Saturday, September 1, 2012

ചാല ദുരന്തം ദേശീയ ദുരന്തമായി കണക്കാക്കണം


കണ്ണൂര്‍ ടാങ്കര്‍ അപകടം ദേശീയ ദുരന്തമായി കണക്കാക്കി നഷ്ടപരിഹാരമനുവദിക്കണമെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ചാലയില്‍ ദുരന്തത്തില്‍ മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം വീട്ടില്‍ ഉറങ്ങിയവരാണ് ഇരയായത.് സര്‍ക്കാരും എണ്ണകമ്പനിയും പ്രധാനമന്ത്രിയുടെ കാര്യാലയവും ചേര്‍ന്ന് ന്യായമായ നഷ്ടപരിഹാരം നല്‍കണം. വീടുകളുടെയും മറ്റും യഥാര്‍ഥ നഷ്ടം കണക്കാക്കണം. ദുരന്തത്തിനിരയായവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും പിണറായി ആവശ്യപ്പെട്ടു.

അഞ്ച് ടാങ്കര്‍ അപകടങ്ങള്‍ ജില്ലയില്‍ അടുത്ത കാലത്ത് ഉണ്ടായിട്ടും മുന്‍കരുതല്‍ സ്വീകരിച്ചില്ല. അപകടങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടിട്ടും ഒരുമുന്‍കരുതലുമുണ്ടായില്ല. നിലവാരം കുറഞ്ഞ പാതയിലൂടെ ഇത്തരം ടാങ്കര്‍ വാഹനങ്ങള്‍ കടന്നുപോകുന്നത് അപകടകാരണമാവും. റോഡില്‍ റിഫ്ളക്ടറുകള്‍ വെച്ചിട്ടില്ല. പാലിക്കേണ്ട നടപടി ക്രമങ്ങള്‍ റോഡുകളുടെ കാര്യത്തില്‍ പാലിക്കുന്നില്ല. ഇത് പൂര്‍ണ്ണമായും അവഗണിക്കുന്നു. നിര്‍ദേശിക്കപ്പെട്ട ബൈപാസുകളില്‍ ഒന്നുപോലും പ്രാവര്‍ത്തികമായില്ല. കേരളത്തിലെ റോഡുകളുടെ കാര്യത്തില്‍ നാഷനല്‍ ഹൈവേ അഥോറിട്ടി അനാസ്ഥയാണ് കാട്ടുന്നത്. ദുരന്തം ഉണ്ടായതിനുശേഷം പ്രവാര്‍ത്തികമാക്കിയിട്ടു കാര്യമില്ല. അപകടസൂചനകളുടെ അടിസ്ഥാനത്തില്‍ കരുതല്‍ നടപടികള്‍ പാലിക്കണം. നേരത്തെ അപകടമുണ്ടായപ്പോള്‍ നിര്‍ദേശിക്കപ്പെട്ട മുന്‍കരുതല്‍ പോലും സ്വീകരിച്ചില്ല. അപകടമുണ്ടായാല്‍ ഭയാനകമാകുമെന്നറിയാമായിരുന്നിട്ടും നിര്‍ദേശങ്ങള്‍ അവഗണിച്ചു. ഗ്യാസ് ചോര്‍ന്നാല്‍ സാധാരണ ദുരന്തനിവാരണസംവിധാനം മതിയാവില്ല. മാരകമായ പൊള്ളലേറ്റവരെ ചികില്‍സിക്കുന്നവരുടെ പ്രത്യേകസംഘം എത്തിയില്ല.

കേരളത്തില്‍ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ ദുരന്തമാണ് സംഭവിച്ചത്. ഇരയായവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കണം. സംസ്ഥാനസര്‍ക്കാരും ഓയില്‍ കമ്പനിയും പ്രധാനമന്ത്രിയുടെ കാര്യാലയവും ചേര്‍ന്ന് നഷ്ടപരിഹാരം നല്‍കണം. അപകടം ദേശീയ ദുരന്തമായി പരിഗണിക്കണം. സ്വന്തം വീട്ടില്‍ കിടന്നുറങ്ങുന്നവരാണ് അപകടത്തില്‍പ്പെട്ടത്. മരിച്ച ഓരോ വ്യക്തിക്കും മൂന്നു ഏജന്‍സികളും ചേര്‍ന്ന് വിമാനദുരന്തമുണ്ടായാല്‍ നല്‍കുന്ന പരിഹാരം നല്‍കണം. തകര്‍ന്ന വീടുകളും കടകളും സ്ഥാപനങ്ങളുമെല്ലാം പരിശോധിച്ച് യഥാര്‍ഥ കണക്കെടുത്ത് നഷ്ടം നല്‍കണം. കെട്ടിടങ്ങള്‍ പുതുക്കിപണിയുകയോ തുക നല്‍കുകയോ വേണം. ഭാവിയില്‍ ഒരു ജോലിയും ചെയ്യാന്‍ കഴിയാത്തവര്‍ക്ക് മരിച്ചവരുടെ കുടുംബത്തിന് നല്‍കിയതിനു തുല്യമായ തുക നല്‍കണം. മരിച്ചവരുടെയും ജോലിചെയ്യാന്‍ കഴിയാത്തവരുടെയും ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും പിണറായി ആവശ്യപ്പെട്ടു.

ഐഒസിക്കെതിരെ കൊലക്കുറ്റം ചുമത്തണം വിഎസ്

കണ്ണൂര്‍: ചാല അപകടത്തിനു കാരണമായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപക്കു പുറമേ പത്തു ലക്ഷം രൂപ കൂടി ഐഒസി നല്‍കണം. ഏകാംഗ കമീഷനെ ചുമതലപ്പെടുത്തി ദുരന്തത്തെക്കുറിച്ച് ഉന്നതതല അന്വേഷണം വേണം. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബത്തിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണം. ദുരന്തത്തിനിരയായവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരാന്‍ സമഗ്രപാക്കേജ് വേണമെന്നും വിഎസ് ആവശ്യപ്പെട്ടു.

കരുനാഗപ്പള്ളി അപകടത്തില്‍ നിന്നും ഐഒസിയും കേന്ദ്രവും പാഠം പഠിച്ചില്ല. വന്‍ ലാഭം ഉണ്ടാക്കിത്തരുന്ന കമ്പനി പാലിക്കേണ്ടതായ സംവിധാനം ഉണ്ടാക്കിയില്ല. അന്ത്യന്താധുനിക യന്ത്രസാമഗ്രികള്‍ കൈകാര്യം ചെയ്യുന്നവര്‍ ജനങ്ങളുടെ ജീവന്‍ പരിരക്ഷിക്കേണ്ടുന്നവ ചെയ്യാതിരുന്നാല്‍ ഉണ്ടാകുന്ന ദുരന്തമാണിത്. ഗുരുതരമായ തെറ്റാണ് ഈ കേന്ദ്രസ്ഥാപനം ചെയ്തിട്ടുള്ളതെന്ന് മനസിലാക്കാം. മനുഷ്യജീവനോട് ഉണ്ടാകേണ്ട ചുമതലാ ബോധം സ്ഥാപനത്തിന് ഉണ്ടായില്ലെന്നത് വേദനാജനകമാണ്. നിരവധി മനുഷ്യരെ കൊലപ്പെടുത്തുത്തിയ ഐഒസിക്കെതിരെ കൊലക്കുറ്റം ചുമത്തണം. ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നടപടി വേണം. സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപക്കു പുറമേ പത്തു ലക്ഷം രൂപ കൂടി ഐഒസി നല്‍കണം. അതിന് കേന്ദ്രസംസ്ഥാനസര്‍ക്കാര്‍ ഇടപെടണം. വീടും കടകളും നശിപ്പിച്ചവര്‍ക്ക് പുനര്‍ നിര്‍മ്മിച്ചു നല്‍കണം. അതുവരെ താല്‍ക്കാലികമായി പകരം സംവിധാനം ഏര്‍പ്പെടുത്തണം. സമഗ്രമായ പുനരുദ്ധാരണ സംവിധാനം ഏര്‍പ്പെടുത്തണം. സമഗ്രമായ അന്വേഷണത്തിന് കമീഷനെ ചുമതലപ്പെടുത്തണം. കരുനാഗപ്പള്ളിയില്‍ മരിച്ചവരുടെ കുടുംബത്തിന് തൊഴിലും നഷ്ടപരിഹാരവും കൊടുത്തു. പൊള്ളലേറ്റവരുടെ ചികില്‍സചെലവ് സര്‍ക്കാര്‍ വഹിക്കണം. അവര്‍ക്ക് സാധാരണജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സംവിധാനം ഉണ്ടാകണം.
 
പാചകവാതക ടാങ്കര്‍ ഗതാഗതം സുരക്ഷ ഉറപ്പാക്കുന്നതില്‍ കടുത്ത അനാസ്ഥയാണ്. വ്യക്തമായ ചട്ടങ്ങളും ഉണ്ടാക്കണം. അതു പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തണം. പതിനായിരക്കണക്കിന് കോടി രൂപ ലാഭമുണ്ടാക്കുന്ന കമ്പനികള്‍ സ്ഥാപനത്തിന്റെയും ജനങ്ങളുടെയും സുരക്ഷക്കാവശ്യമായ മാര്‍ഗ്ഗരേഖ ഉണ്ടാകണം. ജില്ലാ ആസ്ഥാനങ്ങളിലും റെസ്ക്യൂ വാഹനം ഏര്‍പ്പെടുത്തണം. നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം മാതൃകാപരമാണ്. മരിച്ചവരുടെ കുടുംബത്തെ വിഎസ് അനുശോചനം അറിയിച്ചു. എല്‍ഡിഎഫ് നേതാക്കളും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു

deshabhimani news

1 comment:

  1. കണ്ണൂര്‍ ടാങ്കര്‍ അപകടം ദേശീയ ദുരന്തമായി കണക്കാക്കി നഷ്ടപരിഹാരമനുവദിക്കണമെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ചാലയില്‍ ദുരന്തത്തില്‍ മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം വീട്ടില്‍ ഉറങ്ങിയവരാണ് ഇരയായത.് സര്‍ക്കാരും എണ്ണകമ്പനിയും പ്രധാനമന്ത്രിയുടെ കാര്യാലയവും ചേര്‍ന്ന് ന്യായമായ നഷ്ടപരിഹാരം നല്‍കണം. വീടുകളുടെയും മറ്റും യഥാര്‍ഥ നഷ്ടം കണക്കാക്കണം. ദുരന്തത്തിനിരയായവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും പിണറായി ആവശ്യപ്പെട്ടു.

    ReplyDelete