Saturday, September 8, 2012

എമര്‍ജിങ് കേരള മീറ്റ് മാറ്റിവയ്ക്കണം: തോമസ് ഐസക്


എമര്‍ജിങ് കേരളയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ മീറ്റ് മാറ്റിവെയ്ക്കണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ. തോമസ് ഐസക് എംഎല്‍എ ആവശ്യപ്പെട്ടു. വ്യക്തതയും അഭിപ്രായസമന്വയവും ഉണ്ടാക്കുന്നതിന് പ്രതിപക്ഷവുമായി ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ തയാറാകണം. എമര്‍ജിങ് കേരളയിലെ പലതും അപ്രായോഗികമാണെന്നും അവ പിന്‍വലിക്കുമെന്നുമുള്ള മുഖ്യമന്ത്രിയുടെ അഭിപ്രായം കുറ്റസമ്മതമാണെന്നും ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എമര്‍ജിങ് കേരളയില്‍ തുറന്ന സമീപനമില്ല. പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് ഒരു പരിശോധനയുമില്ലാതെയാണ് പ്രഖ്യാപനം. സ്വാശ്രയവിദ്യാഭ്യാസ സ്ഥാപനത്തിന് എന്തിനാണ് സര്‍ക്കാര്‍ ഭൂമി നല്‍കുന്നത്. മുഖ്യമന്ത്രി അപ്രായോഗികമെന്ന് പറഞ്ഞ പദ്ധതിക്ക് എന്ത് വിശ്വാസ്യതയാണുള്ളത്. ഭരിക്കുന്ന മന്ത്രിമാര്‍ക്ക് പോലും എന്തൊക്കെ പ്രൊജക്ടുകളാണ് തങ്ങളുമായി ബന്ധപ്പെട്ട് വരുന്നത് എന്നറിയില്ല. വിജിലന്‍സ് അന്വേഷണത്തിന് വച്ചിരിക്കുന്ന ആറന്മുളവിമാനത്താവള പദ്ധതിയടക്കം എമര്‍ജിങ് കേരളയില്‍ ഉള്‍പ്പെടുത്തി നിക്ഷേപകര്‍ക്ക് മുന്നില്‍ കാണിക്കുന്നതെന്തിനാണ്. എമര്‍ജിങ് കേരളയ്ക്കുവെള്ളപൂശാന്‍ തങ്ങളെ കിട്ടില്ലെന്നും ഐസക് പറഞ്ഞു. സിപിഐ എം ജില്ലാസെക്രട്ടറി കെ അനന്തഗോപനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

അമേരിക്കന്‍ അംബാസഡറുടെ വരവ് ആഗോളവല്‍ക്കരണം അടിച്ചേല്‍പ്പിക്കാന്‍: കോടിയേരി

സംസ്ഥാനം ഇതുവരെ ആര്‍ജിച്ച നേട്ടങ്ങളെ തകര്‍ക്കാനാണ് എമര്‍ജിങ് കേരളയില്‍ അമേരിക്കന്‍ അംബാസഡറെ പങ്കെടുപ്പിക്കുന്നതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ആഗോളവല്‍ക്കരണനയങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള അമേരിക്കന്‍ താല്‍പ്പര്യത്തിന്റെ ഭാഗമാണിത്. ഓള്‍ ഇന്ത്യാ പോസ്റ്റല്‍ എംപ്ലോയീസ് യൂണിയന്‍ ഗ്രൂപ്പ്-സി (എന്‍എഫ്പിഇ) 29-ാം അഖിലേന്ത്യാ സമ്മേളന സ്വാഗതസംഘം രൂപീകരണയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു കോടിയേരി.

അമേരിക്കന്‍ അംബാസഡര്‍ നാന്‍സി ജെ പവല്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്ത് കേരളത്തിന്റെ സുസ്ഥിരവികസനത്തെപ്പറ്റി പ്രഭാഷണം നടത്തുമെന്നാണ് സര്‍ക്കാരിന്റെ ക്ഷണക്കത്തിലുള്ളത്. കേരളവികസനത്തിന് അടിത്തറ പാകിയ ഇ എം എസിന്റെ നേതൃത്വത്തിലുള്ള ആദ്യസര്‍ക്കാരിനെ ഇല്ലാതാക്കാന്‍ അമേരിക്ക പണമൊഴുക്കിയെന്ന് അന്നത്തെ അമേരിക്കന്‍ അംബാസഡര്‍ മൊയ്നിഹാന്‍ തുറന്ന് സമ്മതിച്ചതാണ്. ചരിത്രത്തില്‍ ആദ്യമായാണ് അമേരിക്കന്‍ അംബാസഡര്‍ കേരളത്തില്‍ പൊതുചടങ്ങില്‍ പങ്കെടുക്കുന്നത്. പശ്ചിമബംഗാളില്‍ മമത സര്‍ക്കാരിനെ പുകഴ്ത്തി അവിടത്തെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് അമേരിക്കന്‍ അംബാസഡറാണ്. ഇവിടെയും നേരിട്ടിടപെടുകയാണ്. രാജ്യം പൂര്‍ണമായും അമേരിക്കയ്ക്ക് അടിയറവച്ചതിന്റെ തെളിവാണിത്. കേരള മോഡല്‍ തകര്‍ക്കാനാണ് ആഗോള ധനമൂലധന ശക്തികളുടെ ശ്രമം. പൊലീസുകാര്‍ ലോട്ടറി വിറ്റ് നിര്‍മിച്ച ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയംപോലും എമര്‍ജിങ് കേരളയില്‍ വില്‍പ്പനയ്ക്ക് വച്ചു. പൊലീസില്‍പ്പോലും പെന്‍ഷന്‍ പറ്റിയവരെ കുത്തിനിറയ്ക്കാന്‍ തീരുമാനമെടുത്തു. എല്ലാ വകുപ്പുകളിലും ഇത് നടപ്പാക്കും. പുതിയ നിയമനം ഉണ്ടാകില്ലെന്നും കോടിയേരി പറഞ്ഞു.

ഉദ്ഘാടനം മാറ്റണം: ആര്‍എസ്പി

എമര്‍ജിങ് കേരളയിലെ പദ്ധതിനിര്‍ദേശങ്ങളെപ്പറ്റി സര്‍ക്കാരിനുപോലും വ്യക്തതയില്ലാത്ത സാഹചര്യത്തില്‍ സംരംഭത്തിന്റെ ഉദ്ഘാടനം മാറ്റണമെന്ന് ആര്‍എസ്പി സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു.

നിക്ഷേപകരിലും പൊതുസമൂഹത്തിലും വലിയ ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളത്. ആയിരക്കണക്കിനേക്കര്‍ സ്വകാര്യസംരംഭകര്‍ക്ക് കൈമാറുന്ന നടപടി അംഗീകരിക്കാനാകില്ല. നിലവിലുള്ള നിയമങ്ങളെ കാറ്റില്‍പ്പറത്തി വ്യാവസായിക വികസനത്തിന്റെ പേരില്‍ സ്വകാര്യ സംരംഭകര്‍ക്ക് അവിഹിത നേട്ടം ഉണ്ടാക്കാനുള്ള പദ്ധതികളോട് യോജിക്കാനാകില്ല. യുഡിഎഫ് നടപ്പാക്കുന്ന ജനവിരുദ്ധ പദ്ധതികള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ചതാണെന്ന് വരുത്തിത്തീര്‍ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. അടിസ്ഥാനരഹിത ആക്ഷേപം ഉന്നയിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നടപടി അപലപനീയമാണ്. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ സംസ്ഥാനത്ത് നിലവിലുള്ള നിക്ഷേപ സൗഹൃദാന്തരീക്ഷം ഇല്ലാതാകുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.

ടി ജെ ചന്ദ്രചൂഡന്‍ അധ്യക്ഷനായി. എ എ അസീസ് എംഎല്‍എ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എന്‍ കെ പ്രേമചന്ദ്രന്‍, വി പി രാമകൃഷ്ണപിള്ള, തോമസ് ജോസഫ്, കല്ലട വിജയം, കെ സിസിലി, പി കെ ദിവാകരന്‍, അമ്പലത്തറ ശ്രീധരന്‍നായര്‍, കെ എസ് വേണുഗോപാല്‍, എസ് സത്യപാലന്‍, ഇല്ലിക്കല്‍ അഗസ്തി, പി പ്രകാശ് ബാബു എന്നിവര്‍ സംസാരിച്ചു.

സര്‍ക്കാര്‍ വെല്ലുവിളിക്കുന്നു: കെ കെ ശൈലജ

സംസ്ഥാനത്ത് നിശാകേന്ദ്രങ്ങളും ആഭാസനൃത്തശാലയും മറ്റും തുടങ്ങാനുള്ള നീക്കം അപമാനമാണെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ കെ ശൈലജ പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ കേരളീയരെ വെല്ലുവിളിക്കുകയാണ്. ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. ഭരണപരാജയം മറച്ചുവച്ച് നിക്ഷേപം ഒഴുകുമെന്ന് പ്രചരിപ്പിക്കുന്നു. സംസ്ഥാനത്തിന്റെ സാംസ്കാരികാന്തരീക്ഷവും സര്‍ക്കാര്‍ തകര്‍ക്കുകയാണ്. യുഡിഎഫ് നടപടിയില്‍ ശക്തമായി പ്രതിഷേധിക്കണമെന്ന് ശൈലജ അഭ്യര്‍ഥിച്ചു.

സ്ത്രീത്വത്തെ അപമാനിക്കുന്നു: പി കെ ശ്രീമതി

എമര്‍ജിങ് കേരളയുടെ മറപിടിച്ച് നിശാകേന്ദ്രങ്ങളും മദ്യശാലയും ആരംഭിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ സ്ത്രീത്വത്തെ അപമാനിക്കുകയാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി പറഞ്ഞു. സര്‍ക്കാര്‍ നടപടി അങ്ങേയറ്റം അപഹാസ്യമാണ്. ഇത്തരത്തിലുള്ള നീക്കങ്ങള്‍ സംസ്ഥാനത്ത് കേട്ടുകേള്‍വിയില്ലാത്തതാണ്. നിക്ഷേപം വരുന്നതായി പ്രചരിപ്പിച്ച് സംസ്ഥാനത്തിന്റെ അമൂല്യസമ്പത്ത് ഭൂമാഫിയക്കും നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ക്കും അടിയറവയ്ക്കുന്ന സര്‍ക്കാര്‍, നിശാകേന്ദ്രങ്ങള്‍ തുറന്ന് നമ്മുടെ സാംസ്കാരികാന്തരീക്ഷം അപകടപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഇത് ചെറുക്കണം- ശ്രീമതി പറഞ്ഞു.

വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചാല്‍ നേരിടും: ഐഎന്‍ടിയുസി

കൊച്ചി: എമര്‍ജിങ് കേരളയുടെ ഭാഗമായി നഗരത്തിലെ വഴിയോര കച്ചവടക്കാരെ അനാവശ്യമായി ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി നേരിടുമെന്ന് കേരള വഴിയോര വ്യാപാര തൊഴിലാളി യൂണിയന്‍ (ഐഎന്‍ടിയുസി) വ്യക്തമാക്കി. വഴിയോര കച്ചവടക്കാരെ സംരക്ഷിക്കാന്‍ നിയമനിര്‍മാണം നടക്കുമ്പോള്‍ ഇവിടെ ഉപദ്രവിക്കാനാണ് ശ്രമമെന്നും യൂണിയന്‍ പ്രസിഡന്റ് എ ബി സാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ രംഗത്തെ മാഫിയകളെ ഒഴിവാക്കാന്‍ വഴിയോര കച്ചവടക്കാരുടെ വിവരങ്ങള്‍ ശേഖരിച്ച് രജിസ്റ്റര്‍ തയ്യാറാക്കണമെന്നും അവര്‍ക്ക് സ്വയംതൊഴില്‍ ചെയ്യാനാവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു. പി എം വീരാന്‍കുട്ടി, പി എ ജമാല്‍, തമ്പി അമ്പലത്തിങ്കല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 080912

No comments:

Post a Comment