Saturday, September 8, 2012

എന്‍ഡോസള്‍ഫാന്‍: ധനസഹായ പട്ടികക്കെതിരെ വ്യാപക പരാതി


എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്ക് ധനസഹായം നല്‍കാന്‍ തയ്യാറാക്കിയ രണ്ടാമത്തെ പട്ടികയില്‍ ക്രമക്കേടെന്ന് വ്യാപക പരാതി. അംഗവൈകല്യമുള്ള 515 പേര്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ പട്ടിക. വൈകല്യമില്ലാത്ത നിരവധിയാളുകള്‍ പട്ടികയില്‍ ഇടംപിടിച്ചപ്പോള്‍ അര്‍ഹതയുള്ളവര്‍ പുറത്തായി. അഞ്ചു ലക്ഷം രൂപ വീതം നല്‍കുന്ന, പൂര്‍ണമായും കിടപ്പിലായവരുടെ പട്ടിക സംബന്ധിച്ച പരാതി പരിഹരിക്കുന്നതിനുമുമ്പേയാണ് രണ്ടാമത്തെ പട്ടികയിറക്കിയത്. പഞ്ചായത്ത് ഓഫീസുകളില്‍ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും പരാതി ഇവിടെ സ്വീകരിക്കില്ല. ആക്ഷേപമുള്ളവര്‍ 12നുമുമ്പ് കലക്ടര്‍ക്ക് നേരിട്ട് നല്‍കണം. ഇത് ദുരന്തബാധിതര്‍ക്ക് കൂടുതല്‍ പ്രയാസമുണ്ടാക്കുന്നു. പരാതി തപാലില്‍ അയച്ചാലും മതിയെന്നാണ് അധികൃതര്‍ ഇതിനു പറയുന്ന പരിഹാരമാര്‍ഗം. അംഗവൈകല്യമുള്ളവരെമാത്രമാണ് രണ്ടാംപട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍, പട്ടികയിലെ നിരവധിയാളുകള്‍ അംഗവൈകല്യമുള്ളവരല്ലെന്ന് ആരോഗ്യപ്രവര്‍ത്തകരും പഞ്ചായത്ത് അധികൃതരും പറയുന്നു. ദുരന്തബാധിതരുടെ കാര്യങ്ങള്‍ നോക്കാന്‍ മാത്രം 11 പഞ്ചായത്തിലും പ്രത്യേക ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാരെ നിയമിച്ചിട്ടുണ്ടെങ്കിലും പട്ടിക തയ്യാറാക്കുന്നതില്‍ ഇവരുടെ സഹായം തേടിയിട്ടില്ല. ആരോഗ്യവകുപ്പിന്റെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുള്‍പ്പെടെയുള്ളവരുടെ സേവനവും ഉപയോഗപ്പെടുത്തിയിട്ടില്ല. എന്‍ആര്‍എച്ച്എം ദിവസക്കൂലിക്ക് നിയമിച്ച രണ്ട് സ്റ്റാഫ്നേഴ്സുമാരെ ഉപയോഗിച്ചാണ് ചിലയിടങ്ങളില്‍ പരിശോധന നടത്തിയത്. എന്നാല്‍, തങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ടിലുള്‍പ്പെട്ട പലരും പട്ടികയില്‍ വന്നിട്ടില്ലെന്ന് ഇവരും പറയുന്നു.

ഡിഎംഒയാണ് പട്ടിക എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസ സെല്ലിന് കൈമാറിയത്. മുമ്പത്തെ മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ചാണ് അര്‍ഹരെ കണ്ടെത്തിയതെന്ന് ഡിഎംഒ പറഞ്ഞു. ഒരു വീട്ടില്‍ ഇരകളായി രണ്ടുപേരുണ്ടെങ്കില്‍ ഒരാളെമാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. അരയ്ക്കുതാഴെ ചലനശേഷിയില്ലാത്ത സഹോദരങ്ങളെപ്പോലും ഉള്‍പ്പെടുത്തിയിട്ടില്ല. പട്ടിക പൂര്‍ണമല്ലെന്നും അര്‍ഹരായ മുഴുവനാളുകള്‍ക്കും സഹായം നല്‍കാനാണ് ശ്രമിക്കുന്നതെന്നും ജില്ലാതല സെല്ലിന്റെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി കലക്ടര്‍ പി കെ സുധീര്‍ബാബു പറഞ്ഞു. പരാതിയുണ്ടെങ്കില്‍ എപ്പോള്‍ വേണമെങ്കിലും സമര്‍പ്പിക്കാം. 12നുശേഷവും പരാതി സ്വീകരിക്കും. പരിശോധനയില്‍ അര്‍ഹരാണെന്നുകണ്ടാല്‍ സഹായം നല്‍കും. പൂര്‍ണമായും കിടപ്പിലായവരെയും അംഗവൈകല്യമുള്ളവരെയും മാത്രമാണ് ഇപ്പോള്‍ ഉള്‍പ്പെടുത്തിയത്. മറ്റ് രോഗികളെ സര്‍ക്കാര്‍ ഉത്തരവ് വരുന്നതനുസരിച്ച് ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 080912

1 comment:

  1. എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്ക് ധനസഹായം നല്‍കാന്‍ തയ്യാറാക്കിയ രണ്ടാമത്തെ പട്ടികയില്‍ ക്രമക്കേടെന്ന് വ്യാപക പരാതി. അംഗവൈകല്യമുള്ള 515 പേര്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ പട്ടിക. വൈകല്യമില്ലാത്ത നിരവധിയാളുകള്‍ പട്ടികയില്‍ ഇടംപിടിച്ചപ്പോള്‍ അര്‍ഹതയുള്ളവര്‍ പുറത്തായി.

    ReplyDelete