Thursday, September 6, 2012
അമേരിക്കയുടെ കടം 16 ലക്ഷം കോടി കവിഞ്ഞു
അമേരിക്കയുടെ ദേശീയ കടം ചരിത്രത്തിലാദ്യമായി 16 ലക്ഷം കോടി ഡോളര്‍ കടന്നു. ബറാക് ഒബാമ അധികാരമേറ്റശേഷം നാലുവര്‍ഷത്തിനിടെ കടം അഞ്ച് ലക്ഷം കോടി ഡോളര്‍ വര്‍ധിച്ചതായാണ് കണക്ക്. ഒരു ഊഴത്തില്‍ ഏറ്റവുമധികം കടമുണ്ടാക്കുന്ന പ്രസിഡന്റെന്ന കുപ്രസിദ്ധിയും ഇതോടെ ഒബാമയ്ക്കായി. നവംബറിലെ തെരഞ്ഞെടുപ്പില്‍ വീണ്ടും ജനവിധി തേടുന്ന ഒബാമ നാമനിര്‍ദേശം സ്വീകരിക്കുന്ന ഡെമോക്രാറ്റിക് പാര്‍ടിയുടെ ത്രിദിന കണ്‍വന്‍ഷന്‍ തുടങ്ങിയ ദിവസം തന്നെയാണ് ഈ കണക്ക് പുറത്തുവന്നത്.
രാജ്യത്തിന്റെ കടം ആദ്യ ഊഴത്തില്‍ പകുതിയായി കുറയ്ക്കുമെന്നാണ് ഒബാമ കഴിഞ്ഞ തെരഞ്ഞെടുപ്പുവേളയില്‍ വാഗ്ദാനംചെയ്തിരുന്നത്. എന്നാല്‍, തുടര്‍ച്ചയായ നാല് വര്‍ഷങ്ങളിലും കടം ഒരു ലക്ഷം കോടി ഡോളറിലധികം വീതം വര്‍ധിച്ചുകൊണ്ടിരുന്നു. രാജ്യത്തെ മൊത്തം ആഭ്യന്തരവരുമാനത്തിന്റെ നൂറ് ശതമാനത്തേക്കാള്‍ അധികമാണ് ഇപ്പോള്‍ കടം. 2.3 കോടി പേരാണ് അമേരിക്കയില്‍ തൊഴിലില്ലാതെ അലയുന്നത്. തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ മൂന്നരവര്‍ഷമായി എട്ട് ശതമാനത്തിന് മുകളില്‍ തുടരുകയാണ്. ഒബാമ ക്യാമ്പിന് കടക്കണക്ക് വലിയ തിരിച്ചടിയായി. വ്യാഴാഴ്ച നാമനിര്‍ദേശം സ്വീകരിച്ചുകൊണ്ടുള്ള പ്രസംഗത്തില്‍ ഒബാമ മുന്നോട്ടുള്ള നടപടികള്‍ വ്യക്തമായി വിശദീകരിക്കുമെന്നാണ് അവരുടെ പ്രതികരണം. കടം കുറയ്ക്കാനുള്ള നടപടികളെക്കുറിച്ച് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി മിറ്റ് റോംനിയേക്കാള്‍ വ്യക്തത ഒബാമയ്ക്കുണ്ടെന്നും ഡെമോക്രാറ്റിക് കേന്ദ്രങ്ങള്‍ അവകാശപ്പെട്ടു. റിപ്പബ്ലിക്കന്‍ നേതാവ് ജോര്‍ജ് ബുഷിന്റെ ഭരണത്തില്‍ അമേരിക്കയില്‍ തുടക്കമിട്ട് ലോകമെങ്ങും വ്യാപിച്ച സാമ്പത്തിക തകര്‍ച്ചയാണ് യഥാര്‍ഥ വില്ലനെന്നും അവര്‍ പറയുന്നു.
ഒബാമയുടെ സാമ്പത്തികനയങ്ങളെ കണക്കറ്റ് വിമര്‍ശിക്കുന്ന റോംനിയുടെ ക്യാമ്പ് കടത്തിന്റെ കണക്കിനെ ആവേശപൂര്‍വമാണ് എതിരേറ്റത്. ഒബാമയ്ക്കെതിരായ ആക്രമണം റിപ്പബ്ലിക്കന്‍ ക്യാമ്പ് കൂടുതല്‍ ശക്തമാക്കി. അമേരിക്കയുടെ സമ്പദ്വ്യവസ്ഥക്ക് വന്‍ ഭീഷണിയാണ് പെരുകുന്ന കടമെന്നും സ്ഥിതി തുടര്‍ന്നാല്‍ കുട്ടികളെയും പേരക്കുട്ടികളെയും നിറംമങ്ങിയ ഭാവിയാണ് കാത്തിരിക്കുന്നതെന്നും റിപ്പബ്ലിക്കന്‍ വൈസ്പ്രസിഡന്റ് സ്ഥാനാര്‍ഥി പോള്‍ റയാന്‍ പറഞ്ഞു. ഇതേപാതയില്‍ സഞ്ചരിച്ചാല്‍ നമ്മെ കാത്തിരിക്കുന്നത് കടത്തില്‍ മുങ്ങിയ രാജ്യമാണ്. സംശയവും പതനവുമാണ്. ഈ സ്ഥിതി മറികടക്കണമെങ്കില്‍ മിറ്റ് റോംനിയെ പ്രസിഡന്റാക്കണമെന്നും റയാന്‍ അവകാശപ്പെട്ടു. ഒബാമയുടെ സാമ്പത്തികരേഖയിലെ ലജ്ജാവഹമായ മറ്റൊരു നാഴികക്കല്ലാണ് ഈ ദിവസമെന്ന് ബജറ്റ് കമ്മിറ്റിയംഗമായ സെനറ്റര്‍ ജോണ്‍ കോര്‍ണിന്‍ പറഞ്ഞു. മുമ്പെന്നത്തേക്കാളും നേതൃമാറ്റം അനിവാര്യമായിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.
deshabhimani 060912
Labels:
അമേരിക്ക
Subscribe to:
Post Comments (Atom)
ReplyDeleteഅമേരിക്കയുടെ ദേശീയ കടം ചരിത്രത്തിലാദ്യമായി 16 ലക്ഷം കോടി ഡോളര്‍ കടന്നു. ബറാക് ഒബാമ അധികാരമേറ്റശേഷം നാലുവര്‍ഷത്തിനിടെ കടം അഞ്ച് ലക്ഷം കോടി ഡോളര്‍ വര്‍ധിച്ചതായാണ് കണക്ക്. ഒരു ഊഴത്തില്‍ ഏറ്റവുമധികം കടമുണ്ടാക്കുന്ന പ്രസിഡന്റെന്ന കുപ്രസിദ്ധിയും ഇതോടെ ഒബാമയ്ക്കായി. നവംബറിലെ തെരഞ്ഞെടുപ്പില്‍ വീണ്ടും ജനവിധി തേടുന്ന ഒബാമ നാമനിര്‍ദേശം സ്വീകരിക്കുന്ന ഡെമോക്രാറ്റിക് പാര്‍ടിയുടെ ത്രിദിന കണ്‍വന്‍ഷന്‍ തുടങ്ങിയ ദിവസം തന്നെയാണ് ഈ കണക്ക് പുറത്തുവന്നത്.