Saturday, September 8, 2012

കബോട്ടാഷ് നിയമത്തില്‍ 3 വര്‍ഷത്തേക്ക് ഇളവ്


വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലുമായി ബന്ധപ്പെട്ട കബോട്ടാഷ് നിയമത്തില്‍ മൂന്ന് വര്‍ഷത്തേക്ക് ഇളവ് വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പാകിസ്ഥാന്‍ ഒഴികെയുള്ള രാജ്യങ്ങളിലെ കപ്പലുകള്‍ക്കാണ് ഇളവ് ബാധകം. ഇതോടെ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍ ചരക്ക് ഇറക്കുമതിചെയ്യാന്‍ വിദേശ കപ്പലുകള്‍ക്കുണ്ടായിരുന്ന തടസ്സം നീങ്ങി.

വിദേശ ചരക്കു കപ്പലുകളെ ഇന്ത്യയുടെ തീരദേശ വാണിജ്യത്തില്‍നിന്ന് വിലക്കുന്നതാണ് 1958ലെ വ്യാപാര കപ്പല്‍ നിയമത്തില്‍ വരുന്ന കബോട്ടാഷ് നിയമം. ഇതനുസരിച്ച് അന്താരാഷ്ട്ര കപ്പലുകള്‍ക്ക് വല്ലാര്‍പാടം ടെര്‍മിനലില്‍ നേരിട്ട് ചരക്ക് ഇറക്കുമതി ചെയ്യാനാവില്ല. അതിനാല്‍ ഇന്ത്യയിലേക്കുള്ള ചരക്ക് അടുത്തുള്ള വിദേശ തുറമുഖങ്ങളില്‍ ഇറക്കേണ്ട സ്ഥിതിയായിരുന്നു ഇതുവരെ. വിദേശ തുറമുഖങ്ങളില്‍നിന്ന് ഇന്ത്യന്‍ കപ്പലുകള്‍ ഉപയോഗിച്ച് ചരക്ക് പിന്നീട് കൊച്ചിയില്‍ എത്തിക്കുകയായിരുന്നു പതിവ്. ഇത് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുകയും വല്ലാര്‍പാടത്തിന്റെ സാമ്പത്തിക വികസനം തടസ്സപ്പെടുത്തുകയുംചെയ്തു. ഇക്കാര്യത്തില്‍ പുനഃപരിശോധന വേണമെന്ന് കേരളം ദീര്‍ഘകാലമായി കേന്ദ്രത്തോട് ആവശ്യപ്പെട്ടുവരികയായിരുന്നു.

ഇന്ത്യയിലേക്ക് ചരക്ക് കൊണ്ടുവരുന്ന പകുതിയിലേറെ കണ്ടെയ്നറുകളും വിദേശ തുറമുഖങ്ങളെയാണ് നിലവില്‍ ആശ്രയിക്കുന്നത്. കൊളംബോ, സിംഗപ്പുര്‍, സലാഹ്, ജിബല്‍ അലി എന്നീ തുറമുഖങ്ങളിലാണ് ഇറക്കുമതിയില്‍ ഏറെയും നടക്കുന്നത്. വലിയ കപ്പലുകള്‍ക്ക് നങ്കൂരമിടാന്‍ സൗകര്യമുള്ള വന്‍ തുറമുഖങ്ങള്‍ അന്താരാഷ്ട്ര കപ്പല്‍പാതയോട് ചേര്‍ന്ന് ഇന്ത്യയില്‍ ഇല്ലെന്നതാണു കാരണം. വല്ലാര്‍പാടത്ത് ഇതിനുള്ള സൗകര്യം ഉണ്ടെങ്കിലും കബോട്ടാഷ് നിയമം പ്രതിബന്ധമായി. കിഴക്ക് പടിഞ്ഞാറന്‍ കപ്പല്‍ പാതയില്‍നിന്ന് വെറും 76 നോട്ടിക്കല്‍ മൈല്‍ ദൂരംമാത്രമാണ് കൊച്ചി തുറമുഖത്തേക്കുള്ളത്. നിയമത്തില്‍ ഇളവ് വരുത്തുന്നതിലൂടെ വിദേശ കപ്പലുകള്‍ കൊച്ചി തുറമുഖത്തേക്ക് എത്തിത്തുടങ്ങും. മൂന്നു വര്‍ഷം കഴിഞ്ഞ് ഇളവ് പുനഃപരിശോധിക്കും.

തീരുമാനം രാജ്യതാല്‍പ്പര്യത്തിനെതിര്- ലോറന്‍സ്

കൊച്ചി: വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍പദ്ധതിക്ക് മൂന്നുവര്‍ഷത്തേക്ക് കബോട്ടാഷ് നിയമത്തില്‍ ഇളവുനല്‍കാനുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനം കൊച്ചി തുറമുഖത്തിന്റെയോ സംസ്ഥാനത്തിന്റെയോ രാജ്യത്തിന്റെയോ താല്‍പ്പര്യത്തിന് അനുസൃതമല്ലെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എം എം ലോറന്‍സ് പറഞ്ഞു.

വന്‍ കപ്പലുടമകളെയും ദുബായ് പോര്‍ട്ട് ഇന്റര്‍നാഷണലിനെയും സഹായിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് നടപടിയെന്ന് അദ്ദേഹം പറഞ്ഞു. കബോട്ടാഷ് നിയമത്തില്‍ ഇളവിനായി സമ്മര്‍ദംചെലുത്തിയെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്നത്. എന്നാല്‍ ഇത് കേരളത്തിന്റെ താല്‍പ്പര്യമനുസരിച്ചല്ല. കുത്തകമുതലാളിമാരെ സംരക്ഷിക്കുന്നതിനുവേണ്ടിയാണ്. തികഞ്ഞ ജനാധിപത്യവിരുദ്ധമാണ് നടപടി. തൊഴിലാളികള്‍ക്കോ രാജ്യത്തിനോ ഇതുകൊണ്ട് പ്രയോജനമില്ല. പാകിസ്ഥാന്റെയും ചൈനയുടെയും കപ്പലുകള്‍ക്ക് ഇളവ് ബാധകമല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വിദേശ കപ്പലുകള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം പ്രയോജനമാകുക.

രാജീവ്ഗാന്ധി കണ്ടെയ്നര്‍ ടെര്‍മിനല്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലായി വികസിപ്പിക്കാന്‍ നേരത്തെ കരാര്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഇതു നടപ്പാക്കിയില്ല. ടെര്‍മിനലിന് 572 മീറ്റര്‍ നീളവും 12.5 മീറ്റര്‍ ആഴവുമുണ്ട്. ടെര്‍മിനല്‍ വികസിപ്പിക്കുന്നതിലെ പരാജയം മറച്ചുവയ്ക്കാന്‍കൂടിയാണ് ഇപ്പോഴത്തെ നടപടി. കബോട്ടാഷ് നിയമം ഇളവുചെയ്യുന്നതോടെ വിദേശകപ്പലുകള്‍ക്ക് യഥേഷ്ടം കടന്നുവരാന്‍ അവസരമൊരുങ്ങും. ഇത് ഇന്ത്യന്‍കപ്പലുടമകള്‍ക്കും ദോഷംചെയ്യും. ഇളവ് അനിശ്ചിതമായി നീട്ടാനും സാധ്യതയുണ്ട്. വല്ലാര്‍പാടം ഇന്റര്‍നാഷണല്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലിന് റെയില്‍, റോഡ് എന്നിവ ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ 1400 കോടി രൂപയോളം ചെലവാക്കിയിട്ടുണ്ട്. എന്നാല്‍ ഇതുപയോഗിച്ച് ഇപ്പോള്‍ ദുബായ് പോര്‍ട്ട് ഇന്റര്‍നാഷണലിന് സഹായമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ജനവിരുദ്ധനടപടിക്കെതിരെ എല്ലാവിഭാഗം തൊഴിലാളികളും മുന്നോട്ടു വരണമെന്നും ലോറന്‍സ് അഭ്യര്‍ഥിച്ചു.

deshabhimani 080912

1 comment:

  1. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍പദ്ധതിക്ക് മൂന്നുവര്‍ഷത്തേക്ക് കബോട്ടാഷ് നിയമത്തില്‍ ഇളവുനല്‍കാനുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനം കൊച്ചി തുറമുഖത്തിന്റെയോ സംസ്ഥാനത്തിന്റെയോ രാജ്യത്തിന്റെയോ താല്‍പ്പര്യത്തിന് അനുസൃതമല്ലെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എം എം ലോറന്‍സ് പറഞ്ഞു.

    ReplyDelete