തമിഴ്നാട്ടിലെ രാമനാഥപുരത്ത് വാഹനാപകടത്തില്‍ മരിച്ച എസ്എഫ്ഐ കോട്ടയം ജില്ലാകമ്മിറ്റിയംഗവും എംജി സര്‍വകലാശാല യൂണിയന്‍ മുന്‍ ചെയര്‍മാനുമായ ജിനീഷ് ജോര്‍ജിന്റെ സംസ്കാരം തിങ്കളാഴ്ചയും മുന്‍ സംസ്ഥാനകമ്മിറ്റിയംഗം സതീഷ് പോളിന്റെ സംസ്കാരം വ്യാഴാഴ്ചയും നടക്കും. ഗുരുതരമായി പരിക്കേറ്റ എസ്എഫ്ഐ ഇടുക്കി ജില്ലാ മുന്‍ പ്രസിഡന്റ് സാജന്‍ മാത്യു(30)വിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സാജന് നട്ടെല്ലിനാണ് ഗുരുതരമായ പരിക്കേറ്റത്. മധുര അപ്പോളോ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയ അഞ്ചു മണിക്കൂര്‍ നീണ്ടു. അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഡിവൈഎഫ്ഐ കോത്തല മേഖലാ പ്രസിഡന്റ് രാഹുല്‍ ആര്‍ നായര്‍ (24) ഇപ്പോള്‍ കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. പ്ലീഹക്ക് ഗുരുതരമായ ക്ഷതമേറ്റിട്ടുണ്ട്. മറ്റ് ആന്തരികാവയവങ്ങള്‍ക്കും തലയ്ക്കും പരിക്കും കാലിനും ഒടിവുമുണ്ട്. മധുര ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന
എസ്എഫ്ഐ കോട്ടയം ജില്ലാ മുന്‍ സെക്രട്ടറി പാമ്പാടി ആശാരിമറ്റത്തില്‍ സതീഷ് വര്‍ക്കി(28), എസ്എഫ്ഐ സംസ്ഥാനകമ്മിറ്റിയംഗവും കോട്ടയം ജില്ലാ വൈസ് പ്രസിഡന്റുമായ ഇരവിനല്ലൂര്‍ പുതുപ്പറമ്പില്‍ അലക്സ് പുന്നൂസ്(24), എസ്എഫ്ഐ പുതുപ്പള്ളി ഏരിയാ സെക്രട്ടറി പാമ്പാടി ആശാരിമറ്റത്തില്‍ കെ ആര്‍ രാഹുല്‍(23), എസ്എഫ്ഐ വാഴൂര്‍ ഏരിയാകമ്മിറ്റി മുന്‍അംഗം ചിറക്കടവ് വെട്ടുവേലില്‍ ശരത്ചന്ദ്രന്‍(22) എന്നിവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സതീഷ് വര്‍ക്കിയുടെ വലതു കൈക്ക് ഒടിവുണ്ട്. മറ്റുള്ളവര്‍ക്ക് കാര്യമായ പരിക്കില്ല.
പാലാ പരമലക്കുന്ന് മറ്റത്തില്‍ വസതിയില്‍ പൊതുദര്‍ശനത്തിനു വച്ച ജിനീഷ് ജോര്‍ജിന്റെ (25) മൃതദേഹം തിങ്കളാഴ്ച പകല്‍ രണ്ടിന് ളാലം പുത്തന്‍പള്ളി സെമിത്തേരിയില്‍ സംസ്കരിക്കും. സതീഷ് പോളിന്റെ (29) സംസ്കാരം വ്യാഴാഴ്ച മല്ലപ്പള്ളി ചെങ്ങരൂര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍. വിദേശത്തുള്ള അമ്മയും സഹോദരങ്ങളും എത്തിയശേഷം സംസ്കാരസമയം തീരുമാനിക്കും. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. ഇരുവരുടെയും മൃതദേഹം ഞായറാഴ്ച രാമനാഥപുരം ഗവണ്‍മെന്റ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം രാത്രി പത്തോടെയാണ് കൊണ്ടുവന്നത്. പാലാ പരമലക്കുന്ന് മറ്റത്തില്‍ ജോര്‍ജിന്റെയും എല്‍സിയുടെയും മകനാണ് ജിനീഷ്. സഹോദരങ്ങള്‍: അനു സജി തെക്കേടത്ത്(മാന്നാനം), ജിനു സാബു മേച്ചിലാത്ത്(പാലാ). സതീഷ് മല്ലപ്പള്ളി ചാമക്കാലായില്‍ പരേതനായ പോളിന്റെയും റോസമ്മ(ബഹറൈന്‍)യുടെയും മകനാണ്. സഹോദരങ്ങള്‍: സന്തോഷ്, സരിത(ഇരുവരും ബഹറൈന്‍). ചങ്ങനാശേരി ചീരഞ്ചിറയിലാണ് സതീഷ് താമസിച്ചിരുന്നത്. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വന്‍, സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറിയറ്റംഗം വി എന്‍ വാസവന്‍, എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ഷിജുഖാന്‍, സെക്രട്ടറി ടി പി ബിനീഷ്, എന്നിവര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു.
deshabhimani 100912
No comments:
Post a Comment