Wednesday, September 5, 2012

തുറമുഖ ബന്ധ പദ്ധതി: നഷ്ടം 873.85 കോടിയെന്ന് സിഎജി


കൊച്ചി തുറമുഖത്തിലേക്കുള്ള നാലുവരിപ്പാത നിര്‍മാണം ഉള്‍പ്പെടുന്ന തുറമുഖ ബന്ധ പദ്ധതി (പോര്‍ട്ട് കണക്ടിവിറ്റി പ്രോജക്ട്) നടപ്പാക്കാന്‍ വൈകിയതുകാരണം 873.85 കോടി രൂപ നഷ്ടമുണ്ടായതായി സിഎജി കണ്ടെത്തി. പദ്ധതി നടപ്പാക്കാനുള്ള പ്രത്യേക ഉദ്ദേശ്യസംവിധാനത്തിന്റെ വീഴ്ച 127.68 കോടി രൂപ റവന്യൂ നഷ്ടമുണ്ടാക്കി. വിശദമായ പദ്ധതി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ കൊച്ചി തുറമുഖവുമായി ബന്ധിപ്പിക്കുന്ന 16.7 കിലോമീറ്റര്‍ ദേശീയപാതയുടെ വികസനം തടസ്സപ്പെട്ടതായും സിഎജി വ്യക്തമാക്കി. പൊതുമേഖലാസ്ഥാപനങ്ങളെ സംബന്ധിച്ച് പാര്‍ലമെന്റിന്റെ ഇരുസഭകളിലും വച്ച സിഎജി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

രാജ്യത്തെ പ്രധാന തുറമുഖങ്ങളുമായി ബന്ധപ്പെട്ട തുറമുഖ ബന്ധ പദ്ധതിക്ക് (പിആര്‍സി) 2000ലാണ് കേന്ദ്ര സാമ്പത്തിക കാര്യ സമിതി അംഗീകാരം നല്‍കിയത്. ഒന്‍പത് തുറമുഖങ്ങളിലേക്കുള്ള പാതകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. നാഷണല്‍ ഹൈവേ അതോറിറ്റിക്കായിരുന്നു മേല്‍നോട്ടം. എന്നാല്‍, കരാര്‍ നല്‍കുന്നതില്‍ കാലതാമസം വരുത്തിയതും പ്രത്യേക ഉദ്ദേശ്യ സംവിധാനം നടപ്പാക്കാന്‍ വൈകിയതും കാരണം ഒരു പദ്ധതി പോലും ഉദ്ദേശിച്ച സമയത്ത് പൂര്‍ത്തിയാക്കാനായില്ല. ഇതുവരെ പൂര്‍ത്തിയായത് നാലു തുറമുഖങ്ങളിലേക്കുളള പാത മാത്രം. കൊച്ചി തുറമുഖപാത നിര്‍മാണം നടന്നത് 53 മാസം വൈകിയാണെന്നും സിഎജി ചൂണ്ടിക്കാട്ടി. ഇടപ്പള്ളി മുതല്‍ അരൂര്‍ വരെയുള്ള റോഡ് വികസനമാണ് വിശദപദ്ധതി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ നടക്കാതെപോയത്. 2011 ജനുവരിയില്‍ പൂര്‍ത്തിയായ കൊച്ചിന്‍ പിആര്‍സി പദ്ധതിക്കുള്ള വിശദ പദ്ധതിരേഖയില്‍ ഇടപ്പള്ളി - അരൂര്‍ പാതയുടെ വികസനം ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, പിന്നീട് ആവശ്യമായ വിശദ പദ്ധതിരേഖയില്‍നിന്നാണ് പാത വികസനം അപ്രത്യക്ഷമായത്. തുറമുഖത്തിലേക്ക് മികച്ച റോഡ് സൗകര്യം ഉറപ്പുവരുത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

കല്‍ക്കരി ഇറക്കുമതിയുമായി ബന്ധപ്പെട്ട കരാര്‍ വ്യവസ്ഥ നടപ്പാക്കാത്തതിലൂടെ എന്‍ടിപിസിക്ക് 698.81 കോടി രൂപയുടെ നഷ്ടമുണ്ടായി. കല്‍ക്കരി ഇറക്കുമതിക്കായി എന്‍ടിപിസി 2008ല്‍ എസ്ടിസിയുമായും 2009ല്‍ എംഎംടിസിയുമായും കരാറില്‍ എത്തി. ഏറ്റവും കുറഞ്ഞ ചെലവില്‍ തുറമുഖങ്ങള്‍ വഴി വൈദ്യുത സ്റ്റേഷനുകളില്‍ കല്‍ക്കരി എത്തിക്കാനായിരുന്നു കരാര്‍. എന്നാല്‍, ഇരുകമ്പനികളും എന്‍ടിപിസിയുമായുള്ള കരാര്‍ പാലിച്ചില്ല. ഇറക്കുമതി ചെയ്ത 56 ശതമാനം കല്‍ക്കരിയും അനുവദനീയമായതിലും കൂടിയ ചെലവിലാണ് വൈദ്യുത സ്റ്റേഷനുകളിലെത്തിച്ചത്. എംഎംടിസിയാകട്ടെ ഇറക്കുമതിയുടെ വലിയൊരു പങ്കും രാജ്യത്തെ ആദ്യ സ്വകാര്യ തുറമുഖമായ ഗുജറാത്തിലെ അദാനിയിലൂടെയാണ് നടത്തിയത്. സ്വകാര്യ തുറമുഖത്തിന് അനധികൃത നേട്ടമുണ്ടാക്കിക്കൊടുക്കുകയായിരുന്നു ഉദ്ദേശ്യം. എന്നാല്‍, എന്‍ടിപിസി മാനേജ്മെന്റ് വീഴ്ച അംഗീകരിക്കാന്‍ തയ്യാറായില്ല. ഏതു തുറമുഖം വഴി ഇറക്കുമതി വേണമെന്നത് കമ്പനികളുടെ സ്വന്തം കാര്യമാണെന്ന നിലപാടിലായിരുന്നു എന്‍ടിപിസി മാനേജ്മെന്റ്. കല്‍ക്കരി മന്ത്രാലയം ഈ വാദം അംഗീകരിച്ച് നഷ്ടം മൂടിവയ്ക്കാന്‍ കൂട്ടുനില്‍ക്കുകയും ചെയ്തു. സ്വകാര്യ കമ്പനികള്‍ക്ക് സബ്സിഡി നിരക്കില്‍ പ്രകൃതിവാതകം നല്‍കിയതിലൂടെ ഗ്യാസ് അതോറിറ്റി (ഗയില്‍) 246.16 കോടി രൂപയുടെ നഷ്ടം വരുത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
(പി വി അഭിജിത്)

deshabhimani 050912

1 comment:

  1. കൊച്ചി തുറമുഖത്തിലേക്കുള്ള നാലുവരിപ്പാത നിര്‍മാണം ഉള്‍പ്പെടുന്ന തുറമുഖ ബന്ധ പദ്ധതി (പോര്‍ട്ട് കണക്ടിവിറ്റി പ്രോജക്ട്) നടപ്പാക്കാന്‍ വൈകിയതുകാരണം 873.85 കോടി രൂപ നഷ്ടമുണ്ടായതായി സിഎജി കണ്ടെത്തി. പദ്ധതി നടപ്പാക്കാനുള്ള പ്രത്യേക ഉദ്ദേശ്യസംവിധാനത്തിന്റെ വീഴ്ച 127.68 കോടി രൂപ റവന്യൂ നഷ്ടമുണ്ടാക്കി. വിശദമായ പദ്ധതി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ കൊച്ചി തുറമുഖവുമായി ബന്ധിപ്പിക്കുന്ന 16.7 കിലോമീറ്റര്‍ ദേശീയപാതയുടെ വികസനം തടസ്സപ്പെട്ടതായും സിഎജി വ്യക്തമാക്കി. പൊതുമേഖലാസ്ഥാപനങ്ങളെ സംബന്ധിച്ച് പാര്‍ലമെന്റിന്റെ ഇരുസഭകളിലും വച്ച സിഎജി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

    ReplyDelete