Tuesday, September 18, 2012
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം മുടങ്ങി
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാതെ സര്‍ക്കാര്‍ കബളിപ്പിക്കുന്നു. കഴിഞ്ഞ അധ്യയനവര്‍ഷത്തെ തുകപോലും കൊടുക്കാന്‍ അധികൃതര്‍ക്കു കഴിഞ്ഞിട്ടില്ല. ഈ വര്‍ഷം എപ്പോള്‍ തുക കൊടുക്കുമെന്നും ധാരണയില്ല. ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് ഇതുമൂലം വലയുന്നത്. ഈ അധ്യയനവര്‍ഷം മാത്രം സംസ്ഥാനത്ത് ഏതാണ്ട് 50 കോടിയോളം രൂപയാണ് വിദ്യാര്‍ഥികള്‍ക്കു ലഭിക്കാനുള്ളത്. സമ്പാദ്യ സമാശ്വാസ തുക ഓണത്തിനു മുമ്പ് നല്‍കാതെ മത്സ്യത്തൊഴിലാളികളെ വലച്ചതിനു പിന്നാലെയാണ് ഇപ്പോള്‍ വിദ്യാഭ്യാസ സഹായവും വൈകിപ്പിക്കുന്നത്.
സര്‍ക്കാര്‍വിദ്യാലയങ്ങളില്‍ മാത്രം നല്‍കിയിരുന്ന സഹായം മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വാശ്രയ വിദ്യാലയങ്ങളിലും ബാധകമാക്കുകയായിരുന്നു. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം തുക നല്‍കുന്നതില്‍ അമാന്തം കാണിക്കുകയാണ്. പ്രൈമറി ക്ലാസ്മുതല്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ക്കുവരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 250 രൂപമുതല്‍ 50,000 രൂപവരെയാണ് ലഭിക്കാനുള്ളത്. എല്‍പി വിദ്യാര്‍ഥികള്‍ക്ക് പ്രതിവര്‍ഷം ലംപ്സം ഗ്രാന്റ് ഇനത്തില്‍ 250 രൂപയും യുപിക്കാര്‍ക്ക് 500 രൂപയും ഹൈസ്കൂളുകാര്‍ക്ക് 750 രൂപയും ലഭിക്കണം. പ്ലസ്വണ്‍ മുതലുള്ള വിദ്യാര്‍ഥികള്‍ക്ക് 1000 രൂപ ലംപ്സം ഗ്രാന്റിനു പുറമെ പ്രതിമാസ സ്റ്റൈപെന്‍ഡ്, ഹോസ്റ്റല്‍ ഫീസ്, ട്യൂഷന്‍ ഫീസ് എന്നിവയും ലഭിക്കാനുണ്ട്. ഡിഗ്രി, പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്കും കോഴ്സ് ഫീസ് അനുസരിച്ചാണ് ധനസഹായം. നേരത്തെ സ്വാശ്രയ സ്ഥാപനങ്ങളിലെ മെറിറ്റ് സീറ്റിലുള്ള വിദ്യാര്‍ഥികള്‍ക്കു മാത്രമായിരുന്നു ധനസഹായമെങ്കില്‍ കോടതിവിധിയോടെ മാനേജ്മെന്റ് സീറ്റിലെ വിദ്യാര്‍ഥികള്‍ക്കും ബാധകമാക്കിയിരുന്നു.എറണാകുളം ജില്ലയില്‍ മാത്രം കഴിഞ്ഞ അധ്യയനവര്‍ഷത്തെ തുകയില്‍ ഏതാണ്ട് ഒരുകോടിയോളം രൂപയാണ് ഇനിയും വിതരണംചെയ്യാനുള്ളത്. 3.10 കോടിയാണ് ഇതിനകം നല്‍കിയത്. മുഴുവന്‍ ജില്ലകളിലെയും അവസ്ഥയും ഇതുതന്നെയാണ്. പലയിടത്തും അര്‍ഹരായ വിദ്യാര്‍ഥികള്‍ എത്രയെന്ന് നിജപ്പെടുത്താന്‍ പോലും കഴിഞ്ഞിട്ടില്ല. യഥാസമയം തുക അനുവദിക്കുന്നതിലും വിതരണം ക്രമീകരിക്കുന്നതിലും സര്‍ക്കാരിനുണ്ടായ വീഴ്ചയാണ് സഹായവിതരണം അവതാളത്തിലാക്കിയത്.
(ഷഫീഖ് അമരാവതി)
deshabhimani
Labels:
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment