Friday, June 1, 2012

മര്‍ദിച്ച് തെളിവുണ്ടാക്കാന്‍ ശ്രമിക്കേണ്ട: പിണറായി


ആളുകളെ മര്‍ദിച്ച് തെളിവുണ്ടാക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയ്ക്കനുസരിച്ച് മൊഴിയുണ്ടാക്കാന്‍ കസ്റ്റഡിയിലെടുത്തവരെ ഭീകരമായി മര്‍ദിക്കുകയാണ്. പൊലീസ് തയ്യാറാക്കിയ മൊഴി ഏറ്റുപറയാന്‍ തയ്യാറാകാത്തതിനാണ് ലോക്കല്‍കമ്മിറ്റി അംഗം രവീന്ദ്രനെ തല്ലിച്ചതച്ചത്. വിരലിനിടയില്‍ കമ്പുവച്ചുള്ള പ്രയോഗവുമുണ്ടായി. കുറ്റം പാര്‍ടിയ്ക്കുമേല്‍ കെട്ടിവയ്ക്കാനുള്ള ആഭ്യന്തരവകുപ്പിന്റെ നെറികെട്ട ശ്രമത്തോട് യോജിക്കാനാകില്ല- മാനന്തേരി ഞാലില്‍ ഇ കെ നായനാര്‍ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

ചന്ദ്രശേഖരനെ വധിച്ച സംഭവത്തില്‍ നിഷ്പക്ഷ അന്വേഷണം ഞങ്ങള്‍ സ്വാഗതം ചെയ്തിട്ടുണ്ട്. സിപിഐ എമ്മിന് ചന്ദ്രശേഖരനെ കൊലപ്പെടുത്തേണ്ട കാര്യമില്ല. തെറ്റായ ആശയത്തെ ശാരീരിക ആക്രമണത്തിലൂടെ ഇല്ലാതാക്കുന്നവരല്ല ഞങ്ങള്‍. അങ്ങനെയെങ്കില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം എന്നേ ഇല്ലാതായേനെ. പന്ത്രണ്ട് വര്‍ഷത്തിനിടെ 107 സഖാക്കളുടെ ജീവന്‍ നഷ്ടപ്പെട്ട പ്രസ്ഥാനമാണിത്. ഇടുക്കിയിലെ അനീഷ് രാജനെന്ന ചെറുപ്പക്കാരനാണ് ഇതില്‍ അവസാനത്തേത്. മുല്ലപ്പെരിയാര്‍ പ്രശ്നത്തിനിടെ യൂത്ത് കോണ്‍ഗ്രസുകാര്‍ എസ്റ്റേറ്റുകളില്‍ കയറി തമിഴ് കുടുംബങ്ങളെ അടിച്ചോടിച്ചപ്പോള്‍ ഇടതുപക്ഷം ശക്തമായ നിലപാടെടുത്തു. പ്രശ്നം തീര്‍ന്ന് തിരിച്ചുവന്നപ്പോഴും കോണ്‍ഗ്രസുകാര്‍ ഈ കുടുംബങ്ങളെ ആക്രമിച്ചു. വിവരമറിഞ്ഞ് അനീഷ് രാജനുള്‍പ്പെടെയുള്ള നാട്ടുകാരെത്തി ഇവരെ സംരക്ഷിച്ചു. ഈ വിരോധത്തിലാണ് കോണ്‍ഗ്രസുകാര്‍ അനീഷ് രാജനെ കുത്തിക്കൊന്നത്.

എം എം മണിയുടെ പ്രസംഗത്തിന്റെ പേരില്‍ കോപ്രായം കാട്ടുന്നവര്‍ അനീഷ് രാജന്റെ കൊലയാളികളെ എന്തുകൊണ്ട് പിടിക്കുന്നില്ല. കൊന്നത് കോണ്‍ഗ്രസാണെങ്കില്‍ നടപടിവേണ്ടെന്നാണോ. അനീഷ് രാജന്റെ അച്ഛനും അമ്മയും കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഫലമുണ്ടായില്ല. തളിപ്പറമ്പ് അരിയിലെ മോഹനനെ വെട്ടി തലച്ചോര്‍ പുറത്തുവന്നിട്ടും വധശ്രമത്തിന് കേസില്ല. ഈ കേസില്‍ എന്തുകൊണ്ട് 307-ാം വകുപ്പ് ചേര്‍ത്തില്ല. എം എം മണിക്ക് പറയാനുള്ള എല്ലാ അവസരവും നല്‍കുമെന്ന് പറയുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്തുകൊണ്ട് ലീഗുകാര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കുന്നില്ല. മാധ്യമങ്ങളെയും ഒപ്പംകൂട്ടിയാണിപ്പോള്‍ പൊലീസ് അന്വേഷണം. ക്യാമറസംഘത്തോടൊപ്പമാണ് ഓരോ വീട്ടിലും കയറിയിറങ്ങുന്നത്- പിണറായി പറഞ്ഞു.

ആളെ കൊന്ന് ആശയത്തെ നശിപ്പിക്കുന്ന രീതി സിപിഐ എമ്മിനില്ല: പിണറായി

കൊല്ലം: പാര്‍ടി വിട്ടുപോകുന്നവരെ കൊന്നു തീര്‍ക്കലല്ല സിപിഐ എമ്മിന്റെ രീതിയെന്ന് സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കൊല്ലം ജില്ലാ സഹകരണബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ ആസ്ഥാനമന്ദിരം (ഡിബിഇഎഫ് ഭവന്‍) ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

പാര്‍ടി വിട്ടവരുടെമേല്‍ ഒരുതരി മണ്ണുവീണ ചരിത്രം ഉണ്ടായിട്ടില്ല. അവരുടെ തെറ്റായ ആശയങ്ങളെ തുറന്നുകാട്ടും. ഒഞ്ചിയത്ത് ആര്‍എംപിയിലെ കുറെപ്പേര്‍ സിപിഐ എമ്മിലേക്ക് തിരികെവന്നു. ബാക്കിയുള്ളവരും വരാനുള്ള തയ്യാറെടുപ്പിലായിരുന്നു. ആളെ കൊന്ന് ആശയത്തെ നശിപ്പിക്കാമെങ്കില്‍ സിപിഐ എം ഉണ്ടാകുമായിരുന്നില്ല. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തം സിപിഐ എമ്മില്‍ എങ്ങനെയും കെട്ടിവയ്ക്കാനാണ് ശ്രമം. വധത്തില്‍ സിപിഐ എമ്മിന് പങ്കില്ലെന്ന് ആദ്യമേ വ്യക്തമാക്കിയതാണ്. ഈ നൂറ്റാണ്ടില്‍ ഇനി കൊലപാതകങ്ങള്‍ ഉണ്ടാകരുതെന്നാണ് എ കെ ആന്റണി നെയ്യാറ്റിന്‍കരയില്‍ പ്രസംഗിച്ചത്. സിപിഐ എമ്മിന്റെ 107 സഖാക്കളെയാണ് 12 വര്‍ഷത്തിനുള്ളില്‍ കൊലപ്പെടുത്തിയത്. ഒടുവില്‍ രക്തസാക്ഷിയായത് ഇടുക്കിയിലെ അനീഷ് രാജനാണ്. കൊലപാതകികള്‍ക്കെതിരെ ഒരു നടപടിയും ഉണ്ടായില്ല.

യുഡിഎഫ് ഭരിക്കുമ്പോള്‍ കോണ്‍ഗ്രസുകാര്‍ക്ക് എന്ത് അതിക്രമവും കാട്ടാമെന്നാണ് സ്ഥിതി. പൊലീസിന് സര്‍ക്കാര്‍ കൂച്ചുവിലങ്ങിടുന്നത് നാടിനെ കൂടുതല്‍ കുഴപ്പത്തിലേക്ക് നയിക്കും. നെയ്യാറ്റിന്‍കരയില്‍ സര്‍ക്കാരിനെതിരെയുള്ള ജനങ്ങളുടെ ധാര്‍മികരോഷം മറികടക്കാന്‍ യുഡിഎഫ് അതിരുവിട്ടു കളിക്കുകയാണ്. സമനില തെറ്റിയ യുഡിഎഫ് തെരഞ്ഞെടുപ്പുരംഗത്ത് പാടില്ലാത്തതെല്ലാം ചെയ്തുകൂട്ടുന്നു. തെറ്റായത് എന്തുംചെയ്യാന്‍ സര്‍ക്കാരിന് മടിയില്ലാതായി. കൈവച്ച മേഖലകളെല്ലാം തകര്‍ത്തുതരിപ്പണമാക്കി. ഭരണമുന്നണിയോട് ജനങ്ങളില്‍ കടുത്ത രോഷം ഉയര്‍ന്നുവരുന്നു. നെയ്യാറ്റിന്‍കരയില്‍ അത് പ്രതിഫലിക്കും. യുഡിഎഫ് ചക്രശ്വാസം വലിക്കുകയാണ് അവിടെ. കുറച്ചുനാള്‍ മുമ്പുവരെ എംഎല്‍എ ആയിരുന്ന മനുഷ്യന്‍ ദുര്‍മോഹിയാണെന്ന് യുഡിഎഫ് മനസിലാക്കി. ഒട്ടനവധി വാഗ്ദാനങ്ങള്‍ നല്‍കി യുഡിഎഫ് അയാളെ വലയിലാക്കി. വഞ്ചന കാട്ടിയയാളെ കോണ്‍ഗ്രസ് സ്വീകരിച്ച് കൈപ്പത്തി ചിഹ്നംനല്‍കി സ്ഥാനാര്‍ഥിയാക്കി. അവിടെ കാലാകാലമായി കൈപ്പത്തിചിഹ്നത്തില്‍ വോട്ടുചെയ്യുന്ന കോണ്‍ഗ്രസുകാര്‍ ഇത്തവണയും അങ്ങനെ ചെയ്യുമെന്നാണ് യുഡിഎഫിന്റെ വിശ്വാസം. നാടിനോടും സ്വന്തം മുന്നണിയോടും കടുത്ത വഞ്ചന കാട്ടിയയാളെ പ്രതിനിധിയാക്കാന്‍ ധാര്‍മികബോധമുള്ള ജനം തയ്യാറാകില്ല.

സമനില തെറ്റിയ യുഡിഎഫ് ജനമനസ്സ് മാറ്റാന്‍ എന്തുചെയ്യണമെന്ന വെപ്രാളത്തിലാണ്. യുഡിഎഫിന്റെ വഴിവിട്ട നീക്കമൊന്നും ഏശാന്‍പോകുന്നില്ല. ചന്ദ്രശേഖരന്റെ വധത്തിനുമുമ്പ് കേരളത്തില്‍ യുഡിഎഫിന്റെ മുഖം നഷ്ടമായ നിലയിലായിരുന്നു. അഞ്ചാം മന്ത്രിസ്ഥാനത്തെച്ചൊല്ലി കോണ്‍ഗ്രസ് മന്ത്രിമാര്‍ പരസ്യമായ അഭിപ്രായപ്രകടനം നടത്തി. സാമുദായിക സന്തുലിതാവസ്ഥയ്ക്ക് ഭംഗംവന്നെന്ന ആക്ഷേപം ഉയര്‍ന്നു. അത് പരിഹരിക്കാനെന്ന പേരില്‍ ഉമ്മന്‍ചാണ്ടി സ്വീകരിച്ച നടപടികള്‍ യുഡിഎഫിനെ കൂടുതല്‍ പ്രശ്നങ്ങളിലേക്കാണ് നയിച്ചതെന്നും പിണറായി ചൂണ്ടിക്കാട്ടി.

deshabhimani 010612

1 comment:

  1. ആളുകളെ മര്‍ദിച്ച് തെളിവുണ്ടാക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയ്ക്കനുസരിച്ച് മൊഴിയുണ്ടാക്കാന്‍ കസ്റ്റഡിയിലെടുത്തവരെ ഭീകരമായി മര്‍ദിക്കുകയാണ്. പൊലീസ് തയ്യാറാക്കിയ മൊഴി ഏറ്റുപറയാന്‍ തയ്യാറാകാത്തതിനാണ് ലോക്കല്‍കമ്മിറ്റി അംഗം രവീന്ദ്രനെ തല്ലിച്ചതച്ചത്. വിരലിനിടയില്‍ കമ്പുവച്ചുള്ള പ്രയോഗവുമുണ്ടായി. കുറ്റം പാര്‍ടിയ്ക്കുമേല്‍ കെട്ടിവയ്ക്കാനുള്ള ആഭ്യന്തരവകുപ്പിന്റെ നെറികെട്ട ശ്രമത്തോട് യോജിക്കാനാകില്ല- മാനന്തേരി ഞാലില്‍ ഇ കെ നായനാര്‍ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

    ReplyDelete