Saturday, September 8, 2012

തുലയ്ക്കുന്നത് 25 കോടി


റിയല്‍ എസ്റ്റേറ്റ് കച്ചവടവും പൊതുമുതല്‍ വിറ്റുതുലയ്ക്കലും ലക്ഷ്യമിടുന്ന "എമര്‍ജിങ് കേരള"യ്ക്കുവേണ്ടി പൊതുഖജനാവില്‍നിന്ന് സര്‍ക്കാര്‍ തുലയ്ക്കുന്നത് 25 കോടിയിലേറെ രൂപ. പരിപാടിയുടെ നോഡല്‍ ഏജന്‍സിയായ കെഎസ്ഐഡിസിക്ക് ധനവകുപ്പ് ഇതിനകം അഞ്ചുകോടി രൂപ അനുവദിച്ചുകഴിഞ്ഞു. ഇതുപോരെന്നും 20 കോടി രൂപ വേണമെന്നും ആവശ്യപ്പെട്ട് കെഎസ്ഐഡിസി സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. പണം പ്രശ്നമാക്കേണ്ടെന്നും തുക എത്രയായാലും അനുവദിക്കുമെന്നും ഉന്നതങ്ങളില്‍നിന്ന് ഉറപ്പ് ലഭിച്ചതായി കെഎസ്ഐഡിസി വൃത്തങ്ങള്‍ വ്യക്തമാക്കി. ധനമന്ത്രി കെ എം മാണി അവതരിപ്പിച്ച ബജറ്റില്‍ എമര്‍ജിങ് കേരള സംഘടിപ്പിക്കാന്‍ 10 കോടി രൂപ നീക്കിവച്ചിരുന്നു. ഇത്ര തുക മാറ്റിവച്ച സാഹചര്യത്തില്‍ ചെലവഴിക്കുന്ന മുഴുവന്‍ തുകയും നല്‍കാന്‍ ധനവകുപ്പ് സന്നദ്ധമാകുമെന്നാണ് വ്യവസായവകുപ്പിലെ ഉന്നതര്‍ കെഎസ്ഐഡിസിയെ അറിയിച്ചത്. അതല്ലെങ്കില്‍ തികയാത്ത തുക വ്യവസായവകുപ്പുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍നിന്ന് വകമാറ്റിയെടുക്കാമെന്ന ഉറപ്പും നല്‍കിയിട്ടുണ്ട്.

2003ല്‍ ഏറെ കൊട്ടിഘോഷിച്ച് നടത്തിയ ആഗോള നിക്ഷേപകസംഗമ (ജിം)ത്തിന് 15 കോടി രൂപയാണ് ധൂര്‍ത്തടിച്ചത്. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ 30 കോടി കവിഞ്ഞാലും വിമര്‍ശമുയരില്ലെന്ന് ബന്ധപ്പെട്ടവര്‍ കണക്കുകൂട്ടുന്നു. ഏറ്റവും കൂടുതല്‍ തുക ചെലവഴിക്കുന്നത് പ്രചാരണത്തിനാണ്. തുടങ്ങുംമുമ്പേ വിവാദമായ സാഹചര്യത്തില്‍ മാധ്യമങ്ങള്‍ക്ക് കൂടുതല്‍ പരസ്യം നല്‍കി സ്വാധീനിക്കാനാണ് ശ്രമം. ഇതിനുമാത്രം 10 കോടി ചെലവ് കണക്കാക്കുന്നു. സര്‍ക്കാര്‍പരിപാടിയാണെങ്കിലും വാണിജ്യനിരക്കിലാണ് പരസ്യം നല്‍കുന്നത്. പരിപാടിക്കെത്തുന്നവരുടെ താമസത്തിന് മൂന്നുകോടിയിലേറെ രൂപയാണ് കണക്കാക്കിയിട്ടുള്ളത്. കൊച്ചിയില്‍ ലെ മെറിഡിയന്‍ ഉള്‍പ്പെടെയുള്ള പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ 500 മുറി ബുക്കുചെയ്തിട്ടുണ്ട്. ഇവരുടെ താമസത്തിനും ഭക്ഷണത്തിനുമാണ് അഞ്ചുകോടി. പ്രതിനിധികള്‍ക്കുള്ള വിമാനടിക്കറ്റും കൊച്ചിയില്‍ എത്തിയാല്‍ വിനോദയാത്രയ്ക്കും ഉള്‍പ്പെടെ ആഡംബരവാഹനങ്ങള്‍ നല്‍കും. ഇതിനായി 600 വാഹനങ്ങള്‍ വാടകയ്ക്കെടുത്തിട്ടുണ്ട്.

എമര്‍ജിങ് കേരളയുടെ പേരു പറഞ്ഞ് മന്ത്രിമാര്‍ ഉള്‍പ്പെടെ നടത്തിയ വിദേശയാത്രയ്ക്ക് ചെലവഴിച്ച തുക ഇതിനുപുറമെയാണെങ്കിലും ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളില്‍ ചേര്‍ന്ന യോഗത്തിന് ചെലവഴിക്കുന്ന തുക ഇതില്‍ ഉള്‍പ്പെടുത്തും. ചില പ്രതിനിധികള്‍ കുടുംബസമേതമാണ് വരുന്നത്. അവര്‍ക്കുള്ള ചെലവും ഇതില്‍ ഉള്‍പ്പെടുത്തും. ഉദ്യോഗസ്ഥമേധാവികളുടെ ഒരു പട ഇതിനകം തലസ്ഥാനത്തും കൊച്ചിയിലും പ്രത്യേക ക്യാമ്പ് തുടങ്ങിയിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങളും നക്ഷത്രഹോട്ടലിലാണ്. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും ഔദ്യോഗികയാത്രയുടെ ഭാഗമാക്കി പരിപാടിയില്‍ പങ്കെടുക്കുന്നതിനാല്‍ ഈ ചെലവിന്റെ കണക്ക് എമര്‍ജിങ് പരിപാടിയില്‍ ഉള്‍പ്പെടില്ല. അതുകൂടി കണക്കാക്കിയാല്‍ ചെലവ് 30 കോടി കവിയും.
(എം രഘുനാഥ്)

deshabhimani 080912

1 comment:

  1. റിയല്‍ എസ്റ്റേറ്റ് കച്ചവടവും പൊതുമുതല്‍ വിറ്റുതുലയ്ക്കലും ലക്ഷ്യമിടുന്ന "എമര്‍ജിങ് കേരള"യ്ക്കുവേണ്ടി പൊതുഖജനാവില്‍നിന്ന് സര്‍ക്കാര്‍ തുലയ്ക്കുന്നത് 25 കോടിയിലേറെ രൂപ. പരിപാടിയുടെ നോഡല്‍ ഏജന്‍സിയായ കെഎസ്ഐഡിസിക്ക് ധനവകുപ്പ് ഇതിനകം അഞ്ചുകോടി രൂപ അനുവദിച്ചുകഴിഞ്ഞു. ഇതുപോരെന്നും 20 കോടി രൂപ വേണമെന്നും ആവശ്യപ്പെട്ട് കെഎസ്ഐഡിസി സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. പണം പ്രശ്നമാക്കേണ്ടെന്നും തുക എത്രയായാലും അനുവദിക്കുമെന്നും ഉന്നതങ്ങളില്‍നിന്ന് ഉറപ്പ് ലഭിച്ചതായി കെഎസ്ഐഡിസി വൃത്തങ്ങള്‍ വ്യക്തമാക്കി.

    ReplyDelete