കേരളം ഭക്ഷ്യസുരക്ഷയില്‍ ശ്രദ്ധിക്കേണ്ടതില്ലെന്ന ആസൂത്രണകമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്സിങ് അലുവാലിയയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധമുയരുന്നു. നെല്‍വയലുകള്‍ റിയല്‍ എസ്റ്റേറ്റ് ലോബിക്ക് കാഴ്ചവയ്ക്കാനുള്ള നടപടിക്ക് ഔദ്യോഗികപരിവേഷം നല്‍കുകയാണ് അലുവാലിയ തന്റെ പ്രസ്താവനയിലൂടെ ചെയ്തിരിക്കുന്നതെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വികസനസമിതി ചെയര്‍മാന്‍ പ്രൊഫ. ടി പി കുഞ്ഞിക്കണ്ണന്‍ പറഞ്ഞു. നെല്‍വയലിന്റെ മൂല്യം കേവലം പണംകൊണ്ട് അളക്കാവുന്നതല്ല. അവ നിലനില്‍ക്കുന്നതുകൊണ്ടാണ് ഭൂഗര്‍ഭജലം നിലനിര്‍ത്താന്‍ സാധിക്കുന്നത്. പാരിസ്ഥിതികസന്തുലനത്തിന് നെല്‍വയല്‍ സംരക്ഷിക്കേണ്ടത് ആവശ്യമാണ്. കേരളത്തില്‍ 10 ലക്ഷം ഹെക്ടറുണ്ടായിരുന്ന നെല്‍ക്കൃഷി ഇപ്പോള്‍ ഒന്നേകാല്‍ലക്ഷം ഹെക്ടര്‍ മാത്രമാണ്. ബാക്കിയുള്ളവ തീര്‍ച്ചയായും സംരക്ഷിക്കപ്പെടേണ്ടതാണെന്നും ടി പി കുഞ്ഞിക്കണ്ണന്‍ പറഞ്ഞു.
കേരളത്തിലെ നെല്‍വയലുകള്‍ ഭക്ഷണം മാത്രമല്ല തരുന്നതെന്നും പരിസ്ഥിതി സന്തുലനത്തില്‍ അതിലും വളരെ വലിയ പങ്ക് അവ വഹിക്കുന്നുണ്ടെന്നും മുന്‍ കൃഷി ഡയറക്ടര്‍ ഡോ. ആര്‍ ഹേലി പറഞ്ഞു. അത് കണക്കിലെടുക്കാതെയാണ് അലുവാലിയയെപ്പോലുള്ളവര്‍ അഭിപ്രായം പറയുന്നത്. സംസ്ഥാനത്ത് കുറഞ്ഞത് അഞ്ചുലക്ഷം ഹെക്ടര്‍ സ്ഥലത്തെങ്കിലും നെല്‍ക്കൃഷി വേണം. അല്ലെങ്കില്‍ കേരളത്തില്‍ ഉണ്ടാവുക ഭക്ഷ്യക്ഷാമമായിരിക്കില്ല; കുടിവെള്ളക്ഷാമമായിരിക്കും. വെള്ളം മറ്റു സ്ഥലങ്ങളില്‍നിന്ന് വാങ്ങേണ്ട സ്ഥിതിയിലെത്തും നമ്മള്‍. കേരളം രൂപീകരിച്ച സമയംമുതല്‍ ആസൂത്രണകമീഷന്‍ കൃഷിയുടെ കാര്യത്തില്‍ വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. കേരളം ഭക്ഷ്യവിളകളില്‍ ശ്രദ്ധിക്കേണ്ട, നാണ്യവിളകളുടെ ഉല്‍പ്പാദനം കൂട്ടാന്‍ ശ്രദ്ധിച്ചാല്‍ മതിയെന്നായിരുന്നു ആസൂത്രണകമീഷന്‍ നിലപാട്. സബ്സിഡി ഉപേക്ഷിക്കണമെന്ന അലുവാലിയയുടെ അഭിപ്രായം നടപ്പിലായാല്‍ കര്‍ഷകര്‍ കൂട്ടത്തോടെ കൃഷി ഉപേക്ഷിച്ചുപോവുന്ന അവസ്ഥയുണ്ടാകും. ഇത്തരം അഭിപ്രായങ്ങള്‍ ആസൂത്രണം എന്ന് പറയാനാവില്ലെന്നും അദ്ദേഹംപറഞ്ഞു.
കൃഷിഭൂമി ഒട്ടാകെ വ്യാവസായികഭൂമിയാക്കുക എന്ന നയമാണ് മൊണ്ടേക്സിങ് അലുവാലിയയുടെ വാക്കുകളിലൂടെ വ്യക്തമാകുന്നതെന് കുട്ടനാട് വികസനസമിതി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കല്‍ പറഞ്ഞു. ഇതിന് കേന്ദ്രസര്‍ക്കാര്‍ മൗനാനുവാദം നല്‍കിയിരിക്കുകയാണ്. അലുവാലിയക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഒന്നും മിണ്ടാത്തത് ഇതിനു തെളിവാണ്. കേരളത്തില്‍ കൂലി കൂടുതലാണെന്നും അതിനാല്‍ ഭക്ഷ്യസാധനങ്ങള്‍ പുറത്തുനിന്ന് വാങ്ങാനാവുമെന്ന വാദവും അംഗീകരിക്കാനാവില്ല. കേരളത്തിലുള്ളവര്‍ അവരുടെ പണം ഉപയോഗിച്ച് ഇവിടെയുള്ള കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ തദ്ദേശീയസമ്പദ്ഘടനയെയാണ് ശക്തിപ്പെടുത്തുന്നത്. ഇത്ര ലളിതമായ വസ്തുതപോലും ആസൂത്രണകമീഷന്‍ മേധാവിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്നും ഫാ. തോമസ് പീലിയാനിക്കല്‍ പറഞ്ഞു.
വന്‍ ഗൂഢാലോചന: വി എസ്
കേരളത്തില്‍ നെല്‍കൃഷി വേണ്ടെന്നും ആ ഭൂമി വ്യവസായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കണമെന്നുമുള്ള ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ അലുവാലിയയുടെ പ്രസ്താവനയ്ക്കുപിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടോയെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ആഗോളനിക്ഷേപകരുടെ സംഗമം വിളിച്ചുകൂട്ടി കേരളത്തിലെ നെല്‍വയലുകള്‍ വ്യവസായങ്ങളുടെപേരില്‍ നികത്തണമെന്ന് ഇന്ത്യയുടെ ആസൂത്രണത്തിന്റെ ചുക്കാന്‍പിടിക്കുന്നവര്‍ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും സാക്ഷിയാക്കി പ്രഖ്യാപിക്കുകയാണ്. സംസ്ഥാനം ഏകകണ്ഠമായി പാസാക്കിയ നിയമത്തിന് വിരുദ്ധമായാണ് ഈ പ്രഖ്യാപനം. സംഗമത്തില്‍ സമര്‍പ്പിച്ചിരിക്കുന്ന പദ്ധതികളുടെ കൂട്ടത്തില്‍നിന്ന് ഇത് നീക്കംചെയ്യാന്‍ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നതാണ്. അന്ന് ഇത് നിഷേധിച്ച മുഖ്യമന്ത്രി അലുവാലിയയുടെ പ്രസ്താവന തിരുത്താന്‍ തയ്യാറാകാതിരുന്നത് പ്രതിഷേധാര്‍ഹമാണ്.50 വര്‍ഷംമുമ്പ് ഒമ്പതുലക്ഷം ഹെക്ടര്‍ പാടശേഖരമുണ്ടായിരുന്ന കേരളത്തില്‍ ഇന്ന് അവശേഷിക്കുന്നത് വെറും 2,30,000 ഏക്കര്‍ നെല്‍വയല്‍ മാത്രമാണ്. ഇതേദിവസം ആറന്മുള എയര്‍പോര്‍ട്ടിന്റെപേരില്‍ നിയമം മറികടന്ന് വയല്‍ നികത്താനുള്ള അനുമതിയും നല്‍കിയിരിക്കുന്നു. 2005നുമുമ്പ് നികത്താമെന്ന് ഉമ്മന്‍ചാണ്ടിയും 2012ലും നികത്താം എന്ന് മന്‍മോഹന്‍സിങ്ങും പറയുന്നതോടെ കേരളത്തിലെ നെല്‍വയലുകള്‍ അപ്രത്യക്ഷമാകും. കുടിവെള്ളവും ഇല്ലാതാകും. ആറന്മുളയില്‍ നെല്‍വയല്‍ നികത്താനുള്ള നീക്കം എന്തുവിലകൊടുത്തും ചെറുത്തുതോല്‍പ്പിക്കും. ലോകബാങ്കിന്റെ തീട്ടൂരവും വാങ്ങി ഇത്തരം വികലമായ ആസൂത്രണസങ്കല്‍പ്പവുമായി പറന്നിറങ്ങുന്നവര്‍ പറയുന്നതുകേട്ട് കേരളത്തിന്റെ മണ്ണും പ്രകൃതിസമ്പത്തും കൊള്ളയടിക്കാമെന്ന് ആരും കരുതേണ്ട. ഇതിനെതിരായ പോരാട്ടത്തിന് എല്ലാവരും അണിനിരക്കണം-വി എസ് ആവശ്യപ്പെട്ടു.
തലതിരിഞ്ഞ ഉപദേശം: കര്‍ഷകസംഘം
കേരളത്തില്‍ നെല്‍ക്കൃഷി വേണ്ടെന്ന ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയയുടെ പ്രഖ്യാപനം കേരളീയരോടാകെയുള്ള വെല്ലുവിളിയാണെന്ന് കേരള കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ് ഇ പി ജയരാജനും സെക്രട്ടറി കെ വി രാമകൃഷ്ണനും പ്രസ്താവനയില്‍ പറഞ്ഞു.
അവശേഷിക്കുന്ന നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തി ഭൂമി വിറ്റുതുലയ്ക്കാനുള്ള "എമര്‍ജിങ് കേരള"യുടെ സംഘാടകര്‍ക്കുവേണ്ടിയുള്ള ഉപദേശമാണ് അലുവാലിയ നല്‍കിയത്. കേരളത്തിന്റെ പച്ചപ്പിന്റെ അന്ത്യകൂദാശയാണ് യുഡിഎഫ് സര്‍ക്കാര്‍ അലുവാലിയയെക്കൊണ്ട് നടത്തിക്കുന്നത്. നാല്‍പ്പതുകൊല്ലംകൊണ്ട് 6,60,000 ഹെക്ടര്‍ നെല്‍പ്പാടങ്ങള്‍ നികത്തപ്പെട്ട നാടാണ് കേരളം. ഏതുവിധേനയും നെല്‍കൃഷിയും തണ്ണീര്‍ത്തടങ്ങളും അതിലൂടെ നമ്മുടെ പ്രകൃതി സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടവര്‍തന്നെ നശീകരണം നടത്തുന്നത് പൊറുക്കാനാവാത്ത അപരാധമാണ്. കേരളത്തിലെ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ഇതര ജനവിഭാഗങ്ങളും ഒറ്റക്കെട്ടായി ഈ നീക്കത്തിനെതിരെ രംഗത്തുവരണം."എമര്‍ജിങ് കേരള"യുടെ പേരില്‍ യുഡിഎഫ് സര്‍ക്കാര്‍ ആസൂത്രണംചെയ്ത വന്‍ ഭൂമിക്കച്ചവടത്തില്‍ വലിയൊരു ഭാഗം തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളുമാണ്. അതിന് സാധുത നല്‍കാനുള്ളതാണ് ആസൂത്രണകമീഷന്റെ തലതിരിഞ്ഞ ഉപദേശം. നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിക്കാനുള്ള ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ വാശിക്ക് ചൂട്ടുപിടിച്ചുകൊടുക്കുകയാണ് അലുവാലിയ. അരിഭക്ഷണം കഴിക്കുന്ന ഒരാള്‍ക്കും ഈ നീക്കം അംഗീകരിക്കാനാവില്ല. കര്‍ഷകര്‍ക്കനുകൂലമായി ചിന്തിക്കുന്നതിന് പകരം കൃഷിതന്നെ അവസാനിപ്പിക്കാനുള്ള ഉപദേശമാണിത്- ഇരുവരും പ്രസ്താവനയില്‍ പറഞ്ഞു.
അലുവാലിയയുടെ പ്രസ്താവന ഭൂമാഫിയക്കു വേണ്ടി: സുധീരന്‍
തിരു: ഭൂമാഫിയ ഉയര്‍ത്തുന്ന വാദങ്ങളുമായി രംഗത്തുവന്ന ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടെക് സിങ് അലുവാലിയ കേരളീയരെ അപമാനിച്ചിരിക്കയാണെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. കേരളം സ്വയം ഭക്ഷ്യസുരക്ഷ ഉണ്ടാക്കേണ്ടതില്ലെന്ന അലുവാലിയയുടെ പ്രസ്താവന സംസ്ഥാനതാല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. സംസ്ഥാനം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ഭക്ഷ്യസുരക്ഷ. കേരളത്തില്‍ അനുദിനം നെല്‍വയല്‍ വിസ്തൃതിയും നെല്ലുല്‍പ്പാദനവും കുറയുകയാണ്. ഈ അവസരത്തില്‍ അലുവാലിയയുടെ പ്രസ്താവന ഭൂമാഫിയക്ക് കരുത്തു പകരും. അതുകൊണ്ടുതന്നെ അലുവാലിയയുടെ പ്രസ്താവന ധിക്കാരത്തിന്റെ ശബ്ദമാണ്. കേരളത്തിന് ഭക്ഷ്യ സുരക്ഷ ആവശ്യമില്ലെന്ന പ്രസ്താവന തിരുത്താന്‍ അദ്ദേഹം തയ്യാറാകണം-സുധീരന്‍ പറഞ്ഞു.
കേരളത്തോടുള്ള വെല്ലുവിളി: കെഎസ്കെടിയു
കേരളത്തിന്റെ മുന്‍ഗണനയില്‍നിന്ന് നെല്‍ക്കൃഷിയെ മാറ്റണമെന്ന ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയയുടെ ആവശ്യം കേരളജനതയോടുള്ള വെല്ലുവിളിയാണെന്ന് കേരള സംസ്ഥാന കര്‍ഷകത്തൊഴിലാളി യൂണിയന്‍ സംസ്ഥാനകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
അരി മുഖ്യആഹാരമായ കേരളത്തില്‍ ആവശ്യമായതിന്റെ പത്തിലൊന്നുപോലും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഉള്ള നെല്‍ക്കൃഷിയും ഉപേക്ഷിച്ച് അന്യസംസ്ഥാനങ്ങളില്‍നിന്ന് അരി ഇറക്കുമതിചെയ്യാന്‍ നിര്‍ദേശിക്കുന്ന ആസൂത്രണ പാടവം മനസ്സിലാകുന്നില്ല. യുഡിഎഫ് സര്‍ക്കാര്‍ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണനിയമം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതുമായി കൂട്ടിവായിക്കുമ്പോള്‍ കര്‍ഷകത്തൊഴിലാളികളോടും ഇടത്തരം കര്‍ഷകരോടുമുള്ള നയമാണ് ഈ അഭിപ്രായത്തിലൂടെ വ്യക്തമാകുന്നത്. നെല്‍വയലുകള്‍ നികത്തപ്പെടുന്നതുമൂലം പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഗുരുതരമാണ്. കുടിവെള്ളക്ഷാമം രൂക്ഷമാകുകയും കാലാവസ്ഥ മാറുകയും ചെയ്യുന്നു. നെല്‍വയലുകളും നീര്‍ത്തടങ്ങളും സംരക്ഷിച്ച്് കേരളത്തിന്റെ പൈതൃകം സംരക്ഷിക്കുന്നതിനു പകരം നാടിനെ എമര്‍ജിങ്ങിന്റെ പേരില്‍ ഭൂമാഫിയകള്‍ക്ക് വിറ്റുതുലയ്ക്കാനാണ് ഉദ്ദേശമെങ്കില്‍ കേരളത്തില്‍ അത് നടപ്പാക്കാന്‍ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും അനുവദിക്കില്ല. കേരളത്തിന്റെ പ്രകൃതി സന്തുലിതാവസ്ഥ തകിടംമറിക്കുന്ന, ഭക്ഷ്യോല്‍പ്പാദനം തകര്‍ക്കുന്ന തീരുമാനം എന്തിന്റെ പേരിലായാലും അനുവദിക്കാനാകില്ല. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ട് വരുമെന്നും യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് ബി രാഘവനും ജനറല്‍ സെക്രട്ടറി എം വി ഗോവിന്ദനും പറഞ്ഞു.
അലുവാലിയയുടെ വിവാദപരാമര്‍ശം കേട്ടില്ലെന്ന് മുഖ്യമന്ത്രി
കൊച്ചി: എമര്‍ജിങ് കേരള വേദിയില്‍ കേന്ദ്ര ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയ നടത്തിയ വിവാദ പരാമര്‍ശം താന്‍ കേട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സംസ്ഥാനത്തെ കാര്‍ഷികമേഖല ആധുനീകരിക്കണമെന്നാണ് അലുവാലിയ പറഞ്ഞതെന്നും വിവാദ പരാമര്‍ശമൊന്നും അദ്ദേഹം നടത്തിയിട്ടില്ലെന്നും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. സംസ്ഥാനസര്‍ക്കാരിന്റെ 16 ഇന ആവശ്യങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രിയെ കണ്ട് ചര്‍ച്ച നടത്തിയ കാര്യം വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് ഇരുവരും ഇതു പറഞ്ഞത്. സംസ്ഥാനത്ത് ഐഐടി സ്ഥാപിക്കുക, എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് സഹായം അനുവദിക്കുക, വിദ്യാഭ്യാസ ലോണ്‍ നല്‍കുന്നതില്‍ ബാങ്കുകളുടെ അനധികൃത നടപടി അവസാനിപ്പിക്കുക, എയര്‍ കേരള സ്ഥാപിക്കുന്നതിലെ തടസ്സം നീക്കുക, മലയാളത്തിന് ക്ലാസിക്കല്‍പദവി അനുവദിക്കുക തുടങ്ങി 13 ആവശ്യങ്ങളോട് പ്രധാനമന്ത്രി അനുഭാവത്തോടെ പ്രതികരിച്ചു. അഞ്ച് ബൈപാസുകള്‍ ദേശീയപാത അതോറിറ്റി ഏറ്റെടുക്കണമെന്ന ആവശ്യവും എസ്സി-എസ്ടി മെഡിക്കല്‍ കോളേജ് സ്ഥാപിക്കലും ഫ്ളൈ ഓവറുകളുടെ നിര്‍മാണവും സംബന്ധിച്ച് അനുകൂല പ്രതികരണം ഉണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ കെ എം മാണി, കെ ബാബു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
അലുവാലിയയുടെ പ്രസ്താവന കേരളത്തിന്റെ വീര്യം കെടുത്തുന്നത്: പി സി തോമസ്
കൊച്ചി: കേരളത്തില്‍ നെല്‍ക്കൃഷി വേണ്ടെന്ന ആസൂത്രണകമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്സിങ് അലുവാലിയയുടെ പ്രസ്താവന കേരളജനതയുടെ വീര്യംകെടുത്തുന്നതാണെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി സി തോമസ് പറഞ്ഞു. കേരളത്തിന് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ കാര്യമായ ശ്രമങ്ങള്‍ നടത്തുന്ന സമയത്താണ് നിരുത്തരവാദപരമായ പ്രസ്താവന. കേരളത്തിലെ കര്‍ഷകരോടും കാര്‍ഷികമേഖലയോടുമുള്ള തികഞ്ഞ അവഗണനയാണിത്. സബ്സിഡി വെട്ടിക്കുറയ്ക്കണമെന്ന നിലപാട് കര്‍ഷകര്‍ക്കോ കാര്‍ഷികമേഖലയ്ക്കോ ഗുണകരമല്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തണമെന്ന് പി സി തോമസ് പറഞ്ഞു.
deshabhimani 140912
കേരളം ഭക്ഷ്യസുരക്ഷയില്‍ ശ്രദ്ധിക്കേണ്ടതില്ലെന്ന ആസൂത്രണകമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്സിങ് അലുവാലിയയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധമുയരുന്നു. നെല്‍വയലുകള്‍ റിയല്‍ എസ്റ്റേറ്റ് ലോബിക്ക് കാഴ്ചവയ്ക്കാനുള്ള നടപടിക്ക് ഔദ്യോഗികപരിവേഷം നല്‍കുകയാണ് അലുവാലിയ തന്റെ പ്രസ്താവനയിലൂടെ ചെയ്തിരിക്കുന്നതെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വികസനസമിതി ചെയര്‍മാന്‍ പ്രൊഫ. ടി പി കുഞ്ഞിക്കണ്ണന്‍ പറഞ്ഞു. നെല്‍വയലിന്റെ മൂല്യം കേവലം പണംകൊണ്ട് അളക്കാവുന്നതല്ല. അവ നിലനില്‍ക്കുന്നതുകൊണ്ടാണ് ഭൂഗര്‍ഭജലം നിലനിര്‍ത്താന്‍ സാധിക്കുന്നത്. പാരിസ്ഥിതികസന്തുലനത്തിന് നെല്‍വയല്‍ സംരക്ഷിക്കേണ്ടത് ആവശ്യമാണ്. കേരളത്തില്‍ 10 ലക്ഷം ഹെക്ടറുണ്ടായിരുന്ന നെല്‍ക്കൃഷി ഇപ്പോള്‍ ഒന്നേകാല്‍ലക്ഷം ഹെക്ടര്‍ മാത്രമാണ്. ബാക്കിയുള്ളവ തീര്‍ച്ചയായും സംരക്ഷിക്കപ്പെടേണ്ടതാണെന്നും ടി പി കുഞ്ഞിക്കണ്ണന്‍ പറഞ്ഞു.
ReplyDelete