Saturday, September 1, 2012

സഭാസ്തംഭനം: ഗുണം കുത്തകകള്‍ക്ക്


കല്‍ക്കരി പാടം കുംഭകോണത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഒത്തുകളിച്ച് പാര്‍ലമെന്റ് തുടര്‍ച്ചയായി തടസ്സപ്പെടുത്തുന്നതിന്റെ നേട്ടം കോര്‍പറേറ്റുകള്‍ക്ക്. കല്‍ക്കരി ഖനികള്‍ സ്വകാര്യ കമ്പനികള്‍ക്ക് അനുവദിച്ചതിലൂടെ കൊള്ളലാഭം നേടിയ അംബാനിയും എസ്സാറും മറ്റുമാണ് പാര്‍ലമെന്റ് സ്തംഭനത്തിലൂടെ രക്ഷപ്പെടുന്നത്. അവരുടെ ലൈസന്‍സ് ഇപ്പോഴും തുടരുകയാണ്. മുഖ്യപ്രതിപക്ഷമായ ബിജെപി പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രണ്ടാഴ്ചയായി പാര്‍ലമെന്റ് പൂര്‍ണമായി സ്തംഭിപ്പിച്ചിരിക്കുകയാണ്. സ്വകാര്യ കമ്പനികള്‍ അനര്‍ഹമായി നേടിയ ലൈസന്‍സ് റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ശക്തമായി ഉന്നയിക്കുകയോ സ്വകാര്യ കമ്പനികള്‍ നേടിയ കൊള്ളലാഭം തിരിച്ചുപിടിക്കാന്‍ ആവശ്യപ്പെടുകയോ ഇവര്‍ ചെയ്യുന്നില്ല. മറിച്ച് പ്രധാനമന്ത്രിയുടെ രാജി ആവശ്യത്തിലാണ് അവരുടെ ഊന്നല്‍. കോണ്‍ഗ്രസാകട്ടെ സിഎജി റിപ്പോര്‍ട്ടിനെ കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നാണ് പറയുന്നത്. എന്നാല്‍, പാര്‍ലമെന്റില്‍ സമാധാനാന്തരീക്ഷം ഉണ്ടാക്കാനുള്ള ഒരു ശ്രമവും കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ലോക്സഭാ നേതാവുകൂടിയായ ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ ബിജെപി നേതാക്കളുമായി മാത്രമാണ് ചര്‍ച്ച നടത്തുന്നത്. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയഗാന്ധി കഴിഞ്ഞദിവസം പ്രതിപക്ഷനേതാവ് സുഷമസ്വരാജുമായും ചര്‍ച്ച നടത്തി. രാജിയില്ലെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചശേഷമായിരുന്നു ഇത്.

ബിജെപിയും കോണ്‍ഗ്രസും കല്‍ക്കരി സ്വകാര്യവല്‍ക്കരണത്തിന് അനുകൂലമാണ്. പാര്‍ലമെന്റില്‍ കല്‍ക്കരി സ്വകാര്യവല്‍ക്കരണ ബില്‍ ആദ്യമായി അവതരിപ്പിച്ചത്് ബിജെപിയാണ്. കല്‍ക്കരിപ്പാടങ്ങള്‍ ഊര്‍ജ-സിമന്റ് കമ്പനികള്‍ക്ക് നല്‍കുകയെന്ന വ്യാജേന സ്വകാര്യവ്യക്തികള്‍ക്ക് നല്‍കാനാരംഭിച്ചതും എന്‍ഡിഎ കാലത്താണ്. ഈ നയമാണ് യുപിഎ സര്‍ക്കാര്‍ പിന്തുടര്‍ന്നത്. പ്രകൃതി വിഭവങ്ങള്‍ സ്വകാര്യമേഖലയ്ക്ക് കൈയിട്ടുവാരാന്‍ അനുവദിക്കുന്നതില്‍ കോണ്‍ഗ്രസും ബിജെപിയും മത്സരിക്കുകയാണ്. കല്‍ക്കരിപ്പാടങ്ങള്‍ നേടിയ സ്വകാര്യ കമ്പനികള്‍ കോണ്‍ഗ്രസിനും ബിജെപിക്കും ഒരുപോലെ ഫണ്ട് നല്‍കുന്നതില്‍ മുന്നിലാണെന്ന് തെരഞ്ഞെടുപ്പു കമീഷന് സമര്‍പ്പിച്ച വരവുചെലവുകണക്ക് സൂചിപ്പിക്കുന്നു. ഇടതുപക്ഷം ആവശ്യപ്പെടുന്നതുപോലെ കല്‍ക്കരിപ്പാടങ്ങള്‍ക്കുള്ള ലൈസന്‍സുകള്‍ റദ്ദാക്കാനോ കൊള്ളലാഭം തിരിച്ചുപിടിക്കാനോ സമഗ്രാന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കാനോ ബിജെപിക്കോ കോണ്‍ഗ്രസിനോ താല്‍പ്പര്യമില്ല.
(വി ബി പരമേശ്വരന്‍)

deshabhimani 020912

1 comment:

  1. കല്‍ക്കരി പാടം കുംഭകോണത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഒത്തുകളിച്ച് പാര്‍ലമെന്റ് തുടര്‍ച്ചയായി തടസ്സപ്പെടുത്തുന്നതിന്റെ നേട്ടം കോര്‍പറേറ്റുകള്‍ക്ക്. കല്‍ക്കരി ഖനികള്‍ സ്വകാര്യ കമ്പനികള്‍ക്ക് അനുവദിച്ചതിലൂടെ കൊള്ളലാഭം നേടിയ അംബാനിയും എസ്സാറും മറ്റുമാണ് പാര്‍ലമെന്റ് സ്തംഭനത്തിലൂടെ രക്ഷപ്പെടുന്നത്.

    ReplyDelete