Wednesday, September 5, 2012

ഗണശക്തിക്ക് പരസ്യമില്ല: മമത സര്‍ക്കാരിന് നോട്ടീസ്


പശ്ചിമബംഗാളിലെ പ്രമുഖ പത്രങ്ങളിലൊന്നായ "ഗണശക്തി"ക്ക് സര്‍ക്കാര്‍ പരസ്യം നിഷേധിച്ചതിനെതിരെ കൊല്‍ക്കത്ത ഹൈക്കോടതി മമത സര്‍ക്കാരിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. നിയമാനുസരണം പ്രവര്‍ത്തിക്കുന്ന ഒരു പത്രത്തിന് എന്ത് കാരണത്താലാണ് പരസ്യം നിഷേധിക്കുന്നതെന്ന് വിശദമാക്കി ഒക്ടോബര്‍ 24ന് മുമ്പ് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു.

മമത സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഗണശക്തിയുള്‍പ്പെടെയുള്ള ഏതാനും പത്രങ്ങള്‍ക്ക് സര്‍ക്കാരിന്റെയും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെയും പരസ്യം നല്‍കുന്നത് പൂര്‍ണമായി നിര്‍ത്തി. പിന്നീട് മറ്റ് പത്രങ്ങള്‍ക്ക് പരസ്യം നല്‍കാന്‍ തുടങ്ങിയെങ്കിലും ഗണശക്തിയെ ഒഴിവാക്കി. ഇതിനെതിരെ ഗണശക്തി പത്രാധിപര്‍ നാരായണ്‍ദത്ത സമര്‍പ്പിച്ച പരാതി ഫയലില്‍ സ്വീകരിച്ചാണ് കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചത്. സിപിഐ എം മുഖപത്രമാണെന്ന കാരണത്താലാണ് ഗണശക്തിയോട് സര്‍ക്കാര്‍ പകപോക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ വിവേചനപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഗണശക്തിക്കുവേണ്ടി ഹാജരായ വികാസ് രഞ്ജന്‍ ഭട്ടാചാര്യ, സുബ്രതാ മുഖോപാധ്യായ എന്നീ അഭിഭാഷകര്‍ വാദിച്ചു. ദേശീയ താല്‍പ്പര്യവും സാമൂഹ്യ പ്രതിബദ്ധതയും മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന പത്രങ്ങള്‍ക്ക് പക്ഷപാതപരമായി സര്‍ക്കാര്‍ പരസ്യം നിഷേധിക്കുന്നതിനെതിരെ സുപ്രീംകോടതിയും വിവിധ ഹൈക്കോടതികളും മുമ്പ് പുറപ്പെടുവിച്ചിട്ടുള്ള വിധികളും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ദീപാങ്കര്‍ ദത്തയുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 1967 മുതല്‍ പ്രസിദ്ധീകരിച്ചു വരുന്ന ഗണശക്തിക്ക് മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരും പരസ്യം നല്‍കിയിരുന്നു. ഓഡിറ്റ് ബ്യൂറോ ഓഫ് സര്‍ക്കുലേഷന്റെ (എബിസി) കണക്കനുസരിച്ച് ബംഗാളിലെ മൂന്നാമത്തെ പത്രമാണ് ഗണശക്തി.

deshabhimani 050912

No comments:

Post a Comment