Monday, September 10, 2012

പത്രപ്രവര്‍ത്തകരെ വേട്ടയാടുന്നത് സാമ്രാജ്യത്വ രീതി: എ വിജയരാഘവന്‍


തങ്ങള്‍ക്കെതിരെ വാര്‍ത്തയെഴുതിയതിന്റെ പേരില്‍ പത്ര പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് വേട്ടയാടുന്നത് സാമ്രാജ്യത്വ രീതിയാണെന്ന് അഖിലേന്ത്യ കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. ദേശാഭിമാനി ലേഖകനെതിരെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേസെടുത്തത് പാശ്ചാത്യരാജ്യങ്ങളെ അനുകരിച്ചാണ്. കെഎസ്കെടിയു പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ഒറ്റപ്പാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൊലീസുകാര്‍ ചിലര്‍ക്ക് നിരന്തരം ഫോണ്‍ ചെയ്തിരുന്നെന്ന സത്യം മാത്രമാണ് ദേശാഭിമാനി ലേഖകന്‍ വെളിപ്പെടുത്തിയത്. ഇത് ഫോണ്‍ ചോര്‍ത്തലല്ല. സത്യം വിളിച്ചുപറയുന്ന പത്ര പ്രവര്‍ത്തകരെ വേട്ടയാടുന്നത് സാമ്രാജ്യത്വത്തിന്റെ സമീപനമാണ്. അമേരിക്കയുടെ നെറികേടുകള്‍ ജനങ്ങളോട് തുറന്നു പറഞ്ഞതിന്റെ പേരിലാണ് വിക്കീലീക്സിനെയും അതിന്റെ സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെയെയും തുടര്‍ച്ചയായി വേട്ടയാടുന്നത്. സിപിഐ എമ്മിനെ തകര്‍ക്കാനുള്ള ഗൂഢനീക്കത്തിന്റെ തുടര്‍ച്ചയാണ് ദേശാഭിമാനി ലേഖകനെതിരായ കേസെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്ത എഴുതിയതിന് കേസ് : മോഹന്‍ദാസ് ഇന്ന് ഹാജരാകും

കോഴിക്കോട്: വാര്‍ത്ത എഴുതിയതിന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എടുത്ത കേസില്‍ ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോചീഫ് കെ എം മോഹന്‍ദാസ് തിങ്കളാഴ്ച വടകര ഡിവൈഎസ്പി മുമ്പാകെ ഹാജരാവും. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഐ എമ്മിനെതിരെ പൊലീസ് നടത്തിയ ഗൂഢാലോചന തുറന്നുകാട്ടി വാര്‍ത്ത എഴുതിയതിനാണ് മോഹന്‍ദാസിനെതിരെ കേസെടുത്തത്. സെപ്തംബര്‍ 10ന് വടകര ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി മുമ്പാകെ ഹാജരാകാന്‍ പ്രത്യേക ദൂതന്‍ മുഖേന കഴിഞ്ഞ ദിവസമാണ് നോട്ടീസ് നല്‍കിയത്. രണ്ടു ജാമ്യക്കാര്‍ സഹിതം ഹാജരാകാനാണ് ആവശ്യപ്പെട്ടത്. കേരളത്തില്‍ ആദ്യമായാണ് വാര്‍ത്ത എഴുതിയതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകനെതിരെ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശാനുസൃതം പൊലീസ് കേസെടുക്കുന്നത്. കേസെടുത്ത ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നിലപാടില്‍ കടുത്ത പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. പ്രതിഷേധത്തെ തുടര്‍ന്ന് കേസ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതായും ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ദേശാഭിമാനിക്കും മോഹന്‍ദാസിനും ഔദ്യോഗികമായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.

പൊലീസ് നോട്ടീസനുസരിച്ച് ഹാജരാകണമെന്നാണ് നിയമോപദേശവും. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണ സംഘത്തില്‍പ്പെട്ട ഡിവൈഎസ്പി ജോസി ചെറിയാന്‍ ചില മാധ്യമപ്രവര്‍ത്തകരെ ദിവസങ്ങളോളം ഫോണില്‍ വിളിച്ചതിന്റെയും സന്ദേശങ്ങള്‍ അയച്ചതിന്റെയും തെളിവുകള്‍ ദേശാഭിമാനി പുറത്തുവിട്ടിരുന്നു. സിപിഐ എമ്മിനെതിരെ പൊലീസ് മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചമച്ചുനല്‍കുന്നുവെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയപ്പോള്‍, മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കുന്നില്ലെന്നായിരുന്നു ജോസി ചെറിയാന്‍ സത്യവാങ്മൂലം നല്‍കിയത്. ഇതു തെറ്റാണെന്ന് തുറന്നുകാട്ടുന്നതും പൊലീസ് ഗൂഢാലോചന വെളിപ്പെടുത്തുന്നതുമായിരുന്നു ദേശാഭിമാനി വാര്‍ത്ത. ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട വാര്‍ത്ത എഴുതിയതിന് കെ എം മോഹന്‍ദാസിനെതിരെ കേസെടുത്തിട്ടില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കോട്ടയത്ത് പറഞ്ഞു.

മോഹന്‍ദാസിനെതിരായ കേസ് പിന്‍വലിക്കണം: കെയുഡബ്ല്യുജെ

തിരു: വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം മോഹന്‍ദാസിനെതിരെ പൊലീസ് എടുത്ത കേസ് നിരുപാധികം പിന്‍വലിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ ജനറല്‍ ബോഡിയോഗം ഏകകണ്ഠമായി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പത്രസ്വാതന്ത്യത്തെ കടിഞ്ഞാണിടാനുള്ള നീക്കത്തെ യോഗം അപലപിച്ചു. പ്രസിഡന്റ് സിബി കാട്ടാമ്പള്ളി അധ്യക്ഷനായി. സി പി ശ്രീഹര്‍ഷന്‍ സ്വാഗതവും എ നജീബ് നന്ദിയും പറഞ്ഞു.

മോഹന്‍ദാസിനെതിരെ കേസെടുത്തിട്ടില്ലെന്ന് തിരുവഞ്ചൂര്‍

കോട്ടയം: ടി പി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട വാര്‍ത്ത എഴുതിയതിന് ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം മോഹന്‍ദാസിനെതിരെ കേസെടുത്തിട്ടില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. എംഎല്‍എ ഓഫീസില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോഹന്‍ദാസിന്റെ പേരില്‍ ദേശാഭിമാനി പ്രസിദ്ധപ്പെടുത്തിയ വാര്‍ത്തയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ എന്തെങ്കിലും അദ്ദേഹത്തിന് അറിയാമെങ്കില്‍ അത് വടകര റൂറല്‍ എസ്പി രാജ്മോഹനോട് പറയാന്‍ അവസരം നല്‍കുകയാണ് ചെയ്തത്. അതിനായി നേരിട്ട് ഹാജരാകണമെന്നില്ല. അക്കാര്യവും അറിയിച്ചിട്ടുണ്ട്. അല്ലാതെ, ലേഖകനെതിരെ ക്രിമിനല്‍ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് മന്ത്രി അവകാശപ്പെട്ടു.

deshabhimani 100012

1 comment:

  1. തങ്ങള്‍ക്കെതിരെ വാര്‍ത്തയെഴുതിയതിന്റെ പേരില്‍ പത്ര പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് വേട്ടയാടുന്നത് സാമ്രാജ്യത്വ രീതിയാണെന്ന് അഖിലേന്ത്യ കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. ദേശാഭിമാനി ലേഖകനെതിരെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേസെടുത്തത് പാശ്ചാത്യരാജ്യങ്ങളെ അനുകരിച്ചാണ്. കെഎസ്കെടിയു പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ഒറ്റപ്പാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete