Saturday, September 1, 2012

മോഡിയുടെ വാദം പൊളിയുന്നു ഗുജറാത്തിലെ പോഷകക്കുറവിനു കാരണം പട്ടിണി: സര്‍വ്വെ


ഗുജറാത്തിലെ പെണ്‍കുട്ടികളുടെ അനാരോഗ്യത്തിനു കാരണം സൗന്ദര്യത്തിലുള്ള അമിത ജാഗ്രതയാണെന്ന നരേന്ദ്രമോഡിയുടെ വാദം പൊളിയുന്നു. ദേശീയ സാംപിള്‍ സര്‍വ്വെ ഫലങ്ങളാണ് മോഡിയുടെ വാദത്തിന് തിരിച്ചടിയാവുന്നത്.

സൗന്ദര്യത്തില്‍ അമിതമായി ശ്രദ്ധിക്കുന്നതു നിമിത്തം തടി കൂടുമെന്നു ഭയന്ന് ഗുജറാത്തിലെ പെണ്‍കുട്ടികള്‍ അമ്മമാര്‍ നല്‍കുന്ന പാലുപോലും കുടിക്കുന്നില്ലെന്നാണ് മോഡി കഴിഞ്ഞ ദിവസം പറഞ്ഞത്. ഗുജറാത്തില്‍ അധികവും മധ്യവര്‍ഗ്ഗ കുടുംബങ്ങളാണ്. ആരോഗ്യത്തെക്കാള്‍ അവര്‍ സൗന്ദര്യത്തിന് പ്രാധാന്യം നല്‍കുന്നു. സസ്യാഹാര രീതിയും പോഷകക്കുറവിന് കാരണമായെന്ന് വാള്‍ സ്ട്രീറ്റ് ജേര്‍ണലിന് കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖത്തില്‍ മോഡി പറഞ്ഞിരുന്നു.

മോഡിയുടെ വാദം ശുദ്ധ തട്ടിപ്പാണെന്നാണ് കഴിഞ്ഞ ഒരു ദശാബ്ദകാലത്തെ സര്‍വ്വെ റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നത്. ഗുജറാത്തിലെ മൂന്ന് വയസ്സില്‍ താഴെ പ്രായം ഉള്ള കുട്ടികളില്‍ 42.4 ശതമാനവും വളര്‍ച്ചാമുരടിപ്പ് ബാധിച്ചവരാണെന്ന് ദേശീയ സാംപിള്‍ സര്‍വ്വെ പറയുന്നു. 17 ശതമാനത്തിന് വിളര്‍ച്ചാരോഗവും 47.4 ശതമാനത്തിന് ഭാരക്കുറവും ഉണ്ട്.ആറു മുതല്‍ 35 ദിവസം വരെ പ്രായമുള്ള കുട്ടികളില്‍ 80 ശതമാനവും വിളര്‍ച്ചാരോഗത്തിന്റെ പിടിയിലാണ്. വിവാഹിതരായ സ്ത്രീകളില്‍ 55 ശതമാനത്തിലധികവും ഗര്‍ഭിണികളില്‍ 61 ശതമാനവും പുരുഷന്‍മാരില്‍ 22 ശതമാനും വിളര്‍ച്ചാരോഗികളാഏണ്.

അവശ്യസാധനങ്ങള്‍ക്കായി ഗുജറാത്തിലെ ശരാശരിക്കാര്‍ ചെലവിടുന്ന തുകയും ദേശീയ ശരാശരിയെക്കാള്‍ വളരെ താഴെയാണ്. 1972-73 കാലയളവില്‍ 2172 കലോറി ഭക്ഷണം ഓരോ ഗുജറാത്തുകാരനും പ്രതിദിനം ലഭ്യമായിരുന്നു. എന്നാല്‍ 1999-2000 കാലയളവില്‍ ഇത് 2058 കലോറിയായും ഇപ്പോള്‍ 1986 കലോറിയായും ഇത് കുറഞ്ഞു.
ഉള്‍പ്രദേശങ്ങളില്‍ സ്ഥിതി ഇതിലും ദയനീയമാണ്. ഒരു ശരാശരി ഇന്ത്യാക്കാരന്‍ കഴിക്കുന്നതിന്റെ 52 ശതമാനത്തില്‍ താഴെ മാത്രം പോഷകാംശം ഉള്ള ഭക്ഷണമെ ഗുജറാത്തുകാരന് ലഭിക്കുന്നുള്ളു.

സസ്യാഹാര ശീലമാണ് പോഷകക്കുറവിനു കാരണം എന്ന് മോഡിയും കൂട്ടരും വാദിക്കുമ്പോഴും സസ്യാഹാരം മാത്രം കഴിക്കുന്ന സമ്പന്ന ന്യൂനപക്ഷത്തിന് ആവശ്യത്തില്‍ കൂടുതല്‍ പോഷകാഹാരം ലഭ്യമാകുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

janayugom 010912

1 comment:

  1. ഗുജറാത്തിലെ പെണ്‍കുട്ടികളുടെ അനാരോഗ്യത്തിനു കാരണം സൗന്ദര്യത്തിലുള്ള അമിത ജാഗ്രതയാണെന്ന നരേന്ദ്രമോഡിയുടെ വാദം പൊളിയുന്നു. ദേശീയ സാംപിള്‍ സര്‍വ്വെ ഫലങ്ങളാണ് മോഡിയുടെ വാദത്തിന് തിരിച്ചടിയാവുന്നത്.

    ReplyDelete