Saturday, September 8, 2012

ഒഡിഷ: കോണ്‍ഗ്രസ് അക്രമത്തില്‍ വ്യാപക പ്രതിഷേധം


ഒഡിഷ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കോണ്‍ഗ്രസുകാര്‍ വനിതാ പൊലീസ് കോണ്‍സ്റ്റബിളിനെ ആക്രമിക്കുകയും മാനഭംഗത്തിനിരയാക്കുകയും ചെയ്തതില്‍ പ്രതിഷേധം വ്യാപകമാകുന്നു. കല്‍ക്കരി കുംഭകോണത്തില്‍ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന് ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസുകാര്‍ വ്യാഴാഴ്ച നിയമസഭാ മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിനിടെ അക്രമാസക്തരായ കോണ്‍ഗ്രസുകാര്‍ പൊലീസിനെയും മാധ്യമ പ്രവര്‍ത്തകരെയുമടക്കം ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഇതിനിടയില്‍ അക്രമികള്‍ക്കിടയില്‍ ഒറ്റപ്പെട്ടുപോയ വനിതാ കോണ്‍സ്റ്റബിളിനെ നിലത്തിട്ട് വലിച്ചിഴയ്ക്കുകയും മാനഭംഗപ്പെടുത്തുകയും ചെയ്തു. സാരമായി പരിക്കേറ്റ ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

പ്രകോപനമില്ലാതെയാണ് റാലിക്കെത്തിയവര്‍ അഴിഞ്ഞാടിയത്. നിയമസഭാ മന്ദിരത്തിനുമുന്നില്‍ പൊലീസ് മാര്‍ച്ച് തടഞ്ഞയുടന്‍ കോണ്‍ഗ്രസുകാര്‍ കല്ലേറ് തുടങ്ങുകയായിരുന്നു. പൊലീസ് ഇടപെട്ട് ശാന്തമാക്കിയെങ്കിലും റാലി അവസാനിച്ച ഉടന്‍ ഇരച്ചെത്തിയ അക്രമികള്‍ പൊലീസിന്റെ ബാരിക്കേഡ് തകര്‍ക്കുകയും രൂക്ഷമായി കല്ലെറിയുകയും ചെയ്തു. സംഭവം നടക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ സ്ഥലത്തുണ്ടായിരുന്നു. അക്രമത്തെ മുഖ്യമന്ത്രി നവീന്‍ പട്നായിക് ശക്തമായി അപലപിച്ചു. ജനങ്ങള്‍ ഞെട്ടലില്‍നിന്ന് ഇനിയും മോചിതരായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നും സമാധാനം നിലനില്‍ക്കുന്ന ഒഡിഷയ്ക്ക് കോണ്‍ഗ്രസ് കളങ്കമായെന്നും അദ്ദേഹം പറഞ്ഞു. വനിതാ കോണ്‍സ്റ്റബിളിനെ കോണ്‍ഗ്രസുകാര്‍ മാനഭംഗത്തിന് ഇരയാക്കിയെന്ന് ബിജെഡി വനിതാ വിങ് പ്രസിഡന്റും എംഎല്‍എയുമായ പ്രമീള മല്ലിക് പറഞ്ഞു. അക്രമികള്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ തങ്ങള്‍ അന്വേഷണം തുടങ്ങിയെന്നും പൊലീസുകാരി ആക്രമിക്കപ്പെട്ടതിനെ ശക്തമായി അപലപിക്കേണ്ടതുണ്ടെന്നും സംസ്ഥാന വനിതാ കമീഷന്‍ ചെയര്‍പേഴ്സണ്‍ ജ്യോതി പാണിഗ്രാഹി പറഞ്ഞു. അക്രമികള്‍ക്കെതിരെ നടപടി വേണമെന്ന് പൊലീസുകാരിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

deshabhimani 080912

1 comment:

  1. ഒറീസയില്‍ വനിതാ പൊലീസിനെ ആക്രമിച്ച കോണ്‍ഗ്രസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രധാനമന്ത്രിയോടും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോടും ടി എന്‍ സീമ എംപി ആവശ്യപ്പെട്ടു. രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. യൂണിഫോമിലുള്ള സ്ത്രീകള്‍പോലും സുരക്ഷിതരല്ലെന്നാണ് ഒറീസയിലെ സംഭവം വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രണ്ട് വനിതാ പൊലീസുകാരെ ആക്രമിക്കുന്നതും നിലത്തിട്ട് ചവിട്ടുന്നതും രാജ്യം കണ്ടു. അഴിമതിയില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ള കോണ്‍ഗ്രസിന്റെ തന്ത്രമാണിത്. ഇത് അനുവദിക്കാന്‍ പാടില്ല. സംഭവത്തെ അപലപിക്കാന്‍ തയ്യാറാകണമെന്നും കുറ്റക്കാര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ തയ്യാറാകണമെന്നും കോണ്‍ഗ്രസ് അധ്യക്ഷയോടും പ്രധാനമന്ത്രിയോടും സീമ ആവശ്യപ്പെട്ടു.

    ReplyDelete