Saturday, September 1, 2012

കൊല്‍ക്കത്തയില്‍ ഉജ്വല സാമ്രാജ്യത്വവിരുദ്ധ റാലി


ലോക സമാധാനദിനാചരണത്തോടനുബന്ധിച്ച് ശനിയാഴ്ച കൊല്‍ക്കത്തയില്‍ ലക്ഷങ്ങള്‍ അണിനിരന്ന സാമ്രാജ്യത്വവിരുദ്ധ മഹാപ്രകടനം നടന്നു. ഇടതുമുന്നണിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രകടനത്തില്‍ ജീവിതത്തിന്റെ നാനാ തുറകളിലും പെട്ടവര്‍ പങ്കുചേര്‍ന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യവും സാമ്പത്തിക അധികാരങ്ങളും സാമ്രാജ്യത്വശക്തികള്‍ക്ക് അടിയറ വയ്ക്കാനുള്ള ഏതുനീക്കവും ശക്തിയായി എതിര്‍ക്കുമെന്നും ജനകീയ താല്‍പ്പര്യങ്ങള്‍ക്കെതിരായ വെല്ലുവിളികളെ യോജിച്ച് നേരിടുമെന്നും റാലി പ്രഖ്യാപിച്ചു. മമത സര്‍ക്കാരിന്റെ അമേരിക്കന്‍ പ്രീണനത്തിനെതിരെയും ജനാധിപത്യവിരുദ്ധനയങ്ങള്‍ക്കെതിരെയും റാലി താക്കീത് നല്‍കി.

ഉച്ചയ്ക്ക് ഒന്നിന് എസ്പ്ലനേഡ് റാണി രഷ്മണി റോഡില്‍നിന്ന്ആരംഭിച്ച പ്രകടനം ജവഹര്‍ലാല്‍ റോഡ്, ലെനിന്‍ സരണി, മൗലാലി, ആചാര്യ പ്രഫുല്ലചന്ദ്ര റോഡ്, രാധാ ബജാര്‍, ഗ്യാസ് സ്ട്രീറ്റ്, രാജാ ദിനേന്ദ്രചന്ദ്ര സ്ട്രീറ്റ് വഴി സാംബസാര്‍ ദേശബന്ധു പാര്‍ക്കില്‍ സമാപിച്ചു. ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ ബസുവും ഘടക കക്ഷി നേതാക്കളും പ്രകടനത്തിന് നേതൃത്വം നല്‍കി. റോഡ് തിങ്ങിനിറഞ്ഞ് നീങ്ങിയ പ്രകടനത്തിന്റെ മുന്‍ നിര സമാപനസ്ഥലത്ത് എത്തിയിട്ടും എസ്പ്ലേനേഡില്‍ അനേകായിരങ്ങള്‍ അവശേഷിച്ചു. റാലിയെതുടര്‍ന്ന് ദേശബന്ധു പാര്‍ക്കില്‍ പൊതുയോഗം ചേര്‍ന്നു. ബിമന്‍ ബസു അധ്യക്ഷനായി. മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചര്യ, സിപിഐ സംസ്ഥാന സെക്രട്ടറി മന്‍ജു മജുംദാര്‍, ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ക്ഷിതി ഗോസ്വാമി, ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജയന്ത റായ് തുടങ്ങിയവര്‍ സംസാരിച്ചു. ഉത്തര ബംഗാള്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് സിലിഗുരി നഗരത്തിലും വന്‍ പ്രകടനവും പൊതുയോഗവും നടന്നു.
(ഗോപി)

deshabhimani 020912

No comments:

Post a Comment