‍ അവശരായ വിദ്യാര്‍ഥികളെ ആശുപത്രിയിലാക്കാന്‍ സഹവിദ്യാര്‍ഥികള്‍ ശ്രമിച്ചെങ്കിലും പൊലീസ് സമ്മതിച്ചില്ല. ഇവരെ റോഡിലൂടെ വലിച്ചിഴച്ചു. പിന്നീട് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഗുരുതരമായി പരിക്കേററവരെപോലും ആശുപത്രിയിലെത്തിക്കാത്തതിനെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ബഹളംവച്ചതോടെ ജില്ലാ ജനറല്‍ ആശുപത്രിയിലെത്തിച്ചു. സ്ഥിതി വഷളായതിനെത്തുടര്‍ന്ന് മാര്‍ട്ടിനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. മിഥുന്‍ഷാ, ആര്‍ രാഹുല്‍ എന്നിവരും ചികിത്സയിലാണ്.
കോഴിക്കോട്ട് കമീഷണര്‍ ഓഫീസിലേക്ക് നടത്തിയ എസ്എഫ്ഐ മാര്‍ച്ചിനെയാണ് പൊലീസ് നേരിട്ടത്. ജലപീരങ്കി പ്രയോഗത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ക്യാമറകള്‍ക്ക് കേടുപറ്റി. വിദ്യാര്‍ഥിനികളുള്‍പ്പെടെയുള്ളവരെയും ആണ്‍പൊലീസുകാര്‍ മര്‍ദ്ദിച്ചു. പ്രവര്‍ത്തകരെയും മര്‍ദിച്ചു. അടികൊണ്ട് വൈക്കം മുഹമ്മദ് ബഷീര്‍ റോഡിലേക്കും ടൗണ്‍ഹാള്‍ ഭാഗത്തേക്കും ഓടിയവരെ പൊലീസ് പിന്തുടര്‍ന്ന് മര്‍ദിച്ചു. 32 പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു.
ലാത്തിച്ചാര്‍ജിന് ഹോംഗാര്‍ഡുമാരും
കോഴിക്കോട്: കമീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരെ മര്‍ദിക്കാന്‍ ഹോം ഗാര്‍ഡുമാരും. അനീഷ് രാജന്റെ കൊലപാതകികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച മാര്‍ച്ചിനെത്തിയ വിദ്യാര്‍ഥികള്‍ക്കുനേരെയായിരുന്നു മര്‍ദനം. ഗതാഗത നിയന്ത്രണത്തിന് മാത്രമായി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണ് ഹോം ഗാര്‍ഡുമാരെ നിയമിച്ചത്. ഉമ്മന്‍ചാണ്ടി അധികാരമേറ്റ ശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന വിദ്യാര്‍ഥി-യുവജന സമരം നേരിടാന്‍ ഹോംഗാര്‍ഡുമാരെ ഉപയോഗിക്കുന്നുണ്ട്.
തിങ്കളാഴ്ച നഗരത്തിലെ സ്റ്റേഷനുകളിലെ ഭൂരിഭാഗം ഹോംഗാര്‍ഡുമാരെയും സമരം നേരിടാന്‍ നിയോഗിച്ചിരുന്നു. പൊലീസുകാര്‍ക്കൊപ്പം ഇവരും വിദ്യാര്‍ഥികളെ തല്ലിച്ചതച്ചു. ലാത്തിപ്രയോഗത്തിന്റെ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയായിരുന്നു മര്‍ദനം. വിദ്യാര്‍ഥികളുടെ തലയ്ക്കും നെഞ്ചത്തും പുറത്തുമെല്ലാം ഇവര്‍ ലാത്തികൊണ്ടടിച്ചു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചവരെ പിന്തുടര്‍ന്നായിരുന്നു മര്‍ദനം. വെസ്റ്റ്ഹില്‍ പോളിയില്‍ നിര്‍മല്‍ മാധവന്‍ എന്ന വിദ്യാര്‍ഥിക്ക് അനധികൃതമായി പ്രവേശനം നല്‍കിയതിനെതിരെ നടത്തിയ സമരവും ഹോംഗാര്‍ഡുമാരെ ഉപയോഗിച്ചാണ് പൊലീസ് നേരിട്ടത്. എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ബന്ധത്തിന് വഴങ്ങിസമരങ്ങള്‍ നേരിടേണ്ടി വരുന്നതില്‍ മിക്ക ഹോംഗാര്‍ഡുമാര്‍ക്കും അതൃപ്തിയുണ്ട്. ജോലി നിലനിര്‍ത്താനാണ് പലരും മേധാവികളുടെ നിര്‍ബന്ധത്തിന് വഴങ്ങുന്നത്. ഗതാഗത നിയന്ത്രണമല്ലാതെ മറ്റ് നിയമങ്ങളൊന്നും വശമില്ലാത്ത ഇവര്‍ കടുത്ത അതൃപ്തിയോടെയാണ് ഈ നിര്‍ദേശം അനുസരിക്കുന്നത്.
എസ്എഫ്ഐ ഇന്ന് പ്രതിഷേധദിനം ആചരിക്കും
കോഴിക്കോട്: എസ്എഫ്ഐ നേതാവ് അനീഷ്രാജന്റെ കൊലപാതകികളെ സംരക്ഷിക്കുന്ന യുഡിഎഫ്-പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് കമീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികളെ ക്രൂരമായി തല്ലിച്ചതച്ചതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ജില്ലയില്‍ എല്ലാ യൂണിറ്റുകളിലും പ്രതിഷേധദിനമായി ആചരിക്കാന്‍ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു. എസ്എഫ്ഐ പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് കോഴിക്കോട് നഗരത്തില്‍ എസ്എഫ്ഐ ആഭിമുഖ്യത്തില്‍ പ്രതിഷേധപ്രകടനം നടത്തി. ജില്ലാ സെന്ററില്‍നിന്നും തുടങ്ങിയ പ്രകടനം പുതിയ ബസ്സ്റ്റാന്‍ഡില്‍ അവസാനിപ്പിച്ചു. പ്രകടനത്തിന് ടി പി ബിനീഷ്, ടി കെ സുമേഷ് മൂലാട്, എം സമീഷ്, എം എം ജിജേഷ്, എസ് എസ് അര്‍ജുന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
deshabhimani 120612
Labels:
എസ്.എഫ്.ഐ,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment