Monday, September 10, 2012

ഡിവൈഎഫ്ഐ സമ്മേളനത്തിന് നാളെ തുടക്കം


ബംഗളൂരു: ഡിവൈഎഫ്ഐ ഒമ്പതാം അഖിലേന്ത്യാ സമ്മേളനത്തിന് പൂന്തോട്ടനഗരി ഒരുങ്ങി. ചൊവ്വാഴ്ചമുതല്‍ 15 വരെ ബംഗളൂരുവില്‍ നടക്കുന്ന സമ്മേളനത്തിന്റെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ഡിവൈഎഫ്ഐയുടെ ത്യാഗനിര്‍ഭര പോരാട്ടങ്ങളുടെ ഓര്‍മകളുമായി പ്രയാണം തുടരുന്ന പതാക- കൊടിമര- ദീപശിഖാ ജാഥകള്‍ തിങ്കളാഴ്ച ബംഗളൂരുവില്‍ സംഗമിക്കും. ഡിവൈഎഫ്ഐ മഹാരാഷ്ട്ര സെക്രട്ടറി പ്രീതി ശേഖര്‍ നയിക്കുന്ന പതാകജാഥ ഞായറാഴ്ച കര്‍ണാടകത്തില്‍ പ്രവേശിച്ചു. മട്ടന്നൂര്‍, ഇരിട്ടി എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം കൂട്ടുപുഴവഴി മടിക്കേരിയിലെത്തിയ ജാഥയ്ക്ക് കര്‍ണാടക അതിര്‍ത്തിയിലും വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ഹുന്‍സൂര്‍, മൈസൂരു എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം ജാഥയുടെ പര്യടനം ഞായറാഴ്ച മാണ്ഡ്യയില്‍ സമാപിച്ചു.

കൂത്തുപറമ്പ് രക്തസാക്ഷിമണ്ഡപത്തില്‍നിന്നാണ് ജാഥ പുറപ്പെട്ടത്. തിങ്കളാഴ്ച ചെന്നപട്ടണ, രാമനഗര, കെങ്കേരിവഴി വൈകിട്ടോടെ ബംഗളൂരുവില്‍ എത്തും. ഡിവൈഎഫ്ഐ ദേശീയ ജോയിന്റ് സെക്രട്ടറി ശൈലേന്ദ്ര കാമ്പില്‍ നയിക്കുന്ന കൊടിമരജാഥയ്ക്ക് പുഷ്പാനഗര്‍, സയ്ദാര്‍പേട്ട, കാഞ്ചീപുരം എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. തിങ്കളാഴ്ച തമിഴ്നാട് അതിര്‍ത്തിയായ ഹൊസൂര്‍വഴി ജാഥ ബംഗളൂരുവിലെത്തും. ചെന്നൈയില്‍നിന്നാണ് ജാഥ പ്രയാണം തുടങ്ങിയത്. ഡിവൈഎഫ്ഐ ചിക്ബലാപുര്‍ ജില്ലാ സെക്രട്ടറി ശ്രീനിവാസ്റെഡ്ഡി നയിക്കുന്ന ദീപശിഖാജാഥ കര്‍ണാടകത്തിലെ ചിക്ബലാപുരില്‍നിന്ന് തിങ്കളാഴ്ച പ്രയാണമാരംഭിക്കും. ജി വി ശ്രീറാംറെഡ്ഡി ഉദ്ഘാടനംചെയ്യും. വൈകിട്ട് ബംഗളൂരുവിലെത്തും. സമ്മേളനഭാഗമായി ഞായറാഴ്ച ബംഗളൂരുവില്‍ വളന്റിയര്‍ മാര്‍ച്ച് നടന്നു. ടൗണ്‍ഹാള്‍ പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് നഗരം ചുറ്റിയശേഷം സംപഗിറാം നഗറിലെ ഡിവൈഎഫ്ഐ സ്വാഗതസംഘം ഓഫീസ് പരിസരത്ത് സമാപിച്ചു. കന്നഡ ഡെവലപ്മെന്റ് അതോറിറ്റി മുന്‍ ചെയര്‍മാന്‍ പ്രൊഫ. ചന്ദ്രശേഖരപാട്ടീല്‍ വളന്റിയര്‍ മാര്‍ച്ച് ഉദ്ഘാടനംചെയ്തു.

deshabhimani 100912

1 comment:

  1. ഡിവൈഎഫ്ഐ ഒമ്പതാം അഖിലേന്ത്യാ സമ്മേളനത്തിന് പൂന്തോട്ടനഗരി ഒരുങ്ങി. ചൊവ്വാഴ്ചമുതല്‍ 15 വരെ ബംഗളൂരുവില്‍ നടക്കുന്ന സമ്മേളനത്തിന്റെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ഡിവൈഎഫ്ഐയുടെ ത്യാഗനിര്‍ഭര പോരാട്ടങ്ങളുടെ ഓര്‍മകളുമായി പ്രയാണം തുടരുന്ന പതാക- കൊടിമര- ദീപശിഖാ ജാഥകള്‍ തിങ്കളാഴ്ച ബംഗളൂരുവില്‍ സംഗമിക്കും.

    ReplyDelete