Saturday, September 8, 2012

മാറാട് കലാപം സിബിഐ അന്വേഷിക്കണം


 മാറാട് കൂട്ടക്കൊലയെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം പ്രവര്‍ത്തകര്‍ കോഴിക്കോട് കലക്ടറേറ്റിലേക്ക് മാര്‍ച്ച്നടത്തി. ഹൈക്കോടതിയും ജുഡീഷ്യല്‍ അന്വേഷണകമീഷനും ആവശ്യപ്പെട്ടിട്ടും സിബിഐ അന്വേഷണത്തിന് മടികാട്ടുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.

കേരളത്തെ ഞെട്ടിച്ച കൂട്ടക്കൊലക്ക് പിന്നിലെ ഗൂഢാോചനയും തിവ്രവാദബന്ധവും കണ്ടെത്തുന്നതില്‍ നിസംഗത കാട്ടി വര്‍ഗീയ ധ്രുവീകരണത്തിന് ആക്കംകൂട്ടുന്ന യുഡിഎഫ് ഭരണത്തിന് മുന്നറിയിപ്പായി നൂറുകണക്കിനാളുകള്‍ അണിനിരന്ന മാര്‍ച്ച്. കൂട്ടകൊലക്ക് പിന്നിലെ തീവ്രവാദബന്ധവും സാമ്പത്തികശക്തികളെയും പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാര്‍ ഭയക്കുകയാണെന്ന് മാര്‍ച്ചില്‍ അണിനിരന്നവര്‍ പറഞ്ഞു. മുസ്ലിംലീഗ് സമ്മതിച്ചതിനാല്‍ സിബിഐ അന്വേഷണമാകാമെന്ന നിലപാട് പരിഹാസ്യമാണെന്നും ചൂണ്ടിക്കാട്ടി. വര്‍ഗീയ-തീവ്രവാദശക്തികള്‍ക്ക് കേരളനാടിനെ അടിയറവെക്കുന്ന നയം അനുവിദിക്കില്ലെന്ന് വ്യക്തമാക്കിയായിരുന്നു മാര്‍ച്ച്. സ്ത്രീകളടക്കം ആയിരങ്ങള്‍ പങ്കെടുത്ത മാര്‍ച്ച് പാര്‍ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഉദ്ഘാടനംചെയ്തു.

കോഴിക്കോട് : മാറാട് കൂട്ടക്കൊലയുടെ പേരില്‍ മുഖ്യമന്ത്രിയായിരുന്നു എ കെ ആന്റണിക്കെതിരെ ഐപിസി 118-ാംവകുപ്പ് പ്രകാരം കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സിപിഐ എം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജന്‍ ആവശ്യപ്പെട്ടു. പൊലീസ് ഇന്റലിജന്‍സ് കലാപത്തിന് ശ്രമമുള്ളതായി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട് നല്‍കിയിരുന്നു. ഇത്തരമൊരു റിപ്പോര്‍ട് കിട്ടിയതായി ആന്റണി നിയമസഭയില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാല്‍ കലാപം തടയാന്‍ ആന്റണിക്കായില്ല. കൂട്ടക്കൊലയില്‍ ഒമ്പതുപേര്‍ കൊല്ലപ്പെട്ടു. ഗൂഢാലോചനയെക്കുറിച്ച് അറിവുണ്ടായിരുന്നെന്ന് ആരോപിച്ചാണ് ലീഗ്പ്രവര്‍ത്തകനായ ഷുക്കൂറിന്റെ കൊലക്കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പൊലീസ് എന്നെ അറസ്റ്റ് ചെയ്ത് ജയിലിടച്ചത്. ഈ സാഹചര്യത്തില്‍ ഗൂഢാലോചന അരങ്ങേറുന്നതായ ഇന്റലിജന്‍സ് വവിരംകിട്ടിയിട്ടും അനങ്ങാപ്പാറ നയം സ്വീകരിച്ച ആന്റണിക്കെതിരെ കേസെടുക്കേണ്ടതാണ്- ജയരാജന്‍ പറഞ്ഞു

മുസ്ലിംലീഗ് സമ്മതിച്ചതിനാല്‍ സിബിഐ അന്വേഷണമാകാമെന്ന യുഡിഎഫ് നിലപാട് ജനങ്ങളുടെ കണ്ണില്‍പൊടിയിടാനുള്ളതാണ്.നേരത്തെ ലീഗും കോണ്‍ഗ്രസും തുടര്‍ച്ചയായി സമ്മര്‍ദ്ദവും സ്വാധീനവും ചെലുത്തിയാണ് സിബിഐ അന്വേഷണം തടഞ്ഞത്.പാണക്കാട് തങ്ങളെയും തന്നെയും സിബിഐ അറസ്റ്റ്ചെയ്യുമെന്നായിരുന്നു അന്വേഷണത്തെ എതിര്‍ത്ത് മാധ്യമപ്രവര്‍ത്തകരോട് മുമ്പ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. എല്‍ഡിഎഫ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ആവശ്യപ്പെട്ടപ്പോള്‍ കേന്ദ്രസര്‍ക്കാരില്‍ സ്വാധീനംചെലുത്തി അന്വേഷണം തടഞ്ഞവര്‍ ഇപ്പോള്‍ അതാകാമെന്ന് പറയുന്നതിന് പിന്നിലെ തട്ടിപ്പ് എല്ലാവര്‍ക്കുമറിയാം- അദ്ദേഹം പറഞ്ഞു.

കോഴിക്കോട് ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ സ്വാഗതവും ജില്ലാസെക്രട്ടറിയറ്റംഗം കെ പി കുഞ്ഞമ്മത്കുട്ടി നന്ദിയും പറഞ്ഞു. എരഞ്ഞിപ്പാലത്ത് നിന്ന് ആരംഭിച്ച പ്രകടനത്തിന് സംസ്ഥാനകമ്മിറ്റി അംഗം പി സതീദേവി, ജില്ലാസെക്രട്ടറിയറ്റംഗങ്ങളായ ടി പി ബാലകൃഷ്ണന്‍ നായര്‍, എം ഭാസ്കരന്‍, പി വിശ്വന്‍, കെ ചന്ദ്രന്‍, സി ഭാസ്കരന്‍, എം മെഹബൂബ് എന്നിവര്‍ നേതൃത്വം നല്‍കി. .

deshabhimani 080912

No comments:

Post a Comment