Saturday, September 8, 2012

നമ്പിനാരായണന് 10 ലക്ഷം നല്‍കണം: ഹൈക്കോടതി


ഐഎസ്ആര്‍ഒ ചാരക്കേസിന്റെ പേരില്‍ അനുഭവിക്കേണ്ടിവന്ന മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ കണക്കിലെടുത്ത് ശാസ്ത്രജ്ഞന്‍ നമ്പിനാരായണന് സംസ്ഥാന സര്‍ക്കാര്‍ ഇടക്കാല നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നല്‍കണമെന്ന ദേശീയ മനുഷ്യാവകാശ കമീഷന്‍ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. അതേസമയം ചാരക്കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കണമെന്ന കമീഷന്റെ നിര്‍ദേശം കോടതി റദ്ദാക്കി. മൂന്ന് ആഴ്ചയ്ക്കകം നഷ്ടപരിഹാരം നല്‍കണമെന്ന് ജസ്റ്റിസുമാരായ സി എന്‍ രാമചന്ദ്രന്‍നായരും സി കെ അബ്ദുള്‍റഹീമും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിന് നിര്‍ദേശംനല്‍കി. ദേശീയ മനുഷ്യാവകാശ കമീഷന്‍ വിധിച്ച ഇടക്കാല നഷ്ടപരിഹാരം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ നമ്പിനാരായണനും പരാതി പുനഃപരിശോധിക്കാന്‍ നിര്‍ദേശിച്ച സിംഗിള്‍ ബെഞ്ച് വിധി ചോദ്യംചെയ്ത് സര്‍ക്കാരും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ഉത്തരവിനെതിരെ ചാരക്കേസ് അന്വേഷണസംഘത്തിന്റെ തലവനായിരുന്ന സിബി മാത്യുവും സമര്‍പ്പിച്ച അപ്പീലുകളിലാണ് ഹൈക്കോടതി ഉത്തരവ്. സംഭവം നടന്ന് ഒരുവര്‍ഷത്തിനകം പരാതി നല്‍കിയില്ലെന്ന കാരണത്താലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ദേശീയ മനുഷ്യാവകാശ കമീഷന്റെ ഉത്തരവ് റദ്ദാക്കിയത്. പരാതി നിയമപരമായി നിലനില്‍ക്കുന്നതാണോയെന്ന കാര്യം പുനഃപരിശോധിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു.

എന്നാല്‍, ചാരക്കേസിലെ സാഹചര്യവും വസ്തുതകളും വിലയിരുത്തിയാല്‍ നമ്പിനാരായണന്റെ പരാതി നിയമപരമായി നിലനില്‍ക്കുന്നതാണെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ചാരക്കേസില്‍ പുനരന്വേഷണം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം റദ്ദാക്കി സുപ്രീംകോടതി പുറപ്പെടുവിച്ച അന്തിമ വിധിക്കുശേഷമാണ് നമ്പിനാരായണന്‍ മനുഷ്യാവകാശ കമീഷനെ സമീപിച്ചതെന്നും സുപ്രീംകോടതി വിധി പുറപ്പെടുവിച്ച് ആറു മാസത്തിനകം സമര്‍പ്പിച്ച പരാതി നിയമാനുസൃതമായി നിലനില്‍ക്കുന്നതാണെന്നും കോടതി പറഞ്ഞു.

ശാസ്ത്രജ്ഞനെന്ന നിലയില്‍ നമ്പിനാരായണന്റെ പദവിക്കും അന്തസ്സിനും ചാരക്കേസ് കോട്ടംവരുത്തി. രണ്ടു മാസത്തോളം ജയിലില്‍ കഴിയേണ്ടിവന്നു. ഒട്ടേറെ പീഡനങ്ങളും അനുഭവിക്കേണ്ടിവന്നുവെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. നമ്പിനാരായണന് ചാരക്കേസുമായി ബന്ധപ്പെട്ട് അനുഭവിക്കേണ്ടിവന്ന പീഡനങ്ങള്‍ മനുഷ്യാവകാശലംഘനത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും കോടതി വ്യക്തമാക്കി. നഷ്ടപരിഹാരം ലഭിക്കാന്‍ വൈകിയതിയില്‍ ദും:ഖമുണ്ടെന്ന് നമ്പി നാരായണന്‍ പറഞ്ഞു. തനിക്കനുകൂലമായ വിധിയുണ്ടായത് നിയമവ്യവസ്ഥയില്‍ വിശ്വാസം വര്‍ധിപ്പിച്ചു. വിധി അനുകൂലമാകുമെന്ന് വിശ്വാസമുണ്ടായിരുന്നു. തന്റെ തൊഴിലും ജീവിതവും നശിപ്പിച്ച വിവാദമാണ് ചാരക്കേസ്. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. നിയമനടപടികള്‍ തുടരും. കേസ് സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ താന്‍ എഴുതുന്ന പുസ്തകത്തിലുണ്ടാകുമെന്നും അദ്ദേഹം തിരുവനന്തപുരത്തെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 1994ലാണ് വിവാദമായ ഐസ്ആര്‍ഒ ചാരക്കേസ് പൊന്തിവന്നത്. കെ കരുണാകരന് മുഖ്യമന്ത്രിസ്ഥാനം നഷ്ടമായ കേസില്‍ നമ്പി നാരായണന്‍ ഉള്‍പ്പെടെ ശാസ്ത്രജ്ഞരും പൊലീസ് ഉദ്യോഗസ്ഥനായ രമണ്‍ശ്രീവാസ്തവയും മറിയം റഷീദ, ഫൗസിയ ഹസ്സന്‍ എന്നീ മാലദ്വിപ് സ്വദേശിനികളും ബലിയാടായി. പിന്നീട് സിബിഐ അന്വേഷണത്തില്‍, കേസ് പൂര്‍ണമായും കെട്ടിച്ചമച്ച കളവാണെന്ന് വെളിവായി.

deshabhimani 080912

No comments:

Post a Comment