Saturday, September 8, 2012

മണ്ണും മാനവും വില്‍പ്പനയ്ക്ക്


കേരളത്തിലെ തന്ത്രപ്രധാന പ്രദേശങ്ങള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് കൈമാറുകയും പൊതുമുതല്‍ വിറ്റുതുലയ്ക്കുകയും ചെയ്യുന്ന "എമര്‍ജിങ് കേരള"യില്‍ സംസ്ഥാനത്തെ സാമൂഹ്യമായും സാംസ്കാരികമായും നശിപ്പിക്കുന്ന പദ്ധതികളും അനവധി. നമ്മുടെ പാരമ്പര്യവും പൈതൃകവും വികലമാക്കുന്ന ഇത്തരം പദ്ധതികള്‍ എമര്‍ജിങ് കേരള വെബ്സൈറ്റില്‍പ്പോലും ഉള്‍പ്പെടുത്താതെ രഹസ്യമായി അവതരിപ്പിക്കാനാണ് നീക്കം. തിരുവനന്തപുരം വേളിയില്‍ കാബറെയും ഡിസ്കോത്തിക്കുമുള്ള പാതിരാ നൃത്തശാല, കൊച്ചി-ആലപ്പുഴ-കൊല്ലം ഉള്‍നാടന്‍ ജലപാതയില്‍ മദ്യവും മദിരാക്ഷിയും ചൂതാട്ടവുമുള്ള ഗോവന്‍ മോഡല്‍ പാര്‍ടി ക്രൂയിസ് എന്നിവ എമര്‍ജിങ് കേരളയിലെ പദ്ധതികളിലുണ്ട്. ഇന്‍കെലും മറ്റൊരു അര്‍ധസര്‍ക്കാര്‍ സ്ഥാപനമായ ടൂറിസ്റ്റ് റിസോര്‍ട്സ് കേരള ലിമിറ്റഡു (ടിആര്‍കെഎല്‍)മാണ് ഉല്ലാസപദ്ധതികള്‍ തയ്യാറാക്കിയത്. ഗോവന്‍ മോഡല്‍ ഉല്ലാസനൗക പദ്ധതി ടിആര്‍കെഎല്ലിന്റേതും മറ്റുള്ളവ ഇന്‍കെലിന്റേതുമാണ്. നിശാജീവിത കേന്ദ്രം (നൈറ്റ് ലൈഫ് സോണ്‍) എന്നു പേരിട്ട പദ്ധതിക്ക് തിരുവനന്തപുരം വേളി ബോട്ട്ക്ലബ്ബിനടുത്തെ 18 ഹെക്ടര്‍ സ്ഥലം ഇന്‍കല്‍ കണ്ടെത്തി. കാബറെ തിയറ്റര്‍, ഡിസ്കോത്തിക്, ഡാന്‍സ് ഫ്ളോര്‍, ജാസ് ക്ലബ്, മദ്യശാല, റീട്ടെയില്‍ ഷോപ്പുകള്‍ എന്നിവയാണ് കേന്ദ്രത്തില്‍ ഉള്‍പ്പെടുക. ജനകീയപ്രശ്നങ്ങളോട് മുഖംതിരിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ ടൂറിസംവികസനത്തിന്റെ പേരിലാണ് ഈ പദ്ധതികള്‍ കൊണ്ടുവരുന്നത്. വിവാദമാകുമെന്ന് ഭയന്ന് എമര്‍ജിങ് കേരളയുടെ വെബ്സൈറ്റില്‍ ഈ പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ സൈറ്റില്‍ പരിശോധനയ്ക്കുവച്ച മറ്റു പദ്ധതികളേക്കാള്‍ കൂടുതല്‍ വിശദാംശങ്ങള്‍ ഇതേക്കുറിച്ച് പദ്ധതിരേഖയിലുണ്ട്.

എമര്‍ജിങ് കേരള മറയാക്കി 12,355ലേറെ ഏക്കര്‍ കൃഷിഭൂമി ഭൂമാഫിയക്ക് കൈമാറാന്‍ നീക്കമുണ്ട്. പരിപാടിയില്‍ പ്രധാന ഇനമായി അവതരിപ്പിക്കുന്ന കൊച്ചി- പാലക്കാട് നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് മാനുഫാക്ചറിങ് സോണി (നിംസ്)നായാണ് വന്‍തോതില്‍ കൃഷിഭൂമി നികത്തി കച്ചവടം ചെയ്യുന്നത്. എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളിലായാണ് പദ്ധതി നടപ്പാക്കുക. 53,825 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരത്തിന് സമര്‍പ്പിച്ചിരിക്കയാണ്. കൊച്ചിമുതല്‍ പാലക്കാടുവരെ ദേശീയപാതയുടെ ഇരുവശത്തുമായി ഭൂമി ഏറ്റെടുത്ത് പദ്ധതി നടപ്പാക്കാനാണ് നിര്‍ദേശം.

വയനാട് ജില്ലയിലെ കാരാപ്പുഴ ജലസേചനപദ്ധതിയുടെ മര്‍മപ്രധാന സ്ഥലത്ത് നക്ഷത്രപദവിയുള്ള വന്‍കിട റിസോര്‍ട്ട് സ്ഥാപിക്കാന്‍ സ്ഥലം ലേലത്തില്‍വച്ചിട്ടുണ്ട്. 150 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി കാരാപ്പുഴയില്‍ ഹെലിപാഡ് നിര്‍മിക്കാമെന്നും വാഗ്ദാനമുണ്ട്. ആറന്മുള പഞ്ചായത്തില്‍ 150 അടിയോളം ഉയരമുള്ള വല്ലന ചുട്ടിപ്പാറ മലയില്‍നിന്ന് മണ്ണെടുക്കാന്‍ പദ്ധതിയുണ്ട്. ഒരു പ്രദേശത്തിന്റെയാകെ പരിസ്ഥിതിക്ക് നാശംവരുത്തുന്ന പദ്ധതി എംഇഎസ് ട്രസ്റ്റ് എന്ന പേരിലാണ് (ഇതിന് മുസ്ലിം എഡ്യുക്കേഷണല്‍ സൊസൈറ്റിയുമായി ബന്ധമില്ല.) ഉള്‍പ്പെടുത്തിയിരിക്കുന്നത്. നൂറുകണക്കിന് കുടുംബങ്ങളും ആതുരാലയവും ആരാധനാലയങ്ങളും പട്ടികജാതി കോളനികളും നിറഞ്ഞ ഭൂപ്രദേശത്തെ മല പൂര്‍ണമായി എടുത്തുമാറ്റാനാണ് നീക്കം. "എമര്‍ജിങ് കേരള"യ്ക്കുവേണ്ടി പൊതുഖജനാവില്‍നിന്ന് സര്‍ക്കാര്‍ 25 കോടിയിലേറെ രൂപ ധൂര്‍ത്തടിക്കുന്നു. പരിപാടിയുടെ നോഡല്‍ ഏജന്‍സിയായ കെഎസ്ഐഡിസിക്ക് ധനവകുപ്പ് ഇതിനകം അഞ്ചുകോടി രൂപ അനുവദിച്ചു. ഇതുപോരെന്നും 20 കോടി രൂപ വേണമെന്നും ആവശ്യപ്പെട്ട് കെഎസ്ഐഡിസി സര്‍ക്കാരിന് കത്ത് നല്‍കി. പണം പ്രശ്നമാക്കേണ്ടെന്നും തുക എത്രയായാലും അനുവദിക്കുമെന്നും ഉന്നതങ്ങളില്‍നിന്ന് ഉറപ്പ് ലഭിച്ചതായി കെഎസ്ഐഡിസി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

2 പദ്ധതിക്ക് 37,560 ഏക്കര്‍ ഭൂമി തീറെഴുതും

എമര്‍ജിങ് കേരളയില്‍ പ്രഖ്യാപിച്ച പെട്രോളിയം കെമിക്കല്‍സ് ആന്‍ഡ് പെട്രോ കെമിക്കല്‍ ഇന്‍വെസ്റ്റ്മെന്റ് റീജിയണ്‍ (പിസിപിഐആര്‍), കൊച്ചി-പാലക്കാട് നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ ആന്‍ഡ് മാനുഫാക്ചറിങ് സോണ്‍ (എന്‍ഐഎംസെഡ്) എന്നീ പദ്ധതികള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ സ്വകാര്യമേഖലയ്ക്ക് വാഗ്ദാനംചെയ്യുന്നത് വഴിവിട്ട സഹായങ്ങള്‍. പിസിപിഐആറിന് കൊച്ചി അമ്പലമുകളില്‍ 24,710 ഏക്കര്‍ ഭൂമിയും എന്‍എംപിക്ക് എറണാകുളം, പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളിലായി 12,849 ഏക്കര്‍ ഭൂമിയുമാണ് തീറെഴുതുക. വളം, നിര്‍മാണവസ്തുക്കള്‍, മരുന്ന്, ടെക്സ്റ്റൈല്‍ മേഖലകളില്‍ വന്‍ സാധ്യതയുള്ള പെട്രോ കെമിക്കല്‍ വ്യവസായങ്ങള്‍ സ്ഥാപിക്കാന്‍ 9,000 കോടി രൂപയുടെ പദ്ധതിയാണ് എമര്‍ജിങ് കേരള പ്രഖ്യാപിച്ചത്. ഭൂമിയുടെ വില, കോംപ്ലക്സിന് അകത്തും പുറത്തും റെയില്‍, റോഡ്, വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളൊരുക്കല്‍ എന്നിവ ഉള്‍പ്പെടെയാണിത്. ബിപിസിഎല്‍-കൊച്ചി റിഫൈനറിയുടെ പക്കലുള്ള ഭൂമിയാണ് സ്വകാര്യസംരംഭകര്‍ക്ക് നല്‍കുന്നത്. വാഗ്ദാനംചെയ്യുന്ന 24,710 ഏക്കറില്‍ 9,884 ഏക്കറാണ് പ്രോസസിങ് ഏരിയ. ഇതില്‍ 5,436 ഏക്കറും ബിപിസിഎല്‍ ഏറ്റെടുത്തു. ബാക്കി 4,447 ഏക്കറില്‍ 494 ഏക്കറിന്റെ ഏറ്റെടുക്കല്‍ ജോലി ബിപിസിഎല്‍ പൂര്‍ത്തിയാക്കിവരുന്നു. അമ്പലമുകള്‍ വ്യവസായമേഖലയിലെ ഇതര രാസവ്യവസായശാലകളുടെയും തുറമുഖം, കണ്ടെയ്നര്‍ ടെര്‍മിനല്‍ തുടങ്ങിയവയുടെയും സാമീപ്യം തുടങ്ങിയവ പ്രധാന ആകര്‍ഷണമായും ഉയര്‍ത്തിക്കാട്ടുന്നു.

എമര്‍ജിങ് കേരളയിലെ മറ്റു പദ്ധതികളിലെന്നപോലെ ഇവിടെയും പാരിസ്ഥിതിക പഠനത്തിന്റെ ആവശ്യത്തെക്കുറിച്ച് പറയുന്നില്ല. ഭൂമിയും സൗകര്യങ്ങളും നല്‍കുന്നതിലെ വ്യവസ്ഥകളോ തൊഴില്‍സാധ്യതയോ മിണ്ടുന്നില്ല. ബിപിസിഎല്ലിന്റെ കൈവശമുള്ള ഭൂമിക്കു പുറമെ ആവശ്യമുള്ള ഭൂമി എവിടെ കണ്ടെത്തുമെന്നും വിശദീകരിക്കുന്നില്ല. അമ്പലമുകള്‍ വ്യവസായമേഖലയില്‍ വീണ്ടും ഭൂമി കണ്ടെത്താന്‍ വന്‍ ജനവാസകേന്ദ്രങ്ങളാകെ ഒഴിപ്പിക്കേണ്ടിവരുമെന്ന കാര്യവും മറച്ചുവയ്ക്കുന്നു. കൊച്ചി-പാലക്കാട് നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് മാനുഫാക്ചറിങ് സോണ്‍ (എന്‍ഐഎംസെഡ്) 50 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 8,000 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന 12,849 ഏക്കര്‍ കണ്ണായ ഭൂമിയിലാണ് ആസൂത്രണം ചെയ്യുന്നത്. ഇതില്‍ 4200 ഏക്കര്‍ ഭൂമി വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ കൈവശമാണെന്നും ബാക്കിയുള്ള 8648 ഏക്കര്‍ ഏറ്റെടുക്കുകയോ സ്വകാര്യപങ്കാളിത്തത്തില്‍ കണ്ടെത്തുകയോ വേണമെന്നും പറയുന്നു.

തിരൂര്‍ ദ്വീപ് വില്‍പ്പനയ്ക്ക്

തിരൂര്‍: "എമര്‍ജിങ് കേരള"യില്‍ ഉള്‍പ്പെടുത്തി കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ ദ്വീപ് വില്‍ക്കുന്നു. മലപ്പുറം ജില്ലയിലെ തിരൂരിലുള്ള 22 ഏക്കര്‍ തുരുത്താണ് ഭൂമാഫിയക്ക് നല്‍കുന്നത്. തിരൂര്‍-പൊന്നാനിപ്പുഴയോരത്തെ ഈ ഭൂമി "തിരൂര്‍ ദ്വീപ് പദ്ധതി"യെന്ന പേരിലാണ് എമര്‍ജിങ് കേരളയില്‍ അവതരിപ്പിച്ചിട്ടുള്ളത്. തിരൂര്‍ നഗരസഭാപരിധിയിലെ കാക്കടവ് ദ്വീപ് പ്രദേശമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ ഈ തുരുത്തില്‍ "സ്വപ്ന നഗരി"യെന്ന പദ്ധതി തയ്യാറാക്കാന്‍ നഗരസഭാ അധികൃതര്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍, വിവിധ പരിസ്ഥിതി ഏജന്‍സികള്‍ നടത്തിയ പഠനത്തില്‍ പദ്ധതി തിരൂര്‍ നഗരത്തിനാകെ ഭീഷണിയാകുന്ന ദൂരവ്യാപക പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് തെളിഞ്ഞു. തുടര്‍ന്ന് പദ്ധതികള്‍ക്ക് വായ്പ നല്‍കാന്‍ കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ തയ്യാറായില്ല.

എമര്‍ജിങ് കേരളയില്‍ 120 കോടി രൂപയാണ് പദ്ധതി ചെലവായി കാണിച്ചത്. ബസ് സ്റ്റേഷന്‍, റിസോര്‍ട്ടുകള്‍, മാള്‍ കോംപ്ലക്സ്, ഓപ്പണ്‍ എയര്‍ തിയറ്റര്‍, വാട്ടര്‍ തീം പാര്‍ക്ക് എന്നിവയാണ് നിര്‍ദിഷ്ട പദ്ധതിയില്‍. പദ്ധതി നടപ്പാക്കാന്‍ പ്രദേശം 10 മീറ്റര്‍ ഉയരത്തില്‍ മണ്ണിട്ട് നികത്തണം. ഇത് തിരൂര്‍ പട്ടണത്തെ പ്രതികൂലമായി ബാധിക്കും. പ്രകൃതിരമണീയമായ ദ്വീപ് ഭൂമാഫിയക്ക് കൈമാറാനുള്ള നീക്കം പുറത്തായതിനെത്തുടര്‍ന്ന് പദ്ധതി പിന്‍വലിച്ചതായി പ്രചാരണമുണ്ട്. എന്നാല്‍, എമര്‍ജിങ് കേരള വെബ്സൈറ്റില്‍നിന്ന് ഇതുവരെ മാറ്റിയിട്ടില്ല.

12,355 ഏക്കറിലധികം കൃഷിഭൂമി മാഫിയക്ക്

പാലക്കാട്: എമര്‍ജിങ് കേരള മറയാക്കി 12,355ലേറെ ഏക്കര്‍ കൃഷിഭൂമി ഭൂമാഫിയക്ക് കൈമാറാന്‍ നീക്കം. എമര്‍ജിങ് കേരളയില്‍ പ്രധാന ഇനമായി അവതരിപ്പിക്കുന്ന കൊച്ചി-പാലക്കാട് നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് മാനുഫാക്ചറിങ് സോണ്‍(നിംസ്)നായാണ് വന്‍തോതില്‍ കൃഷിഭൂമി നികത്തി കച്ചവടം ചെയ്യുന്നത്. 53,825 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരത്തിന് സമര്‍പ്പിച്ചിരിക്കയാണ്. സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കുമെന്നാണ് എമര്‍ജിങ് കേരളയുടെ വെബ്സൈറ്റില്‍ പറയുന്നത്. കൊച്ചി മുതല്‍ പാലക്കാടുവരെ ദേശീയപാതയുടെ ഇരുവശത്തുമായി ഭൂമി ഏറ്റെടുത്ത് പദ്ധതി നടപ്പാക്കാനാണ് നിര്‍ദേശം. പദ്ധതി നടപ്പാക്കാന്‍ 12,849 ഏക്കര്‍ ഭൂമി വേണം. ഇതില്‍ 4200 ഏക്കര്‍ ഭൂമി സര്‍ക്കാരിന്റെ കൈവശമുണ്ടെന്നാണ് അവകാശവാദം. ബാക്കിയുള്ള 8648 ഏക്കര്‍ കണ്ടെത്തിയതായും വെബ്സൈറ്റില്‍ പറയുന്നു. എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളിലായാണ് പദ്ധതി നടപ്പാക്കുക. എന്‍എച്ച് 47 മലപ്പുറത്തുകൂടി പോകുന്നില്ലെങ്കിലും വ്യാവസായിക ഇടനാഴി ഇതുവഴി തിരിച്ചുവിടുന്നുണ്ട്. മുസ്ലിം ലീഗിന്റെ പ്രത്യേക താല്‍പ്പര്യമാണ് ഇതിനുപിന്നില്‍.

ആറ് വ്യാവസായിക സോണ്‍, രണ്ട് ഭക്ഷ്യ സംസ്കരണ സോണ്‍, ഒരു പെട്രോ കെമിക്കല്‍ സോണ്‍ തുടങ്ങി 20 വ്യാവസായിക സംരംഭങ്ങളാണ് പദ്ധതിയില്‍ ലക്ഷ്യമിടുന്നത്. ഏറ്റെടുക്കുന്ന ഭൂമിയെ ടൗണ്‍ഷിപ്പുകളാക്കി മാറ്റി നിക്ഷേപകരെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. കൊച്ചിമുതല്‍ പാലക്കാടുവരെ ദേശീയപാതയുടെ ഇരുവശത്തായി 12,849 ഏക്കര്‍ ഭൂമി കണ്ടെത്തണമെങ്കില്‍ നൂറുകണക്കിന് ഏക്കര്‍ നെല്‍പ്പാടങ്ങള്‍ നികത്തേണ്ടി വരും. കേരളത്തിന്റെ നെല്ലറയെന്ന് അറിയപ്പെടുന്ന പാലക്കാട്ട് സമൃദ്ധമായി നെല്ലു വിളയുന്ന ഭൂമിയുള്‍പ്പെടെയാണ് സര്‍ക്കാര്‍ കച്ചവടത്തിന് നിരത്തിയിട്ടുള്ളത്. കേരളത്തിന്റെ ഭക്ഷ്യസുരക്ഷയെയും ഇതു ബാധിക്കും.

മണ്ണുകൊള്ളയ്ക്ക് ലീഗിന്റെ പദ്ധതി

കോഴഞ്ചേരി: ആറന്മുള പഞ്ചായത്തില്‍ 150 അടിയോളം ഉയരമുള്ള വല്ലന ചുട്ടിപ്പാറ മലയില്‍നിന്ന് മണ്ണെടുക്കുന്നതിന്് എമര്‍ജിങ് കേരളയില്‍ ലീഗിന്റെ പദ്ധതി. ഒരു പ്രദേശത്തിന്റെയാകെ പരിസ്ഥിതിക്ക് നാശം വരുത്തുന്ന പദ്ധതി എംഇഎസ് ട്രസ്റ്റ് എന്ന പേരിലാണ് ( ഇതിന് മുസ്ലിം എഡ്യുക്കേഷണല്‍ സൊസൈറ്റിയുമായി ബന്ധമില്ല.) എമര്‍ജിങ് കേരളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നൂറുകണക്കിന് കുടുംബങ്ങളും ആതുരാലയവും ആരാധനാലയങ്ങളും പട്ടികജാതി കോളനികളും നിറഞ്ഞ ഭൂപ്രദേശത്തെ മല പൂര്‍ണമായി എടുത്തുമാറ്റാനാണ് നീക്കം. വല്ലന കരിങ്ങാട്ടില്‍ കെ എം ഷാജഹാന്‍ റാവുത്തറുടെയും ജീന ഷാജഹാന്റെയും പേരിലാണ് ട്രസ്റ്റ്. മുസ്ലിം ലീഗിന്റെ ചില പ്രമുഖ നേതാക്കളുടെ സഹായത്തോടെയാണ് മണ്ണെടുപ്പ് പദ്ധതി ഉള്‍പ്പെടുത്തിയതെന്ന് അറിയുന്നു.

കോട്ട ലക്ഷംവീട്, കോട്ട ജങ്ഷന്‍, എലിമുക്ക്, മണപ്പള്ളി, എരുമക്കാട്, മുടിമല, എഴീക്കാട്, മയ്യാവ് തുടങ്ങിയ പ്രദേശങ്ങളുടെ മധ്യത്തിലാണ് ചുട്ടിപ്പാറ (കൊറ്റനാട് മല) സ്ഥിതി ചെയ്യുന്നത്. വല്ലന കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, മയ്യാവ് ക്ഷേത്രം, ലത്തീന്‍ കത്തോലിക്കാ പള്ളി, സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ പട്ടികജാതി കോളനിയായ എഴീക്കാട്, വല്ലന ലക്ഷംവീട്, കോട്ട ലക്ഷം വീട്, മയ്യാവ്, ഉറുമ്പുമല, മുടിമല സെറ്റില്‍മെന്റ് കോളനികള്‍, വല്ലന എസ്എന്‍ഡിപി യുപിഎസ്, ടികെആര്‍എം വിഎച്ച്എസ്സി, വല്ലന ശിവക്ഷേത്രം, വല്ലന മലനട, രണ്ട് മുസ്ലിം ദേവാലയങ്ങള്‍, രണ്ട് ഗുരുമന്ദിരങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഈ മലയുടെ പരിസരത്താണ് സ്ഥിതിചെയ്യുന്നത്. മല ഇല്ലാതാകുന്നതോടെ ചുറ്റുപാടുമുള്ള ആയിരത്തിലധികം കുടുംബങ്ങളുടെ ശുദ്ധജല ലഭ്യത എന്നന്നേക്കുമായി ഇല്ലാതാകും.

എന്‍ജിനീയറിങ് കോളേജിന് എന്ന വ്യാജേന മലയും താഴ്വാരവും ഇല്ലാതാക്കാന്‍ അഞ്ചുവര്‍ഷത്തിലധികമായി ശ്രമം നടക്കുകയാണ്. ഏറ്റവും ഒടുവില്‍ ദക്ഷിണ റെയിവേയുടെ പേരില്‍ മണ്ണുകടത്തിന് ശ്രമിച്ചെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെയും ആത്മാഹൂതി പ്രഖ്യാപനത്തെയും തുടര്‍ന്ന് പിന്മാറി. മണ്ണെടുപ്പുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും യോഗത്തില്‍ എന്‍ജിനീയറിങ് കോളേജിനുവേണ്ട ഒരു രേഖയും ബന്ധപ്പെട്ടവര്‍ ഹാജരാക്കിയിട്ടില്ലെന്ന് കലക്ടര്‍ വ്യക്തമാക്കിയിരുന്നു. പദ്ധതി നടപ്പാക്കുന്നത് തങ്ങളുടെ ശവത്തില്‍ ചവിട്ടിനിന്നുകൊണ്ടായിരിക്കുമെന്നും ജന്മനാടും കിടപ്പാടവും സംരക്ഷിക്കാന്‍ മരണംവരെ പോരാടുമെന്നും ആറന്മുള പഞ്ചായത്തംഗം കെ കെ ഓമനക്കുട്ടന്‍ "ദേശാഭിമാനി"യോട് പറഞ്ഞു.
(ബാബു തോമസ്)

deshabhimani 080912

1 comment:

  1. കേരളത്തിലെ തന്ത്രപ്രധാന പ്രദേശങ്ങള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് കൈമാറുകയും പൊതുമുതല്‍ വിറ്റുതുലയ്ക്കുകയും ചെയ്യുന്ന "എമര്‍ജിങ് കേരള"യില്‍ സംസ്ഥാനത്തെ സാമൂഹ്യമായും സാംസ്കാരികമായും നശിപ്പിക്കുന്ന പദ്ധതികളും അനവധി. നമ്മുടെ പാരമ്പര്യവും പൈതൃകവും വികലമാക്കുന്ന ഇത്തരം പദ്ധതികള്‍ എമര്‍ജിങ് കേരള വെബ്സൈറ്റില്‍പ്പോലും ഉള്‍പ്പെടുത്താതെ രഹസ്യമായി അവതരിപ്പിക്കാനാണ് നീക്കം.

    ReplyDelete