Sunday, September 9, 2012

ഒറ്റവര്‍ഷം 51,462 ഏക്കര്‍ നെല്‍വയല്‍ ഇല്ലാതായി


എമര്‍ജിങ് കേരളയിലെ ഭൂവിനിയോഗം സംബന്ധിച്ച തര്‍ക്കങ്ങള്‍ക്കിടെ, സംസ്ഥാനത്തെ നെല്ലുല്‍പ്പാദനം കുത്തനെ ഇടിഞ്ഞതായും പാടങ്ങള്‍ അതിവേഗം ഇല്ലാതാകുന്നതായും ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം. ഒരു വര്‍ഷത്തിനകം 51,462 ഏക്കര്‍ നെല്‍പ്പാടം ഇല്ലാതായെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഉല്‍പ്പാദനത്തില്‍ 75,599 ടണ്ണിന്റെ ഇടിവാണുണ്ടായത്. പത്തുവര്‍ഷത്തിനകം കേരളത്തില്‍ ഇല്ലാതായത് ഒരു ലക്ഷത്തില്‍പ്പരം ഹെക്ടര്‍ നെല്‍പ്പാടമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

നെല്‍കൃഷിയില്‍ മുന്നിലുള്ള പാലക്കാട്, തൃശൂര്‍ ജില്ലകള്‍ ഉള്‍പ്പെടെ നെല്‍കൃഷി വന്‍തകര്‍ച്ചയിലാണ്. 2009-10ല്‍ കേരളത്തില്‍ കൃഷിയിറക്കിയത് 5,78,258 ഏക്കറിലാണ്്. 2010-11ല്‍ ഇത് 5,26,796 ഏക്കറായി ചുരുങ്ങി. 2009-10ല്‍ 5,98,337 ടണ്‍ നെല്ല് ഉല്‍പ്പാദിപ്പിച്ചെങ്കില്‍ 2010-11ല്‍ 5,22,738 ടണ്ണായി കുറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ 12.63ശതമാനം കുറഞ്ഞു. 2009-10ല്‍ നെല്ലിന്റെ ഉല്‍പ്പാദനക്ഷമത ഹെക്ടറിന് 2557കിലോ ആയിരുന്നത് 2452 ആയും ഇടിഞ്ഞു. ജൂലൈ-ഒക്ടോബര്‍ കാലയളവിലെ ഒന്നാംവിള (വിരുപ്പ്), നവംബര്‍-ഫെബ്രുവരി കാലയളവിലെ രണ്ടാംവിള (മുണ്ടകന്‍), മാര്‍ച്ച്-ജൂണ്‍ കാലയളവിലെ മൂന്നാംവിള (പുഞ്ച) എന്നിങ്ങനെ മൂന്നു സീസണുകളിലായാണ് കേരളത്തില്‍ കൃഷി നടക്കുന്നത്. 2009-10ല്‍ വിരുപ്പ് കൃഷിയിറക്കിയത് 19,0886 ഏക്കറിലാണ്. 2010-11ല്‍ ഇത് 17,4204 ഏക്കറായി ചുരുങ്ങി. ഉല്‍പ്പാദനത്തിലും തകര്‍ച്ചയുണ്ടായി. 11.35ശതമാനമാണ് ഉല്‍പ്പാദനം കുറഞ്ഞത്. വിരുപ്പ് കൃഷിയില്‍നിന്ന് 2009-10ല്‍ 1,92,049 ടണ്‍ നെല്ല് ഉല്‍പ്പാദിപ്പിച്ചു. 2010-11ല്‍ ഇത് 1,70,262 ടണ്ണായി. 21,787 ടണ്ണാണ് ഉല്‍പ്പാദനം താഴ്ന്നത്. മുണ്ടകനില്‍ 2009-10ല്‍ 2,65601 ഏക്കറിലായിരുന്ന നെല്‍കൃഷി 2010-11ല്‍ 2,26,239 ഏക്കറായി താഴ്ന്നു. കൃഷിഭൂമിയില്‍ 14.8ശതമാനം കുറവുണ്ടായി. മുണ്ടകനില്‍ 2009-2010ല്‍ 2,72,284 ടണ്‍ ഉല്‍പ്പാദിപ്പിച്ചത് 2010-11ല്‍ 2,15,011 ടണ്ണായി. 21.03 ശതമാനം കുറവ്. നെല്‍കൃഷിയില്‍ ഒന്നാംസ്ഥാനത്തുള്ള പാലക്കാട് ജില്ലയിലും വന്‍ കൃഷിതകര്‍ച്ചയുണ്ടായി. തൃശൂര്‍, കോട്ടയം, പത്തനംതിട്ട ജില്ലകളിലും വന്‍തോതില്‍ നെല്‍കൃഷി തകര്‍ന്നു. 2001-02ല്‍ 7,96,588 ഏക്കറുണ്ടായിരുന്ന കൃഷി 2010-11ല്‍ 5,26,796 ഏക്കറായി കുത്തനെ ഇടിഞ്ഞതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2001-02ല്‍ 7,03,504 ടണ്ണായിരുന്നു നെല്ലുല്‍പ്പാദനം. പത്തുവര്‍ഷത്തിനകം 1,80,766ടണ്‍ ഉല്‍പ്പാദനം കുറഞ്ഞു. 2011-12 വര്‍ഷത്തെ കണക്ക് പുറത്തുവന്നിട്ടില്ല.
(ടി വി വിനോദ്)

deshabhimani 090912

2 comments:

  1. എമര്‍ജിങ് കേരളയിലെ ഭൂവിനിയോഗം സംബന്ധിച്ച തര്‍ക്കങ്ങള്‍ക്കിടെ, സംസ്ഥാനത്തെ നെല്ലുല്‍പ്പാദനം കുത്തനെ ഇടിഞ്ഞതായും പാടങ്ങള്‍ അതിവേഗം ഇല്ലാതാകുന്നതായും ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം. ഒരു വര്‍ഷത്തിനകം 51,462 ഏക്കര്‍ നെല്‍പ്പാടം ഇല്ലാതായെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഉല്‍പ്പാദനത്തില്‍ 75,599 ടണ്ണിന്റെ ഇടിവാണുണ്ടായത്. പത്തുവര്‍ഷത്തിനകം കേരളത്തില്‍ ഇല്ലാതായത് ഒരു ലക്ഷത്തില്‍പ്പരം ഹെക്ടര്‍ നെല്‍പ്പാടമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

    ReplyDelete
  2. പൊതുവേ കൃഷി കേരളത്തില്‍,പ്രത്യേകിച്ചും നെല്‍ കൃഷി വലിയ ബുദ്ധി മുട്ടാണ്..കാര്യം വേറെ ഒന്നുമല്ല
    മഴയുടെ അഭാവം..മഴയുടെ ആധിഖ്യം..
    രണ്ടും നെല്‍ കൃഷിയെ നശിപ്പിക്കും
    വിത്ത്‌ മുളപ്പിച്ചു ഞാര്‍ ആക്കി ഞാറു കണ്ടത്തില്‍ നടുന്നു
    ..ഞാറു നാട്ടു മൂന്നു ദിവസം എങ്കിലും കണ്ടത്തില്‍ ജല നിരപ്പ് ഒരേ നിലയില്‍ നിര്‍ത്തുക ..
    അപ്പോള്‍ ഒരു മഴ പെയ്താല്‍ ഞാറു മുഴുവന്‍ പൊങ്ങി ഒരു വശത്ത് അടിഞ്ഞു കൂടും
    അത്രയും ഞാറു നഷ്ട്ടമായി എന്ന് സത്യം

    ജല നിരപ്പ് നില നിര്‍ത്തുക എന്നത് വളരെ ശ്രേമാകാരം ആണ്
    മൂന്നും നാലും ദിവസം ഒരേ പോലെ ജല നിരപ്പ് നില നിര്‍ത്തുക വലിയ വിഷമം ആണ്..
    ഒരു നല്ല മഴ പെയ്താല്‍ ഞാറു മുഴുവന്‍ പൊങ്ങി പോവും
    അങ്ങിനെ അങ്ങിനെ നൂറു പ്രായോഗിക ബുദ്ധിമുട്ടുകള്‍..
    കള നീക്കുക .. മനുഷ്യന്‍ തന്നെ ഇടപെട്ടു ചെയ്യണ്ടതാണ് ..
    കൊയാന്‍ വൈകിയാല്‍ നെല്‍ മണികള്‍ കൊഴിഞ്ഞു വീഴും
    വിളഞ്ഞു കഴിഞ്ഞ ദിവസങ്ങളില്‍ ഒരു മഴ പെയ്താല്‍..
    നെല്‍ മണി മുഴുവന്‍ വയലില്‍ വീണു നഷ്ട്ടമാകും..
    നെല്ല് വീണു പോവുകയും ചെയ്യും
    അങ്ങിനെ അങ്ങിനെ ..
    കേരളത്തിലെ നെല്‍ കൃഷി അങ്ങിനെ മഴയുമായി ഒരു ചൂത് കളിയാണ്
    അതില്‍ മിക്കപ്പോഴും കര്‍ഷകന്‍ പരാജയപ്പെടുന്നു എന്നതാണ് ആത്യന്തിക സത്യം
    അത് കൊണ്ട് തന്നെ നെല്‍ കൃഷി ഇല്ലാതാകുന്നു ..
    കൃഷി ചെയ്തു പരാജയപ്പെടാന്‍ ആര്‍ക്കും വയ്യ
    വരമ്പില്‍ രാത്രി മുഴുവന്‍ പോയി മഴയത്തു കുത്തിയിരിക്കാനും ആരും തയ്യാറല്ല
    വി എസ് കൊണ്ട് വന്ന സഹകരണ നെല്‍ കൃഷി പിന്നെയും ഒരു വലിയ സംരംഭം ആയിരുന്നു
    തരിശു നെല്‍ വയലുകള്‍ സഹകരണ സംഘം രൂപീകരിച്ചു കൃഷി ചെയ്‌താല്‍ ചിലപ്പോള്‍ വിജയം കണ്ടേക്കും

    ReplyDelete